This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്രാഷ്‌ണാവസ്ഥാവിശ്ലേഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ദ്രാഷ്‌ണാവസ്ഥാവിശ്ലേഷണം

Weather Analysis

സദാ വ്യതിചലിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷനിലയെ കാലാവസ്ഥാ പ്രവചനം ലക്ഷ്യമാക്കി, വിശ്ലേഷണ വിധേയമാക്കുന്ന പ്രക്രിയ. ഗതികവും ഭൗതികവുമായ സ്വഭാവങ്ങള്‍ സ്ഥായിയല്ലാത്ത ഒരു വ്യവസ്ഥയാണ്‌ അന്തരീക്ഷത്തിലുള്ളത്‌. ഈ വ്യവസ്ഥ, തത്തുല്യമായി സ്വാധീനം ചെലുത്തുവാന്‍പോന്ന ഇതരവ്യവസ്ഥകളുമായി അന്യോന്യപ്രക്രിയകളിലേര്‍പ്പെട്ടിരിക്കുവാനുള്ള സാധ്യതകളും ധാരാളമായുണ്ട്‌. അന്തരീക്ഷം നന്നേ നേര്‍ത്ത വാതകസഞ്ചയങ്ങളെ ഉള്‍ക്കൊള്ളുന്നു. നിയതവേഗത്തില്‍ കറങ്ങുന്ന ഭൂമിയുമായി അന്തരീക്ഷഘടകങ്ങളായ വാതകങ്ങള്‍ ഗുരുത്വബലത്തിലൂടെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ബന്ധത്തില്‍ നിമ്‌നോന്നതമായ ഭൂതലം സ്ഥാനവ്യത്യാസങ്ങള്‍ക്കനുസൃതമായ വ്യതിരേകങ്ങള്‍ സൃഷ്‌ടിക്കുന്നു. സൂര്യാതപത്തിന്റെ ഫലമായി തപിപ്പിക്കപ്പെടുന്നതോടെ, അന്തരീക്ഷത്തിലെ ജലാംശം അവസ്ഥാ ഭേദങ്ങള്‍ക്കു വിധേയമാകുകയും വായുമണ്ഡലത്തില്‍ അസ്വസ്ഥതകള്‍ സൃഷ്‌ടിക്കുന്നതിന്‌ ഹേതുവാകുകയും ചെയ്യുമ്പോഴുണ്ടാകുന്ന ചുഴിമറിയലുകള്‍ സങ്കീര്‍ണസ്വഭാവമുള്ളവയാണ്‌. ആര്‍ദ്രാഷ്‌ണഘടകങ്ങളുടെ പരസ്‌പരബന്ധം ഈ സങ്കീര്‍ണതയെ ഇരട്ടിപ്പിക്കുന്നു. ചുരുക്കത്തില്‍ അന്തരീക്ഷ ഊര്‍ജനില കേവലസമവാക്യങ്ങളിലൂടെ സൂചിപ്പിക്കാവുന്നതരത്തില്‍ ലഘുവല്ല.

സാധാരണയായി ഒരു പ്രത്യേക പ്രദേശത്തെ, അതായത്‌ ഒരു പ്രത്യേക വായുപിണ്ഡത്തിലെ, ഭൗതിക സാഹചര്യങ്ങള്‍ നിരീക്ഷിച്ച്‌, അതിനുള്ളില്‍ രൂപംകൊള്ളാവുന്ന അന്തരീക്ഷപ്രക്രിയകളുടെ സംഭാവ്യത സൂചിപ്പിക്കുകയാണ്‌ കാലാവസ്ഥാപ്രവചനത്തിലൂടെ സാധിക്കേണ്ടത്‌; ഇത്തരം വിലയിരുത്തലുകള്‍ ആവുന്നത്ര ക്രമീകൃതവും വസ്‌തുനിഷ്‌ഠവുമായിരിക്കുകയും വേണം. കൃഷി, വ്യവസായം, ഗതാഗതം എന്നിവ തുടങ്ങി സാധാരണ ദൈനംദിനവ്യാപാരങ്ങള്‍വരെയുള്ള എല്ലാ പ്രവര്‍ത്തനരംഗങ്ങളിലും ആധുനിക മനുഷ്യന്‌ കാലാവസ്ഥയെക്കുറിച്ച്‌ മുന്‍കൂട്ടിയുള്ള അറിവ്‌ അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. സ്വാഭാവികമായും കാലാവസ്ഥാസൂചനകളുടെ കൃത്യതയ്‌ക്ക്‌ വലുതായ പ്രാധാന്യമുണ്ടായിരിക്കുന്നു; എന്നാല്‍ തികച്ചും കൃത്യമായ സൂചനകള്‍ നല്‌കാവുന്ന സാങ്കേതികപുരോഗതി ഈ രംഗത്ത്‌ ഇനിയും ഉണ്ടായിട്ടില്ല. കാലാവസ്ഥാപ്രവചനം പ്രധാനമായും രണ്ട്‌ വസ്‌തുതകളെ ആധാരമാക്കിയാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌; (1) ആര്‍ദ്രാഷ്‌ണവ്യവസ്ഥകള്‍ ശരിയായരീതിയില്‍ രൂപംകൊണ്ടുകഴിഞ്ഞാല്‍ സാധാരണഗതിയില്‍ അടുത്ത 24 മണിക്കൂര്‍ കാലയളവിനുള്ളില്‍ അവയ്‌ക്ക്‌ വലുതായ മാറ്റം സംഭവിക്കാറില്ല; (2) ഇത്തരം ആര്‍ദ്രാഷ്‌ണവ്യവസ്ഥകളിലോരോന്നിനോടും ബന്ധപ്പെട്ട്‌ പ്രത്യേകം പ്രത്യേകമായ അന്തരീക്ഷപ്രക്രിയകള്‍ ഉണ്ടാകും. ഭൂതകാലാനുഭവങ്ങളെ അടിസ്ഥാനമാക്കി, അവയുടെ വെളിച്ചത്തില്‍, വരാനിരിക്കുന്നതിന്റെ സൂചന നല്‌കുന്ന സമ്പ്രദായമാണ്‌ കാലാവസ്ഥാപ്രവചനത്തില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്‌.

സമമര്‍ദകേന്ദ്രങ്ങള്‍ (pressure centres) വൊതമുഖങ്ങള്‍ (fronts), സെമമര്‍ദരേഖകള്‍ (isobars) തുടങ്ങിയ ഘടകങ്ങളുടെ അപ്പോഴപ്പോഴുള്ള സ്ഥിതിയും നീക്കവുമനുസരിച്ചാണ്‌ അന്തരീക്ഷപ്രക്രിയകള്‍ വ്യാപകമായി ഉണ്ടാകുന്നത്‌. കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായിട്ടുള്ള പ്രക്രിയകളുടെയും അവയ്‌ക്ക്‌ ഹേതുകങ്ങളായി വര്‍ത്തിച്ച ഘടകങ്ങളുടെയും സ്ഥിതിവിവരം ചാര്‍ട്ടുകളിലും ആര്‍ദ്രാഷ്‌ണമാനചിത്രങ്ങളിലും രേഖപ്പെടുത്തിയിരിക്കും. അവയുടെ പുനഃപരിശോധനയും നിലവിലുള്ള അന്തരീക്ഷസാഹചര്യങ്ങളുടെ വിശ്ലേഷണവും കൂട്ടിയിണക്കിയാണ്‌ കാലാവസ്ഥാപ്രവചനം നടത്തുന്നത്‌. ആസന്നഭാവിയിലെ ഏറ്റവും കുറഞ്ഞ സമയ അളവിലേക്കുള്ള സൂചന മാത്രമേ കൃത്യമായും നിര്‍വഹിക്കാനാവൂ; മേല്‌പ്പറഞ്ഞ വിധത്തിലെ ചാര്‍ട്ടുകളുടെ ക്രമാനുസാരപഠനവും തുടര്‍ന്നുള്ള നിഗമനങ്ങളുമാണ്‌ "ആര്‍ദ്രാഷ്‌ണാവസ്ഥാവിശ്ലേഷണം' എന്നതിലൂടെ അര്‍ഥമാക്കുന്നത്‌. പ്രവര്‍ത്തനരീതി. കാലാവസ്ഥാപ്രവചനത്തിനു മുന്നോടിയായിട്ടുള്ള പ്രവര്‍ത്തനത്തെ നിരീക്ഷണം, ദത്തവിനിമയം, ചിത്രണം, വിശ്ലേഷണം, പൂര്‍വാനുമാനം എന്നിങ്ങനെ അഞ്ചുഘട്ടങ്ങളായി തിരിക്കാം. വിവിധരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുപോരുന്ന എച്ചമറ്റ നിരീക്ഷണ കേന്ദ്രങ്ങളില്‍ നേരിട്ടുള്ള നിര്‍ണയനത്തിലൂടെ ശേഖരിക്കപ്പെടുന്ന അന്തരീക്ഷസ്ഥിതി വിവരങ്ങള്‍ അഞ്ചക്കമുള്ള സങ്കേത(code)ങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്നു. ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങള്‍ പ്രവചനം നിര്‍വഹിക്കുവാന്‍ ചുമതലപ്പെട്ട കേന്ദ്രത്തില്‍ സഞ്ചയിക്കപ്പെടുന്നു. ഇവയെ സംഗ്രഹരൂപത്തില്‍ ഭൂപടങ്ങളില്‍ രേഖപ്പെടുത്തുകയാണ്‌ മൂന്നാമത്തെ ഘട്ടം (നോ: ആര്‍ദ്രാഷ്‌ണാവസ്ഥാ മാനചിത്രം). ദത്തശേഖരണത്തിലുള്ള അപര്യാപ്‌തതമൂലം മിക്കപ്പോഴും മാനചിത്രത്തില്‍ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രണം അനിവാര്യമായിത്തീരുന്നു; എന്നാല്‍ വാര്‍ത്താവിനിമയ മാധ്യമങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ കുറവാണെന്ന്‌ ഇതില്‍നിന്നും അര്‍ഥമാക്കേണ്ടതില്ല. പൂനയിലെ വെതര്‍ സെന്റര്‍മാത്രം പ്രതിദിനം അഞ്ചുലക്ഷത്തില്‍പരം അഞ്ചക്കസങ്കേതങ്ങള്‍ പിരിച്ചെഴുതി ചിത്രണം ചെയ്യുന്നുണ്ട്‌.

ഓരോ നിരീക്ഷണകേന്ദ്രത്തിന്റെയും അക്ഷാംശ-രേഖാംശസ്ഥിതിക്കനുസരിച്ച്‌ അവയുടെ "സ്റ്റേഷന്‍ മോഡലുകള്‍' മാനചിത്രത്തില്‍ രേഖപ്പെടുത്തുന്നു. സ്റ്റേഷനെ പ്രതിനിധീകരിക്കുന്ന വൃത്തത്തിനുള്ളിലും ചുറ്റിലുമായി കറുപ്പും ചുമപ്പും മഷി ഉപയോഗിച്ച്‌ ആര്‍ദ്രാഷ്‌ണഘടകങ്ങളെ സംബന്ധിച്ച ദത്തങ്ങള്‍ രേഖപ്പെടുത്തുന്നതാണ്‌ സ്റ്റേഷന്‍ മോഡല്‍. ഓരോ ഘടകത്തിനും നിയതമായ സ്ഥാനം കല്‌പിച്ചിട്ടുണ്ട്‌. അന്താരാഷ്‌ട്രസമ്മതിയുള്ള പ്രത്യേക നിബന്ധനകളും സങ്കേതങ്ങളും അനുസരിച്ചാണ്‌ സ്റ്റേഷന്‍ മോഡലുകള്‍ നിര്‍മിക്കുന്നത്‌. (നോ: ആര്‍ദ്രാഷ്‌ണാവസ്ഥാമാനചിത്രം) 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധംവരെയും സമമര്‍ദരേഖകളുടെ ചാര്‍ട്ട്‌ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനമാണ്‌ നടന്നുപോന്നത്‌; എന്നാല്‍ ഉപര്യന്തരീക്ഷസ്ഥിതിയെക്കുറിക്കുന്ന ദത്തങ്ങള്‍ ധാരാളമായി ലഭ്യമായിത്തുടങ്ങിയതോടെ മറ്റിനം ചാര്‍ട്ടുകള്‍ ഉപയോഗിച്ച്‌ കാലാവസ്ഥാപ്രവചനം സുഗമമായി നടത്താവുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്‌. വിവിധവിതാനങ്ങളിലുള്ള മര്‍ദനിലകള്‍വച്ച്‌ ഉയരത്തിനനുസരിച്ചുണ്ടാവുന്ന മര്‍ദവ്യതിയാനം നിര്‍ണയിക്കാം. അതിലൂടെ പ്രാമാണികമര്‍ദം നിലവിലുള്ളത്‌ ഏതേത്‌ ഉയരത്തിലാണെന്നു കാണിക്കുന്ന ചാര്‍ട്ടുകള്‍ നിര്‍മിക്കാനാകുന്നു. ഇങ്ങനെ കിട്ടുന്ന സമ മര്‍ദോച്ചരേഖകളുടെ ദിശയിലാണ്‌ ഭൂ-വിക്ഷേപവാത(Geotrophic wind)ങ്ങളുടെ ഗതി. സ്ഥിരമര്‍ദത്തിലുള്ള രണ്ട്‌ വിതാനങ്ങള്‍ക്കിടയ്‌ക്കുള്ള അകലം, അവിടെയുള്ള വായുപിണ്ഡത്തിന്റെ മാധ്യ-താപനിലയ്‌ക്ക്‌ ആനുപാതികമായിരിക്കും. 500 mb., 1,000 mb. തുടങ്ങി പ്രാമാണിക മര്‍ദങ്ങളിലുള്ള വിതാനങ്ങള്‍ക്കിടയിലുള്ള അകലം മീറ്റര്‍ കണക്കില്‍ രേഖപ്പെടുത്തുന്ന ചാര്‍ട്ടുകളും (Thickness charts) നിര്‍മിക്കപ്പെടാറുണ്ട്‌.

ഒന്നിനു മുകളിലൊന്നായുള്ള സമ മര്‍ദവിതാനങ്ങള്‍ക്കിടയിലുള്ള മര്‍ദവ്യത്യാസം കണക്കാക്കി അവിടെയുള്ള വായുപിണ്ഡത്തിന്റെ ഭാരം നിര്‍ണയിക്കാവുന്നതാണ്‌. തണുത്ത വായുവിന്‌ ഊഷ്‌മളമായ വായുവിനെക്കാള്‍ ഭാരക്കൂടുതലുണ്ടായിരിക്കും. താപനില കുറഞ്ഞിരിക്കുമ്പോള്‍ സമ മര്‍ദോച്ചരേഖകള്‍ തമ്മിലുള്ള അകലവും താരതമ്യേന കുറവായിരിക്കും; മറിച്ച്‌ ഉയര്‍ന്ന താപനിലയില്‍ ഈ അകലം വളരെ കൂടുതലായിരിക്കുകയും ചെയ്യും. സമ മര്‍ദവിതാനങ്ങള്‍ക്കിടയിലെ അകലം കുറിക്കുന്ന ചാര്‍ട്ടുകള്‍ താപോച്ചങ്ങളും താപനിമ്‌നങ്ങളും നിര്‍ണയിക്കുന്നതിന്‌ സഹായകമാകുന്നു.

മേല്‌പറഞ്ഞ പ്രകാരം കാലാവസ്ഥാ പ്രവചനത്തിനു സഹായകമായി മൂന്ന്‌ ചാര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുന്നു; (1) സമുദ്രനിരപ്പിലെ സമ മര്‍ദരേഖാചിത്രം; (2) പ്രാമാണികമര്‍ദത്തിലുള്ള വിതാനങ്ങളെ സൂചിപ്പിക്കുന്ന സമ മര്‍ദോച്ചരേഖാചിത്രം; (3) വിവിധ ഉന്നതികളില്‍ മാധ്യതാപനിലയിലുള്ള വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്ന ചാര്‍ട്ട്‌. ഭൂവിക്ഷേപവാതങ്ങള്‍ സമ മര്‍ദോച്ചരേഖകളുടെ ദിശയില്‍ സഞ്ചരിക്കുമ്പോള്‍, താപീയവാതങ്ങള്‍ (thermal winds) വീശൂന്നത്‌ മൂന്നാമത്തെ ചാര്‍ട്ടനുസരിച്ചുള്ള താപോച്ചങ്ങളെയും താപനിമ്‌നങ്ങളെയും ചുറ്റിയാണ്‌.

വിശ്ലേഷണം. മേല്‌പറഞ്ഞ ചാര്‍ട്ടുകളുടെ സഹായത്തോടെ കാലാവസ്ഥ പ്രവചിക്കുവാന്‍ ചുമതലപ്പെട്ട വ്യക്തി ഒരു പ്രായോഗിക ചാര്‍ട്ട്‌ തയ്യാറാക്കുന്നു. ഉപര്യന്തരീക്ഷദത്തങ്ങളുടെ അപര്യാപ്‌തതമൂലം താഴെപറയുന്ന രീതിയിലാണ്‌ ഈ ചാര്‍ട്ട്‌ പൂര്‍ത്തിയാക്കുന്നത്‌: (1) സമുദ്രനിരപ്പിലെ സമ മര്‍ദരേഖാചാര്‍ട്ട്‌ തയ്യാറാക്കുന്നു. 24 മണിക്കൂര്‍ മുമ്പുതയ്യാറാക്കിയിരുന്ന സമമര്‍ദരേഖാ ചാര്‍ട്ടുമായി അധ്യാരോപണം (superimposition) നടത്തിയാണ്‌ ഈ ചാര്‍ട്ട്‌ പൂര്‍ത്തിയാക്കുന്നത്‌; (2) 0°C-ല്‍ ഓരോ 60 മീ. ഉയരത്തിലും ശരാശരി 8 മി. ബാര്‍ വീതം മര്‍ദം വര്‍ധിക്കുമെന്ന തോതുവച്ച്‌ 1,000 mb. മര്‍ദവിതാനം കണ്ടുപിടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സമ മര്‍ദോച്ചരേഖാചിത്രം നിര്‍മിക്കുകയും ചെയ്യുന്നു. ഉപര്യന്തരീക്ഷ-ദത്തങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ചിത്രത്തില്‍ അവശ്യംവേണ്ട ഭേദഗതികള്‍ വരുത്തുന്നു; (3)1,000 mb, 500 mb. എന്നീ പ്രാമാണികമര്‍ദവിതാനങ്ങളും അതിലൂടെ അവയ്‌ക്കിടയിലുള്ള അകലവും നിര്‍ണയിച്ച്‌ അകലം അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ട്‌ നിര്‍മിക്കുന്നു. ഈ ചാര്‍ട്ടിലേക്ക്‌ 1,000 mb-ന്റെ സമ മര്‍ദോച്ചരേഖാചിത്രം അധ്യാരോപണം നടത്തുന്നതോടെ താപീയവാതത്തിന്റെ ഗതിവിഗതികള്‍ കണ്ടെത്താന്‍ സഹായകമായ താപോച്ചങ്ങളും താപനിമ്‌നങ്ങളും നിര്‍ണയിക്കപ്പെടുന്നു. മുന്‍ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ചാര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്‌; ആവശ്യമാണെങ്കില്‍ 500 mb-ന്റെ സമ മര്‍ദോച്ചരേഖകളും നിര്‍മിക്കാം.

പൂര്‍വാനുമാനം. അടുത്ത 24 മണിക്കൂറിനുശേഷം നിലവില്‍വരാവുന്ന മര്‍ദവ്യവസ്ഥയും രൂപംകൊള്ളാവുന്ന വാതമുഖങ്ങളും വിശ്ലേഷണത്തിലൂടെ അനുമാനിച്ച്‌ അവയുടെ അടിസ്ഥാനത്തില്‍ ഒരു സമ മര്‍ദേരേഖാ ചാര്‍ട്ട്‌ നിര്‍മിക്കുകയാണ്‌ അവസാന ഘട്ടം. നൂറുശതമാനവും കൃത്യമായി ഇത്തരമൊരു ചാര്‍ട്ട്‌ നിര്‍മിക്കാനാവില്ല; സംഭാവ്യതകളെ ഏറെക്കുറെ അനുമാനിക്കുക മാത്രമേ സാധ്യമാവുകയുള്ളു. പൂര്‍വാനുമാനചാര്‍ട്ട്‌ നിര്‍മിക്കുമ്പോഴും വിശ്ലേഷണത്തിനുള്ള പ്രയോഗികചാര്‍ട്ട്‌ നിര്‍മിക്കാന്‍ സ്വീകരിച്ച സമ്പ്രദായം ആവര്‍ത്തിക്കേണ്ടതുണ്ട്‌. എത്രയും കൃത്യമായി ഈ ചാര്‍ട്ട്‌ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ പോലും അവയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന കാലാവസ്ഥാ പ്രവചനം പൂര്‍ണമായും ശരിയായിക്കൊള്ളണമെന്നില്ല. വായുമണ്ഡലത്തിലെ ഊര്‍ധ്വാധരചലനങ്ങള്‍ അനിയമിതങ്ങളും, മിക്കപ്പോഴും അപ്രതീക്ഷിതങ്ങളും ആയിരിക്കും; അതുകൊണ്ടുതന്നെ പ്രാദേശികതലത്തില്‍ പൊതുവ്യവസ്ഥയുമായി യോജിപ്പില്ലാത്ത പ്രക്രിയകള്‍ രൂപംകൊള്ളാം. കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു വസ്‌തുതയാണിത്‌. തന്നിമിത്തം കാലാവസ്ഥാ പ്രവചനം മിക്കപ്പോഴും സംഭാവ്യതയെമാത്രം സൂചിപ്പിക്കുന്നതായിത്തീരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍