This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കേനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കേനുകള്‍

Alkanes

ആലിഫാറ്റികങ്ങളായ പൂരിത (saturated) ഹൈഡ്രോകാര്‍ബണുകള്‍. ഇവ പാരഫിനുകള്‍ (paraffins)എന്നും പറയപ്പെടുന്നു. ഒരു സജാതീയശ്രേണിയിലെ അംഗങ്ങളായ ഇവയുടെ പൊതുഫോര്‍മുല, Cn H2n+2 എന്നാണ്‌. മീഥേന്‍, ഈഥേന്‍, പ്രാപേന്‍, ബ്യൂട്ടേന്‍ എന്നിങ്ങനെ പോകുന്നു അവയുടെ പേരുകള്‍. എല്ലാ പേരും ഏന്‍ (ane) എന്ന്‌ അവസാനിക്കുന്നതായിക്കാണാം. ആദ്യാംഗമായ മീഥേനില്‍ ഒരു കാര്‍ബണ്‍-ആറ്റമാണുള്ളത്‌ (CH4). രണ്ടാമത്തെ അംഗമായ ഈഥേനില്‍ (C2H6) രണ്ട്‌ കാര്‍ബണ്‍-ആറ്റങ്ങള്‍ കാണാം. അങ്ങനെ കാര്‍ബണ്‍-ആറ്റങ്ങളുടെ എച്ചം അനുക്രമം വര്‍ധിച്ചുവരുന്നു. അഞ്ചാമത്തെ അംഗമായ പെന്റേന്‍ (C5 H12) മുതല്‍ മേല്‌പോട്ടുള്ള ഓരോ ആല്‍ക്കേനിന്റെയും പേര്‍ നിര്‍ദേശിച്ചിട്ടുള്ളതുതന്നെ അതിലെ കാര്‍ബണ്‍-ആറ്റങ്ങളുടെ എണ്ണം അനുസരിച്ചാണ്‌. ഉദാ. ഹെക്‌സേന്‍, ഒക്‌ടേന്‍. ആല്‍ക്കേന്‍ശ്രണിയിലെ ആദ്യത്തെ പത്തംഗങ്ങളുടെ പേരുകളും ഫോര്‍മുലകളും തിളനിലകളും ഐസൊമറൈഡുകളുടെ എച്ചവും താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു:

ആല്‍ക്കേനുകളില്‍ ആദ്യത്തെ നാലംഗങ്ങള്‍ സാമാന്യ താപനിലകളില്‍ വാതകങ്ങളാണ്‌; പെന്റേന്‍ മുതല്‍ ഡെക്കേന്‍ വരെയുള്ളവ ദ്രവങ്ങളും അതിനു മേല്‌പോട്ടുള്ളവ ഖരങ്ങളുമാണ്‌. ഇവയുടെ തിളനിലകള്‍ അനുക്രമം ഉയര്‍ന്നുവരുന്നതായിക്കാണാം. ആപേക്ഷികഘനത്വവും കൂടിവരുന്നു. ഇവയെല്ലാം ജല-അലേയങ്ങളാണ്‌. ആല്‍ക്കഹോള്‍, ഈഥര്‍ മുതലായ കാര്‍ബണിക ലായകങ്ങളില്‍ അനായാസേന കലരും. എല്ലാം തീ പിടിക്കുന്ന വസ്‌തുക്കളാണ്‌. രാസപരമായി ആല്‍ക്കേനുകള്‍ പ്രായേണ പ്രവര്‍ത്തനമന്ദതയുള്ളവയാണ്‌. സാധാരണതാപനിലകളില്‍ മീഥേന്‍ മുതലായ ചില ആദ്യ-അംഗങ്ങള്‍, നൈട്രിക്‌, ധൂമില-സല്‍ഫ്യൂറിക്‌ എന്നീ അമ്ലങ്ങളുമായോ ക്രാമിക്‌ ആസിഡ്‌, പൊട്ടാസിയം പെര്‍മാന്‍ഗനേറ്റ്‌ എന്നീ ഓക്‌സിഡൈസിങ്‌ ഏജന്റുകളുമായോ ആല്‍ക്കലികളുമായോ രാസപരമായി പ്രവര്‍ത്തിക്കുകയില്ല. ഉയര്‍ന്ന താപനിലകളില്‍ മന്ദമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പൊതുവേ ക്ലോറിന്‍, ഫ്‌ളൂറിന്‍ എന്നീ ഹാലജനുകളുമായി മീഥേന്‍ മുതലായവ പ്രവര്‍ത്തിച്ച്‌ സംഗത വ്യുത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നു. ബ്രാമിനുമായുള്ള പ്രവര്‍ത്തനം മന്ദമാണ്‌. അയഡിനുമായി നേരിട്ടു പ്രവര്‍ത്തിക്കുന്നില്ല. ഓസോണ്‍ (O3) എന്ന വാതകത്തിന്‌ ആല്‍ക്കേനുകളുമായി പ്രവര്‍ത്തനമുണ്ട്‌. ഉദാഹരണമായി മീഥേന്‍ ഓസോണുമായി പ്രവര്‍ത്തിച്ച്‌ ഫോര്‍മാല്‍ഡിഹൈഡ്‌ തരുന്നു. ആല്‍ക്കേനുകള്‍ ഐസൊമരതയുള്ള യൗഗികങ്ങളാണ്‌.

ആല്‍ക്കേനുകള്‍ സുലഭമായി കാണപ്പെടുന്നത്‌ പെട്രാളിയം നാഫ്‌ഥയിലാണ്‌. പ്രാകൃതികവാതകങ്ങളില്‍ കുറഞ്ഞ അളവിലുണ്ടായിരിക്കും. ഓസോക്കറൈറ്റ്‌ അഥവാ മണ്‍മെഴുക്‌ (Ozokerite or earth wax) എന്നറിയപ്പെടുന്ന പ്രകൃതിലഭ്യമായ ഒരുതരം ഖരപാരഫിനിലും ആല്‍ക്കേനുകള്‍ സ്ഥിതിചെയ്യുന്നു. നിമ്‌നതാപനിലകളില്‍ കല്‌ക്കരിയുടെ കാര്‍ബണീകരണം നടക്കുമ്പോഴും പെട്രാളിയം ഉത്‌പന്നങ്ങളെ ഭഞ്‌ജന (Cracking) വിധേയമാക്കി ഹൈഡ്രാജനീകരണം നടത്തുമ്പോഴും ആല്‍ക്കേനുകള്‍ ലഭിക്കുന്നതാണ്‌. ഇവ കൂടാതെ അനേകം രാസപ്രക്രിയകള്‍വഴിയായും ആല്‍ക്കേനുകള്‍ ലഭ്യമാക്കാം.

ഇന്ധനങ്ങളായും ലൂബ്രിക്കേഷനുപറ്റിയ വസ്‌തുക്കളായും ഔഷധനിര്‍മാണം, മെഴുകുതിരിനിര്‍മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്കിണങ്ങിയ ദ്രവ്യങ്ങളായും അവസ്ഥാനുസരണം ആല്‍ക്കേനുകള്‍ പ്രയോജനപ്പെടുന്നു. നോ: ഈഥേന്‍; ഐസൊമെറിസം; ഹൈഡ്രോകാര്‍ബണുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍