This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർമിലറിഗോളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍മിലറിഗോളം

Armillary sphere

ഖഗോളസംവിധാനത്തിന്റെ രൂപരേഖ കാണിക്കുന്ന ഒരു പ്രാചീനോപകരണം. ജ്യോതിഃശാസ്‌ത്രത്തില്‍ ചക്രവാളം, ഉച്ചരേഖ (meridian), ഭൂമധ്യരേഖ, അക്ഷം, ധ്രുവങ്ങള്‍, രേഖാംശങ്ങള്‍ (longitudes), ക്രാന്തിവൃത്തം (ecliptic) എന്നിവയുടെ പരസ്‌പരബന്ധം വ്യക്തമാക്കുന്ന ഒരു പഠനമാതൃകയാണ്‌ ഇത്‌.

ആര്‍മിലറിഗോളം

പതിനേഴും പതിനെട്ടും ശതകങ്ങളില്‍ ഭൂമിയെ കേന്ദ്രമായി സങ്കല്‌പിക്കുന്ന ടോളമിസമ്പ്രദായവും സൂര്യനെ കേന്ദ്രമായി സ്വീകരിക്കുന്ന കോപ്പര്‍നിക്കസ്‌ സമ്പ്രദായവും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്താന്‍ ഇത്തരം ഉപകരണങ്ങള്‍, തൂക്കിയിട്ടോ ഏതെങ്കിലും ഒരു പിടിയില്‍ ഉറപ്പിച്ചോ ഉപയോഗിച്ചിരുന്നു. വളരെക്കാലം മുമ്പുതന്നെ ലളിതമായ തോതിലുള്ള പല മാധ്യമങ്ങളും ഇതിലേക്ക്‌ ഉപയോഗിച്ചിരുന്നു. മീറ്റിയറോസ്‌കോപ്പിയന്‍ (Meteoroskopion) എന്ന ഒരു ഉപകരണം ഗ്രീക്കുകാര്‍ പ്രയോജനപ്പെടുത്തിയിരുന്നതായി (സു.എ.ഡി. 440) വിശ്വസിക്കപ്പെടുന്നു. ഇതില്‍ ഒന്‍പത്‌ വൃത്തങ്ങളുണ്ട്‌. ടോളമി തന്റെ അല്‍മജസ്റ്റ്‌ (Almagest)എന്ന ഗ്രന്ഥത്തില്‍ മൂന്ന്‌ ആര്‍മിലറിഗോളങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ഭൂമധ്യരേഖാതലത്തെ സൂചിപ്പിക്കുന്ന ഒരു വൃത്തത്തകിടില്‍ ഒരു ഓട്ടുവളയം ഘടിപ്പിച്ചു നിര്‍ത്തിയാല്‍ ആര്‍മിലറിഗോളത്തിന്റെ പ്രാകൃതമെങ്കിലും ഏറ്റവും സരളമായ ഒരു മാതൃക സൃഷ്‌ടിക്കാം. ഈ വളയത്തിന്റെ മുകള്‍ഭാഗത്തിന്റെ നിഴല്‍ കീഴ്‌ഭാഗത്ത്‌ കൃത്യമായി പതിക്കുന്ന സമയം നിരീക്ഷിച്ച്‌ വിഷുവങ്ങള്‍ (equinoxes) നിര്‍ണയിച്ചിരുന്നു. "അയനാന്ത ആര്‍മില' എന്നു പറയപ്പെടുന്ന മറ്റൊരുതരം ആര്‍മിലറിഗോളവും ഉപയോഗിച്ചിരുന്നു. യാമ്യോത്തരതലത്തിനു കുത്തനെ ഉറപ്പിച്ചിട്ടുള്ള ഇരട്ടവളയത്തിനകത്ത്‌ തിരിയുന്ന ഒരു വളയവും കൂടിയതാണ്‌ ഇത്‌. സൂര്യന്റെ ഉന്നതി (altitude) അളക്കാന്‍ ഇത്‌ ഉപയോഗിച്ചിരുന്നു. ക്രാന്തിവൃത്തത്തിന്റെ ചരിവ്‌ അളക്കാന്‍ ഒരുപക്ഷേ എറാത്തോസ്‌തനസ്‌ (സു., ബി.സി. 276-196) എന്ന ഗണിതശാസ്‌ത്രജ്ഞന്‍ ആര്‍മിലറിഗോളം ഉപയോഗിച്ചിരിക്കണം. നാലു വളയങ്ങളുള്ള ഒരുതരം ആര്‍മിലറിഗോളം ഹിപ്പാര്‍ക്കസ്‌ (ബി.സി. 190-120) ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കോണങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ള വൃത്തവളയത്തിന്‍മേല്‍ വ്യാസങ്ങളിലൂടെ നിരത്തിയിട്ടുള്ള നാളികകള്‍ ഉള്ളതും കുത്തനെ നിര്‍ത്തിയിട്ടുള്ളതുമായ അസ്‌ട്രാലാബണ്‍ (astrolabon) ഒരുതരം ആര്‍മിലറിഗോളം തന്നെയായിരുന്നു. അറബികളും ആര്‍മിലറിഗോളങ്ങള്‍ നിര്‍മിച്ച്‌ ഉപയോഗിച്ചിരുന്നു. ഇവയാണ്‌ പിന്നീട്‌ യൂറോപ്പില്‍ പ്രചാരത്തില്‍വന്ന ആര്‍മിലറിഗോളങ്ങളുടെ മൂലമാതൃകകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍