This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിഗാസ്‌, ജോസ്‌ (1764 - 1850)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർട്ടിഗാസ്‌, ജോസ്‌ (1764 - 1850)

Artigas, Jose

ജോസ്‌ ആര്‍ട്ടിഗാസ്‌

ഉറൂഗ്വേയിലെ ദേശീയ നേതാവ്‌. 1764 ജൂണ്‍ 19-ന്‌ ഉറൂഗ്വേയുടെ തലസ്ഥാനമായ മോണ്ടിവിഡായോയില്‍ ജനിച്ചു. ബാല്യത്തില്‍ത്തന്നെ സ്‌പാനിഷ്‌ സൈന്യത്തില്‍ ചേര്‍ന്ന്‌ സേവനം അനുഷ്‌ഠിച്ചു; എങ്കിലും പില്‌ക്കാലത്ത്‌ അദ്ദേഹം സ്‌പെയിന്‍ ഭരണത്തിനെതിരായി കലാപം സംഘടിപ്പിക്കുകയുണ്ടായി. ആര്‍ജന്റീന, ബ്യൂനസ്‌അയര്‍സ്‌ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിപ്ലവപ്രസ്ഥാനങ്ങളുമായി യോജിച്ചാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്‌. രാജകീയ സൈന്യങ്ങളെ അദ്ദേഹം പരാജയപ്പെടുത്തി. 1811 ഒ. 20-ലെ താത്‌കാലിക യുദ്ധവിരാമക്കരാറുമൂലം അദ്ദേഹവും സൈന്യവും പ്ലാറ്റയില്‍ കൂടെ പിന്‍വാങ്ങി. 1814-ല്‍ മറ്റു വിപ്ലവപ്രസ്ഥാനങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ സ്വതന്ത്രനയം നടപ്പിലാക്കാന്‍ തുടങ്ങി. 1816-ല്‍ ബ്രസീല്‍ ഉറൂഗ്വേ ആക്രമിച്ചു. 1817 ജനു. 4-ന്‌ പാസൊദെല്‍ കലറ്റന്‍ (Paso Del Calatan) യുദ്ധത്തില്‍ ആര്‍ട്ടിഗാസ്‌ പരാജിതനായി. 1820 ജനു. 22-ന്‌ ടാകരെംബൊ (Tacharembo) യുദ്ധത്തില്‍ അദ്ദേഹം കീഴടങ്ങി. പരാഗ്വേയിലെ ഏകാധിപതി ജോസ്‌ ഫ്രാന്‍സിയ അദ്ദേഹത്തിന്‌ അഭയം നല്‌കി. കൃഷിജോലി ചെയ്‌ത്‌ അദ്ദേഹം ജീവിതശിഷ്‌ടം കഴിച്ചു. 1841-ല്‍ ഉറൂഗ്വേ പ്രസിഡണ്ട്‌ സ്വരാജ്യത്തിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം അത്‌ സ്വീകരിച്ചില്ല. ഉറൂഗ്വേ ഒരു റിപ്പബ്ലിക്കാകാന്‍ പ്രചോദനം നല്‌കിയ ആര്‍ട്ടിഗാസ്‌ പരാഗ്വേയിലെ ഇബിരെ(Ibiray)യില്‍ വച്ച്‌ 1850 സെപ്‌. 3-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍