This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർച്ച്‌ ഡീക്കന്‍ കോശി (1826 - 1899)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർച്ച്‌ ഡീക്കന്‍ കോശി (1826 - 1899)

Arch Deccen Koshi

മലയാളത്തിലെ ഒരു ആദ്യകാല നോവലിസ്റ്റ്‌. തിരുവല്ലാ താലൂക്കില്‍പ്പെട്ട തോട്ടപ്പുഴശ്ശേരി എന്ന ഗ്രാമത്തിലെ മുല്ലമംഗലത്തു വീട്ടില്‍, കോശിയുടെയും കാണ്ടമ്മയുടെയും പുത്രനായി കൊ.വ. 1001 (1826) കുംഭമാസത്തില്‍ കോശി ജനിച്ചു. കോട്ടയം സെമിനാരിയിലായിരുന്നു വിദ്യാഭ്യാസം (1835-44). അതിനുശേഷം റവ. ജോസഫ്‌ പിറ്റിന്റെ റൈട്ടറായി ബൈബിള്‍ പരിഷ്‌കരണത്തില്‍ ഏര്‍പ്പെട്ടു. കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്‌ ഇദ്ദേഹത്തിന്‌ "ഡോക്‌ടര്‍ ഒഫ്‌ ഡിവിനിറ്റി' ബിരുദവും ആര്‍ച്ച്‌ ഡീക്കന്‍ സ്ഥാനവും നല്‌കി ബഹുമാനിച്ചു. കോട്ടയത്തുനിന്നു പ്രസിദ്ധീകരണമാരംഭിച്ച ജ്ഞാനനിക്ഷേപം (1840) എന്ന വര്‍ത്തമാനപ്പത്രത്തിന്റെ പ്രസാധകനായി (1848-67) സേവനമനുഷ്‌ഠിക്കുകയുണ്ടായി. സംസ്‌കൃതം, ഇംഗ്ലീഷ്‌, ലത്തീന്‍ തുടങ്ങി വിവിധ ഭാഷകളില്‍ കോശിക്ക്‌ പരിജ്ഞാനമുണ്ടായിരുന്നു.

പരദേശി മോക്ഷയാത്ര, തിരുപ്പോരാട്ടം, ഭസ്‌മക്കുറി, തിരുവവതാര മാഹാങ്ങ്യം, കന്നീറ്റുപദേശം, ആയയും മകനും, പത്തു വയസ്സുള്ള ഒരു പെണ്‍പൈതല്‍ തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ പുല്ലേലിക്കുഞ്ചു(1882)വിന്റെ കര്‍ത്താവ്‌ എന്ന നിലയിലാണ്‌ ആര്‍ച്ച്‌ ഡീക്കന്‍ കോശി സാഹിത്യത്തില്‍ സ്‌മരണീയനായിരിക്കുന്നത്‌. സമുദായ പരിഷ്‌കരണമാണ്‌ ഈ നോവല്‍ രചനയില്‍ ഇദ്ദേഹം ലക്ഷ്യമാക്കുന്നത്‌. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍, ജാതിവ്യത്യാസം സൃഷ്‌ടിക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ എന്നിവ സരസവും ഫലിതനിര്‍ഭരവുമായ ഭാഷയില്‍ ഇദ്ദേഹം പ്രതിപാദിക്കുന്നു. വെള്ളക്കാരെ ആക്ഷേപിക്കാനും ഗ്രന്ഥകര്‍ത്താവ്‌ അവസരം കണ്ടെത്തുന്നുണ്ട്‌. അക്കാലത്തെ ഗദ്യത്തിന്റെ മികച്ച മാതൃക ഈ ഗ്രന്ഥത്തില്‍ കാണാം.

പരദേശി മോക്ഷയാത്ര ജോണ്‍ ബന്യന്റെ പില്‍ഗ്രിംസ്‌ പ്രാഗ്രസ്‌ എന്ന ഇംഗ്ലീഷ്‌ ഗ്രന്ഥത്തിന്റെ പരിഭാഷയാണ്‌. ബന്യന്റെ തന്നെ ഹോളിവോര്‍ എന്ന കൃതിയുടെ തര്‍ജുമയാണ്‌ തിരുപ്പോരാട്ടം. ആയയും മകനും, പത്തു വയസ്സുള്ള ഒരു പെണ്‍പൈതല്‍ എന്നിവയും വിവര്‍ത്തനഗ്രന്ഥങ്ങളാണ്‌. തിരുവവതാര മാഹാങ്ങ്യത്തില്‍ ക്രിസ്‌തുവിന്റെ അവതാരം വര്‍ണിക്കുന്നു. ആംഗ്ലിക്കന്‍ സഭയില്‍നിന്നു ഭിന്നിച്ച്‌ യൂസ്റ്റസ്‌ ജോസഫ്‌ 1875-ല്‍ സ്ഥാപിച്ച യൂയോമയ സഭയെ ഖണ്ഡിക്കുന്നതിനുവേണ്ടി രചിച്ച കൃതിയാണ്‌ കന്നീറ്റുപദേശം. മലയാളഭാഷാ വിഷയകമായി നിരവധി പ്രഭാഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്‌. 1899-ല്‍ ആര്‍ച്ച്‌ ഡീക്കന്‍ കോശി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍