This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്രശുഷ്‌ക-ഉഷ്‌ണമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖല

Wet Dry-Tropics

അത്യുഷ്‌ണവും അതിവര്‍ഷവും അനുഭവപ്പെടുന്ന മഴക്കാടുകള്‍ക്കും ഉഷ്‌ണമരുഭൂമികള്‍ക്കുമിടയിലായി കിടക്കുന്ന പ്രകൃതിവിഭാഗം. ഇക്കാരണംകൊണ്ടുതന്നെ കടല്‍ത്തീരത്തുനിന്നു വന്‍കരയുടെ ഉള്‍ഭാഗത്തേക്ക്‌ നീങ്ങുന്തോറും ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയിലെ വര്‍ഷപാതം, നൈസര്‍ഗിക സസ്യജാലം തുടങ്ങിയവയില്‍ പ്രകടമായ വ്യതിയാനം കാണപ്പെടുന്നു. വ്യക്തമായി വേര്‍പിരിഞ്ഞു കാണുന്ന മഴക്കാലവും വരള്‍ച്ചയുടെ കാലവും ഈ പ്രദേശത്തെ ഒരു പ്രത്യേക പ്രകൃതിവിഭാഗമായി ഗണിക്കുവാന്‍ പോരുന്ന പൊതുസവിശേഷതകളാണ്‌.

സ്ഥാനം. മധ്യരേഖയുടെ ഇരുപുറവുമായിക്കിടക്കുന്ന മഴക്കാടുകളെത്തുടര്‍ന്ന്‌ വടക്കും തെക്കും 5മ്പ മുതല്‍ 20മ്പ വരെയുള്ള അക്ഷാംശീയ മേഖലകളിലാണ്‌ ആര്‍ദ്രശുഷ്‌കകാലാവസ്ഥ അനുഭവപ്പെടുന്നത്‌. ഇതിന്റെ ശരിക്കുള്ള മാതൃക ആഫ്രിക്കയിലാണുള്ളത്‌. മറ്റുവന്‍കരകളില്‍ പര്‍വതങ്ങള്‍, സമുദ്രസാമീപ്യം തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനംമൂലം കാലാവസ്ഥയില്‍ സമീകരണവും വ്യതിയാനവും നേരിട്ടുകാണുന്നു. പ്രധാനമായി നാലുമേഖലകളാണുള്ളത്‌. തെ. അമേരിക്ക. മധ്യരേഖയ്‌ക്കു തെക്ക്‌ ബ്രസീലിലെ കാംപസ്‌, ബൊളീവിയ, പരാഗ്വേ, ആര്‍ജന്റീന എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രാന്‍ചാക്കോ എന്നീ സമതലപ്രദേശങ്ങളില്‍ ആര്‍ദ്ര-ശുഷ്‌ക കാലാവസ്ഥയാണുള്ളത്‌. കൂടാതെ വെനിസ്വെലയിലെ ഓറിനാക്കോ, മാരക്കൈബോ എന്നീ നദീതടങ്ങളും കൊളംബിയയുടെ വടക്കരികിലെ ബൊളീവിയന്‍ സവന്നായും ഇക്വഡോറില്‍ ആന്‍ഡീസിന്റെ പടിഞ്ഞാറേ ചരിവിലുള്ള തീരപ്രദേശവും ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയില്‍പ്പെടുന്നു. മധ്യ അമേരിക്ക. മധ്യ അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍തീരങ്ങളില്‍ തുടങ്ങി, മെക്‌സിക്കോയിലെ പസഫിക്‌-കരീബിയന്‍ തീരപ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌, വ. അക്ഷാ. 23മ്മമ്പ വരെ നീളുന്ന മേഖലയും യുക്കാതാന്‍ ഉപദ്വീപും വെസ്റ്റ്‌ ഇന്‍ഡീസിലെ ക്യൂബ തുടങ്ങിയ പടിഞ്ഞാറന്‍ ദ്വീപുകളും ആര്‍ദ്രശുഷ്‌ക-കാലാവസ്ഥയിലാണ്‌.

ആഫ്രിക്ക. ഈ വന്‍കരയുടെ മധ്യഭാഗത്തുള്ള മഴക്കാടുകളെ ചുറ്റി ഏതാണ്ട്‌ ചന്ദ്രക്കലയുടെ ആകൃതിയില്‍ കാണുന്ന പ്രദേശങ്ങളാണ്‌ ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയുടെ ഉത്തമ മാതൃക. മധ്യരേഖയ്‌ക്കു വടക്ക്‌ ഈ മേഖല അത്‌ലാന്തിക്‌ തീരം മുതല്‍ ഇന്ത്യാസമുദ്രതീരത്തോളം വ്യാപിച്ചിരിക്കുന്നു. സെനെഗാള്‍, ഗിനി, മാലി റിപ്പബ്ലിക്‌, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്‌, നൈജര്‍, ചാഡ്‌, സുഡാന്‍ എന്നീ രാജ്യങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയാണ്‌. ദഹോമി, ടോഗോ എന്നീ രാജ്യങ്ങള്‍ പൂര്‍ണമായും ഐവറി കോസ്റ്റും നൈജീരിയയും ഭാഗികമായും ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയില്‍പ്പെടുന്നു. അംഗോളയുടെ വടക്കും കിഴക്കും ഭാഗങ്ങളും കോംഗോ റിപ്പബ്ലിക്‌, റൊഡേഷ്യ, നിയാസാലാന്‍ഡ്‌ എന്നീ രാജ്യങ്ങളുടെ തെക്കന്‍ ഭാഗങ്ങളും മൊസാംബിക്കുമാണ്‌ മധ്യരേഖയ്‌ക്കു തെക്കുള്ള ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖല. മേല്‌പറഞ്ഞ ഭൂഭാഗങ്ങള്‍ കൂടാതെ ഈ വന്‍കരയില്‍ കെനിയ, താന്‍സാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളിലെ താഴ്‌ന്നപ്രദേശങ്ങളും മലഗസി റിപ്പബ്ലിക്കിന്റെ പടിഞ്ഞാറരികുകളും ഈ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്‌.

പസഫിക്‌ ദ്വീപുകള്‍. മധ്യ പസഫിക്കില്‍ ഇരുഗോളാര്‍ധങ്ങളിലുമായി 5മ്പ-ക്കും 20മ്പ-ക്കുമിടയ്‌ക്കുള്ള ദ്വീപുകള്‍ എല്ലാംതന്നെ ആര്‍ദ്രശുഷ്‌ക-കാലാവസ്ഥയില്‍പ്പെടുന്നു.

ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖല

കാലാവസ്ഥ. അയനങ്ങള്‍ക്കനുസരിച്ച്‌ സൂര്യരശ്‌മികള്‍ ലംബമായോ അല്ലാതെയോ പതിക്കുന്നതിലൂടെയാണ്‌ ആര്‍ദ്രശുഷ്‌ക-കാലാവസ്ഥയുടെ സവിശേഷതയായ ഋതുഭേദങ്ങള്‍ രൂപംകൊള്ളുന്നത്‌. സൂര്യന്‍ നേര്‍മുകളിലായിരിക്കുമ്പോള്‍ ചൂട്‌ കൂടുന്നു; ഒപ്പം മഴക്കാലവുമായിരിക്കും. സൂര്യന്‍ എതിര്‍ഗോളാര്‍ധത്തിനു മുകളിലാകുമ്പോള്‍ താപനില കുറയുന്നു. ഈ കാലത്ത്‌ ഈ മേഖലയിലെ സ്ഥിരവാതങ്ങളായ വാണിജ്യവാതങ്ങള്‍ പ്രതികൂലദിശയിലാവുന്നതുനിമിത്തം മഴ തീരെ ലഭിക്കാതാവുകയും വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. ഋതുപരമായി കാലാവസ്ഥയിലുണ്ടാകുന്ന ഈ വ്യതിയാനങ്ങള്‍ അപവാഹക്രമത്തിലും നൈസര്‍ഗികപ്രകൃതിയിലും പ്രതിഫലിച്ചുകാണാം. ശുഷ്‌കമായ ശിശിരത്തില്‍പ്പോലും മാധ്യതാപനില 33മ്പ-38മ്പഇ. ആയിരിക്കും. ഗ്രീഷ്‌മത്തില്‍ മഴക്കാലം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്‌ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്നത്‌. അയനത്തിനുമുമ്പും പിമ്പുമുള്ള ആഴ്‌ചകളില്‍ താപനില ഏറ്റവും കുറവായിക്കാണുന്നു. മഴയുടെ ആധിക്യം മൂലമാണിങ്ങനെ സംഭവിക്കുന്നത്‌. മാധ്യതാപനിലയിലെ വാര്‍ഷികപരാസം 15മ്പ-യില്‍ കൂടാറില്ല.

മധ്യരേഖയോടടുത്ത്‌ മഴക്കാടുകള്‍ക്കരികിലായുള്ള പ്രദേശങ്ങളില്‍ ശരാശരി വര്‍ഷപാതം 150 സെ.മീ. ആണ്‌; ഇത ക്രമേണ കുറഞ്ഞ്‌, ഉഷ്‌ണമരുഭൂമിയിലേക്ക്‌ സംക്രമിക്കുന്ന സീമാന്തപ്രദേശങ്ങളില്‍ 25 സെ.മീ. ആയിത്തീരുന്നു. സംവഹനരീതിയിലുള്ള മഴയാണ്‌ പൊതുവെ പെയ്യുന്നത്‌. ശൈലവൃഷ്‌ടി(orographic rain)യും അസാധാരണമല്ല. വര്‍ഷപാതം അനിയമിതവും അനിശ്ചിതവുമാണ്‌.

സസ്യജാലം. മഴക്കാടുകളോടനുബന്ധിച്ചുള്ള പ്രദേശങ്ങളില്‍ സെല്‍വാമാതൃകയിലുള്ള നിബിഡവനങ്ങള്‍ കാണാം. ഉയര്‍ന്ന അക്ഷാംശങ്ങളിലേക്കും വന്‍കരയ്‌ക്കുള്ളിലേക്കും നീങ്ങുന്തോറും ഇവ ക്രമേണ കുറ്റിക്കാടുകളായും തുടര്‍ന്ന്‌ പുല്‍പ്രദേശങ്ങളായും മാറുന്നു. പുല്‍മേടുകളെതുടര്‍ന്നുള്ള മരുപ്രദേശം ഉഷ്‌ണമരുഭൂമിയുടെ സംക്രമമായി ഗണിക്കാവുന്നതാണ്‌. ഈ മേഖലയിലെ പുല്‍ പ്രദേശങ്ങള്‍ സവന്ന എന്നറിയപ്പെടുന്നു; ഉയരം കൂടിയ പുല്‍വര്‍ഗങ്ങളും അങ്ങിങ്ങായി കാണുന്ന അധികം ഉയരമില്ലാത്ത വൃക്ഷങ്ങളുമാണ്‌ സവന്നയിലെ സാധാരണ സസ്യപ്രകൃതി. ആഫ്രിക്കയിലെ സവന്ന പ്രദേശത്ത്‌ ഛത്രാകൃതിയില്‍ പന്തലിച്ചുനില്‌ക്കുന്ന ബവോബാബ്‌ വൃക്ഷങ്ങള്‍ കാണപ്പെടുന്നു. മഴക്കാടുകളിലേക്കോ, അവിടെനിന്നും സവന്നയിലേക്കോ ഒഴുകുന്ന നദികളുടെ ഇരുപാര്‍ശ്വങ്ങളിലും ഗലേറിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. ഉഷ്‌ണമരുഭൂമിയോടടുക്കുന്തോറും ഉയരംകുറഞ്ഞ്‌ അങ്ങിങ്ങായി മാത്രം കൂട്ടമായി വളരുന്ന പുല്‍വര്‍ഗങ്ങളാണുള്ളത്‌. പൊതുവേ ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയിലെ നൈസര്‍ഗിക സസ്യജാലം സവന്നമാതൃകയിലുള്ള പുല്‍വര്‍ഗങ്ങളാണെന്നു പറയാം. മഴ പെയ്യുന്ന ഉഷ്‌ണകാലം മാത്രമാണ്‌ സസ്യസമൃദ്ധം; ശുഷ്‌കമായ ശീതകാലത്ത്‌ ഉണങ്ങി വരണ്ട്‌ തവിട്ടുനിറത്തിലുള്ള തുറസ്സായ പ്രദേശങ്ങള്‍ സാധാരണകാഴ്‌ചയാണ്‌. മഴക്കാലത്ത്‌ സസ്യങ്ങള്‍ തളിര്‍ക്കുന്നു. പുതുതായി നാമ്പെടുക്കുമ്പോള്‍ കാലികള്‍ക്ക്‌ പഥ്യാഹാരമായിരിക്കുന്ന സവന്നാപുല്ലുകള്‍ വളര്‍ച്ചയെത്തുന്നതോടെ കട്ടിയുള്ള പരുക്കന്‍ സസ്യങ്ങളായി മാറുന്നു.

ജന്തുജാലം. ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയില്‍ ഓരോ വന്‍കരയിലും പ്രത്യേകയിനം ജന്തുജാലങ്ങള്‍ കണ്ടുവരുന്നു. ആഫ്രിക്കയിലെ സാവന്നപ്രദേശത്ത്‌ ജിറാഫ്‌, വരയന്‍കുതിര തുടങ്ങിയ വിശേഷയിനങ്ങളും കൂഡൂ, കൃഷ്‌ണമൃഗം, കുതിരമാന്‍ മുതലായ ഹരിണവര്‍ഗങ്ങളും ഉള്‍പ്പെടെ നിരവധി സസ്യഭുക്കുകളും സിംഹം, പുലി, കഴുതപ്പുലി, കാട്ടുപോത്ത്‌, കണ്ടാമൃഗം, ആന, കുറുനരി തുടങ്ങിയ ഹിംസ്രജന്തുക്കളും കാണപ്പെടുന്നു. ഇവിടെയുള്ള നദികളും ജലാശയങ്ങളും നീര്‍ക്കുതിര, ചീങ്കച്ചി എന്നിവയുടെ വിഹാരരംഗങ്ങളാണ്‌. വാനരവര്‍ഗങ്ങളും കുറവല്ല. പാമ്പ്‌ തുടങ്ങിയ ഉരഗങ്ങളും ഒട്ടകപ്പക്ഷി ഉള്‍പ്പെടെ വിവിധയിനം പക്ഷികളും ധാരാളമായുണ്ട്‌. ഒരു മീറ്ററോളം ഉയരത്തില്‍ കാണപ്പെടുന്ന ഉറുമ്പിന്‍പുറ്റുകള്‍ ഈ പ്രദേശത്തെ സാധാരണ കാഴ്‌ചയാണ്‌.

വരള്‍ച്ചയുടെ കാലത്ത്‌ ഇവിടെയുള്ള പക്ഷിമൃഗാദികള്‍ കൂട്ടംകൂട്ടമായി ജലലഭ്യതയുള്ള പ്രദേശങ്ങളിലേക്ക്‌ നീങ്ങുന്നു; മഴക്കാലമാകുന്നതോടെ പഴയ സ്ഥാനങ്ങളിലേക്ക്‌ അവ മടങ്ങിവരുന്നു.

മറ്റു വന്‍കരകളില്‍ ജിറാഫ്‌ തുടങ്ങിയ വിശേഷയിനം മൃഗങ്ങള്‍ കാണപ്പെടുന്നില്ല. എല്ലാ പ്രദേശത്തും ശലഭങ്ങളും ക്ഷുദ്രജീവികളും ധാരാളമായുണ്ട്‌. മച്ച്‌. മധ്യരേഖയ്‌ക്കിരുപുറവുമായുള്ള മഴക്കാടുകളെ അപേക്ഷിച്ച്‌ ഫലപുഷ്‌ടിയുള്ള മച്ചാണ്‌ സാവന്നപ്രദേശത്തുള്ളത്‌. ഋതുവ്യത്യാസങ്ങള്‍ അപക്ഷരണം (weathering) വര്‍ധിപ്പിക്കുന്നതുമൂലം മച്ചിലെ ധാത്വംശം കൂടുതലാകുന്നു. മഴക്കാടുകളോടടുത്ത്‌ താരതമ്യേന കൂടുതല്‍ മഴയുള്ള പ്രദേശങ്ങളില്‍ വളക്കൂറുകുറഞ്ഞ ലാറ്റെറൈറ്റിക്‌ (lateritic) മച്ചാണുള്ളത്‌. ഉയര്‍ന്ന അക്ഷാംശങ്ങളിലേക്കു നീങ്ങുന്തോറും മച്ചിന്റെ ഉര്‍വരത ക്രമപ്രവൃദ്ധമാകുന്നു. ജനങ്ങള്‍. ഈ മേഖലയിലെ ഭൂരിഭാഗം പ്രദേശത്തും ജനവാസം കുറവാണ്‌. ശരാശരി ജനസാന്ദ്രത ച.കി.മീ.ന്‌ 40-ല്‍ താഴെയാണ്‌. വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകളും മെക്‌സിക്കോയിലെ നഗരപ്രാന്തങ്ങളുമാണ്‌ സാമാന്യേന ജനനിബിഡമെന്നു പറയാവുന്നത്‌. ബ്രസീലിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ആഫ്രിക്കയില്‍ നൈജീരിയ, സുഡാന്‍ എന്നിവിടങ്ങളിലും ജനസാന്ദ്രത താരതമ്യേന കൂടുതലാണ്‌. ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയിലെ ജനസംഖ്യ ഈയിടെ ഗണ്യമായതോതില്‍ വര്‍ധിച്ചുവരുന്നുണ്ട്‌. തദ്ദേശീയ ജനതയില്‍ അപൂര്‍വം വര്‍ഗങ്ങള്‍മാത്രമേ ഇന്നും അപരിഷ്‌കൃതനിലയില്‍ തുടരുന്നുള്ളൂ. ആഫ്രിക്കയില്‍ ബന്‍ഗ്വേല ചതുപ്പുപ്രദേശത്താണ്‌ ഇക്കൂട്ടത്തില്‍ അധികം പേരും പാര്‍ത്തുപോരുന്നത്‌. പ്രാകൃതരീതികളുപയോഗിച്ച്‌ വേട്ടയാടിയും മീന്‍പിടിച്ചും കായ്‌കനികള്‍ ശേഖരിച്ചും ചുറ്റിത്തിരിയുന്ന പ്രകൃതക്കാരാണ്‌ ഇവര്‍. ആഫ്രിക്കയിലെ മറ്റുഭാഗങ്ങളിലുള്ളത്‌ ഏറിയകൂറും പ്രാകൃതകൃഷി സമ്പ്രദായങ്ങളിലേര്‍പ്പെട്ട്‌ സ്ഥിരമായി പാര്‍ക്കുന്നവരാണ്‌. കന്നുകാലി വളര്‍ത്തല്‍ ജീവിതവൃത്തിയായി സ്വീകരിച്ചിട്ടുള്ളവരും ധാരാളമുണ്ട്‌. വ്യാപാര സാധ്യതകള്‍ തിരഞ്ഞ്‌ ആഫ്രിക്കയിലെത്തി, അധികാരമുറപ്പിച്ച യൂറോപ്യന്മാരുടെ സന്തതിപരമ്പരകള്‍ ഇപ്പോള്‍ അവിടെനിന്നും കുറെയൊക്കെ ഒഴിഞ്ഞുപോയിരിക്കുന്നു. സങ്കരവര്‍ഗക്കാരുടെ സംഖ്യ അഗണ്യമല്ല. യൂറോപ്യന്‍സമ്പര്‍ക്കംമൂലം കാര്‍ഷികരംഗമുള്‍പ്പെടെ വിവിധ തുറകളില്‍ സാരമായ അഭിവൃദ്ധി ഉളവായിട്ടുണ്ട്‌. അമേരിക്കയിലെ ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലാപ്രദേശത്ത്‌ സങ്കരവര്‍ഗക്കാരാണ്‌ ഭൂരിപക്ഷം; തദ്ദേശീയരായ അമേരിന്ത്യരുടെ സംഖ്യ നന്നേ കുറവാണ്‌. ആഫ്രിക്കയില്‍നിന്നും തോട്ടപ്പണിക്കായി ഇറക്കുമതിചെയ്‌ത കറുത്തവര്‍ഗക്കാര്‍ക്കും ഗണ്യമായ അംഗസംഖ്യയുണ്ട്‌; തുച്ഛമായ തോതില്‍ യൂറോപ്യന്മാരെയും കാണാം. സമ്പദ്‌ വ്യവസ്ഥ.

1. കൃഷി. കാടുവെട്ടിത്തെളിച്ച്‌ വിളവിറക്കുന്ന പ്രാകൃതസമ്പ്രദായമാണ്‌ ആഫ്രിക്കന്‍മേഖലയില്‍ നിലവിലുണ്ടായിരുന്നത്‌; വിളവുകുറയുന്നതോടെ ഈ നിലങ്ങള്‍ ഉപേക്ഷിച്ച്‌, പുതിയ ഭൂമിയിലേക്കുനീങ്ങുന്ന സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായം അനുവര്‍ത്തിച്ചുപോന്നിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന്‌ തോട്ടക്കൃഷി പ്രാവര്‍ത്തികമായി. ക്രമേണ തദ്ദേശീയര്‍ക്കിടയിലെ കൃഷി സമ്പ്രദായങ്ങളിലും മാറ്റം വന്നു. ഇപ്പോള്‍ ശാസ്‌ത്രീയമാര്‍ഗങ്ങള്‍ സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. പശ്ചിമാര്‍ധഗോളത്തില്‍ മെക്‌സിക്കോ, ബ്രസീല്‍ എന്നിവിടങ്ങളിലും ഏതാണ്ട്‌ ഈ രീതിയിലുള്ള കാര്‍ഷികവികസനമാണുണ്ടായിട്ടുള്ളത്‌. എന്നാല്‍ വെസ്റ്റ്‌ ഇന്‍ഡീസില്‍ ആദ്യകാലം മുതല്‍തന്നെ തോട്ടക്കൃഷിയും ശാസ്‌ത്രീയസമ്പ്രദായങ്ങളും പ്രാവര്‍ത്തികമായിരുന്നു. കരിമ്പ്‌, പരുത്തി, പുകയില, എച്ചക്കുരുക്കള്‍, ഗോതമ്പ്‌, പരുക്കന്‍ ധാന്യങ്ങള്‍, സോയാതുവര, മധുരക്കിഴങ്ങ്‌ എന്നിവയാണ്‌ പ്രധാന വിളകള്‍. ആഫ്രിക്കന്‍മേഖലയിലെ തദ്ദേശീയരില്‍ നല്ലൊരുഭാഗം കന്നുകാലി വളര്‍ത്തലിലേര്‍പ്പെട്ടിരിക്കുന്നു. മേച്ചില്‍പ്പുറങ്ങളന്വേഷിച്ച്‌ കാലിക്കൂട്ടങ്ങളുമായി അലഞ്ഞുതിരിയുന്ന പ്രകൃതകാരായിരുന്നു ഇക്കൂട്ടര്‍; ഇപ്പോള്‍ കൃഷിയിലും കന്നുകാലിവളര്‍ത്തലിലും ഒരേ സമയംതന്നെ ഏര്‍പ്പെടുന്നതുമൂലം സ്ഥിരവാസക്കാരായി മാറിയിരിക്കുന്നു. ഇവര്‍ക്കിടയില്‍ കാലിസമ്പത്താണ്‌ സാമൂഹികമാന്യതയുടെ മാനദണ്ഡം. ആഫ്രിക്കയില്‍ ബ്ലൂനൈല്‍, വൈറ്റ്‌നൈല്‍ എന്നീ നദികള്‍ക്കിടയ്‌ക്കുള്ള പ്രദേശം പൂര്‍ണമായും ജലസിക്തമാണ്‌. ഇവിടം ലോകത്തിലെ പ്രധാന പരുത്തിക്കൃഷി കേന്ദ്രങ്ങളിലൊന്നാണ്‌. തെ. അമേരിക്കയില്‍ ബ്രസീലിന്റെ കിഴക്കന്‍ഭാഗത്തും നാണ്യവിളകള്‍ക്കാണ്‌ പ്രാമുഖ്യം. ഈ ഭാഗങ്ങളിലെ തോട്ടങ്ങള്‍ തദ്ദേശീയ ഉടമയിലാണ്‌. 2. കാലിവളര്‍ത്തല്‍. സവന്നാപ്രദേശത്ത്‌ മേച്ചിലിനുള്ള സൗകര്യങ്ങള്‍ ധാരാളമാണ്‌. എങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ കാലിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെന്ന്‌ പറഞ്ഞുകൂടാ. അമേരിക്കന്‍ സവന്നയില്‍മാത്രമാണ്‌ കാലിവളര്‍ത്തലും ഗവ്യവ്യവസായവും വികസിച്ചിട്ടുള്ളത്‌. തെക്കേ അമേരിക്കയിലെ ഓറിനാക്കോതടത്തിലും കന്നുകാലികളെ പറ്റങ്ങളായി വളര്‍ത്തുന്ന റാഞ്ച്‌ (ranch) സമ്പ്രദായം സ്വീകരിച്ചുകാണുന്നു; ഇവിടെ കാനിംഗ്‌ വ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ആഫ്രിക്കയിലെ സവന്നാപ്രദേശം താരതമ്യേന വിസ്‌തൃതമാണ്‌. എന്നാല്‍ വരള്‍ച്ചയും മഴക്കാലത്തെ പ്രളയബാധയും പാമ്പ്‌, വന്യമൃഗങ്ങള്‍ തുടങ്ങിയവയുടെ ശല്യവും സെസി ഈച്ചകളുടെ ആധിക്യവും വിവിധ കാലിദീനങ്ങളും മൂലം ആഫ്രിക്കയില്‍ കന്നുകാലിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടുകാണുന്നില്ല. 3. വനസമ്പത്ത്‌. കാലാവസ്ഥയുടെ പ്രത്യേകത മൂലം വൃക്ഷങ്ങള്‍ അധികം ഉയരത്തില്‍ വളരുന്നില്ല. തന്നിമിത്തം തടിക്കുപയോഗിക്കാവുന്ന മരങ്ങള്‍ പ്രായേണ കുറവാണ്‌. മധ്യരേഖയ്‌ക്കു സമീപമുള്ള പ്രദേശങ്ങളിലെ മലഞ്ചരിവുകളില്‍ മഴകൂടുതലുള്ള പക്ഷം സെല്‍വാമാതൃക വനങ്ങള്‍ കാണാം. തെ. അമേരിക്കയിലെ ഗ്രാന്‍ചാക്കോ പ്രദേശത്ത്‌ തുകല്‍ ഊറയ്‌ക്കിടുന്നതിന്‌ അതിവിശേഷമായ കറകിട്ടുന്ന കബ്രാക്കാമരം ധാരാളമായുണ്ട്‌. വെസ്റ്റ്‌ ഇന്‍ഡീസ്‌ ദ്വീപുകളില്‍ കടുപ്പംകൂടിയ തടികള്‍ ലഭ്യമാണ്‌. ഈ മേഖലയിലെ പല രാജ്യങ്ങളും ശാസ്‌ത്രീയ സംരക്ഷണരീതികളിലൂടെ തങ്ങളുടെ വനങ്ങളില്‍ തേക്ക്‌, മഹാഗണി തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിച്ചു വരുന്നു. 4. ധാതുക്കള്‍. ധാതുസമ്പത്തിന്റെ കാര്യത്തില്‍ ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖല അനുഗൃഹീതമാണ്‌. പെട്രാളിയം, ഇരുമ്പ്‌, ചെമ്പ്‌, ഗന്ധകം, ബോക്‌സൈറ്റ്‌ തുടങ്ങിയവയുടെ കനത്തനിക്ഷേപങ്ങള്‍ ഈ മേഖലയില്‍ സുലഭമാണ്‌. വെനിസ്വേല ലോകത്തിലെ എച്ച ഉത്‌പാദകരാഷ്‌ട്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു; കൊളംബിയ, മെക്‌സിക്കോ തുടങ്ങിയ രാഷ്‌ട്രങ്ങളിലും പെട്രാളിയം ധാരാളമായി ലഭ്യമാണ്‌. ഇരുമ്പുനിക്ഷേപങ്ങളാല്‍ സമ്പന്നമാണ്‌ ഗയാനാപീഠഭൂമി. അലൂമിനിയം ഉത്‌പാദനത്തില്‍ ജമൈക്ക മുന്‍പന്തിയിലാണ്‌. ആഫ്രിക്കയില്‍ കോംഗോയിലെ കടാംഗയിലാരംഭിച്ച്‌ സിംബാബ്‌വേ വടക്കരികിലേക്കു നീളുന്ന മേഖല ലോകത്തിലെ പ്രമുഖ ചെമ്പുത്‌പാദന കേന്ദ്രങ്ങളിലൊന്നാണ്‌. ഇവിടെത്തന്നെ യുറേനിയത്തിന്റെ സമ്പന്ന നിക്ഷേപങ്ങളുമുണ്ട്‌. കോബാള്‍ട്ടിന്റെ കാര്യത്തില്‍ ലോകഉത്‌പാദനത്തിലെ മുക്കാല്‍ഭാഗവും കടാംഗയില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. നൈജീരിയയില്‍ ടിന്‍, കല്‌ക്കരി എന്നിവ ധാരാളമായി ഖനനംചെയ്‌തു വരുന്നു. 5. വ്യവസായങ്ങള്‍. കാര്‍ഷിക വിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളാണ്‌ അധികവും; പഞ്ചസാര, ചുരുട്ട്‌, മദ്യം, തുകല്‍ ഊറയ്‌ക്കിടുന്നതിനുള്ള ടാനിന്‍ തുടങ്ങിയവയുടെ നിര്‍മാണവും, കാനിംഗുമാണ്‌ വന്‍കിട വ്യവസായങ്ങള്‍. ട്വയിന്‍നൂലുകള്‍ നിര്‍മിക്കുന്ന മില്ലുകള്‍ ബ്രിസീലിലെ റീസീഫില്‍ ധാരാളമുണ്ട്‌. എച്ചശുദ്ധീകരണമാണ്‌ മറ്റൊരു പ്രധാന വ്യവസായം. നഗരങ്ങള്‍. ജനങ്ങള്‍ ഇടതൂര്‍ന്നുവസിക്കുന്ന ഗ്രാമങ്ങള്‍ ഈ മേഖലയില്‍ സാധാരണമാണ്‌. എന്നാല്‍ വ്യവസായവാണിജ്യങ്ങളുടെ അവികസിതാവസ്ഥമൂലം വന്‍നഗരങ്ങള്‍ പ്രായേണ കുറവാണ്‌. ഈ മേഖലയ്‌ക്കുള്ളില്‍ത്തന്നെയുള്ള ഉന്നതതടങ്ങളില്‍ (highlands) നെഗരാധിവാസം പുഷ്‌ടിപ്പെട്ടുകാണുന്നു. യൂറോപ്യന്‍ കോളനികളായിരുന്ന ഈ പ്രദേശങ്ങളില്‍ യജമാനസ്ഥാനം വഹിച്ചുപോന്ന വെള്ളക്കാര്‍ കാലാവസ്ഥയിലെ ആനുകൂല്യം ലക്ഷ്യമാക്കി ഉയര്‍ന്നപ്രദേശങ്ങളില്‍ നിവസിച്ചുപോന്നു. ഇവ പിന്നീട്‌ നഗരങ്ങളായിത്തീര്‍ന്നു. ഇതുപോലെതന്നെ കടല്‍ത്തീരത്ത്‌ തുറമുഖനഗരങ്ങള്‍ സ്ഥാപിതമായി.

കരീബിയന്‍ പ്രദേശത്തെ നഗരങ്ങളില്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാന ഒന്നാംസ്ഥാനത്തു നില്‌ക്കുന്നു. ഹൈതിയിലെ പോര്‍ട്ട്‌ ഒഫ്‌ പ്രിന്‍സ്‌, ജമൈക്കയിലെ കിംഗ്‌സ്‌ടണ്‍, മെക്‌സിക്കോയിലെ വേരാക്രൂസ്‌, താംപീകോ, മദീര, പനാമയിലെ പനാമാസിറ്റി, കൊളംബിയയിലെ ബാരന്‍ക്വില, കാര്‍ത്തജീന, വെനിസ്വേലയിലെ മാരക്കൈബോ, ബ്രസീലിലെ റീസീഫ്‌, ബ്രസീലിയ എന്നിവയാണ്‌ ആര്‍ദ്രശുഷ്‌ക-ഉഷ്‌ണമേഖലയില്‍ അമേരിക്കാ വന്‍കരകളിലുള്ള പ്രധാന നഗരങ്ങള്‍. മേല്‌പ്പറഞ്ഞവയില്‍ ഹവാന മാത്രമാണ്‌ പ്രയുതനഗര(million city)മായുള്ളത്‌. ആഫ്രിക്കയില്‍ നൈജീരിയയിലെ ഇബാദാന്‍, ലാഗോസ്‌, കാനോ എന്നിവയും ഘാനയിലെ അക്രായും വന്‍നഗരങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. (കെ.എം. ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍