This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കഹോളിസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കഹോളിസിസ്‌

Alcoholysis

ഒരു എസ്റ്ററും ഒരു ആല്‍ക്കഹോളും തമ്മില്‍ രാസപരമായി പ്രവര്‍ത്തിച്ച്‌ വ്യത്യസ്‌തമായ എസ്റ്ററും വ്യത്യസ്‌തമായ ആല്‍ക്കഹോളും ലഭ്യമാക്കുന്ന രാസപ്രക്രിയ. മെഥില്‍ അസറ്റേറ്റും എഥില്‍ ആല്‍ക്കഹോളും തമ്മില്‍ പ്രവര്‍ത്തിച്ച്‌ എഥില്‍ അസറ്റേറ്റും മെഥില്‍ ആല്‍ക്കഹോളും ഉണ്ടാകുന്ന രാസപ്രവര്‍ത്തനം ഇതിനൊരു ദൃഷ്‌ടാന്തമാണ്‌.

 CH3 COOCH3+C2 H5 OHCH3 COOC2 H5 + CH3 OH.

ഈ പ്രക്രിയയ്‌ക്ക്‌ ട്രാന്‍സ്‌-എസ്റ്ററിഫിക്കേഷന്‍ (trans esterification) എന്നും പേരുണ്ട്‌. കൂടുതല്‍ തന്മാത്രാഭാരമുള്ള ആല്‍ക്കഹോളുകള്‍ (ഉദാ. എഥില്‍ ആല്‍ക്കഹോള്‍) കുറഞ്ഞ തന്മാത്രാഭാരമുള്ളവയെ (ഉദാ. മെഥില്‍ ആല്‍ക്കഹോള്‍) എളുപ്പത്തില്‍ ആദേശിക്കുന്നു. ടെര്‍ഷ്യറി ആല്‍ക്കഹോളുകള്‍ പ്രമറി ആല്‍ക്കഹോളുകളെക്കാള്‍ എളുപ്പത്തില്‍ ആദേശവിധേയങ്ങളായിരിക്കും. ആല്‍ക്കഹോളിസിസ്‌ ഒരു ഉത്‌ക്രമണീയ (reversible) പ്രവര്‍ത്തനമാണ്‌. ആകയാല്‍ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്‌ താരതമ്യേന കൂടുതലായിരിക്കണം. അമ്ലങ്ങള്‍, ബേസുകള്‍, സോഡിയം ആല്‍ക്കോക്‌സൈഡുകള്‍ എന്നിവയിലൊന്ന്‌ ഉത്‌പ്രരകമായി പ്രയോജനപ്പെടുത്താം. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഗ്ലിസറൈഡുകളില്‍നിന്ന്‌ ഫാറ്റി അമ്ലങ്ങളുടെ സരള എസ്റ്ററുകള്‍ ഉത്‌പാദിപ്പിക്കുവാന്‍ ആല്‍ക്കഹോളിസിസ്‌ അനുയോജ്യമായ ഒരു മാര്‍ഗമാണ്‌.

അസിഡോളിസിസ്‌, ഹൈഡ്രാളിസിസ്‌ എന്നീ രാസപ്രക്രിയകളോടു സദൃശമാണ്‌ ആല്‍ക്കഹോളിസിസ്‌. അസിഡോളിസിസ്സില്‍ അമ്ലംപോലെയും, ഹൈഡ്രാളിസിസ്സില്‍ ജലം പോലെയും ആല്‍ക്കഹോളിസിസ്സില്‍ ആല്‍ക്കഹോള്‍ പ്രവര്‍ത്തിക്കുന്നു.

എസ്റ്ററിന്റെ സ്ഥാനത്ത്‌ നൈട്രല്‍, അമ്ല ആന്‍ഹൈഡ്രഡ്‌, ആല്‍ക്കൈല്‍ ഹാലൈഡ്‌, അസൈല്‍ ഹാലൈഡ്‌, ബീറ്റാ കീറ്റോ എസ്റ്റര്‍, ലാക്‌റ്റോണ്‍, അമൈഡ്‌, കാര്‍ബൊഹൈഡ്രറ്റ്‌, എഥിലീന്‍ ഓക്‌സൈഡ്‌ എന്നീ വകുപ്പുകളില്‍പ്പെട്ട യൗഗികങ്ങളായാലും ആല്‍ക്കഹോളുമായി പ്രവര്‍ത്തിച്ച്‌ സംഗതങ്ങളായ യൗഗികങ്ങള്‍ ലഭ്യമാക്കുന്നതാണ്‌. ഇതെല്ലാം ആല്‍ക്കഹോളിസിസ്‌ തന്നെ. നോ: അമൊണോളിസിസ്‌; അസിഡോളിസിസ്‌; ഹൈഡ്രാളിസിസ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍