This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഡ്‌വാർക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർഡ്‌വാർക്‌

Aardvark

ആര്‍ഡ്‌വാര്‍ക്‌

ഇന്ന്‌ ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന ഒരു നക്തഞ്ചര സസ്‌തനി. ട്യൂബുലിഡെന്റേറ്റ (Tubulidentata) ഗോത്രത്തില്‍പ്പെടുന്ന ഏകജീവിയായ ഇതിന്റെ ശാസ്‌ത്രനാമം: ഒറിക്‌റ്റിറോപ്പസ്‌ ആഫര്‍ (Orycteropus afer) എന്നാണ്‌. ചരിത്രാതീതകാലത്ത്‌ ഈ ജീവി യൂറോപ്പിലും ഏഷ്യയിലും ധാരാളമുണ്ടായിരുന്നുവെന്ന്‌ കരുതപ്പെടുന്നു. ഇപ്പോള്‍ ആഫ്രിക്കയുടെ മധ്യ-പൂര്‍വദേശങ്ങള്‍ മുതല്‍ ദക്ഷിണ-പശ്ചിമഭാഗങ്ങള്‍ വരെ ഇവയെ കണ്ടെത്താം.

ആഫ്രിക്കാന്‍സ്‌ ഭാഷയില്‍ ആര്‍ഡ്‌വാര്‍ക്‌ എന്ന പദത്തിന്‌ "മണ്‍പന്നി' (Earth Pig) എന്നാണര്‍ഥം. പന്നിയോടു രൂപസാദൃശ്യമുള്ള ഇതിന്‌ ഉദ്ദേശം 2 മീ. നീളം വരും. തുകലിനു നല്ലകട്ടിയുണ്ട്‌. ശരീരത്തിനാകെ മണലിന്റെ നിറമായിരിക്കും. ശരീരാവരണമായ രോമത്തിന്റെ തരവും നിറവും ഇത്‌ ഏതു പ്രദേശങ്ങളില്‍ കാണപ്പെടുന്നു എന്നതിനെ ആശ്രയിച്ചു വ്യത്യസ്‌തമാകുന്നു. നീണ്ടു കൂര്‍ത്ത മൂക്കും, കഴുതയുടേതുപോലുള്ള ചെവികളും ഇതിന്റെ പ്രത്യേകതകളാണ്‌. ദൃഢപേശികളായ കാലുകള്‍ ബലിഷ്‌ഠമായ നഖങ്ങളില്‍ അവസാനിക്കുന്നു. മുന്‍കാലുകളില്‍ നാലും പിന്‍കാലുകളില്‍ അഞ്ചും വീതം നഖങ്ങളുണ്ട്‌. അവ എത്ര ഉറച്ച തറയും മാന്തിക്കുഴിക്കുവാന്‍ കരുത്തുറ്റവയാണ്‌. തീറ്റ തിന്നുവാനും പകല്‍ സമയം ഉറങ്ങുവാനും കുഴികളുണ്ടാക്കുന്നതിന്‌ നാലു കാലുകളും ഒരുപോലെ ഉപയോഗിക്കുന്നു. ചിതല്‍പ്പുറ്റുകളാണ്‌ ആര്‍ഡ്‌വാര്‍ക്കിന്റെ പ്രധാന ഭക്ഷണം. മാന്തിയെടുക്കുന്ന പുറ്റുകളില്‍നിന്ന്‌ ചിതലിനെ പശയുള്ള നീണ്ട നാക്കുകൊണ്ടു നക്കിയെടുക്കുന്നു.

സിംഹം, പുലി തുടങ്ങിയ ഹിംസ്രമൃഗങ്ങളാണ്‌ ഇതിന്റെ ശത്രുക്കള്‍. പെണ്‍ജീവി ജൂലായ്‌ മാസത്തില്‍ ഒരു കുഞ്ഞിനെ പ്രസവിക്കുന്നതായി പ്രകൃതിശാസ്‌ത്രകാരന്മാര്‍ വിശ്വസിക്കുന്നു. പ്രായപൂര്‍ത്തിയെത്തിയ ജീവികള്‍ ഒരേ മാളത്തില്‍ കഴിയാറില്ല. ആറുമാസം പ്രായമാകുന്നതോടെ അവ സ്വതന്ത്രരാവുന്നു. ചിതലിന്റെ വര്‍ധനവു തടയുവാന്‍ ഈ ജീവി സഹായകമാണ്‌. ഇതിന്റെ മാംസം ഭക്ഷണയോഗ്യമാണ്‌. ഭൂതപ്രതപിശാചുക്കളെ അകറ്റാന്‍ ഈ ജീവിയുടെ പല്ലുകള്‍ക്കു ശക്തിയുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു.

പ്രകൃതിയില്‍ കാണപ്പെടുന്ന "അഭിസരണം' (convergence) എന്ന പരിണാമപ്രക്രിയയ്‌ക്ക്‌ ഉത്തമോദാഹരണമാണ്‌ വിവിധഗോത്രങ്ങളില്‍പെടുന്ന പാങ്‌ഗൊളിന്‍, എറുമ്പുതീനി, ആര്‍ഡ്‌വാര്‍ക്‌ എന്നിവയുടെ സാദൃശ്യം (നീണ്ട മുഖഭാഗങ്ങളും പശിമയുള്ള നാക്കും). വിവിധ ഗോത്രക്കാരായ ജീവികള്‍ അവ ഒരേ സാഹചര്യത്തില്‍ കഴിയുമ്പോള്‍ തീറ്റയിലും സഞ്ചാരമാതൃകയിലും മറ്റും ഐകരൂപ്യം കാണിക്കും എന്ന അഭിസരണനിയമം ശരിയാണെന്ന്‌ ഇവ തെളിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍