This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർച്ചർ, വില്യം (1856 - 1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർച്ചർ, വില്യം (1856 - 1924)

Archer, William

വില്യം ആര്‍ച്ചര്‍

സ്‌കോട്ടലന്‍ഡുകാരാനായ നാടകവിമര്‍ശകന്‍. 19-ാം ശ.-ത്തിന്റെ അവസാനകാലത്തും 20-ാം ശ.-ത്തിന്റെ ആദ്യകാലത്തുമായി ഇംഗ്ലണ്ടില്‍ നാടകരംഗത്തുണ്ടായ നവോത്ഥാനത്തിന്റെ പ്രധാനപ്രരകന്‍ ആര്‍ച്ചര്‍ ആണ്‌. 1856 സെപ്‌. 23-ന്‌ പെര്‍ത്തില്‍ ജനിച്ചു. എഡിന്‍ബറോ ഈവനിംഗ്‌ ന്യൂസ്‌ എന്ന പത്രത്തിന്റെ പത്രാധിപസമിതിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1870-77-ല്‍ ലോകപര്യടനം നടത്തിയശേഷം 1878-ല്‍ ലണ്ടനിലേക്കു മടങ്ങി. 1879 മുതല്‍ ലണ്ടന്‍ ഫിഗറോയില്‍ നാടകവിമര്‍ശനസംരംഭത്തില്‍ ഏര്‍പ്പെട്ടു; 1884-ല്‍ വേള്‍ഡ്‌ എന്ന പത്രത്തില്‍ എഴുതിത്തുടങ്ങി. ഇദ്ദേഹത്തിന്റെ നാടകവിമര്‍ശനങ്ങള്‍ ദി തിയേറ്ററിക്കല്‍ വേള്‍ഡ്‌ എന്ന പേരില്‍ 5 വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഇബ്‌സന്റെ നാടകങ്ങളുടെ വിവര്‍ത്തനങ്ങളാണ്‌ ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്‌. പില്ലേഴ്‌സ്‌ ഒഫ്‌ സൊസൈറ്റി (Pillars of Society) ആണ്‌ ആദ്യമായി ഇംഗ്ലണ്ടില്‍ അവതരിപ്പിച്ച കൃതി; കൂടാതെ ഇബ്‌സന്റെ മറ്റ്‌ അഞ്ച്‌ പ്രശസ്‌ത കൃതികള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഈ പരിഭാഷകള്‍ ഇംഗ്ലീഷ്‌ നാടകങ്ങളെ വളരെ അധികം സ്വാധീനിച്ചു. വിമര്‍ശനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ മാസ്‌ക്‌സ്‌ ഓര്‍ ഫെയ്‌സസ്‌ (Masks or Faces?),എ സ്റ്റഡി ഇന്‍ ദ്‌ സൈക്കോളജി ഒഫ്‌ ആക്‌ടിങ്‌ (A Study in the Psychology of Acting, 1888); പ്‌ളേ-മേക്കിങ്‌ എ മാനുവല്‍ ഒഫ്‌ ക്രാഫ്‌റ്റ്‌സ്‌മാന്‍ ഷിപ്പ്‌ (Play-making: A manual of Crafismanship, 1912), ദി ഓള്‍ഡ്‌ ഡ്രാമാ ആന്‍ഡ്‌ ദ്‌ ന്യൂ: ആന്‍ എസ്സേ ഇന്‍ റിവാല്യൂവേഷന്‍ (The Old Drama and the New: An Essay in Revaluation, 1923) എന്നിവയാണ്‌.

നര്‍മരസത്തിലൂടെ വിമര്‍ശനത്തിന്റെ കാര്‍ക്കശ്യം ഒഴിവാക്കാനുള്ള ആര്‍ച്ചറിന്റെ കഴിവ്‌ അദ്ദേഹത്തിന്‌ വളരെയധികം സുഹൃത്തുക്കളെ നേടിക്കൊടുത്തു. ബര്‍ണാഡ്‌ ഷാ ഇവരില്‍ പ്രമുഖനാണ്‌. ഷായുടെ വിഡോവേഴ്‌സ്‌ ഹൗസസ്‌ (Widower's houses, 1888); ഇെബ്‌സന്റെ ശൈലിയിലൂടെ പുനരവതരിപ്പിക്കുവാന്‍ ആര്‍ച്ചര്‍ സഹായിക്കുകയുണ്ടായി. ഇദ്ദേഹം രചിച്ച നാല്‌ നാടകങ്ങള്‍ മരണാനന്തരമാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. അവയില്‍ ദി ഗ്രീന്‍ ഗോഡസ്‌ (The Green Goddess) 1921-ല്‍ ന്യൂയോര്‍ക്കിലും 1923-ല്‍ ലണ്ടനിലും അവതരിപ്പിച്ചപ്പോഴുണ്ടായ വിജയം അഭൂതപൂര്‍വമായിരുന്നു.

1924 ഡി. 27-ന്‌ ലണ്ടനില്‍വച്ച്‌ വില്യം ആര്‍ച്ചര്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍