This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡർമാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ഡര്‍മാന്‍

Alderman

യു.എസ്സിലും ഗ്രേറ്റ്‌ ബ്രിട്ടനിലുമുള്ള നഗരഗ്രാമ-ഭരണസമിതികളിലെ അംഗങ്ങളെ സൂചിപ്പിക്കുന്ന സംജ്ഞ; നോര്‍മന്‍ ആക്രമണത്തിനുമുമ്പ്‌ ഇംഗ്ലണ്ടിലെ സിവില്‍-ക്രിമിനല്‍ അധികാരങ്ങളുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഈ പേരില്‍ അറിയപ്പെട്ടിരുന്നു. പ്രാചീന ഇംഗ്ലീഷ്‌ നിയമത്തില്‍ ആല്‍ഡര്‍മാന്‌ വിപുലമായ അധികാരങ്ങളാണുണ്ടായിരുന്നത്‌; ഇംഗ്ലണ്ടില്‍ പതിനൊന്നോളം തരത്തില്‍ ആല്‍ഡര്‍മാന്‍മാര്‍ ഉണ്ടായിരുന്നതായി പറയുന്നു. ആംഗ്ലോ-സാക്‌സന്‍ കാലഘട്ടത്തില്‍ പ്രഭുക്കന്മാര്‍, പ്രവിശ്യാഗവര്‍ണര്‍മാര്‍, മറ്റ്‌ ഉന്നതസ്ഥാനീയര്‍ എന്നിവര്‍ക്ക്‌ ആല്‍ഡര്‍മാന്‍പദവി നല്‌കിയിരുന്നു. പിന്നീട്‌ കൗണ്ടികളിലെ ചീഫ്‌ മജിസ്‌ട്രറ്റിനെ പരാമര്‍ശിക്കാനും ഈ പദം ഉപയോഗിച്ചുവന്നു.

യു. എസ്സില്‍ കോളോണിയല്‍ ഭരണകാലത്ത്‌ ഇംഗ്ലണ്ടിലെ ഭരണക്രമം തന്നെയായിരുന്നു നടപ്പാക്കിയിരുന്നത്‌. ആല്‍ഡര്‍മാന്മാരും സാധാരണ കൗണ്‍സിലര്‍മാരും ഒന്നിച്ച്‌ മേയറുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. മിക്ക ആല്‍ഡര്‍മാന്മാരെയും കൗണ്‍സിലര്‍മാരെയും നഗരങ്ങളില്‍ (Borough) നിന്ന്‌ സമ്മതിദായകര്‍ തിരഞ്ഞെടുത്തുവന്നു. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കുകയും അവരില്‍നിന്ന്‌ ആല്‍ഡര്‍മാന്മാരെ നിയമിക്കുകയും ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. നിയമനിര്‍മാണച്ചുമതലയോടൊപ്പം ചെറിയ സിവില്‍-ക്രിമിനല്‍ കേസുകളിലെ ജുഡീഷ്യല്‍ അധികാരങ്ങളും അവര്‍ക്കുണ്ടായിരുന്നു. സ്വയം വിധിതീര്‍പ്പ്‌ കല്‌പിക്കാന്‍ പറ്റാത്ത കേസുകളില്‍ ഇവര്‍ മേയറോടൊത്ത്‌ ജുഡീഷ്യല്‍ അധികാരങ്ങള്‍ വഹിച്ചുപോന്നു. കോളോണിയല്‍ ഭരണത്തിനുശേഷം ആല്‍ഡര്‍മാനുള്‍പ്പെടെയുള്ള കൗണ്‍സില്‍ അംഗങ്ങളെ ജനങ്ങള്‍ നേരിട്ട്‌ തെരഞ്ഞെടുക്കാന്‍ തുടങ്ങി.

19-ാം ശ.-ത്തില്‍ മുനിസിപ്പാലിറ്റികളില്‍ ദ്വിമണ്ഡലരീതി നിലവില്‍ വന്നപ്പോള്‍ ഒരു സഭ "ആല്‍ഡര്‍മാന്‍ ബോര്‍ഡ്‌' എന്ന പേരിലും മറ്റേത്‌ "കോമണ്‍ കൗണ്‍സില്‍' എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി. ഈ ദ്വിമണ്ഡലസഭ 20-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ഇല്ലാതായി; എങ്കിലും ആല്‍ഡര്‍മാന്‍പദം പ്രചാരത്തിലിരുന്നു. 1835, 1882 എന്നീ വര്‍ഷങ്ങളിലെ ഇംഗ്ലീഷ്‌ മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമങ്ങള്‍, 1933-ലെ ലോക്കല്‍ ഗവണ്‍മെന്റുനിയമം എന്നിവ അനുസരിച്ച്‌ ബറോയിലെയും കൗണ്ടികൗണ്‍സിലിലെയും ഒരു പ്രത്യേകതരം അംഗത്തെ സൂചിപ്പിക്കാനാണ്‌ ആല്‍ഡര്‍മാന്‍ എന്ന സംജ്ഞ ഉപയോഗിക്കുന്നത്‌. ഇംഗ്ലണ്ടിലെ കൗണ്ടികൗണ്‍സിലുകളിലും കൗണ്ടിബറോകളിലും മുനിസിപ്പല്‍ബറോകളിലും രണ്ടുതരം അംഗങ്ങള്‍ ഉണ്ട്‌: കൗണ്‍സിലര്‍മാരും, ആള്‍ഡര്‍മാന്മാരും, സമ്മതിദായകര്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നു; അവരില്‍ മൂന്നിലൊരുഭാഗം വരുന്ന ആല്‍ഡര്‍മാന്മാരെ കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുക്കുന്നു; കൗണ്‍സിലര്‍മാരുടെ കാലാവധി 3 വര്‍ഷവും ആല്‍ഡര്‍മാന്മാരുടേത്‌ 6 വര്‍ഷവുമാണ്‌. ആല്‍ഡര്‍മാനു തുല്യനായ ഉദ്യോഗസ്ഥന്‍ സ്‌കോട്ട്‌ലന്‍ഡില്‍ ബെയ്‌ലി (Bailie) എന്ന പേരില്‍ അറിയപ്പെടുന്നു.

ഈസ്റ്റിന്ത്യാക്കമ്പനി ഭരണകാലത്ത്‌ ഇന്ത്യയിലെ നഗരഭരണസമിതികളില്‍ ആല്‍ഡര്‍മാന്മാര്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളില്‍ തത്തുല്യമായ പദവി വഹിക്കുന്നത്‌ കമ്മിഷണര്‍, എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാര്‍ എന്നിവരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍