This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർബിട്രഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ബിട്രഷന്‍

Arbitration

പരമാധികാരരാഷ്‌ട്രങ്ങള്‍ തമ്മിലോ സ്വകാര്യവ്യക്തികള്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ തര്‍ക്കകക്ഷികള്‍ തിരഞ്ഞെടുക്കുന്ന ഒരു ന്യായാധിപസമിതിയുടെ ആധികാരികമായ തീരുമാനത്തിനു സമര്‍പ്പിക്കുന്ന സമ്പ്രദായം.

ആര്‍ബിട്രഷന്‍ പ്രാചീനകാലംമുതല്‍ നിലവിലിരിക്കുന്ന നടപടിക്രമമാണ്‌. പുരാതനഗ്രീസിലെ നഗര രാഷ്‌ട്രങ്ങള്‍ക്കിടയിലും മധ്യകാലയൂറോപ്യന്‍ രാജ്യങ്ങളിലും ആര്‍ബിട്രഷന്‍ സമ്പ്രദായം നടപ്പുണ്ടായിരുന്നു. പിന്നീടുള്ള ഏതാനും കാലങ്ങളില്‍ ഈ സമ്പ്രദായത്തിന്റെ പ്രചാരത്തിന്‌ ലോപം സംഭവിച്ചു. ആധുനികകാലത്ത്‌ 1794-ല്‍ യു.എസ്സും ഗ്രറ്റ്‌ ബ്രിട്ടനും തമ്മിലുണ്ടാക്കിയ "ജേയ്‌ ഉടമ്പടി' (Jay Treaty)യിലൂടെ ഈ സമ്പ്രദായം പുനരുദ്ധരിക്കപ്പെട്ടു. 1899-ല്‍ ഹേഗില്‍ ഒരു സ്ഥിരം ആര്‍ബിട്രഷന്‍ കോടതി സ്ഥാപിതമായി. വ്യവസായകാര്യങ്ങളില്‍ തൊഴിലുടമകള്‍ തമ്മിലോ, തൊഴിലുടമയും തൊഴിലാളികളും തമ്മിലോ, തൊഴിലാളി സംഘടനകള്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു നേരിട്ടുള്ള കൂടിയാലോചനയിലൂടെ പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ആര്‍ബിട്രഷന്‍ സമ്പ്രദായം സ്വീകരിക്കപ്പെടുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവാദ വിഷയങ്ങള്‍ ആര്‍ബിട്രറ്റര്‍മാരുടെ (മധ്യസ്ഥന്മാരുടെ) പരിഗണനയ്‌ക്കായി സമര്‍പ്പിക്കുന്നു. ആര്‍ബിട്രറ്റര്‍മാര്‍ പ്രശ്‌നങ്ങളെപ്പറ്റി വിശദമായി അന്വേഷണം നടത്തി വിധി പ്രസ്‌താവിക്കുന്നു.

ഔദ്യോഗികമോ, അര്‍ധഔദ്യോഗികമോ ആയ സ്ഥിരം ആര്‍ബിട്രഷന്‍സമിതികള്‍ രൂപവത്‌കരിക്കാന്‍ പല രാജ്യങ്ങളിലും നിയമപരമായ വ്യവസ്ഥകളുണ്ട്‌. ചിലപ്പോള്‍ ആര്‍ബിട്രഷന്‍ നിര്‍ബന്ധിതമായിരിക്കും; എന്നാല്‍ പലപ്പോഴും തര്‍ക്കകക്ഷികളില്‍ ആരുടെയെങ്കിലും അപേക്ഷപ്രകാരം ആര്‍ബിട്രഷന്‍ സ്വീകരിക്കപ്പെടുകയാണ്‌ ചെയ്യാറുള്ളത്‌. കക്ഷികള്‍ക്കു തെളിവുകള്‍ ഹാജരാക്കാനും വിശദീകരണം നല്‌കാനും സൗകര്യം ലഭ്യമാക്കുന്നു. വിചാരണയുടെ അന്ത്യത്തില്‍ ആര്‍ബിട്രഷന്‍സമിതി അതിന്റെ തീരുമാനം (അവാര്‍ഡ്‌) പ്രഖ്യാപിക്കുന്നു. ആര്‍ബിട്രഷന്‍ ഉഭയസമ്മതപ്രകാരമുള്ളതാണെങ്കില്‍, അവാര്‍ഡ്‌ നടപ്പാക്കിക്കൊള്ളാമെന്ന്‌ ഇരുകക്ഷികളും നേരത്തേതന്നെ സമ്മതം നല്‌കിയിരിക്കണം.

വേതനം, പ്രവൃത്തിസമയം തൊഴില്‍ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഉഭയസമ്മതപ്രകാരമുള്ള ആര്‍ബിട്രഷന്‍ വളരെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. പല സന്ദര്‍ഭങ്ങളിലും വിനാശകരമായ പണിമുടക്കങ്ങളും ലോക്കൗട്ടുകളും ഒഴിവാക്കാന്‍ ഇതുമൂലം കഴിയുന്നു; എന്നാല്‍ ട്രഡ്‌ യൂണിയന്റെ അംഗീകാരം, ട്രഡ്‌ യൂണിയന്‍ ചിഹ്നത്തിന്റെ ഉപയോഗം മുതലായ നയപരമായ കാര്യങ്ങളില്‍ ആര്‍ബിട്രഷന്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ പ്രായേണ വിമുഖത കാട്ടാറുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുനന്മയെ ലാക്കാക്കി തര്‍ക്കപ്രശ്‌നങ്ങള്‍ ആര്‍ബിട്രഷനു വിടാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നു. അത്തരം നിര്‍ബന്ധിത ആര്‍ബിട്രഷന്റെ അവാര്‍ഡ്‌ അംഗീകരിക്കാന്‍ തര്‍ക്കകക്ഷികള്‍ക്കു ബാധ്യതയുണ്ട്‌.

അന്താരാഷ്‌ട്ര ആര്‍ബിട്രഷന്‍. അന്താരാഷ്‌ട്രത്തര്‍ക്കങ്ങളുടെ പരിഹാരാര്‍ഥം ഉണ്ടായ "ഹേഗ്‌ കണ്‍വന്‍ഷന്‍' (1899) നിര്‍വചിച്ചിട്ടുള്ളതനുസരിച്ച്‌ "രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തെരഞ്ഞെടുക്കുന്ന ന്യായാധിപന്മാരുടെ തീരുമാനപ്രകാരവും നിയമത്തോടുള്ള ആദരവിന്റെ അടിസ്ഥാനത്തിലും തീരുമാനിക്കപ്പെടുക'യെന്നതാണ്‌ അന്താരാഷ്‌ട്ര ആര്‍ബിട്രഷന്‍. ആര്‍ബിട്രഷന്‍ സ്വീകരിക്കുന്നതുമൂലം സമിതിയുടെ തീരുമാനത്തെ ഉത്തമവിശ്വാസത്തോടെ അംഗീകരിക്കുകയെന്നതാണ്‌ വഴക്കം. ആര്‍ബിട്രഷന്‍, അന്താരാഷ്‌ട്ര അനുരഞ്‌ജനത്തില്‍നിന്നും വ്യത്യസ്‌തമാണ്‌. അനുരഞ്‌ജനങ്ങള്‍ക്ക്‌ ശുപാര്‍ശ നടത്താന്‍ മാത്രമേ കഴിയൂ; അന്താരാഷ്‌ട്ര ആര്‍ബിട്രഷന്‍ നീത്യനായക്കോടതിവിധിയില്‍നിന്നും വ്യത്യസ്‌തമാണ്‌. ആര്‍ബിട്രഷന്‍ സമ്പ്രദായത്തില്‍ തര്‍ക്കകക്ഷികള്‍ തെരഞ്ഞെടുക്കുന്ന കോടതിയാണ്‌ വിധി പ്രസ്‌താവിക്കുന്നത്‌. രാഷ്‌ട്രങ്ങള്‍ തമ്മിലോ, അന്താരാഷ്‌ട്രനിയമമനുസരിച്ച്‌ വ്യക്തിത്വമുള്ള സമിതികള്‍ തമ്മിലോ ഉള്ള തര്‍ക്കങ്ങള്‍ അന്താരാഷ്‌ട്ര ആര്‍ബിട്രഷനിലൂടെ പരിഹരിക്കപ്പെടുന്നു. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ആര്‍ബിട്രഷന്‍ സ്വകാര്യവ്യക്തികളെ സംബന്ധിക്കുന്ന ആര്‍ബിട്രഷനില്‍നിന്നും പല കാര്യങ്ങളിലും വ്യത്യസ്‌തമാണ്‌. അന്താരാഷ്‌ട്രനിയമത്തോടുള്ള ആദരവ്‌ ആര്‍ബിട്രഷന്റെ ഒരു ഘടകമാണ്‌. സ്വകാര്യ ആര്‍ബിട്രഷന്‍ തര്‍ക്കപരിഹാരത്തിനുള്ള ഉപാധി മാത്രമാണ്‌. സ്വകാര്യ ആര്‍ബിട്രറ്റര്‍ ന്യായാധിപനായി കണക്കാക്കപ്പെടുന്നില്ല. ആര്‍ബിട്രഷന്‍ അനുസരിച്ചുള്ള ഉടമ്പടി ബന്ധപ്പെട്ട കക്ഷികളില്‍ ഏതെങ്കിലുമൊന്നിന്റെ പ്രവൃത്തിമൂലം നിയമപരമായി റദ്ദാക്കപ്പെടുന്നില്ല. സ്വകാര്യ ആര്‍ബിട്രഷന്റെ കാര്യത്തില്‍ ഇങ്ങനെയാകാം. അന്താരാഷ്‌ട്ര ആര്‍ബിട്രഷന്‌ സ്വന്തം പ്രവര്‍ത്തനപരിധി നിര്‍ണയിക്കാന്‍ അവകാശമുണ്ട്‌, അത്‌ അനിഷേധ്യവുമാണ്‌; എന്നാല്‍ സ്വകാര്യ ആര്‍ബിട്രഷന്റെ പ്രവര്‍ത്തനപരിധി നിയമക്കോടതിയുടെ പരിശോധനയ്‌ക്കു വിധേയമാണ്‌. നിലവിലുള്ളതോ ഭാവിയിലുണ്ടാകാനിടയുള്ളതോ ആയ തര്‍ക്കങ്ങള്‍ അന്താരാഷ്‌ട്ര ആര്‍ബിട്രഷനിലൂടെ പരിഹരിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍