This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ക്കലി

Alkali

ജലത്തില്‍ അലിഞ്ഞ്‌ ധാരാളം ഹൈഡ്രോക്‌സില്‍ അയോണുകള്‍ (OH-) ലഭ്യമാക്കുന്നതും ബേസിക സ്വഭാവം ഉള്ളതുമായ ഏതു യൗഗികത്തിനെയും മൊത്തത്തില്‍ ആല്‍ക്കലി എന്നു പറയാം. ഒരു ആല്‍ക്കലി ലായനിയുടെ pH എപ്പോഴും ഏഴില്‍ കൂടുതലായിരിക്കും. ലിഥിയം, സോഡിയം, പൊട്ടാസിയം, റുബീഡിയം, സീസിയം എന്നീ ആല്‍ക്കലി-ലോഹമൂലകങ്ങളുടെ ഹൈഡ്രോക്‌സൈഡുകളാണ്‌. ആല്‍ക്കലികള്‍. പ്രായോഗികമായി അമോണിയം ഹൈഡ്രോക്‌സൈഡിനെയും ആല്‍ക്കലിയായി കരുതാറുണ്ട്‌. ആല്‍ക്കലികളുടെ സാന്ദ്രലായനികള്‍ പൊള്ളലേല്‌പിക്കുന്നവയാണ്‌. അമ്ലങ്ങളെ ഉദാസീനീകരിക്കുകയോ ഫാറ്റി അമ്ലങ്ങളുമായി പ്രവര്‍ത്തിച്ച്‌ സോപ്പുകള്‍ ലഭ്യമാക്കുകയോ ചെയ്യുന്ന ഏതു ദാഹക (caustic) ഹൈഡ്രോക്‌സൈഡും ആല്‍ക്കലിയാണെന്നുകരുതപ്പെട്ടിരുന്നു. ഇത്തരത്തില്‍ ആല്‍ക്കലികള്‍ അകാര്‍ബണിക ആല്‍ക്കഹോളുകള്‍ ആണെന്നു പറയാം. സോപ്പു നിര്‍മാണം മുതലായ അനേകം വ്യവസായങ്ങളില്‍ ആല്‍ക്കലികള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌.

ആല്‍ക്കലികള്‍ അനായാസേന ജലത്തിലലിയും. വായുവില്‍ തുറന്നുവച്ചാല്‍ കറുക്കും. വാണിജ്യാടിസ്ഥാനത്തില്‍, സോഡിയം കാര്‍ബണേറ്റാണ്‌ ആല്‍ക്കലിയായി വിവക്ഷിതപ്പെടുന്നത്‌. ഭൂമിയില്‍ പ്രകൃത്യാ ഉള്ള സോഡാ ആഷ്‌ നിക്ഷേപങ്ങളും വ്യാവസായികമായി ഉത്‌പാദിപ്പിക്കപ്പെടുന്ന സോഡിയം കാര്‍ബണേറ്റും ഈ വിവക്ഷയില്‍ ഉള്‍പ്പെടുന്നു. പൊട്ടാഷ്‌, കാസ്റ്റിക്‌സോഡാ, വാട്ടര്‍ ഗ്ലാസ്‌, സോഡിയം ബൈ കാര്‍ബണേറ്റ്‌, പൊട്ടാസിയം ഹൈഡ്രോക്‌സൈഡ്‌ മുതലായവയാണ്‌ മറ്റു ആല്‍ക്കലി-വ്യുത്‌പന്നങ്ങള്‍ ആല്‍ക്കലി മച്ച്‌ എന്നു പറയുന്നത്‌ കൃഷിചെയ്യുന്നതിന്‌ പ്രതികൂലമായ വിധം കൂടുതല്‍ ആല്‍ക്കലി കലര്‍ന്നിട്ടുള്ള മച്ചിനെയാണ്‌.

സര്‍ ഹംഫ്രി ഡേവിയാണ്‌ ആല്‍ക്കലികള്‍ ഹൈഡ്രോക്‌സൈഡുകളാണ്‌ എന്ന വസ്‌തുത ആദ്യമായി (1807) വെളിപ്പെടുത്തിയത്‌. ഒരു ആല്‍ക്കലി ലായനിയില്‍ ചുവന്ന ലിറ്റ്‌മസ്‌ കടലാസുമുക്കുമ്പോള്‍ അതു നീലവര്‍ണമാകുന്നു. സോഡിയം കാര്‍ബണേറ്റ്‌ ജലത്തിലലിയുമ്പോള്‍ ജലീയവിശ്ലേഷണത്തിനു വിധേയമായി അല്‌പം ഹൈഡ്രോക്‌സില്‍ അയോണുകള്‍ ലഭ്യമാക്കും. ആകയാല്‍ അത്‌ ഒരു മൃദുല-ആല്‍ക്കലിയായി (mild alkali) പരിഗണിക്കപ്പെടുന്നു. ആല്‍ക്കലികള്‍ അമ്ലങ്ങളുമായി പ്രവര്‍ത്തിച്ച്‌ ലവണങ്ങളും ജലവും ലഭ്യമാക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍