This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർമെച്ചർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍മെച്ചര്‍

Armature

വിദ്യുദ്‌കാന്തയന്ത്രത്തില്‍ മുഖ്യവിദ്യുദ്‌ധാരവഹിക്കുന്ന കമ്പിച്ചുരുളുകള്‍ (winding) കിടക്കുന്ന ഭാഗം. സ്വരക്ഷയ്‌ക്കുള്ള കവചം എന്നാണ്‌ ഇംഗ്ലീഷുഭാഷയില്‍ ഈ വാക്കിനര്‍ഥം. ആദ്യകാലത്ത്‌ കാന്തശിലകളുടെ കാന്തികശേഷി വര്‍ധിപ്പിക്കാനായി അവയെ ഇരുമ്പുകവചങ്ങള്‍ക്കുള്ളിലൊതുക്കിയ വില്യം ഗില്‍ബര്‍ട്ട്‌ ആണ്‌ ഈ പേര്‌ വൈദ്യുതശാസ്‌ത്രത്തിലേക്ക്‌ കടത്തിവിട്ടത്‌.

ഡി. സി. ആര്‍മേചര്‍

ലാടകാന്തത്തിന്റെ ധ്രുവമുഖത്ത്‌ ആകര്‍ഷണശക്തിമൂലം വന്നടയുംവിധം സംവിധാനം ചെയ്‌ത ഇരുമ്പുചീളുകള്‍, വൈദ്യുതറിലേകളുടെ പ്രവര്‍ത്തനം, കൃത്രിമകാന്ത നിര്‍മാണം എന്നിവയില്‍ കാന്ത ആര്‍മച്ചറിന്‌ പ്രാധാന്യമുണ്ട്‌. ഒരു ഇരുമ്പുകാമ്പും (iron core) അതില്‍ വെട്ടിയ ചാലുകളില്‍ നിറച്ചിരിക്കുന്ന കമ്പിച്ചുരുളുകളും ഉള്‍ക്കൊള്ളുന്നതാണ്‌ വിദ്യുത്‌കാന്തയന്ത്രത്തിലെ ആര്‍മെച്ചര്‍. സാധാരണ പ്രത്യാവൃത്തിധാരായന്ത്രങ്ങളില്‍, ഇത്‌ സ്റ്റേറ്റര്‍ (stator) എന്ന അനങ്ങാത്ത ഭാഗത്തോ, റോട്ടര്‍(rotor)എന്ന തിരിയുന്ന ഭാഗത്തോ ആകാം. നേര്‍കറന്റ്‌ യന്ത്രങ്ങളിലും കമ്യൂട്ടേറ്ററോടുകൂടിയ പ്രത്യാവൃത്തിധാരായന്ത്രങ്ങളിലും ഇത്‌ തിരിയുന്ന ഭാഗത്തായിരിക്കണം. കാന്തമണ്ഡലവും വാഹികളും തമ്മിലുള്ള ആപേക്ഷികചലനം നിമിത്തം സൃഷ്‌ടിക്കപ്പെടുന്ന വിദ്യുത്‌ചാലകബലം (emf) ആര്‍മെച്ചര്‍ ചുരുളുകളില്‍ പ്രവര്‍ത്തിക്കുന്നു. മോട്ടോറില്‍ ഈ വോള്‍ട്ടതയെ പിന്‍വിദ്യുത്‌ചാലകബലം എന്നു വിളിക്കുന്നു.

കാമ്പ്‌ (core) പ്രത്യേകതരം ഇരുമ്പോ, ഉരുക്കോ കൊണ്ടുള്ള നേരിയവട്ടത്താളുകള്‍ ചേര്‍ത്തുവച്ച്‌ നിര്‍ദിഷ്‌ടാകാരം വരുത്തിയതായിരിക്കും. കാന്തചാലകതയ്‌ക്ക്‌ കുറവുവരുത്താതെതന്നെ ചുഴിധാരയ്‌ക്കുള്ള പ്രതിരോധം വര്‍ധിപ്പിക്കുവാന്‍ ഈ വട്ടത്താളുകള്‍ ഇന്‍സുലേറ്റ്‌ ചെയ്‌തിരിക്കും. ഇതുമൂലം കാന്തികനഷ്‌ടം കുറയുന്നു. കമ്യുട്ടേറ്റര്‍ യന്ത്രങ്ങളില്‍ ആര്‍മെച്ചര്‍ചുരുളുകള്‍ കമ്യുട്ടേറ്ററിനോടും അല്ലാത്തവയില്‍ നേരിട്ട്‌ വൈദ്യുതലൈനുകളോടും യോജിപ്പിക്കപ്പെടുന്നു.

(വി. കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍