This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽപൈന്‍ പർവതനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍പൈന്‍ പര്‍വതനം

Alpine Orogeny

ടെര്‍ഷ്യറിയുഗത്തിന്റെ മധ്യഘട്ടത്തില്‍ യൂറേഷ്യയില്‍ അനുഭവപ്പെട്ട വ്യാപകമായ പര്‍വതനപ്രക്രിയ (Orogeny). ആല്‍പ്‌സ്‌-ഹിമാലയന്‍ ശൃംഖല ഈ പ്രക്രിയയിലൂടെയാണ്‌ രൂപം കൊണ്ടത്‌. ഇതിനു സമകലാകിമായി വടക്കന്‍ അമേരിക്കാവന്‍കര പ്രാത്ഥാന (uplift) വേിധേയമായെങ്കിലും അവിടെ പര്‍വതങ്ങള്‍ ഉണ്ടായില്ല. യൂറേഷ്യാവന്‍കരയുടെ പ്രതലം വ്യാപകമായ മാറ്റങ്ങള്‍ക്കു വിധേയമായി ഇന്നത്തെ നിലയിലായിത്തീര്‍ന്നത്‌ മധ്യ-ടെര്‍ഷ്യറി കാലഘട്ടത്തിലാണെന്നു പറയാം. അതിനുമുമ്പ്‌ ഇന്നത്തെ ആല്‍പ്‌സ്‌-ഹിമാലയന്‍ ശൃംഖല നിലകൊള്ളുന്ന പ്രദേശം ടെഥിസ്‌ (Tethys) എന്നറിയപ്പെടുന്ന ആഴംകുറഞ്ഞ സമുദ്രമായിരുന്നു. ക്രിറ്റേഷ്യസ്‌ കാലത്തിന്റെ അവസാനഘട്ടത്തിലാണ്‌ യൂറേഷ്യ പൊതുവായി പ്രാത്ഥാനപ്രക്രിയയ്‌ക്കു വിധേയമായത്‌. ഇതിന്റെ ഫലമായി ടെഥിസ്‌ കടലിന്റെ വ്യാപ്‌തി കുറഞ്ഞ്‌ അത്‌ കിഴക്കന്‍ സൈബീരിയയിലൂടെ ആര്‍ട്ടിക്കിലോളമെത്തുന്ന ആഴംകുറഞ്ഞ ഒരു ജലാശയമായിത്തീര്‍ന്നു. ഇയോസീന്‍ കാലഘട്ടത്തില്‍ കടലുകളുടെ വ്യാപ്‌തി വീണ്ടും വര്‍ധിച്ചു; ടെഥിസ്‌ ഇന്നത്തെ യൂറേഷ്യയുടെ കുറുകേ അങ്ങോളമിങ്ങോളം വ്യാപിച്ചിരുന്നു. ഇത്തരത്തില്‍ വ്യാപകമായ അവതലനം അനുഭവപ്പെട്ടിരുന്നുവെന്നതിന്‌ ജീവാശ്‌മപരമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ഓലിഗോസീന്‍ സമുദ്രാതിക്രമണത്തിന്റെ കാലമായിരുന്നു. ടെഥിസ്സിന്റെ തീരഭാഗങ്ങളില്‍ ഉള്‍ക്കടലുകള്‍, ചതുപ്പുകള്‍, ലാഗൂണുകള്‍ (lagoons)എന്നിവ ധാരാളമായി സൃഷ്‌ടിക്കപ്പെട്ടു; തുടര്‍ന്നുള്ള മയോസീന്‍ഘട്ടത്തിലാണ്‌ പര്‍വതനപ്രക്രിയ തീവ്രമായി ആരംഭിച്ചത്‌. ആല്‍പ്‌സ്‌-ഹിമാലയന്‍ ശൃംഖല ക്രമേണ ഉയരുവാന്‍ തുടങ്ങി. അനേകായിരം സംവത്സരങ്ങളായി അടിഞ്ഞുകിടന്നിരുന്ന അവസാദങ്ങള്‍ മടങ്ങിഒടിഞ്ഞ്‌ മലനിരകളായിത്തീര്‍ന്നു.

പ്ലയോസീന്‍ കാലമായപ്പോഴേക്കും ഇന്നത്തെ മെഡിറ്ററേനിയന്‍ കടലൊഴിച്ചുള്ള ടെഥിസ്‌ പ്രദേശമൊന്നാകെ ജലോപരിഭാഗത്തേക്ക്‌ ഉയര്‍ന്നുകഴിഞ്ഞിരുന്നു: ആല്‍പ്‌സ്‌ ഹിമാലയന്‍ശൃംഖല ക്രമമായി ഉയര്‍ന്നുകൊണ്ടുമിരുന്നു. ഈ മടക്കുപര്‍വതങ്ങളിന്മേലുള്ള അപരദനപ്രക്രിയയിലൂടെ താഴ്‌വാരപ്രദേശങ്ങളില്‍ അവസാദങ്ങള്‍ അടിഞ്ഞുകൂടി. ഹിമാലയത്തിന്റെ തെക്കരികില്‍ ഇങ്ങനെ രൂപംകൊണ്ട അവസാദങ്ങള്‍ വലനവിധേയമായി ഉയര്‍ന്ന്‌ ഇന്നത്തെ സിവാലിക്‌ കുന്നുകളായിത്തീര്‍ന്നു. ആല്‍പ്‌സ്‌-ഹിമാലയന്‍ ശൃംഖലയുടെ വളര്‍ച്ച താരതമ്യേന കുറഞ്ഞ കാലയളവിലായിരുന്നുവെന്നത്‌ ആല്‍പൈന്‍പര്‍വതനത്തിന്റെ പ്രത്യേകതയാണ്‌. നോ: ആല്‍പ്‌സ്‌; ഹിമാലയം; ടെഥിസ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍