This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കൈലീകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കൈലീകരണം

Alkylation

കാര്‍ബണികയൗഗികങ്ങളില്‍ ആല്‍ക്കൈല്‍ ഗ്രൂപ്‌ ബന്ധിപ്പിക്കുന്ന പ്രക്രിയ. ഇപ്രകാരം ബന്ധിപ്പിക്കപ്പെടുന്നത്‌ അഥവാ പ്രവേശിപ്പിക്കപ്പെടുന്നത്‌ മീഥൈല്‍ (CH3), ഈഥൈല്‍ (C2 H5) എന്നീ ഗ്രൂപ്പുകളാണെങ്കില്‍ അഭിക്രിയകളെ യഥാക്രമം മെഥിലീകരണം എന്നും എഥിലീകരണം എന്നും വിളിക്കുന്നു. ഡൈമീഥൈല്‍ സല്‍ഫേറ്റ്‌, മീഥൈല്‍ ഹാലൈഡുകള്‍, ഡയാസൊ (diazo) മീഥേന്‍ എന്നിവ പ്രധാനപ്പെട്ട മെഥിലീകരണ-ഏജന്റുകള്‍ ആണ്‌. അതുപോലെ ഡൈ ഈഥൈല്‍ സല്‍ഫേറ്റ്‌, ഈഥൈല്‍ ഹാലൈഡുകള്‍ മുതലായവ മുഖ്യമായ എഥിലീകരണ-ഏജന്റുകളും.

അനുയോജ്യമായ ആല്‍ക്കൈലീകരണ ഏജന്റും നിര്‍ദിഷ്‌ട-കാര്‍ബണിക-യൗഗികവും തമ്മില്‍ രാസപരമായി പ്രവര്‍ത്തിപ്പിച്ച്‌, യൗഗികത്തിലെ ഒരു ക്രിയാശീല ഹൈഡ്രജനെ (active hydrogen) ആല്‍ക്കൈല്‍ ഗ്രൂപ്പ്‌കൊണ്ട്‌ ആദേശിക്കുകയാണ്‌ ആല്‍ക്കൈലീകരണത്തിനുള്ള സാമാന്യമാര്‍ഗം. ക്രിയാശീലഹൈഡ്രജനുള്ള ഗ്രൂപ്പുകള്‍ അനേകം കാര്‍ബണിക യൗഗികങ്ങളിലുണ്ട്‌. പ്രാഥമിക, ദ്വിതീയക, തൃതീയക (primary, secondary, tertiary) ആല്‍ക്കഹോളിക ഗ്രൂപ്പുകള്‍; പ്രാഥമിക, ദ്വിതീയക,അമിനൊ ഗ്രൂപ്പുകള്‍; ഈനോളിക ഹൈഡ്രാക്‌സില്‍ ഗ്രൂപ്പ്‌; ഫീനോളിക ഗ്രൂപ്പ്‌; കാര്‍ബോക്‌സ്‌ലിക-അമ്ലഗ്രൂപ്പ്‌; സല്‍ഫോണിക-അമ്ലഗ്രൂപ്പ്‌; കീറ്റോണിക ഗ്രൂപ്പിന്റെ അടുത്ത കാര്‍ബണിലെ (കാര്‍ബണിലെ) ഹൈഡ്രജന്‍ എന്നിവ ദൃഷ്‌ടാന്തങ്ങളാണ്‌.

പ്രധാനപ്പെട്ട ചില ആല്‍ക്കൈലീകരണ-അഭിക്രിയകള്‍ താഴെ കൊടുക്കുന്നു:

1. ആല്‍ക്കേനുകളുടെ ആല്‍ക്കൈലീകരണം. പെട്രാളിയം റിഫൈനറികളില്‍ ഭഞ്‌ജനം (Cracking) മൂലം ഉത്‌പാദിപ്പിക്കപ്പെടുന്ന കുറഞ്ഞ തന്മാത്രാഭാരമുള്ള ആല്‍ക്കേന്‍-ആല്‍ക്കീന്‍ (പാരഫിന്‍-ഒലിഫീന്‍) മിശ്രിതത്തിലെ അംഗങ്ങളെ പരസ്‌പരം സംയോജിപ്പിച്ച്‌ വ്യാവസായികപ്രാധാന്യമുള്ള ശാഖിത-ശൃംഖലാ-ആല്‍ക്കേനുകള്‍ (side chained alkanes) നിര്‍മിക്കാമെന്ന്‌ വി.എന്‍. പാറ്റിഫ്‌ (V.N. Patief), എഛ്‌. പൈന്‍സ്‌ (H. Pines)എന്നിവര്‍ 1932-ല്‍ കണ്ടുപിടിച്ചു. ഉദാഹരണമായി, പെട്രാളിയത്തിലെ C-4 അംശം ഭാഗികഭഞ്‌ജനത്തിനു വിധേയമാക്കുമ്പോള്‍ ഐസൊബ്യൂട്ടീന്‍-ഐസൊബ്യൂട്ടേന്‍ മിശ്രിതം ലഭിക്കുന്നു. സല്‍ഫ്യൂറിക്‌ അമ്ലം ഉത്‌പ്രരകമായി ഉപയോഗിച്ച്‌ ഈ രണ്ടു ഹൈഡ്രാകാര്‍ബണുകളും തമ്മില്‍ സംയോജിപ്പിക്കാം. സല്‍ഫ്യൂറിക്‌ അമ്ലത്തിനുപകരം നിര്‍ജല ഹ്രഡജന്‍ ഫ്‌ളൂറൈഡ്‌ മുതലായ മറ്റു പല വസ്‌തുക്കളും ഉത്‌പ്രരകമായി ഉപയോഗിക്കാം. പ്രസ്‌തുത രാസപ്രവര്‍ത്തനത്തെ ആല്‍ക്കീനിന്റെയോ ആല്‍ക്കേനിന്റെയോ ആല്‍ക്കൈലീകരണമായി കണക്കാക്കാം. ഇപ്രകാരമുണ്ടാക്കപ്പെടുന്ന ഐസൊ ഒക്‌ടേന്‍ കൃത്രിമ പെട്രാള്‍ ആയി ഉപയോഗിക്കപ്പെടുന്നു.

2. ആല്‍ക്കൈനുകളുടെ ആല്‍ക്കൈലീകരണം. ത്രിബന്ധങ്ങള്‍ (triple bonds) ഉള്ള അപൂരിത-ഹൈഡ്രാകാര്‍ബണ്‍ യൗഗികങ്ങളാണ്‌ ആല്‍ക്കൈനുകള്‍. ത്രിബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കാര്‍ബണ്‍-ആറ്റങ്ങളുമായി നേരിട്ടു ബന്ധപ്പെട്ട ഹൈഡ്രജനറ്റങ്ങളെ അസറ്റിലീനിക ഹൈഡ്രജനാറ്റങ്ങള്‍ എന്നു വിളിക്കുന്നു. ഇവ ക്രിയാശീലമുള്ളവയും അമ്ലസ്വഭാവമുള്ളവയുമാണ്‌. ഇവയെ ലോഹാറ്റങ്ങള്‍കൊണ്ട്‌ എളുപ്പത്തില്‍ പ്രതിസ്ഥാപിച്ച്‌ ലോഹ-അസെറ്റിലൈഡുകള്‍ രൂപീകരിക്കുന്നു. ഇവ ആല്‍ക്കൈല്‍ ഹാലൈഡുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ആല്‍ക്കൈലീകൃത-അസെറ്റിലീനുകള്‍ ഉണ്ടാകുന്നു.

ഹൈഡ്രോക്‌സില്‍ ഗ്രൂപ്പിന്റെ ആല്‍ക്കൈലീകരണത്തിന്‌ മീഥൈല്‍ സല്‍ഫേറ്റ്‌, ഈഥൈല്‍ സല്‍ഫേറ്റ്‌ എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്‌. ഉദാ.

5. എഥില്‍ അസെറ്റോ അസറ്റേറ്റ്‌, ഡൈ എഥില്‍ മാലോണേറ്റ്‌ എന്നിവയുടെ ആല്‍ക്കൈലീകരണം. ഇവയിലെ ക്രിയാശീലഹൈഡ്രജനെ ലോഹആറ്റംകൊണ്ട്‌ ആദേശിച്ച്‌ ആദ്യം ലോഹ (സോഡിയം) വ്യുത്‌പന്നമുണ്ടാക്കുക; അനന്തരം സോഡിയം ആറ്റത്തെ ആല്‍ക്കൈലീകരിക്കുക: ഇതാണ്‌ ഈ എസ്റ്ററുകളുടെ ആല്‍ക്കൈലീകരണമാര്‍ഗം. സംശ്ലേഷണരസതന്ത്രത്തില്‍ ഈ അഭിക്രിയകളുടെ പ്രാധാന്യം അപരിമിതമാണ്‌.

6. ആരൊമാറ്റിക ഹൈഡ്രാകാര്‍ബണുകളുടെ ആല്‍ക്കൈലീകരണം. ആരൊമാറ്റിക ഹൈഡ്രാ കാര്‍ബണ്‍ കുടുംബത്തില്‍ ഉയര്‍ന്ന അംഗങ്ങളുടെ നിര്‍മാണം ഈ പ്രക്രിയയിലൂടെ സാധിപ്പിക്കാം. ഫ്രീഡല്‍-ക്രാഫ്‌റ്റ്‌ അഭിക്രിയ എന്ന പ്രത്യേകം പേരില്‍ അറിയപ്പെടുന്ന മാര്‍ഗമാണ്‌ ഏറ്റവും പറ്റിയത്‌. ഒരു ആരൊമാറ്റികയൗഗികം ഒരു ആലിഫാറ്റികയൗഗികവുമായി നിര്‍ജല-അലൂമിനിയം ക്ലോറൈഡിന്റെയോ അനുയോജ്യമായ മറ്റേതെങ്കിലും ഉത്‌പ്രരകത്തിന്റെയോ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതിനാണ്‌ ഫ്രീഡല്‍-ക്രാഫ്‌റ്റ്‌ അഭിക്രിയ എന്നു പറയുന്നത്‌. ഉദാഹരണം,

പ്രധാനപ്പെട്ട ചില ആല്‍ക്കൈലീകരണ പ്രവര്‍ത്തനങ്ങളാണ്‌ ദൃഷ്‌ടാന്തമായി ഇവിടെ പ്രതിപാദിക്കപ്പെട്ടത്‌. സംശ്ലേഷണ രസതന്ത്രത്തില്‍ ഈ പ്രവര്‍ത്തനത്തിന്‌ മര്‍മ പ്രധാനമായ പങ്കുവഹിക്കുവാന്‍ സാധിക്കും. തന്മൂലം പരീക്ഷണശാലയില്‍ മാത്രമല്ല, വ്യാവസായികരംഗത്തും പ്രയോജനപ്പെടുത്തിവരുന്ന അഭിക്രിയയാണ്‌ ആല്‍ക്കൈലീകരണം.

(എസ്‌. ശിവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍