This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കഹോള്‍ മെറ്റബോളിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കഹോള്‍ മെറ്റബോളിസം

Alcohol Metabolism

ശരീരത്തിനകത്ത്‌ ആല്‍ക്കഹോളിന്‌ വന്നുചേരുന്ന രാസപരിവര്‍ത്തനം. ആല്‍ക്കഹോള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഈഥൈല്‍ ആല്‍ക്കഹോളാണ്‌. മദ്യം എന്ന നിലയ്‌ക്കും അനേകം മരുന്നുകളുടെ നിര്‍മാണത്തില്‍ ലായകമായി പ്രയോജനപ്പെടുത്തുന്നതുകൊണ്ടും ചില ആഹാര പദാര്‍ഥങ്ങളില്‍ ഇതിന്റെ അംശം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടും മനുഷ്യശരീരത്തില്‍ ആല്‍ക്കഹോളിന്റെ മെറ്റബോളിസത്തിനു (ഉപാപപയത്തിനു) വളരെ പ്രാധാന്യമുണ്ട്‌. ജഠരാന്ത്രപഥത്തില്‍നിന്ന്‌ വളരെ വേഗം ആഗിരണം ചെയ്യപ്പെടുമെങ്കിലും സംഭരിച്ചു വയ്‌ക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ശരീരത്തില്‍നിന്ന്‌ ആല്‍ക്കഹോള്‍ പെട്ടെന്ന്‌ നീക്കം ചെയ്യേണ്ടത്‌ ആവശ്യമാണ്‌. കരളില്‍ വെച്ച്‌ ഓക്‌സീകൃതമായാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. കരളിലെ ചില എന്‍സൈമുകളാണ്‌ ഓക്‌സീകരണ പ്രക്രിയയെ സഹായിക്കുന്നത്‌.

ഇഥൈല്‍ ആല്‍ക്കഹോള്‍ ആദ്യമായി ഓക്‌സീകരിക്കപ്പെട്ട്‌ അസറ്റാല്‍ഡിഹൈഡ്‌ ആയിത്തീരുന്നു. കരള്‍ ആണ്‌ ഈ രാസപ്രവര്‍ത്തനത്തിന്റെ മുഖ്യമായ ആസ്ഥാനം. കരളിന്റെ അംശം മുറിച്ചു നീക്കംചെയ്യപ്പെടുന്നതിന്‌ ആനുപാതികമായി ആല്‍ക്കഹോള്‍-ഓക്‌സീകരണം ചുരുങ്ങുന്നുണ്ട്‌ എന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. ആല്‍ക്കഹോള്‍ ഇപ്രകാരം അസറ്റാല്‍ഡിഹൈഡ്‌ ആയി പരിണമിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നത്‌ NAD+ എന്ന കോഎന്‍സൈം അടങ്ങുന്ന ആല്‍ക്കഹോള്‍ ഡിഹൈഡ്രാജനേസ്‌ എന്ന എന്‍സൈം ആണ്‌. ഈ ആല്‍ഡിഹൈഡ്‌ അനന്തരം ആല്‍ഡിഹൈഡ്‌ ഡി ഹൈഡ്രാജനേസ്‌ എന്ന മറ്റൊരു എന്‍സൈമിന്റെ പ്രവര്‍ത്തനം മൂലം ഒരു അസറ്റേറ്റ്‌ (അസറ്റൈല്‍ കോഎന്‍സൈം A) ആയി രൂപാന്തരപ്പെടുന്നു.

കാര്‍ബൊഹ്രഡേറ്റ്‌ ഉപാപചയത്തില്‍ അസറ്റൈല്‍ കോ എന്‍സൈം മറ്റുവിധത്തിലും ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. സാമാന്യേന ഈ യൗഗികത്തിനു സംഭവിക്കാറുള്ള പരിവര്‍ത്തനങ്ങള്‍ മുറപോലെ നടക്കുകയും അന്തിമമായി CO2, H2O എന്നിവ ലഭ്യമാക്കുകയും ചെയ്യും. നോ: ആല്‍ക്കഹോള്‍ ഡി ഹൈഡ്രാജനേസ്‌

ആല്‍ക്കഹോള്‍ വിഷത്തിനു പ്രധാന കാരണം അസറ്റാല്‍ഡിഹൈഡ്‌ ആണ്‌. കരളില്‍വച്ച്‌ അസറ്റാല്‍ഡിഹൈഡ്‌ വീണ്ടും ഓക്‌സീകൃതമാകുന്നുണ്ടെങ്കിലും ചെറിയൊരു ഭാഗം രക്തത്തിലെത്തുകയും തുടര്‍ന്ന്‌ മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇതു മൂലം അസറ്റാല്‍ഡിഹൈഡിന്റെ ഓക്‌സീകരണം തടസ്സപ്പെടുകയും കൂടുതല്‍ അസറ്റാല്‍ഡിഹൈഡ്‌ കരളില്‍ അടിഞ്ഞുകൂടുകയും ഹെപ്പറ്റൈറ്റിസ്‌, കരള്‍ശോഥം (cirrhosis) എന്നീ രോഗങ്ങള്‍ക്ക്‌ കാരണമായി തീരുകയും ചെയ്യുന്നു.

അസറ്റാല്‍ഡിഹൈഡ്‌ തന്നെയാണ്‌ മദ്യാസക്തിക്കും വിധേയത്വത്തിനും കാരണം എന്നാണ്‌ സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്‌. രക്തത്തിലൂടെ തലച്ചോറിലെത്തുന്ന അസറ്റാല്‍ ഡിഹൈഡ്‌ ചില നാഡീസംവേദകങ്ങളുമായി പ്രവര്‍ത്തിച്ച്‌ മോര്‍ഫീനു സമാനമായ സംയുക്തങ്ങള്‍ രൂപീകരിക്കുന്നുവെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍