This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർമേഡ, സ്‌പാനിഷ്‌ (1588)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍മേഡ, സ്‌പാനിഷ്‌ (1588)

Armeda, Spanish

സ്‌പാനിഷ്‌ ആര്‍മേഡ-പെയിന്റിങ്‌

യൂറോപ്പിലെ കത്തോലിക്കാരാജ്യങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്ന സ്‌പെയിനിലെ ഫിലിപ്പ്‌ II (1527-98) ഇംഗ്ലണ്ടിനെതിരായി 1588-ല്‍ അയച്ച കപ്പല്‍പ്പട "സ്‌പാനിഷ്‌ ആര്‍മേഡ' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. "ആര്‍മേഡ' (Armada) എന്ന വാക്കിന്‌ കപ്പല്‍പ്പട എന്നാണര്‍ഥം. പ്രാട്ടസ്റ്റന്റ്‌ മതത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഇംഗ്ലണ്ടിലെ എലിസബെത്ത്‌ I (1533-1603)നെ പരാജയപ്പെടുത്തണമെന്ന്‌ സ്‌പെയിനിലെ രാജാവ്‌ ആഗ്രഹിച്ചു. പാര്‍മയില്‍ അലസാണ്ട്രാ ഫാര്‍ണസിനെ ഫിലിപ്പ്‌ II റീജന്റായി നിയമിച്ചിരുന്നു; അദ്ദേഹത്തിനെതിരായി നെതര്‍ലന്‍ഡുകാര്‍ എലിസബത്ത്‌ I-ന്റെ സഹായത്തോടെ വിപ്ലവം സംഘടിപ്പിച്ചു; തന്നെയുമല്ല ബ്രിട്ടിഷ്‌ നാവികസേന അത്‌ലാന്തിക്‌ സമുദ്രംവഴിയുള്ള സ്‌പെയിനിന്റെ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെയ്‌തുവന്നു. സ്‌പെയിനുമായി നേരിട്ടൊരു യുദ്ധം ഒഴിവാക്കി തന്ത്രപരമായി കാര്യങ്ങള്‍ നടപ്പിലാക്കുകയായിരുന്നു എലിസബത്തിന്റെ ലക്ഷ്യം. ഇംഗ്ലീഷ്‌ അഡ്‌മിറലായ സര്‍. ഫ്രാന്‍സിസ്‌ ഡ്രക്ക്‌ (1540-96) അമേരിക്കയിലെ സ്‌പാനിഷ്‌കോളനികളെല്ലാം ആക്രമിച്ചു നശിപ്പിച്ചതോടെ നേരിട്ടുള്ള യുദ്ധത്തില്‍കൂടിമാത്രമേ പ്രശ്‌നങ്ങള്‍ പരിഹൃതമാകൂ എന്ന്‌ ഫിലിപ്പ്‌ II-നു തീര്‍ച്ചയായി. പാര്‍മസൈന്യത്തെ മുന്നില്‍ അണിനിരത്തി ആക്രമണമാരംഭിക്കാനും അവരെ ഡോവര്‍ കടലിടുക്കു കടക്കുവാന്‍ സഹായിക്കാനും സ്‌പെയിന്‍ തീരുമാനിച്ചു. തെ.പ. സ്‌പെയിനിലെ കാഡിസ്‌ തുറമുഖം അപ്രതീക്ഷിതമായി ഡ്രക്ക്‌ ആക്രമിച്ചതുകൊണ്ട്‌ സ്‌പെയിനിന്റെ സംരംഭം നീണ്ടുപോയി. തുടര്‍ന്ന്‌ ചെറിയ ഏറ്റുമുട്ടലുകള്‍ പലപ്പോഴായി സംഭവിച്ചുവെങ്കിലും അവ യുദ്ധഗതിയെ കാര്യമായി സ്വാധിച്ചിരുന്നില്ല. എന്നാല്‍ ആഗ. 7 അര്‍ധരാത്രിയില്‍ ഇംഗ്ലീഷ്‌ സൈന്യം ആക്രമിച്ചതിനെ തുടര്‍ന്ന്‌ സ്‌പാനിഷ്‌പട കിഴക്കോട്ടുതിരിച്ചു. ഫ്രാന്‍സിലെ ഗ്രവ്‌ലിന്‍ഡ്‌ തീരത്തിനടുത്തുവച്ച്‌ നിര്‍ണായകയുദ്ധം (ആഗ. 8) ആരംഭിച്ചു. അതില്‍ പരാജയപ്പെട്ട സ്‌പാനിഷ്‌ ആര്‍മേഡ വടക്കോട്ട്‌ നീങ്ങി. ആഗ. 12 വരെ ഇംഗ്ലീഷ്‌ സൈന്യം അവരെ പിന്തുടര്‍ന്നു; പിന്നീട്‌ മടങ്ങി. ദുഷ്‌കരമായ ആ യാത്രയ്‌ക്കിടയില്‍ 51 കപ്പലുകള്‍ സ്‌പെയിന്‍കാര്‍ക്ക്‌ നഷ്‌ടപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ മരണപ്പെട്ടു. ഇംഗ്ലീഷുകാര്‍ക്ക്‌ ഒറ്റക്കപ്പല്‍പോലും നഷ്‌ടമായില്ല. ആള്‍നാശവും നന്നേ കുറവായിരുന്നു. ആര്‍മേഡയെ തകര്‍ത്തത്‌ ബ്രിട്ടിഷ്‌ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്‌. അത്‌ ഇംഗ്ലണ്ടിനെയും മതനവീകരണപ്രസ്ഥാനത്തെയും രക്ഷപ്പെടുത്തിയെന്നു മാത്രമല്ല, ഇംഗ്ലണ്ടിന്റെ ഭാവി നാവികശക്തിയെയാണ്‌ ആശ്രയിച്ചിരിക്കുന്നതെന്ന്‌ തെളിയിക്കുകയും ചെയ്‌തു. തോക്കുപയോഗിച്ചുള്ള നാവികയുദ്ധത്തിന്റെ ആദ്യകാല മാതൃകകളിലൊന്നായി അത്‌ നിലകൊള്ളുന്നു. നോ: എലിസബത്ത്‌ I

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍