This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കീനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കീനുകള്‍

Alkenes

ദ്വിബന്ധം (double bond) ഉള്ള അലിഫാറ്റിക ഹൈഡ്രാകാര്‍ബണുകള്‍. ഒലിഫീനുകള്‍, ആല്‍ക്കിലീനുകള്‍ എന്നും ഇവയ്‌ക്കു പേരുകളുണ്ട്‌. പൊതു ഫോര്‍മുല (Cn H2n). തന്മാത്രയില്‍ രണ്ട്‌ കാര്‍ബണ്‍-ആറ്റങ്ങളുള്ള എഥിലീന്‍ ആണ്‌ ആദ്യത്തെ അംഗം . രണ്ടാമത്തേത്‌ മൂന്ന്‌ കാര്‍ബണ്‍-ആറ്റങ്ങളുള്ള പ്രോപിലീന്‍ എന്ന യൗഗികവും. എഥിലീന്‍, പ്രോപിലീന്‍ എന്നീ പേരുകള്‍ ഈഥേന്‍, പ്രോപേന്‍ എന്നിവയിലെ ഏന്‍ (ane) എന്നതിനുപകരം ഇലീന്‍ (ylene) എന്നു ചേര്‍ത്തുണ്ടാക്കിയതാണ്‌. മറ്റു ആല്‍ക്കീനുകളുടെയും നാമകരണവ്യവസ്ഥ ഇതുതന്നെ. ഇലീന്‍ എന്നതിനുപകരം ഈന്‍ എന്നുമാത്രം ചേര്‍ക്കുന്നതാണ്‌ പുതിയ നാമകരണ വ്യവസ്ഥ. ഉദാ. എഥീന്‍, പ്രോപീന്‍, ബ്യൂട്ടീന്‍, പെന്റീന്‍ എന്നിങ്ങനെ. ആല്‍ക്കേന്‍ ശ്രണിയിലെ (paraffin series) അതതു ഹൈഡ്രോകാര്‍ബണിന്റെ പേരിനെ അടിസ്ഥാനപ്പെടുത്തി ആല്‍ക്കീന്‍-ശ്രണിയിലെ അംഗങ്ങള്‍ക്കു പേരുകൊടുക്കുക എന്നതാണ്‌ സാമാന്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നയം എന്ന്‌ ഇതില്‍നിന്നു മനസ്സിലാക്കാം. അപ്പോള്‍ ദ്വിബന്ധം എവിടെയാണ്‌ എന്നതിന്‌ വേറെ ഒരു സൂചനവേണം (ദ്വിബന്ധത്തിന്‌ എഥിലിനികബന്ധം എന്നും പേരുണ്ട്‌). ഉദാഹരണമായി CH3.CH:CH.CH2.CH3. എന്ന യൗഗികത്തിന്‌ പെന്റീന്‍-2 എന്നും CH3.CH (CH3).CH:CH.CH2CH3 എന്നതിന്‌, 2 മെഥില്‍ ഹെക്‌സീന്‍-3 എന്നും പറയാം. ഇവിടെ പേരിന്റെ അവസാനം കൊടുത്തിട്ടുള്ള സംഖ്യകളാണ്‌ ദ്വിബന്ധസ്ഥാനസൂചനകള്‍. ദ്വിബ ന്ധനസ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഗ്രീക്ക്‌ അക്ഷരം യ്‌ക്കു വലതുവശത്ത്‌ മുകളിലായി സംഖ്യയിട്ടാലും മതി. ഉദാഹരണമായി രണ്ടാമതുപറഞ്ഞ യൗഗികത്തിന്‌ 2-മെഥില്‍ഹെക്‌സീന്‍ എന്നെഴുതാം. സംഖ്യയ്‌ക്കു പകരം ആല്‍ഫാ, ബീറ്റാ, ഗാമാ എന്നിങ്ങനെ ഗ്രീക്കക്ഷരങ്ങളും എഴുതാറുണ്ട്‌. ഇതില്‍നിന്നെല്ലാം ഭിന്നമായ ചില നാമകരണപദ്ധതികളും ഇല്ലായ്‌കയില്ല; ആദ്യത്തെ അഞ്ച്‌ ആല്‍ക്കീനുകളുടെ പേരും ഫോര്‍മുലയും മറ്റും അടങ്ങിയ ഒരു പട്ടിക താഴെ കൊടുക്കുന്നു:

ആല്‍ക്കീന്‍ ശ്രണിയിലെ ആദ്യത്തെ രണ്ടംഗങ്ങളും ബ്യൂട്ടിലീന്റെ മൂന്ന്‌ ഐസൊമറൈഡുകളും വാതകങ്ങളാണ്‌. തന്മാത്രാഭാരംകൂടിയ അംഗങ്ങള്‍ ദ്രവങ്ങളാണ്‌. ഇവയുടെ തിളനിലകള്‍ തന്മാത്രാഭാരങ്ങള്‍ക്കനുസരിച്ച്‌ വര്‍ധമാനമായി വരുന്നതുകാണാം. എല്ലാ ആല്‍ക്കീനുകളും ജലത്തില്‍ അലേയങ്ങളും ഓര്‍ഗാനിക്‌ ലായകങ്ങളില്‍ ലേയങ്ങളുമാണ്‌. കത്തിച്ചാല്‍ എല്ലാം പ്രകാശവും ധൂമവും വമിക്കുന്ന ജ്വാലകളോടെ കത്തിപ്പിടിക്കും. ഓക്‌സിജനോ വായുവോ കലര്‍ത്തി കത്തിച്ചാല്‍ മിശ്രിതം സ്‌ഫോടനവിധേയമാകും.

ആല്‍ക്കീനുകള്‍ എല്ലാം അപൂരിതയൗഗികങ്ങളാകയാല്‍ ക്ലോറിന്‍, ഹൈഡ്രജന്‍, ഹൈഡ്രജന്‍ബ്രാമൈഡ്‌, ഹൈപൊക്ലോറസ്‌ അമ്ലം, സള്‍ഫ്യൂറിക്‌ അമ്ലം മുതലായ വസ്‌തുക്കളുമായി നേരിട്ടുതന്നെ പ്രവര്‍ത്തിച്ച്‌ യോഗാങ്ങക (addition) യൗഗികങ്ങള്‍ ലഭ്യമാക്കും. ഒരു കാറ്റലിസ്റ്റിന്റെ സാന്നിധ്യത്തില്‍ ഹൈഡ്രജനുമായി സംയോജിച്ച്‌ ആല്‍ക്കീനുകള്‍ സംഗതങ്ങളായ ആല്‍ക്കേനുകള്‍ ഉത്‌പാദിപ്പിക്കും. ധൂമിലവും സാന്ദ്രവും നേര്‍ത്തതും ആയ സല്‍ഫൂരിക്‌ അമ്ലങ്ങള്‍ ആല്‍ക്കീനുകളുമായി പ്രവര്‍ത്തിച്ച്‌ ആല്‍ക്കൈല്‍ ഹൈഡ്രജന്‍സല്‍ഫേറ്റുകള്‍ തരുന്നു. ഈ തത്വമുപയോഗിച്ച്‌ പെട്രാളിയത്തില്‍നിന്നു കിട്ടുന്ന ആല്‍ക്കീന്‍ മിശ്രിതത്തില്‍നിന്ന്‌ ഘടകങ്ങളെ വേര്‍പെടുത്താം. ആല്‍ക്കീനുകളുടെ ഓക്‌സിഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആ യൗഗികങ്ങളുടെ സംരചനാനിര്‍ണയത്തിനു സഹായകങ്ങളാണ്‌. ആല്‍ക്കീന്‍-ഓസണൈഡുകള്‍ സ്‌ഫോടനവസ്‌തുക്കളാണ്‌. ഇവയുടെ ജലീയവിശ്ലേഷണോത്‌പന്നങ്ങള്‍ (products of hydrolysis) മുലയൗഗികങ്ങളിലെ ദ്വിബന്ധസ്ഥാനനിര്‍ണയത്തിന്‌ സഹായിക്കുന്നു. ഉച്ചമര്‍ദത്തിലുള്ള CO + H മിശ്രിതവുമായി ആല്‍ക്കീനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആല്‍ഡിഹൈഡുകള്‍ ഉണ്ടാകുന്നു. ഉദ്‌ഗ്രഥനരസതന്ത്രത്തില്‍ (Synthetic Chemistry) ഈ പ്രക്രിയ പ്രാധാന്യമുള്ള ഒന്നാണ്‌.

ആല്‍ക്കീനുകളില്‍ ആദ്യത്തെ അംഗം രണ്ട്‌ കാര്‍ബണ്‍-അണുക്കള്‍ ഉള്ള എഥിലീന്‍ ആണ്‌ (C2H4). ഒരു കാര്‍ബണ്‍ അണു ഉള്ള ആല്‍ക്കീന്റെ പേര്‌ മെഥിലീന്‍ (CH2) എന്ന്‌ ആണ്‌. പക്ഷേ, അതിന്‌ ഒരു യൗഗികത്തിന്റെ നിലയില്ല; സ്വതന്ത്രറാഡിക്കലിന്റെ അവസ്ഥയേ ഉള്ളൂ. സെക്കണ്ടിന്റെ ചെറിയ ഒരു അംശം സമയത്തേക്കുമാത്രമേ ഇതിനു നിലനില്‌പുള്ളൂ. ഡൈ അസൊമീഥേന്‍ (CH2N2) എന്ന യൗഗികം ഈഥറുമായി മിശ്രണംചെയ്‌ത്‌ 350oC-600oC-ല്‍ നിമ്‌നമര്‍ദത്തില്‍ ചൂടാക്കി മെഥിലീന്‍ ഉണ്ടാക്കാം.

ആല്‍ക്കീനുകളുമായി ഐസൊമെറിസം പുലര്‍ത്തിപ്പോരുന്ന ചില പൂരിതഹൈഡ്രാകാര്‍ബണുകളും ഉണ്ട്‌. അവയ്‌ക്ക്‌ വലയിത-സംരചനകള്‍ ഉണ്ടായിരിക്കും. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:


ഇവയില്‍ ഒന്നാമത്തേത്‌ C3H6 എന്ന പ്രാപീന്റെയും രണ്ടാമത്തേത്‌ C4H8 എന്ന ബ്യൂട്ടീനിന്റെയും മൂന്നാമത്തേത്‌ C5H10 എന്ന പെന്റീനിന്റെയും ഐസൊമറൈഡുകള്‍ ആണെന്ന്‌ മനസ്സിലാക്കാം. ഈ വലയിതയൗഗികങ്ങള്‍ സംഗതങ്ങളായ ആല്‍ക്കീനുകളെ അപേക്ഷിച്ച്‌ പ്രവര്‍ത്തനതീവ്രത കുറഞ്ഞവയാണ്‌.

ഒന്നിലധികം ദ്വിബന്ധങ്ങളുള്ള അലിഫാറ്റികഹൈഡ്രാകാര്‍ബണുകളെ ഡൈ ആല്‍ക്കീനുകള്‍ എന്നു പറയുന്നു. ഡൈ ആല്‍ക്കീനുകള്‍ (ഉദാ. ഐസൊപ്രീന്‍) പൊതുവേ അധികം വ്യാവസായിക പ്രാധാന്യമുള്ള പദാര്‍ഥങ്ങളാണ്‌. നോ: എഥിലീന്‍; പെന്റിലീന്‍; പ്രോപിലീന്‍, ബ്യൂട്ടിലിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍