This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡിഹൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ഡിഹൈഡുകള്‍

Aldehydes

ഒരിനം കാര്‍ബണിക യൗഗികങ്ങള്‍. RCHO എന്ന പൊതുഫോര്‍മുലകൊണ്ട്‌ ഇവയെ പ്രതിനിധാനം ചെയ്യാം. ഇതില്‍ CHO എന്നതാണ്‌ ആല്‍ഡിഹൈഡിന്റെ ആഭിലക്ഷണീയമായ (characteristic) ഗ്രൂപ്‌. R എന്നത്‌ പ്രതിസ്ഥാപിതമോ അല്ലാത്തതോ ആയ ഹൈഡ്രാകാര്‍ബണ്‍ റാഡിക്കല്‍ ആണ്‌. ഏറ്റവും സരളമായ ആല്‍ഡിഹൈഡായ ഫോര്‍മാല്‍ഡിഹൈഡില്‍ (H. CHO) എന്ന യൗഗികത്തില്‍ ഞ എന്നത്‌ ഒരു ഹൈഡ്രജന്‍ ആറ്റമാണ്‌. ആല്‍ഡിഹൈഡുകള്‍, കീറ്റോണുകള്‍ എന്നറിയപ്പെടുന്ന കാര്‍ബണിക യൗഗികങ്ങളുമായി പലതിലും സൗദൃശ്യമുള്ളവയാണ്‌. അതിനു മുഖ്യ കാരണം രണ്ടിനം യൗഗികങ്ങളിലും അടങ്ങിയിരിക്കുന്ന കാര്‍ബണൈല്‍ഗ്രൂപ്‌, > C = O ആണ്‌. കീറ്റോണുകളില്‍ ഈ കാര്‍ബൊണൈല്‍ ഗ്രൂപ്‌ രണ്ടു ഹൈഡ്രാകാര്‍ബണ്‍ റാഡിക്കലുകളുമായി ബന്ധപ്പെട്ടിരിക്കും (R2CO).

രാസപരമായി ആല്‍ഡിഹൈഡുകള്‍ കീറ്റോണുകളെക്കാള്‍ അധികം സക്രിയങ്ങള്‍ (active) ആണ്‌. റസീനുകള്‍, പ്ലാസ്റ്റികീകാരകങ്ങള്‍, ലായകങ്ങള്‍, ചായങ്ങള്‍, ഔഷധങ്ങള്‍ എന്നിവയുടെ വ്യാവസായികനിര്‍മാണങ്ങളില്‍ ആല്‍ഡിഹൈഡുകള്‍ ഇടയൗഗികങ്ങള്‍ (intermediate compounds) ആണ്‌. പ്രധാനപ്പെട്ട ചില ആല്‍ഡിഹൈഡുകളുടെ പേരും ഫോര്‍മുലകളും താഴെ കൊടുക്കുന്നു:

പട്ടികയില്‍ കൊടുത്തിട്ടുള്ള ഒടുവിലത്തെ നാലെച്ചം ആരൊമാറ്റിക്‌ ആല്‍ഡിഹൈഡുകള്‍ ആണ്‌; ബാക്കിയുള്ളവ ആലിഫാറ്റിക്‌ ആല്‍ഡിഹൈഡുകളും.

നിര്‍മാണം. ചില ആല്‍ഡിഹൈഡുകള്‍ പ്രകൃതിയില്‍ത്തന്നെ കണ്ടുവരുന്നു. സസ്യരസങ്ങളില്‍ ഗ്ലൂക്കോസ്‌, ബിറ്റര്‍ ആല്‍മണ്ട്‌ ഓയില്‍ (കയ്‌പന്‍-ബദാം തൈലം) എന്ന പ്രാകൃതിക പദാര്‍ഥത്തില്‍ ബെന്‍സാല്‍ഡിഹൈഡ്‌, സിനമണ്‍ തൈലത്തില്‍ (ഇലവര്‍ങപ്പട്ടയില്‍നിന്നെടുക്കുന്ന തൈലം) സിനമാല്‍ഡിഹൈഡ്‌ എന്നിവ ചില ഉദാഹരണങ്ങളാണ്‌. പരീക്ഷണശാലയിലും വ്യവസായശാലയിലും ആല്‍ഡിഹൈഡുകള്‍ നിര്‍മിക്കുന്നതിന്‌ അനേകം മാര്‍ഗങ്ങളുണ്ട്‌. ചിലത്‌ ഇവിടെ കൊടുക്കുന്നു:

(1) പ്രൈമറി ആല്‍ക്കഹോളുകളില്‍നിന്ന്‌ ഉത്‌പ്രരക സാന്നിധ്യത്തില്‍ ഹൈഡ്രജന്‍ നീക്കം ചെയ്യുകയാണ്‌ പ്രധാനമായ ഒരു മാര്‍ഗം. ആല്‍ക്കഹോള്‍ ബാഷ്‌പം 250-300മ്പഇ താപനിലയില്‍ വച്ചിട്ടുള്ള ചെമ്പിന്‍മീതെ (ഉത്‌പ്രരകം) കടത്തിവിട്ടാല്‍ ഹൈഡ്രജനും ആല്‍ഡിഹൈഡും ലഭിക്കുന്നു. ഈഥൈല്‍ ആല്‍ക്കഹോളില്‍നിന്ന്‌ അസറ്റാല്‍ഡിഹൈഡ്‌ ഉത്‌പാദിപ്പിക്കുന്നത്‌ ഈ തത്ത്വമുപയോഗിച്ചുകൊണ്ടാണ്‌.

 C2H5OH → CH3CHO + H2

(2) പ്രൈമറി ആല്‍ക്കഹോളുകളെ മാന്‍ഗനീസ്‌ ഡൈ ഓക്‌സൈഡ്‌, ക്രാമിക്‌ അമ്ലം എന്നിവയിലൊന്ന്‌ ഉപയോഗിച്ച്‌ ഓക്‌സീകരിച്ച്‌ ആല്‍ഡിഹൈഡുകള്‍ ലഭ്യമാക്കുകയാണ്‌ രണ്ടാമത്തെ മാര്‍ഗം. ഓക്‌സിഡേഷന്‍-പരിധി കടന്നുപോകാതിരിക്കാന്‍ പ്രത്യേകം നിയന്ത്രണ-ഏര്‍പ്പാടുകള്‍ ചെയ്യണം എന്നത്‌ ഈ രീതിയിലെ ഒരു പ്രത്യേകതയാണ്‌.

RCH2OH + [O] → RCHO + H2O

(3) കാര്‍ബോക്‌സിലിക്‌ അമ്ലങ്ങളുടെ കാല്‍സിയം ലവണങ്ങള്‍ താപീയവിഘടനത്തിനു വിധേയമാക്കി ആല്‍ഡിഹൈഡുകള്‍ നിര്‍മിക്കാം. കാല്‍സിയം ഫോര്‍മേറ്റും മറ്റേതെങ്കിലും കാര്‍ബോക്‌സിലിക്‌ അമ്ലത്തിന്റെ കാല്‍സിയം ലവണവും കൂട്ടിക്കലര്‍ത്തി നല്ലവച്ചം ചൂടാക്കിയാല്‍ സ്വേദനദ്വാരാ ആല്‍ഡിഹൈഡ്‌ ലഭിക്കുന്നു.

(RCOO)2Ca + (HCOO)2Ca → 2RCHO + 2CaCO3

ഫോര്‍മാല്‍ഡിഹൈഡ്‌ ഉണ്ടാക്കുവാന്‍ കാല്‍സിയം ഫോര്‍മേറ്റ്‌ തനിയെ തപിപ്പിച്ചാല്‍ മതി.

(4) ഒരു ആല്‍ക്കൈല്‍ സയനൈഡ്‌ ഈഥറില്‍ അലിയിച്ചശേഷം അതിനെ ശുഷ്‌കഹൈഡ്രജന്‍, നിര്‍ജല സ്റ്റാനസ്‌ ക്ലോറൈഡ്‌ എന്നിവകൊണ്ട്‌ ഉപചരിച്ച്‌, ലഭ്യമായ ഉത്‌പന്നത്തെ ഉഷ്‌ണജലമുപയോഗിച്ച്‌ ഹൈഡ്രാളിസിസിന്‌ വിധേയമാക്കിയാല്‍ ആല്‍ഡിഹൈഡ്‌ ലഭിക്കും:

RCN → RCCI : NH → R.CH : NH → RCHO

(5) ഓലിഫീനുകളുടെ ഓക്‌സീകരണം, ആല്‍ഡിഹൈഡ്‌ നിര്‍മാണത്തിന്‌ ഒരു മാര്‍ഗമാണ്‌. പ്രാപിലീന്‍ ഉത്‌പ്രരകസാന്നിധ്യത്തില്‍ വായു ഉപയോഗിച്ച്‌ ഓക്‌സീകരണത്തിനു വിധേയമാക്കി അക്രാലീന്‍ എന്ന അപൂരിത ആല്‍ഡിഹൈഡ്‌ ഉണ്ടാക്കാം:

CH2 = CH.CH3 +O2   – - - - → –  –  – CH2 = CHCHO + H2O

മുകളില്‍ പറഞ്ഞത്‌ വന്‍തോതിലുള്ള നിര്‍മാണരീതിയാണ്‌. എന്നാല്‍ പരീക്ഷണശാലകളില്‍ ഓലിഫീനുകളെ ഓസോണുമായി പ്രവര്‍ത്തിപ്പിക്കുകയും ഉത്‌പന്നമായി ലഭിച്ച ഓസണൈഡിനെ ജലാപഘടനത്തിന്‌ വിധേയമാക്കുകയും ചെയ്‌താല്‍ ആല്‍ഡിഹൈഡുകള്‍ ലഭ്യമാക്കാവുന്നതാണ്‌.

(6) ടൊളുവിനെ (C6H5CH3)ക്ലോറിനീകരണം നടത്തി ലഭിച്ച ഉത്‌പന്നത്തെ ജലാപഘടനത്തിനു വിധേയമാക്കി ബെന്‍സാല്‍ഡിഹൈഡ്‌ ഉണ്ടാക്കാവുന്നതാണ്‌.

C6H5CH3 → C6H5CH2Cl + HCl

C6H5CH2Cl → C6H5CHCl2 + HCl

C6H5CHCl2 + H2O → C6H5CHO + 2 HCl ഇത്‌ ഒരു വ്യാവസായിക നിര്‍മാണരീതിയാണ്‌.

(7) റെയ്‌മര്‍-ടീമാന്‍ രാസപ്രവര്‍ത്തനം: ക്ലോറോഫോമും സാന്ദ്ര-ആല്‍ക്കലിയും കൊണ്ട്‌ ഫിനോളിനെ ഉപചരിച്ചാല്‍ സാലിസിലാല്‍ഡിഹൈഡ്‌ ലഭിക്കുന്നു.

C6H5OH + HCCl3 +  NaOH → C6H4 (OH)CHO 

ഇപ്രകാരം അനേകം രീതികളുപയോഗിച്ച്‌ ആല്‍ഡിഹൈഡുകളുടെ നിര്‍മാണം പരീക്ഷണശാലകളിലും വ്യവസായശാലകളിലും നിര്‍വഹിക്കാവുന്നതാണ്‌.

ഗുണധര്‍മങ്ങള്‍. ഫോര്‍മാല്‍ഡിഹൈഡ്‌ സാധാരണ താപനിലയില്‍ ഒരു വാതകമാണ്‌. അതിനുമേല്‍ ഇ11— വരെയുള്ള ആല്‍ഡിഹൈഡുകള്‍ ബാഷ്‌പശീല-ദ്രവപദാര്‍ഥങ്ങളാണ്‌; അതിലും ഉയര്‍ന്നവ ഖരങ്ങളും. ആലിഫാറ്റിക്‌ ആല്‍ഡിഹൈഡുകള്‍ക്ക്‌ സാധാരണയായി ക്ഷോഭജനകമായ ഗന്ധമുണ്ടായിരിക്കും. ആദ്യത്തെ രണ്ടു മൂന്നംഗങ്ങള്‍ ജലലേയങ്ങളാണ്‌. തന്മാത്രാഭാരം വര്‍ധിക്കുന്നതിനനുസരിച്ച്‌ ജലലേയത്വം ഉയര്‍ന്ന അംഗങ്ങള്‍ മിക്കവാറും അലേയങ്ങളാണുതാനും. പക്ഷേ, അവ ആല്‍ക്കഹോള്‍, ഈഥര്‍ മുതലായവയില്‍ ലയിക്കുന്നു. തിളനില അനുക്രമം വര്‍ധിക്കുന്നു. ഓക്‌സീകരണം, നിരോക്‌സീകരണം, ആല്‍ഡോള്‍ സംഘനനം (condensation), കാനിസാറൊ അഭിക്രിയ (Cannizaro reaction), നൈട്രജന്‍ അടങ്ങിയ ചില യൗഗികങ്ങളുമായുള്ള അഭിക്രിയ എന്നിവയാണ്‌ ആല്‍ഡിഹൈഡുകളുടെ പ്രധാന രാസപ്രവര്‍ത്തനങ്ങള്‍:

(1) അന്തരീക്ഷവായു, ഓക്‌സിജന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെര്‍മാന്‍ഗനേറ്റ്‌, പെര്‍ അമ്ലങ്ങള്‍, സില്‍വര്‍ ഓക്‌സൈഡ്‌, നൈട്രിക്‌ അമ്ലം എന്നിവ ആല്‍ഡിഹൈഡുകളെ ഓക്‌സീകരിച്ച്‌ കാര്‍ബോക്‌സിലിക്‌ അമ്ലങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു.

RCHO + [O] → R COOH

അസറ്റിക്‌ അമ്ലം, അസറ്റിക്‌ അന്‍ഹൈഡ്രഡ്‌, പെര്‍ അസറ്റിക്‌ അമ്ലം എന്നിവ ഇത്തരത്തില്‍ ഉത്‌പാദിപ്പിക്കാം. (2) ആല്‍ഡിഹൈഡുകളെ നിക്കല്‍-ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തില്‍ നിരോക്‌സീകരിച്ചാല്‍ പ്രമറി ആല്‍ക്കഹോളുകള്‍ ലഭിക്കുന്നു. അലൂമിനിയം ആല്‍ക്കോക്‌സൈഡുകള്‍, മെറ്റല്‍ ഹൈഡ്രഡുകള്‍ (LiAlH4, NaBH4), സിങ്ക്‌-ഹൈഡ്രാക്ലോറിക്‌ അമ്ല മിശ്രിതം എന്നിവയും നിരോക്‌സീകാരകങ്ങളായി പ്രയോജനപ്പെടുത്താം.

R CHO + H2 –  →–  –  –RCH2OH

ആല്‍ഡിഹൈഡുകള്‍ അമോണിയയുടെയും ഒരു ഉല്‍പ്രരകത്തിന്റെയും സാന്നിധ്യത്തില്‍ ഹൈഡ്രജനുമായി പ്രതിപ്രവര്‍ത്തിച്ച്‌ അമീനുകള്‍ തരുന്നു.

R CHO + NH3 + H2  –  –→  –  –RCH2NH2 + H2O

(3) ക്ഷാരീയമോ അമ്ലീയമോ ആയ ഒരു ഉത്‌പ്രരകത്തിന്റെ സഹായത്തോടുകൂടി രണ്ട്‌ ആല്‍ഡിഹൈഡ്‌ തന്മാത്രകള്‍ പരസ്‌പരം പ്രവര്‍ത്തിച്ച്‌ ഒരു ഹൈഡ്രാക്‌സി-ആല്‍ഡിഹൈഡ്‌ (ആല്‍ഡോള്‍) തരുന്നു.

RCH2CHO + RCH2CHO   – → –  –RCH2CH(OH) RCHCHO

ഇതിനെ ആല്‍ഡോള്‍-സംഘനനം എന്നു പറയുന്നു. ആല്‍ഡോളുകള്‍ ആല്‍ക്കഹോളിന്റേയും ആല്‍ഡിഹൈഡിന്റേയും സ്വഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നു.

(4) ആല്‍ഡിഹൈഡുകള്‍ അമോണിയയുമായി പ്രവര്‍ത്തിച്ച്‌ സങ്കീര്‍ണങ്ങളായ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നു. അഭിക്രിയയുടെ പ്രഥമഘട്ടത്തില്‍ ഹൈഡ്രാക്‌സി-അമീന്‍ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്‌. പക്ഷേ, പ്രവര്‍ത്തനം ആ ഘട്ടത്തില്‍ നില്‌ക്കുകയില്ല എന്നുള്ളതാണ്‌ വസ്‌തുത.

RCH = O + NH3  → RCH(OH)NH2 →  സങ്കീര്‍ണയൗഗികങ്ങള്‍

ആല്‍ഡിഹൈഡുകള്‍ പ്രമറി-അമീനുകളുമായി പ്രവര്‍ത്തിച്ച്‌ ഇമീനുകള്‍ (imines) തരുന്നു.

RCH = O + RNH2 → RCH  NR + H2O

(5) ആല്‍ഡിഹൈഡുകള്‍ ഹ്രഡോക്‌സിലമീന്‍, ഫിനൈല്‍ ഹൈഡ്രസീന്‍, സെമി കാര്‍ബസൈഡ്‌, ഹൈഡ്രജന്‍ സയനൈഡ്‌ എന്നീ യൗഗികങ്ങളുമായി പ്രവര്‍ത്തിച്ച്‌ ഓക്‌സൈം (oxime), ഫിനൈല്‍ ഹൈഡ്രസോണ്‍ (phenyl hydrazone), സെമി കാര്‍ബസോണ്‍ (semi carbazone), സയാനൊഹൈഡ്രിന്‍ (cyanohydrin) എന്നീ ഇനങ്ങളില്‍പ്പെട്ട യൗഗികങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു.

RCH = O + H2NOH → RCH = NOH + H2O

RCH = O + C6H5NHNH2 → RCH = NNHC6H5 + H2O

RCH = O + H2NCONHNH2 → RCH = NNHCONH2 + H2O

RCH = O + HCN → RCH = (OH) (CN)

സയാനൊഹ്രഡിന്‍-അഭിക്രിയയ്‌ക്ക്‌ ക്ഷാരീയമായ ഒരു ഉത്‌പ്രരകത്തിന്റെ ആവശ്യമുണ്ട്‌.

(6) അമ്ലീയമായ ഉത്‌പ്രരകത്തിന്റെ സാന്നിധ്യത്തില്‍ ആല്‍ഡിഹൈഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിച്ച്‌ അസെറ്റാല്‍-യൗഗികങ്ങള്‍ തരുന്നു; മര്‍ക്കാപ്‌റ്റനുമായി പ്രവര്‍ത്തിച്ച്‌ മര്‍ക്കാപ്‌റ്റാലും (mercaptal) തരുന്നു.

RCH = O + 2C2H5OH → RCH (OC2H5)2 + H2O

RCH = O + 2C2H5SH → RCH (SC2H5)2 + H2O

(7) അമ്ലീയ-ഉത്‌പ്രരകത്തിന്റെ സഹായത്തോടുകൂടി ആല്‍ഡിഹൈഡുകള്‍ ആസിഡ്‌-ആന്‍ഹൈഡ്രഡുകളുമായി പ്രവര്‍ത്തിച്ച്‌ ഡൈ-എസ്റ്ററുകള്‍ ഉത്‌പാദിപ്പിക്കുന്നു.

RCH = O + (CH3 CO)2 O → RCH (OOCH3)2 . 

(8) ആരൊമാറ്റിക്‌ ആല്‍ഡിഹൈഡുകള്‍ ആല്‍ക്കലി സയനൈഡിന്റെ സാന്നിധ്യത്തില്‍ രണ്ടു തന്മാത്രകള്‍ തമ്മില്‍ യോജിച്ച്‌ പുതിയ ഒരു യൗഗികമുണ്ടാക്കുന്നു. ഉദാഹരണമായി രണ്ടു ബെന്‍സാല്‍ഡിഹൈഡ്‌-തന്മാത്രകള്‍ ചേര്‍ന്ന്‌ ബെന്‍സോയിന്‍ (benzoin) ലഭ്യമാക്കുന്നു.

2C6H5CHO –→  –C6H5CH (OH) (CO) C6H5 

ആല്‍ഡിഹൈഡുകളുടെ അഭിനിര്‍ധാരണത്തിന്‌ അനേകം പരീക്ഷണങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌, ടോളന്‍-അഭികാരകം (Tollen's reagent) ആേല്‍ഡിഹൈഡുകളുമായി പ്രവര്‍ത്തിച്ച്‌ വെള്ളി പൂശിയ ഒരു പ്രതലം ലഭ്യമാക്കുന്നു. (അമോണിയാക്കല്‍ സില്‍വര്‍ നൈട്രറ്റും സോഡിയം ഹൈഡ്രാക്‌സൈഡും ചേര്‍ന്ന മിശ്രിതമാണ്‌ ടോളന്‍-അഭികാരകം). ഇതിന്‌ സില്‍വര്‍-മിറര്‍ പരീക്ഷണം എന്നു പറയുന്നു. ഷിഫ്‌-അഭികാരകം (Schiff's reagent) ആല്‍ഡിഹൈഡുകളുമായി കലര്‍ത്തിയാല്‍ പാടലനിറം (crimson) ഉണ്ടാകുന്നു. ഫെലിംഗ്‌-ലായനി ആല്‍ഡിഹൈഡുമായി പ്രവര്‍ത്തിച്ചാല്‍ ചെന്തവിട്ടുനിറത്തിലുള്ള ഒരു അവക്ഷിപ്‌തം ലഭിക്കുന്നതാണ്‌. സോഡിയം ബൈസല്‍ഫൈറ്റിന്റെ പൂരിതലായനിയുമായി ഒരു ആല്‍ഡിഹൈഡ്‌ കലര്‍ത്തിയാല്‍ ക്രിസ്റ്റലീയമായ ഒരു വെളുത്ത അവക്ഷിപ്‌തം ഉണ്ടാകും. ഈ അവക്ഷിപ്‌തം അരിച്ചെടുത്തുണക്കി ദ്രവണാങ്കം കണ്ടുപിടിച്ച്‌ ആല്‍ഡിഹൈഡുകളെ വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയും.

പല ആല്‍ഡിഹൈഡുകളും വ്യാവസായിക പ്രാധാന്യമുള്ളവയാണ്‌. ഫോര്‍മാല്‍ഡിഹൈഡ്‌ പ്രബലമായ ഒരു ആന്റിസെപ്‌റ്റിക്‌ ആകയാല്‍ 40 ശ.മാ. ഫോര്‍മാല്‍ഡിഹൈഡ്‌ ജലീയലായനി (അല്‌പം ആല്‍ക്കഹോളും ചേര്‍ത്ത്‌) ഫോര്‍മലിന്‍ എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്‌. ആല്‍ഡോള്‍, അസറ്റിക്‌ ആസിഡ്‌, മറ്റനേകം കാര്‍ബണികയൗഗികങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ അസറ്റാല്‍ഡിഹൈഡ്‌ ഉപയോഗിക്കുന്നു. ആരൊമാറ്റിക്‌ ആല്‍ഡിഹൈഡുകള്‍ പൊതുവേ സുഗന്ധമുള്ളവയാണ്‌. ആകയാല്‍ ഇവയില്‍ പലതും സുഗന്ധദ്രവ്യനിര്‍മാണത്തില്‍ പങ്കാളികളായി പ്രയോജനപ്പെടുന്നു. അനിസാല്‍ഡിഹൈഡ്‌, വാനില്ലിന്‍, പിപ്പറൊണാല്‍, ജെറാനിയാള്‍ എന്നിവ അത്തരം ആരൊമാറ്റിക്‌ ആല്‍ഡിഹൈഡുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. നോ: അക്രാലീന്‍; അനിസാല്‍ഡിഹൈഡ്‌; അസെറ്റാല്‍ഡിഹൈഡ്‌; ആല്‍ഡോള്‍; കാര്‍ബൊഹൈഡ്രറ്റ്‌; കീറ്റോണുകള്‍; ജെറാനിയാള്‍; പിപ്പറൊണാല്‍; ഫര്‍ഫുറാല്‍; ഫൊര്‍മാല്‍ഡിഹൈഡ്‌; വാനില്ലിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍