This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർമഡില്ലോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍മഡില്ലോ

Armadillo

എഡന്റോ ഗ്രാത്രത്തില്‍ ഡാസിപ്പോഡിഡേ (Dasypodidae) കുടുംബത്തിലെ അംഗങ്ങള്‍. ഇവയുടെ ശരീരത്തില്‍ രോമാവരണത്തിനു പകരം ശക്തിയേറിയ അസ്ഥിഫലകങ്ങളാണുള്ളത്‌. തല താരതമ്യേന ചെറുതും പരന്നതുമാണ്‌. മുന്‍കാലുകളില്‍ മൂന്നുമുതല്‍ അഞ്ചുവരെ വിരലുകളുണ്ടാകും. ബലമേറിയ നഖങ്ങളുള്ള ഈ വിരലുകള്‍കൊണ്ട്‌ കുഴികളുണ്ടാക്കുന്നു. പിന്‍കാലുകളില്‍ അഞ്ചു വിരലുകളുണ്ടാകും. എന്നാല്‍ ഇവയിലെ നഖങ്ങള്‍ വളരെ ചെറുതായിരിക്കും. ആര്‍മഡില്ലോയ്‌ക്ക്‌ വാല്‍ വളരെ പ്രധാനപ്പെട്ട ഒരവയവമാണ്‌.

ആര്‍മഡില്ലോ - ഡാസിപ്പസ്‌ നോവംസിങ്‌ക്‌ടസ്‌

ശരീരാവരണമായ "ആര്‍മറി'ന്‌ മൂന്നു പ്രധാന ഭാഗങ്ങളുണ്ട്‌. ശരീരത്തിന്റെ മുന്‍ഭാഗം (anterior part) ആവരണം ചെയ്യുന്ന സ്‌കാപ്പുലര്‍ ഷീല്‍ഡ്‌ (scapular shield) ആണ്‌ ഒന്നാമത്തെത്‌. ഇതിനെത്തുടര്‍ന്ന്‌ ശരീരത്തിനു കുറുകേ കുറെ ബാന്‍ഡുകളും മൂന്നാമതായി പശ്ചാഗ്രത്തില്‍ പെല്‍വിക്‌ ഷീല്‍ഡും കാണപ്പെടുന്നു. കുറുകേയുള്ള ബാന്‍ഡുകളെ രോമാവൃതമായ ചര്‍മം പരസ്‌പരം ബന്ധിപ്പിക്കുന്നു.

സര്‍വാഹാരികളാണ്‌ ആര്‍മഡില്ലോകള്‍. ചെടികളുടെ വേരുകള്‍, പൂച്ചികള്‍, പുഴുക്കള്‍, ഇഴജന്തുക്കള്‍ എന്നുവേണ്ട, ചീഞ്ഞു തുടങ്ങിയ മാംസംവരെ ഇവയുടെ ഭക്ഷ്യമാണ്‌. നിരുപദ്രവികളായ ഈ ജീവികള്‍ ശത്രുക്കളില്‍നിന്നും രക്ഷനേടുന്നതിന്‌ തറയില്‍ കുഴികളുണ്ടാക്കി അവയില്‍ ഒളിക്കുകയാണ്‌ പതിവ്‌. മുന്‍കാലുകളുപയോഗിച്ച്‌ വളരെവേഗത്തില്‍ കുഴിക്കുവാന്‍ ഇവയ്‌ക്കു കഴിയും. ചെറിയ കാലുകള്‍ ദുര്‍ബലങ്ങളാണെന്നു തോന്നുമെങ്കിലും അസാമാന്യവേഗതയില്‍ ഓടാനും ഇവയ്‌ക്കു പ്രയാസമില്ല. പുഴുക്കളെയും പ്രാണികളെയും മാന്തിയെടുക്കാനും മുന്‍കാലിലെ നഖങ്ങള്‍ സഹായിക്കുന്നു.

പല്ലുകള്‍ എല്ലാംതന്നെ ഇനാമലും വേരുകളും ഇല്ലാത്ത മോളാറുകളാണ്‌. "ജയന്റ്‌ ആര്‍മഡില്ലോ'കളില്‍ നൂറുപല്ലുകള്‍വരെ കാണാം. ഉളിപ്പല്ലുകള്‍ ഇല്ലാത്തതിനാല്‍ നാക്കുപയോഗിച്ച്‌ ഇരയെ വായ്‌ക്കുള്ളിലാക്കുന്നു. അമേരിക്കാവന്‍കരകളില്‍ മാത്രമാണ്‌ ആര്‍മഡില്ലോകള്‍ കാണപ്പെടുന്നത്‌. ഒന്‍പതു ബാന്‍ഡുകള്‍ കുറുകേ കാണപ്പെടുന്ന ആര്‍മഡില്ലോ-ഡാസിപ്പസ്‌ നോവംസിങ്‌ക്‌ടസ്‌ (Dasypus novemcinctus)യു.എസ്സില്‍ മാത്രമേയുള്ളൂ. ഇതിന്‌ 30 പല്ലുകളുണ്ട്‌. ഉദ്ദേശം ഒരു മീറ്റര്‍ നീളവും 5 മുതല്‍ 7 വരെ കി.ഗ്രാം ഭാരവുമുണ്ടാകും. ഒരു പ്രസവത്തില്‍ 4 കുട്ടികളുണ്ടായിരിക്കും. ഒരേ ലിംഗത്തില്‍പ്പെട്ട ഇവ നാലും കാഴ്‌ചയിലും ഒരുപോലെയിരിക്കും. സാധാരണമായ ബഹുഭ്രൂണതയ്‌ക്ക്‌ (Polyembryony) ഒരു ഉദാഹരണമാണിത്‌.

പൂര്‍ണമായും കരയില്‍ കഴിയുന്ന ഒരു ജീവിയാണെങ്കിലും അപൂര്‍വമായി ഇവ വെള്ളത്തില്‍ നീന്താറുണ്ട്‌. ഭാരം കൂടിയ ഈ ജീവിക്ക്‌ വയറ്റിനുള്ളിലേക്ക്‌ കാറ്റുവലിച്ചെടുത്ത്‌ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിയും.

പട്ടി, ഊളന്‍ തുടങ്ങിയവ ഇവയെ നിഷപ്രയാസം ഭക്ഷണമാക്കാറുണ്ട്‌. ഈ സന്ദര്‍ഭങ്ങളില്‍ ആര്‍മര്‍-ആവരണംകൊണ്ട്‌ വലിയ പ്രയോജനമൊന്നും ഉണ്ടാകുന്നില്ല. ശത്രുക്കളില്‍നിന്നു രക്ഷനേടുവാന്‍ അപൂര്‍വമായി ചത്തതുപോലെ കിടക്കുന്ന കൗശലം ഒപ്പോസത്തെപ്പോലെ ഇതും പ്രയോഗിക്കാറുണ്ട്‌. മധ്യ-ദക്ഷിണ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി മറ്റു പലയിനം ആര്‍മഡില്ലോകളെ കണ്ടെത്താം. ജയന്റ്‌ ആര്‍മഡില്ലോ (Priodontes gigas)ആണ്‌ ഇവയില്‍ ഏറ്റവും വലുപ്പമേറിയത്‌. ഇതിന്‌ ഉദ്ദേശം 2 മീറ്റര്‍ നീളം വരും. കുറുകേ 12 ബാന്‍ഡുകളുണ്ട്‌. ആറു ബാന്‍ഡുകളുള്ള ആര്‍മഡില്ലോ (Euphractus sexcinctus) തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഇനമാണ്‌. ആര്‍ജന്റീന മുതല്‍ പാറ്റഗോണിയ വരെ കാണപ്പെടുന്ന മറ്റൊരിനം ആര്‍മഡില്ലോ(Euphractus villosus)കളുടെ ശല്‌കങ്ങള്‍ (scales) സമൃദ്ധമായി വളരുന്ന രോമത്താല്‍ മൂടിയിരിക്കും.

അമേരിക്കയുടെ ഏറ്റവും ചൂടുകൂടിയ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഇനമാണ്‌ മൂന്നു ബാന്‍ഡുകളുള്ള ആര്‍മഡില്ലോകള്‍ (Tolypeutes trieinctus). ഇതിന്‌ ഏപ്പറ, മറ്റാക്കോ, ബോള തുടങ്ങിയ പേരുകളുമുണ്ട്‌. അതിവേഗത്തില്‍ പന്തുപോലെ ഉരുണ്ടു കൂടാനുള്ള കഴിവുകൊണ്ടാണ്‌ ബോള എന്ന്‌ ഇതിനു പേരുകിട്ടിയത്‌. ആര്‍ജന്റീനയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഫെയ്‌റി ആര്‍മഡില്ലോ(Chlamyphorus truncatus)യ്ക്ക് ഉദ്ദേശം 13 സെ.മീ. നീളമുണ്ട്‌. ഇതിന്റെ ശല്‌കങ്ങള്‍ ശരീരത്തിനു മുകളില്‍ നടുക്കായി കാണപ്പെടുന്നു. ശരീരത്തിന്റെ അടിവശം മുഴുവന്‍ അസ്ഥി ഫലകങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. സ്‌പൂണ്‍പോലെ അഗ്രമുള്ള വാല്‍ പുറത്തേക്കു തള്ളി നില്‌ക്കുന്നു. മച്ചിനടിയിലാണ്‌ ഇവ കൂടുതല്‍ സമയവും കഴിച്ചുകൂട്ടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍