This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കലിപ്പാറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കലിപ്പാറ

ആഗ്നേയശിലകളിലെ ഒരു വിഭാഗം. കാല്‍സികം (calcic), ആല്‍ക്കലീയം (alkaline) എന്നിങ്ങനെ രാസഘടനയെ ആസ്‌പദമാക്കി ആഗ്നേയശിലകളെ രണ്ടായി വിഭജിക്കാവുന്നതാണ്‌. പ്രസക്തശിലയുടെ ഘടകങ്ങളായി അലൂമിനയുടെയോ സിലിക്കയുടെയോ അംശത്തെക്കാള്‍ കൂടുതലായി പൊട്ടാസ്യം, സോഡിയം എന്നിവയുടെ ഓക്‌സൈഡുകളാണുള്ളതെങ്കില്‍, അത്‌ ആല്‍ക്കലിപ്പാറകളില്‍പ്പെടുന്നു. ഈ ഓക്‌സൈഡുകളുടെ വര്‍ധിച്ച അളവ്‌ അവ ഉള്‍ക്കൊള്ളുന്ന മൂലകങ്ങളുടെ അംശം കൂടുതലായുള്ള പ്രത്യേക ധാതുക്കള്‍ രൂപംപ്രാപിക്കുന്നതിന്‌ കാരണമാകുന്നു; ഏജിറിന്‍, ആഗൈറ്റ്‌, അലൂമിനാരഹിതമായ സോഡിക്‌ ആംഫിബോള്‍ എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‌പറഞ്ഞ ധാതുക്കള്‍ അവശ്യഘടകമായുള്ള ശിലകളെ ആല്‍ക്കലിപ്പാറകളായി ഗണിക്കാം. ഈ ധാതുക്കള്‍ ഉരുത്തിരിയുന്നത്‌ ആല്‍ക്കലിസ്വഭാവം ഉണ്ടാകുന്നതിനു നിദാനമാകുന്നു. ഉദാഹരണമായി ഗ്രാനൈറ്റ്‌ശിലകള്‍ ആല്‍ക്കലിധാതുക്കളായ ഏജിറിന്‍, റീബക്കൈറ്റ്‌ തുടങ്ങിയവ പരിഗണനാര്‍ഹമായ അളവില്‍ ഉള്‍ക്കൊണ്ടാല്‍ അവയെ ആല്‍ക്കലി ഗ്രാനൈറ്റ്‌ എന്നു വിശേഷിപ്പിക്കാം; സയനൈറ്റ്‌ ശിലയില്‍ പ്ലാജിയോക്ലേസ്‌ ഫെല്‍സ്‌പാര്‍ പൂര്‍ണമായും ഇല്ലാതിരിക്കെ തത്‌സ്ഥാനത്ത്‌ ആല്‍ക്കലി ഫെല്‍സ്‌പാര്‍ ആണുള്ളതെങ്കില്‍ ആ ഇനം ശിലയെ ആല്‍സയനൈറ്റ്‌ എന്നുപറയുന്നു. ബസാള്‍ട്ട്‌ ശിലകളില്‍ പ്രത്യേകസാഹചര്യത്തില്‍ നെഫിലിന്‍ അനാല്‍സൈറ്റ്‌, പൊട്ടാഷ്‌ ഫെല്‍സ്‌പാര്‍ എന്നീ ആല്‍ക്കലി ധാതുക്കള്‍ പ്രമുഖഘടകങ്ങളായി കാണപ്പെടാം; ഈയിനം ശിലകളാണ്‌ ആല്‍ക്കലി ബസാള്‍ട്ട്‌.

ഭൂമുഖത്ത്‌ സാധാരണയായികാണുന്ന ഗ്രാനൈറ്റ്‌, ബസാള്‍ട്ട്‌, ഗാബ്രാ തുടങ്ങിയയിനം ശിലകളില്‍ ആല്‍ക്കലി ധാതുക്കള്‍ പ്രമുഖ ഘടകമായി കാണപ്പെടാറില്ല; പ്രായേണ വിരളവുമായിരിക്കും. ആല്‍ക്കലിപ്പാറകളുടെ ഉത്‌പത്തിയെക്കുറിച്ചും വിതരണപരിമിതിയെക്കുറിച്ചുമുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. മാഗ്മയുടെ വിഘടനം പ്രത്യേക സാഹചര്യങ്ങളിലാകുമ്പോള്‍, അസാധാരണമായ രാസപ്രക്രിയകളിലൂടെ ആല്‍ക്കലിപ്പാറകള്‍ ഉരുത്തിരിയാം. സാധാരണമാഗ്മയില്‍ ചുച്ചാമ്പുകല്ല്‌ ലയിച്ചുചേരുന്നത്‌ ആല്‍ക്കലിപ്പാറകളുടെ ഉദ്‌ഭവത്തിന്‌ നിദാനമാകാം. ഗന്ധകം, കാര്‍ബണ്‍ എന്നിവയുടെ ക്ലോറിന്‍യൗഗികങ്ങള്‍ കൂടിയതോതില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള ജലത്തിന്റെ സാന്നിധ്യത്തില്‍ സാധാരണ ഗ്രാനൈറ്റ്‌ മാഗ്മയ്‌ക്ക്‌ ആന്തരികമായി സംഭവിക്കാവുന്ന ഘടകക്രമീകരണ പ്രക്രിയയുടെ പരിണതഫലമായാണ്‌ ആല്‍ക്കലിപ്പാറകളുണ്ടാകുന്നതെന്ന്‌ ചിലര്‍ കരുതുന്നു. ആര്‍തര്‍ ഹോംസിന്റെ അഭിപ്രായത്തില്‍ പൊട്ടാസിയത്തിന്റെയും അലൂമിനിയത്തിന്റെയും അംശം കൂടുതലായിട്ടുള്ള ദ്രാവകങ്ങളുടെ താപമര്‍ദങ്ങളേറ്റ്‌ ആംശികദ്രവണത്തിനു വിധേയങ്ങളായ പഴക്കംചെന്ന ശിലാസമൂഹങ്ങളില്‍നിന്നാണ്‌ ആല്‍ക്കലിപ്പാറകളുണ്ടാകുന്നത്‌. ഒരു പൊതു മാഗ്മ-ആഗാര(magma chamber)ത്തില്‍ നിന്നുമാണ്‌ എല്ലായിനം ആല്‍ക്കലിപ്പാറകളും ഉദ്‌ഭൂതമായിട്ടുള്ളതെന്ന പഴയ നിഗമനം ശാസ്‌ത്രീയമായ വിശകലനത്തിലൂടെ നിരസിക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്‌തസാഹചര്യങ്ങളില്‍ വെണ്ണേറെ ചേര്‍പ്പുകളുടെ ഫലമായി ഒരേ ദ്രാവകത്തില്‍നിന്നുതന്നെ വ്യതിരിക്തസ്വഭാവമുള്ള ശിലാസമൂഹങ്ങള്‍ ഉണ്ടാകാവുന്നതാണെന്ന വാദത്തിന്‌ അംഗീകാരം കിട്ടിവരുന്നു

(പി. രാധാകൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍