This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കലി ലോഹങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കലി ലോഹങ്ങള്‍

Alkali Metals

ആവര്‍ത്തനപട്ടികയിലെ ഒന്നാംഗ്രൂപ്പ്‌ മൂലകങ്ങള്‍. ഉദാ. സോഡിയം (Na), പൊട്ടാസിയം (K). സോഡിയം ഓക്‌സൈഡും പൊട്ടാസിയം ഓക്‌സൈഡും പഴയകാലത്തെ രസവാദികള്‍ (alchemists) ഉപയോഗിച്ചിരുന്നതുകൊണ്ടാണ്‌ ആല്‍ക്കലി എന്ന പദം ഉണ്ടായത്‌. ഈ ഓക്‌സൈഡുകള്‍ ജലത്തിലലിയുമ്പോള്‍ ആല്‍ക്കലികള്‍ (ക്ഷാരങ്ങള്‍) ഉണ്ടാകുന്നു.

ലിഥിയം, സോഡിയം, പൊട്ടാസിയം, റുബീഡിയം, സീസിയം, ഫ്രാന്‍സിയം എന്നിവയാണ്‌ ആല്‍ക്കലി ലോഹങ്ങള്‍. ഇവയെല്ലാം മാര്‍ദവമുള്ളവയാണ്‌. കത്തികൊണ്ടോ മറ്റോ മുറിക്കുമ്പോള്‍ മുറിച്ചഭാഗങ്ങള്‍ വെള്ളിപോലെ തിളങ്ങും. ലിഥിയം ഒഴികെ ബാക്കി എല്ലാ ആല്‍ക്കലി ലോഹങ്ങളും 100°Cനു താഴെയുള്ള താപനിലകളില്‍ ഉരുകും. ലിഥിയം മാത്രം 179°C-ല്‍ ഉരുകുന്നു. ഈ ലോഹങ്ങളുടെ ഘനത്വം താരതമ്യേന കുറവാണ്‌. ഖരങ്ങളില്‍വച്ച്‌ ഏറ്റവും കുറഞ്ഞ ഘനത്വം (density) ലിഥിയത്തിന്‌ ആണ്‌ (0.53 ഗ്രാം/ സി.സി.).

വളരെയധികം ക്രിയാശീലത പ്രകടിപ്പിക്കുന്നവയാണ്‌ ആല്‍ക്കലി ലോഹങ്ങള്‍. ഇവ പൊതുവേ ജലവുമായി തീവ്രമായ രാസപ്രവര്‍ത്തനത്തിലേര്‍പ്പെട്ട്‌ അതതു ലോഹത്തിന്റെ ഹൈഡ്രാക്‌സൈഡും ഹൈഡ്രജന്‍ വാതകവും ലഭ്യമാക്കുന്നു. പൊട്ടാസിയം, റുബീഡിയം, സീസിയം എന്നിവയുടെ പ്രവര്‍ത്തനതീവ്രത നിമിത്തം ഹൈഡ്രജന്‍ വാതകം പൊടുന്നനെ തീപിടിക്കുന്നതായിക്കാണാം. ആല്‍ക്കലി ലോഹങ്ങളുടെ ലവണങ്ങള്‍ പ്രായേണ ഇലക്‌ട്രാവേലന്റ്‌ യൗഗികങ്ങളും (electrovalent compounds) അയോണുകള്‍ ഏകസംയോജകങ്ങളും (monovalent) ആണ്‌. ആല്‍ക്കലി ലോഹങ്ങള്‍ പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ ലഭ്യമല്ല. പ്രകൃതിയില്‍ ഇവ ലവണങ്ങളായിട്ടാണ്‌ ഉപസ്ഥിതമായിട്ടുള്ളത്‌. ഉരുക്കിയ ഹൈഡ്രാക്‌സൈഡോ ക്ലോറൈഡോ വൈദ്യുതവിശ്ലേഷണത്തിനു വിധേയമാക്കിയാണ്‌ ഇവ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഈ രീതിയില്‍ സോഡിയവും പൊട്ടാസിയവും ആദ്യമായി തയ്യാറാക്കിയത്‌ സര്‍ ഹംഫ്രി ഡേവി (1807) എന്ന ശാസ്‌ത്രജ്ഞനാണ്‌. ലിഥിയം കണ്ടുപിടിച്ചത്‌ ആര്‍ഫ്‌ വെഡ്‌സന്‍ (1817) എന്ന വൈജ്ഞാനികനാണ്‌. റുബീഡിയവും സീസിയവും വിരളമൂലകങ്ങള്‍ (rare elements) ആണ്‌. വര്‍ണദര്‍ശകം (spectroscope) ഉപയോഗിച്ചുള്ള അപഗ്രഥനത്തിലൂടെയാണ്‌ അവയെ ആദ്യമായി (1861) ബുണ്‍സന്‍ തിരിച്ചറിഞ്ഞത്‌.

ഏറ്റവും സുലഭമായ മൂലകങ്ങളില്‍വച്ച്‌ ആറാംസ്ഥാനമുള്ള സോഡിയം ഭൂവല്‌ക്കത്തില്‍ 2.63 ശ.മാ. ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. വ്യാവസായികപ്രാധാന്യമുള്ളതും ലോഹരൂപത്തില്‍ ലഭിക്കുന്നതുമായ ഒന്നാണ്‌ സോഡിയം. ഇരുമ്പ്‌ കഴിഞ്ഞാല്‍ ഏറ്റവും വില കുറഞ്ഞ ലോഹവും സോഡിയംതന്നെ. ആല്‍ക്കലി ലോഹങ്ങളുടെ ലവണങ്ങള്‍ പ്രായേണ വര്‍ണരഹിതങ്ങള്‍ (അനയോണുകള്‍ സവര്‍ണങ്ങളല്ലെങ്കില്‍) ആണ്‌. അവ മിക്കതും ജലലേയങ്ങളുമാണ്‌. ആല്‍ക്കലി ലോഹങ്ങളും ലവണങ്ങളും വളരെ പ്രയോജനമുള്ള വസ്‌തുക്കളാകുന്നു. നോ: പൊട്ടാസിയം; റുബീഡിയം; ലിഥിയം; സീസിയം; സോഡിയം

(ജെ.വി. വിളനിലം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍