This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർതർ സി. ക്ലാർക്ക്‌ (1917-2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍തര്‍ സി. ക്ലാര്‍ക്ക്‌ (1917-2008)

Arthur C. Clarke

ആര്‍തര്‍ സി. ക്ലാര്‍ക്ക്‌

ബ്രിട്ടീഷ്‌-ശ്രീലങ്കന്‍ ശാസ്‌ത്രകഥാകാരന്‍. ശാസ്‌ത്രകഥകളിലൂടെയും പ്രബന്ധങ്ങളിലൂടെയും ഇദ്ദേഹം ഭാവന ചെയ്‌ത പല ആശയങ്ങളും പില്‌ക്കാലത്ത്‌ ശരിയാണെന്നു തെളിയിക്കപ്പെടുകയും പ്രയോഗത്തില്‍ വരുത്തുകയുമുണ്ടായി.

1917 ഡിസംബര്‍ 16-ന്‌ ഇംഗ്ലണ്ടിലെ സോമര്‍സെറ്റില്‍ ജനിച്ച ആര്‍തര്‍ ക്ലാര്‍ക്ക്‌ ഹ്യൂവിഷ്‌ ഗ്രാമര്‍ സ്‌കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ ബോര്‍ഡില്‍ ഓഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സില്‍ റഡാര്‍ സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട്‌ അവിടെ പൈലറ്റ്‌ ഓഫീസറായും തുടര്‍ന്ന്‌ ഫ്‌ളയിങ്‌ ഓഫീസറായും സേവനം അനുഷ്‌ഠിക്കുകയുണ്ടായി.

1947-ലും 53-ലും ബ്രിട്ടീഷ്‌ ഇന്റര്‍പ്ലാനറി സൊസൈറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച ക്ലാര്‍ക്ക്‌, ഇക്കാലത്താണ്‌ ഭൂമിയില്‍ നിന്നും നിയന്ത്രിക്കാവുന്ന കൃത്രിമോപഗ്രഹങ്ങളെക്കുറിച്ചും അതിലൂടെയുള്ള വാര്‍ത്താവിനിമയത്തെക്കുറിച്ചുമുള്ള നവീന ആശയങ്ങള്‍ അവതരിപ്പിച്ചത്‌. ഇതിനോടനുബന്ധിച്ച്‌ ഗഹനമായ നിരവധി പഠനങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്‌. ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്ന ആശയം തന്നെ ക്ലാര്‍ക്കിന്റേതാണ്‌. ദി എക്‌സ്‌പ്ലൊറേഷന്‍സ്‌ ഒഫ്‌ സ്‌പെയ്‌സ്‌ (1951), ദ്‌ പ്രാമിസ്‌ ഒഫ്‌ സ്‌പെയ്‌സ്‌ (1968) എന്നീ ഗ്രന്ഥങ്ങളില്‍ ക്ലാര്‍ക്കിന്റെ ആശയങ്ങള്‍ കാണാം. ബഹിരാകാശ ഗവേഷണ രംഗത്ത്‌ ആര്‍തര്‍ ക്ലാര്‍ക്ക്‌ നല്‍കിയ നിസ്‌തുലമായ സംഭാവനകളെ അനുസ്‌മരിച്ചുകൊണ്ട്‌ ഭൂമധ്യരേഖയില്‍ നിന്നും 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന കൃത്രിമോപഗ്രഹങ്ങളുടെ പരിക്രമണപഥത്തെ അന്തര്‍ദേശീയ ജ്യോതിശ്ശാസ്‌ത്ര സംഘടന ക്ലാര്‍ക്ക്‌ ഓര്‍ബിറ്റ്‌ എന്നു നാമകരണം ചെയ്‌തിരിക്കുന്നു. 1940-കളിലാണ്‌ ക്ലാര്‍ക്ക്‌ ശാസ്‌ത്രകഥാ രചനകളിലേക്ക്‌ തന്റെ ശ്രദ്ധതിരിച്ചത്‌. ഇദ്ദേഹത്തിന്റെ ലൂപ്‌ ഹോള്‍ (1946), റെസ്‌ക്യൂപാര്‍ട്ടി (1946) തുടങ്ങിയ കഥകള്‍ അവ പ്രസിദ്ധീകരിക്കപ്പെട്ട വര്‍ഷങ്ങളിലെ ഏറ്റവും വില്‌പനയുള്ള പുസ്‌തകങ്ങളായി. കഥാരചനകളില്‍ മുഴുകിയിരിക്കവേ 1949-ല്‍ ഇദ്ദേഹം സയന്‍സ്‌ അബ്‌സ്‌ട്രാക്‌ട്‌ മാസികയുടെ അസിസ്റ്റന്റ്‌ എഡിറ്ററായും നിയമിതനായി.

ക്ലാര്‍ക്കിന്റെ ആദ്യ രചനകളധികവും ബാല സാഹിത്യവിഭാഗത്തില്‍പ്പെടുന്നവയായിരുന്നു. എന്നാല്‍, 50-കള്‍ക്ക്‌ ശേഷം പുറത്തുവന്ന രചനകളിലേറെയും നവീന ആശയങ്ങളാല്‍ ശ്രദ്ധേയമായി. ഇദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്‌ രചനകള്‍ പുറത്തുവന്നതും ഈ കാലഘട്ടത്തില്‍ത്തന്നെ. ചൈല്‍ഡ്‌ഹുഡ്‌സ്‌ എന്‍ഡ്‌ (1953), ദ്‌ സിറ്റി ആന്‍ഡ്‌ ദ്‌ സ്റ്റാര്‍സ്‌ (1956), 2001: എ സ്‌പെയ്‌സ്‌ ഒഡീസി (1968), ദ്‌ ഫൗണ്ടന്‍സ്‌ ഒഫ്‌ പാരഡൈസ്‌ (1979) തുടങ്ങിയ രചനകള്‍ ശാസ്‌ത്രസാഹിത്യ രംഗത്ത്‌ വന്‍ തരംഗങ്ങള്‍ തന്നെ സൃഷ്‌ടിച്ചു.

1980-കളില്‍ ക്ലാര്‍ക്ക്‌ ചില ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. ശാസ്‌ത്ര രചനകളെ ആസ്‌പദമാക്കിയുള്ള ചില ചലച്ചിത്രങ്ങളിലും ഇക്കാലത്ത്‌ ഇദ്ദേഹം വേഷമിട്ടു. ക്ലാര്‍ക്കിന്റെ ചില നോവലുകള്‍ പില്‌ക്കാലത്ത്‌ സിനിമകളാക്കപ്പെട്ടു.

1956-ല്‍ ശ്രീലങ്കയില്‍ കുടിയേറിയ ക്ലാര്‍ക്ക്‌ മരണം വരെ അവിടെ തുടര്‍ന്നു. ഇതിനിടെ പല അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 1998-ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇദ്ദേഹത്തെ സര്‍ പദവി നല്‍കി ആദരിച്ചു. ശ്രീലങ്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ശ്രീലങ്കാഭിമാന്യ പദവിയും (2005) ഇദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി. 1994-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിനു ക്ലാര്‍ക്കിന്റെ പേര്‌ നിര്‍ദേശിക്കപ്പെട്ടിരുന്നു. 2008 മാര്‍ച്ച്‌ 19-ന്‌ കൊളംബോയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍