This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർച്ചുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ച്ചുകള്‍

ചില പാലങ്ങളുടെ അടിയിലും പാര്‍ശ്വങ്ങളിലും കെട്ടിടങ്ങളുടെ തുറന്നഭാഗങ്ങളായ ജന്നല്‍, വെന്റിലേറ്റര്‍, വാതില്‍ മുതലായവയുടെ മുകളിലും നിര്‍മിക്കുന്ന കമാനങ്ങള്‍. മുകളില്‍ വരുന്ന ഭാരം നേരെ താഴോട്ട്‌ പ്രവര്‍ത്തിക്കാതെ ഇരുവശങ്ങളിലേക്കും സംക്രമിപ്പിക്കുവാന്‍ സാധിക്കുന്നു എന്നതാണ്‌ ആര്‍ച്ചുകളുടെ പ്രത്യേകത. ഒരു കെട്ടിടത്തിന്റെ വാതിലോ ജന്നലോ തടികൊണ്ടാണ്‌ പണിതുറപ്പിക്കുന്നതെങ്കില്‍ മുകളിലുള്ള ഭിത്തിയുടെ ഭാരം മുഴുവന്‍ താങ്ങാനുള്ള ശക്തി തടിപ്പടിക്ക്‌ ഉണ്ടായെന്നുവരില്ല. തന്മൂലം, ഭാരം തടിയില്‍ കേന്ദ്രീകരിക്കാത്തവിധം രണ്ടുവശത്തുമുള്ള ഭിത്തിയിലേക്കു സംക്രമിപ്പിക്കുന്നതിനായി തടിപ്പടിക്കുമുകളില്‍ ഒരു ആര്‍ച്ചു പണിയുന്നത്‌ പ്രയോജനകരമാണ്‌. ഭംഗിക്കു വേണ്ടിയും ആര്‍ച്ചുകള്‍ നിര്‍മിക്കാറുണ്ട്‌.

ചരിത്രം. അതിപുരാതനകാലത്തുതന്നെ ആര്‍ച്ചുകളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞിരുന്നു. നീളമുള്ള കല്ലുകളുപയോഗിച്ച്‌ ത്രികോണാകൃതിയിലാണ്‌ പ്രാചീന മനുഷ്യര്‍ ആര്‍ച്ചുകള്‍ നിര്‍മിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ബി.സി. 4000-നു മുമ്പുതന്നെ യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ നദീതടങ്ങളില്‍ വക്രാകൃതിയിലുള്ള ആര്‍ച്ചുകള്‍ നിര്‍മിച്ചിരുന്നതായി അറിയപ്പെട്ടിട്ടുണ്ട്‌. ഈജിപ്‌ത്‌, ഗ്രീസ്‌, അസീറിയ എന്നിവിടങ്ങളിലെ ശില്‌പികള്‍ ആര്‍ച്ചിന്റെ തത്ത്വം ആദ്യം മനസ്സിലാക്കിയവരില്‍പ്പെടുന്നു. ബി.സി. 3000-നു മുമ്പ്‌ ഈജിപ്‌തുകാര്‍ നിര്‍മിച്ച ഗിസെയിലെ കൂഫു പിരമിഡില്‍ പണിതിട്ടുള്ള ആര്‍ച്ചുകള്‍ റിലീവിങ്‌ (relieving) ആര്‍ച്ചുകള്‍ എന്ന പേരിലാണറിയപ്പെടുന്നത്‌. ബി.സി. 2500-2300 കാലഘട്ടത്തില്‍ മെസപ്പോട്ടേമിയയിലെ ഭൂഗര്‍ഭശവക്കല്ലറകളിലും ജലനിര്‍ഗമനമാര്‍ഗങ്ങളിലും ആര്‍ച്ചുകള്‍ പണിതിരുന്നതായി രേഖകളുണ്ട്‌. എട്രൂസ്‌കന്മാരില്‍നിന്നും റോമാക്കാര്‍ ആര്‍ച്ചുനിര്‍മാണവിദ്യ അഭ്യസിക്കുകയും പാലങ്ങള്‍, സര്‍ക്കസ്‌ കൂടാരങ്ങള്‍, അക്വിഡക്‌റ്റുകള്‍, സ്‌നാനഘട്ടങ്ങള്‍ മുതലായവയുടെ നിര്‍മാണത്തില്‍ അവ ധാരാളമായി ഉപയോഗിക്കുകയും ചെയ്‌തു. ബി.സി. രണ്ടാം ശ.-ത്തില്‍ ഭവനനിര്‍മാണത്തില്‍ ഗ്രീക്കുകാര്‍ ചാപാകാരത്തിലുള്ള ആര്‍ച്ചുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താനാരംഭിച്ചു. ഏറ്റവും ഭംഗിയുള്ള ആര്‍ച്ചുകള്‍ ആദ്യം നിര്‍മിച്ചിത്‌ റോമാക്കാരണ്‌; റോമിലെ പാന്തിയോണ്‍ ദേവാലയം ഇതിന്‌ ഉത്തമോദാഹരണമായെടുക്കാം. വാസ്‌തുവിദ്യയുടെ ഒരു പ്രധാന ഘടകമായി ആര്‍ച്ചിനെ അംഗീകരിച്ചതും റോമാക്കാര്‍തന്നെ. അര്‍ധവൃത്താകൃതിയിലുള്ള ആര്‍ച്ചുകളാണ്‌ അവര്‍ അധികവും നിര്‍മിച്ചിരുന്നത്‌. എ.ഡി. 11-ാം ശ. ആയപ്പോഴേക്കും ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്‌തൂപാകാരത്തിലുള്ള ആര്‍ച്ചുകള്‍ പ്രചാരത്തില്‍വന്നു.

പുരാതന റോമന്‍ നീര്‍പ്പാലങ്ങളിലെ ആര്‍ച്ചുകള്‍

നവോത്ഥാനഘട്ടത്തില്‍ വ്യവഹാരത്തില്‍വന്ന അര്‍ധവൃത്താകൃതിയിലുള്ള ആര്‍ച്ചുകളും ഗോഥിക്‌ രീതിയുള്ള കൂര്‍ത്ത ആര്‍ച്ചുകളും രണ്ട്‌ വ്യത്യസ്‌ത പ്രവണതകളെ സൂചിപ്പിക്കുന്നവയായി സാമൂഹ്യശാസ്‌ത്രജ്ഞര്‍ കരുതുന്നു. മനുഷ്യന്റെ എല്ലാവിധ ചിന്തകളും ഭൂമിയിലേക്കു തിരിയുകയും അവിടെത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്‌തിരുന്ന ഒരു സംസ്‌കാരത്തിന്റെ പ്രതീകമായാണ്‌ ലംബമായി ഭൂമിയിലേക്കു പ്രതിബലം അര്‍പ്പിക്കുന്ന അര്‍ധവൃത്താകൃതിയിലുള്ള ആര്‍ച്ച്‌ കരുതപ്പെടുന്നത്‌. അത്യുന്നതമെന്ന്‌ വിശ്വസിക്കപ്പെടുന്ന സ്വര്‍ഗത്തിലേക്ക്‌ മനുഷ്യമനസ്സിനെയും ഭൗതികനേട്ടങ്ങളെയും ഉയര്‍ത്താനും അടുപ്പിക്കാനും ഉള്ള വ്യഗ്രതയുടെ സൂചനയായി ഗോഥിക്‌ ആര്‍ച്ചുകളെയും കണക്കാക്കുന്നു. യുദ്ധവിജയങ്ങളുടെ സ്‌മാരകങ്ങളെന്ന നിലയ്‌ക്ക്‌ മിക്ക രാജ്യങ്ങളിലും "വിജയ കമാനങ്ങള്‍' പണിതുയര്‍ത്തിയിട്ടുള്ളതായി കാണാം. ആസ്റ്റര്‍ലിറ്റ്‌സിലെ "മഹാസേന'യുടെ (Grand Army) വിജയത്തെ സൂചിപ്പിക്കുന്ന സ്‌മാരകകമാനമാണ്‌ പാരിസിന്റെ സിരാകേന്ദ്രമായ എത്വാല്‍ (Etoille). പ്രാചീനറോമില്‍ പണിതുയര്‍ത്തിയ പല സ്‌മാരകകമാനങ്ങളുടെയും അവശിഷ്‌ടങ്ങള്‍ ഇന്നും കാണാനുണ്ട്‌. എ.ഡി. 70-ല്‍ ജറുസലേം പിടിച്ചടക്കിയതിന്റെ ഓര്‍മ്മയ്‌ക്കായുള്ള റ്റൈറ്റസിന്റെ ആര്‍ച്ച്‌, 113-ല്‍ അല്‍സോണയില്‍ ഉയര്‍ത്തിയ ട്രാജന്‍ ആര്‍ച്ച്‌, പാര്‍ഥിയന്മാരെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്‌ക്കായി 240-ല്‍ പണിത ആര്‍ച്ച്‌, 312-ല്‍ മാക്‌സെന്‍ഷ്യസിന്റെ വിജയസ്‌മാരകമായി പണിയിച്ച കോണ്‍സ്റ്റന്റയിന്‍ ആര്‍ച്ച്‌ തുടങ്ങിയവയാണ്‌ റോമിലെ പ്രമുഖ വിജയസ്‌മാരക കമാനങ്ങള്‍.

19-ാം ശ.-ത്തില്‍ ആര്‍ച്ചിന്റെ നിര്‍മാണവസ്‌തുക്കളില്‍ ഉരുക്കും കോണ്‍ക്രീറ്റും സ്ഥാനം പിടിച്ചു. അതോടെ പാലം പണിയില്‍ ആര്‍ച്ചിന്റെ പ്രാധാന്യം സുസ്ഥിരമായിത്തീര്‍ന്നു.

എത്വാല്‍ - പാരിസ്‌

വര്‍ഗീകരണം. ആകൃതിയെയും നിര്‍മാണപദാര്‍ഥങ്ങളെയും അടിസ്ഥാനമാക്കി ആര്‍ച്ചുകളെ വര്‍ഗീകരിക്കാറുണ്ട്‌. ഉള്‍ഭാഗത്തിന്റെ ആകൃതിയനുസരിച്ച്‌ അര്‍ധവൃത്തകമാനം, ചാപ-കമാനം, ലാട-കമാനം, സമഭുജകമാനം, ന്യൂനകോണകമാനം, മുനയില്ലാകമാനം, പരപ്പന്‍കമാനം, കസ്‌പ്‌കമാനം, ദീര്‍ഘവൃത്തകമാനം, പാരാബോളികകമാനം, പടവുകമാനം എന്നിങ്ങനെ ആര്‍ച്ചുകളെ പലതായി തിരിക്കാം.

നിര്‍മാണപദാര്‍ഥങ്ങളെ അടിസ്ഥാനമാക്കി ആര്‍ച്ചുകളെ കോണ്‍ക്രീറ്റ്‌കമാനങ്ങള്‍, ഉരുക്കുകമാനങ്ങള്‍, ഇഷ്‌ടികകമാനങ്ങള്‍, കല്‍കമാനങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്‌.

കോണ്‍ക്രീറ്റ്‌ കമാനങ്ങള്‍. ആര്‍ച്ചുനിര്‍മാണത്തിന്‌ ഏറ്റവും യോജിച്ച പദാര്‍ഥമാണ്‌ കോണ്‍ക്രീറ്റ്‌. ആര്‍ച്ചിനാവശ്യമായ അളവിലുള്ള കോണ്‍ക്രീറ്റ്‌ ഖണ്ഡങ്ങള്‍ വാര്‍ത്തെടുത്താണ്‌ ഇവ നിര്‍മിക്കുന്നത്‌. സാധാരണഗതിയില്‍ 1 : 2 : 4 അനുപാതത്തിലുള്ള കോണ്‍ക്രീറ്റ്‌ മിശ്രിതം ഇതിനുപയോഗിക്കുന്നു. കോണ്‍ക്രീറ്റ്‌ ഖണ്ഡങ്ങളുപയോഗിക്കാതെ മരത്തടികള്‍, ഉരുക്കപ്ലേറ്റുകള്‍ മുതലായവകൊണ്ടുണ്ടാക്കിയ ചട്ടക്കൂടില്‍ കോണ്‍ക്രീറ്റ്‌ മിശ്രിതം ഒന്നാകെ കോരിയിട്ടുറപ്പിച്ചും ഇത്തരം ആര്‍ച്ചുകള്‍ നിര്‍മിക്കാവുന്നതാണ്‌.

ഉരുക്കുകമാനങ്ങള്‍. ഉരുക്ക്‌ ആര്‍ച്ചുകളില്‍ അധികവും പാലം പണിക്കാണുപയോഗിക്കുന്നത്‌. സ്റ്റില്‍ട്ടഡ്‌ ആര്‍ച്ച്‌, പരാബോളിക്‌ ആര്‍ച്ച്‌, ട്യൂഡര്‍ ആര്‍ച്ച്‌, റിലീവിങ്‌ ആര്‍ച്ച്‌ മുതലായ ഉരുക്ക്‌ ആര്‍ച്ചുകള്‍ പാലംപണിക്കും മറ്റും ഉപയോഗിച്ചുവരുന്നു.

ഇഷ്‌ടികകമാനങ്ങള്‍. പരുക്കന്‍ ഇഷ്‌ടികകമാനങ്ങള്‍, ആക്‌സ്‌ഡ്‌കമാനങ്ങള്‍, ഗേജ്‌ഡ്‌കമാനങ്ങള്‍ എന്നിവയാണ്‌ ഇഷ്‌ടികകമാനങ്ങളില്‍ പ്രധാനമായുള്ളവ. ചെത്തിമിനുക്കാത്ത ഇഷ്‌ടികയുപയോഗിച്ച്‌ നിര്‍മിക്കുന്നവയാണ്‌ പരുക്കന്‍ ഇഷ്‌ടികകമാനങ്ങള്‍. ഇഷ്‌ടികകള്‍ ചെത്തിമിനുക്കി സന്ധികളില്‍ കൂടുതല്‍ ചാന്തുപയോഗിച്ചാണ്‌ ആക്‌സ്‌ഡ്‌കമാനങ്ങള്‍ നിര്‍മിക്കുന്നത്‌. ഭംഗികൂടുന്നതിന്‌ ചെത്തിമിനുക്കിയ ഇഷ്‌ടികയുപയോഗിച്ച്‌ ഗേഡ്‌ജ്‌കമാനങ്ങള്‍ നിര്‍മിക്കപ്പെടുന്നു.

കല്‍കമാനങ്ങള്‍. കല്‍കമാനങ്ങളില്‍ ആഷ്‌ലര്‍ കമാനങ്ങളും കരിങ്കല്‍ കമാനങ്ങളും ഉള്‍പ്പെടുന്നു. കമാനത്തിന്റെ മധ്യത്തില്‍ വലിയ ആപ്പുകല്ലും ഇരുവശങ്ങളിലും ആപ്പുകല്ലിനോടു ചേര്‍ത്തു കൃത്യമായ അളവില്‍ വെട്ടിയെടുത്ത കമാനക്കല്ലുകളും ചാന്തുചേര്‍ത്തു യോജിപ്പിച്ചാണ്‌ ആഷ്‌ലര്‍ കമാനങ്ങള്‍ നിര്‍മിക്കുന്നത്‌. ഇതില്‍ കല്ലിന്റെ നീളമായിരിക്കും കമാനത്തിന്റെ കനം. കരിങ്കല്‍ കമാനങ്ങളില്‍ കൃത്യമായ ആകൃതിയില്ലാത്ത കരിങ്കല്ലുകള്‍ ആവശ്യത്തിനനുസരിച്ച്‌ ചാന്തുപയോഗിച്ച്‌ നിര്‍മാണം നടത്തുന്നു. ആഷ്‌ലര്‍കമാനത്തിന്‌ കരിങ്കല്‍കമാനത്തെക്കാള്‍ ഉറപ്പുകൂടുതലായിരിക്കും. നോ: ആര്‍ക്കിടെക്‌ചര്‍ (പ്രാഫ. കെ.സി. ചാക്കോ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍