This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഗോനോട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർഗോനോട്ടുകള്‍

Argonouts

ആര്‍ഗനോട്ടുകളുടെ കൂടിച്ചേരല്‍ - പെയിന്റിങ്‌

ഗ്രീക്ക്‌ ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു സംഘം വീരസാഹസികര്‍. ഗ്രീസിലെ തെസലിയിലുള്ള ഇയോല്‍ക്കസിലെ രാജാവായിരുന്നു എയിസണ്‍. അദ്ദേഹത്തിന്റെ മകന്‍ ജേസന്റെ ബന്ധുവായ അതാമസിന്‌ മേഘദേവതയായ നെഫേലയില്‍ ഫ്രിക്‌സസ്‌ എന്നും ഹെല്ലേ എന്നും രണ്ട്‌ സന്താനങ്ങള്‍ ഉണ്ടായി. പിന്നീട്‌ അതാമസ്‌ ഈനോ എന്ന സുന്ദരിയില്‍ ആകൃഷ്‌ടനായപ്പോള്‍ നെഫേല അതാമസിനെ ഉപേക്ഷിച്ചിട്ട്‌ അപ്രത്യക്ഷയായി. നെഫേലയുടെ കുട്ടികളോടു ഈനോയ്‌ക്കു വെറുപ്പുതോന്നി. കുതന്ത്രം മൂലം നാട്ടില്‍ ക്ഷാമം സൃഷ്‌ടിക്കുകയും അത്‌ ഒഴിവാക്കുവാനെന്ന വ്യാജേന ഫ്രിക്‌സസിനെ ബലികഴിക്കുവാന്‍ അതാമസിനെ പ്രരിപ്പിക്കുകയും ചെയ്‌തു. ഈ സന്ദര്‍ഭത്തില്‍ നെഫേല പ്രത്യക്ഷപ്പെട്ട്‌ തന്റെ കുട്ടികളെ രക്ഷപ്പെടുത്താനായി സ്വര്‍ണരോമങ്ങളുള്ള ഒരു ചെമ്മരിയാടിനെ അവര്‍ക്കുകൊടുത്തു. അവര്‍ അതില്‍ കയറി നാടുവിട്ടുപോയി. യാത്രാമധ്യേ ഹെല്ലേ (ഹെല്ലെസ്‌ പോണ്ഡ്‌) കടലിടുക്കില്‍ വഴുതിവീണ്‌ മൃതിയടഞ്ഞു. ഫ്രിക്‌സസ്‌ യൂക്‌സിന്‍ നദിയുടെ മറുകരയിലുള്ള കോള്‍ച്ചിസ്സിലെ അയിയ എന്ന സ്ഥലത്ത്‌ എത്തുകയും അവിടെ തന്റെ മാതാവ്‌ നല്‌കിയ ആടിനെ ബലിയര്‍പ്പിക്കുകയും അതിന്റെ സ്വര്‍ണരോമങ്ങള്‍ വൃക്ഷശിഖരത്തില്‍ തൂക്കിയിടുകയും ചെയ്‌തു. അവിടെ അത്‌ പറക്കുന്ന ഒരു സര്‍പ്പത്തിന്റെ സംരക്ഷണയിലായിരുന്നു. യഥാര്‍ഥ കിരീടാവകാശിയായ ജേസനില്‍നിന്നും പിതൃവ്യനായ പീലിയാസ്‌ സിംഹാസനം കവര്‍ന്നെടുക്കുകയും പറക്കും നാഗം സൂക്ഷിക്കുന്ന സ്വര്‍ണരോമം കൊണ്ടുവന്നാല്‍ മാത്രമേ സിംഹാസനം വിട്ടുകൊടുക്കുകയുള്ളൂ എന്ന്‌ ജേസനെ അറിയിക്കുകയും ചെയ്‌തു.

ജേസന്‍ പ്രഗല്‌ഭരായ 50 പേരെയും കൂട്ടി ഈ സാഹസികയാത്രയ്‌ക്ക്‌ പുറപ്പെട്ടു. ആര്‍ഗോസ്‌ എന്ന ദേവശില്‌പി അഥീനാദേവിയുടെ മേല്‍നോട്ടത്തില്‍ പണിത "ആര്‍ഗോ' എന്ന കപ്പലില്‍ ആയിരുന്നു അവര്‍ യാത്ര തുടര്‍ന്നത്‌. ആദ്യത്തെ യുദ്ധനൗക ഇതാണെന്ന്‌ പറയപ്പെടുന്നു. ആര്‍ഗോകപ്പലില്‍ സഞ്ചരിച്ച ഈ നാവികരായിരുന്നു ആര്‍ഗോനോട്ടുകള്‍.

ആര്‍ഗോനോട്ടുകള്‍ തങ്ങളുടെ യാത്രാവേളയില്‍ ആദ്യം എത്തിച്ചേര്‍ന്നത്‌ ലെമ്‌നോസ്‌ ദ്വീപില്‍ ആയിരുന്നു. ഇവിടെ അവര്‍ വളരെനാള്‍ താമസിച്ചു. അവിടെനിന്നും അവര്‍ ഡോലിയോണ്‍സുകളുടെ നാട്ടില്‍ എത്തി; ഇവിടെ ആര്‍ഗോനോട്ടുകള്‍ക്ക്‌ നല്ല സ്വാഗതം ലഭിച്ചു. ഇവിടെനിന്നും യാത്രതുടര്‍ന്ന ആര്‍ഗോനോട്ടുകള്‍ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ട്‌ വീണ്ടും പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചെത്തി. പക്ഷേ, ഇവര്‍ പഴയ ആര്‍ഗോനോട്ടുകള്‍ തന്നെയാണ്‌ എന്ന്‌ മനസ്സിലാക്കാതെ ഡോലിയോണ്‍സുകള്‍ അവരെ ആക്രമിക്കുകയും തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ജേസന്‍ അവിടത്തെ രാജാവായ സൈസിക്കസിനെ വധിക്കുകയും ചെയ്‌തു.‌ ‌ സൈസിക്കസിന്റെ ശവസംസ്‌കാരം യഥാവിധി നിര്‍വഹിച്ചശേഷം ആര്‍ഗോനോട്ടുകള്‍ മൈസിയയുടെ കിഴക്കേതീരം വഴി തങ്ങളുടെ യാത്ര തുടര്‍ന്നു. അവര്‍ ഹെബ്രഡ്‌സില്‍ എത്തിയപ്പോള്‍ ശുദ്ധജലത്തിനായി കരയ്‌ക്കിറങ്ങി. ഇവിടത്തെ രാജാവായ അമിക്കസ്‌ അതുവഴി പോകുന്ന എല്ലായാത്രക്കാരേയും മല്‌പിടുത്തത്തിന്‌ വെല്ലുവിളിക്കുക പതിവായിരുന്നു. ആര്‍ഗോനോട്ടുകള്‍ക്കുവേണ്ടി പോളിഡ്യൂസൈസ്‌ എന്ന ഭടന്‍ ഈ വെല്ലുവിളി സ്വീകരിക്കുകയും അമിക്കസ്സിനെ നിഗ്രഹിക്കുകയും ചെയ്‌തു. അതിനുശേഷം ആര്‍ഗോനോട്ടുകള്‍ യാത്രതുടര്‍ന്നു. യൂക്‌സിന്റെ പ്രവേശനകവാടത്തില്‍ ത്രസിന്റെ തീരത്തുള്ള സാല്‍മഡേസ്സില്‍വച്ച്‌ അവര്‍ ഫിന്യൂസ്‌ എന്ന വൃദ്ധനായ അന്ധരാജാവിനെ കണ്ടുമുട്ടി. ഹാര്‍പികള്‍ എന്ന സ്‌ത്രീരൂപത്തിലുള്ള ഒരിനം പക്ഷികള്‍ അദ്ദേഹത്തിന്റെ ഭക്ഷണം മലിനമാക്കുക പതിവായിരുന്നു. ഹാര്‍പികളില്‍നിന്നും സ്വതന്ത്രനാക്കിയതിന്റെ പ്രതിഫലമായി അദ്ദേഹം പറഞ്ഞുകൊടുത്ത വിധത്തില്‍ അവര്‍ സിംപ്ലഗഡേസില്‍, അതായത്‌, സ്യാനിയാല്‍ പാറകളുടെ ഇടയില്‍കൂടി യാത്രതുടര്‍ന്ന്‌ അവസാനം കോള്‍ച്ചിസ്സില്‍ എത്തിച്ചേര്‍ന്നു.

കോള്‍ച്ചിസ്സിലെ രാജാവായ ഈറ്റിയസ്‌ തനിക്ക്‌ ഹെഫീസ്റ്റസില്‍നിന്നും ലഭിച്ചതും തീ തുപ്പുന്നതുമായ രണ്ട്‌ കാളകളെ കലപ്പയില്‍ബന്ധിച്ച്‌ നിലം ഉഴുത്‌ വിതയ്‌ക്കുമ്പോള്‍ കിളിച്ചുവരുന്ന പറക്കുംനാഗത്തിന്റെ പല്ലുകള്‍ വിതച്ചെങ്കില്‍മാത്രമേ സ്വര്‍ണരോമങ്ങള്‍ ജേസന്‌ വിട്ടുകൊടുക്കുകയുള്ളൂ എന്ന്‌ ശഠിച്ചു. ഈറ്റിയസിന്റെ പുത്രിയും മന്ത്രവാദിനിയുമായ മീഡിയ ഇതിനിടയ്‌ക്ക്‌ ജേസനുമായി പ്രമബദ്ധയായി. അവളുടെ സഹായത്തോടുകൂടി ജേസന്‍ ഈ വ്യവസ്ഥകള്‍ പാലിച്ചു എങ്കിലും ഈറ്റിയസ്‌ സ്വര്‍ണരോമങ്ങള്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. സ്വര്‍ണരോമങ്ങള്‍ കാത്തുസൂക്ഷിച്ചുവന്ന പറക്കുംനാഗത്തെ നിദ്രാവിധേയമാക്കി സ്വര്‍ണരോമങ്ങള്‍ കൈവശപ്പെടുത്തുവാന്‍ മീഡിയ ജേസനെ സഹായിച്ചു. ജേസന്‍ സ്വര്‍ണരോമവും മീഡിയയുമായി കോള്‍ച്ചിസ്സില്‍നിന്നും രക്ഷപ്പെട്ടു. മീഡിയയോടൊപ്പം അവളുടെ സഹോദരന്‍ അബ്‌സൈര്‍ട്ടസുമുണ്ടായിരുന്നു എന്നാണ്‌ ഒരു കഥ. ഈറ്റിയസ്‌ അവരെ അനുധാവനം ചെയ്‌തു. ഈറ്റിയസിന്റെ അനുധാവനം വിളംബപ്പെടുത്തുവാനും അയാളെ അതില്‍നിന്നും പിന്തിരിപ്പിക്കുവാനുമായി അബ്‌സൈര്‍ട്ടസിനെ വെട്ടിനുറുക്കി പല കഷണങ്ങളായി കടലില്‍ എറിയുകയും ഈറ്റിയസും കൂട്ടരും ഈ കഷണങ്ങള്‍ പെറുക്കി എടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ജേസന്‍ മീഡിയയുമായി രക്ഷപ്പെടുകയും ചെയ്‌തു. അബ്‌സൈര്‍ട്ടസ്‌ മീഡിയയെ വീണ്ടെടുക്കുവാന്‍ ആര്‍ഗോ നോട്ടുകളെ അനുധാവനം ചെയ്‌തപ്പോള്‍ ജേസന്‍ അയാളെ നിഗ്രഹിക്കുകയാണുണ്ടായതെന്ന്‌ മറ്റൊരു കഥയും പ്രചാരത്തില്‍ ഉണ്ട്‌.

ആര്‍ഗോനോട്ടുകളുടെ മടക്കയാത്രയെപ്പറ്റി പല കഥകള്‍ ഉണ്ട്‌. അവര്‍ ഫാസിസ്‌ നദിയില്‍കൂടി പൂര്‍വഓഷ്യാനസില്‍ പ്രവേശിച്ചുവെന്നും അവിടെനിന്നും ഏഷ്യചുറ്റി ലിബിയയുടെ ദക്ഷിണതീരത്തേക്കും അവിടെനിന്നും ഒരു സാങ്കല്‌പികതടാകമായ ട്രിട്ടോണിസിലേക്കും അവിടെനിന്നും ഈയോല്‌ക്കസിലേക്കും സഞ്ചരിച്ചുവെന്നും പിന്‍ഡാര്‍ പറയുന്നു. ഓഷ്യാനസില്‍നിന്നും നൈല്‍നദിയിലേക്കും അതുവഴി മെഡിറ്ററേനിയനിലേക്കുമായിരുന്നിരിക്കണം അവരുടെ യാത്ര എന്ന മൈലറ്റസിലെ ഐകാറ്റ്യൂസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സോഫോക്ലിസിന്റെ അഭിപ്രായത്തില്‍ ആര്‍ഗോനോട്ടുകള്‍ കോള്‍ച്ചിസ്സിലേക്ക്‌ പോയത്‌ യൂക്‌സിന്റെ ഉത്തരതീരംവഴിയും മടങ്ങിയത്‌ അതിന്റെ ദക്ഷിണതീരം വഴിയും ആയിരുന്നു.

ഗ്രീക്ക്‌ ഇതിഹാസങ്ങളിലെ ഏറ്റവും പ്രാചീനമായ ഈ കഥ ഹോമര്‍ക്ക്‌ സുപരിചിതമായിരുന്നു. ഒഡേസിയൂസിന്റെ സഞ്ചാരങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിവരണങ്ങള്‍ ഭാഗികമായി ഇതില്‍ അധിഷ്‌ഠിതമാണ്‌. പിന്‍ഡാറിന്റെ കഥയും വളരെ പഴക്കമുള്ളതാണ്‌. ബി.സി. മൂന്നാം ശ.-ത്തിന്റെ ഒടുവിലും രണ്ടാം ശ.-ത്തിന്റെ പ്രാരംഭത്തിലുമായി ജീവിച്ചിരുന്ന അപ്പോളോണിയസ്‌ റോഡിയസ്‌ രചിച്ച ആര്‍ഗോനോട്ടിക്ക ഇന്നും ലഭ്യമാണ്‌. വ്യാപാരത്തിനും അധിനിവേശത്തിനുമായി ഗ്രീക്കുകാര്‍ യൂക്‌സിന്‍ പ്രദേശങ്ങളില്‍ നടത്തിയ യുദ്ധങ്ങള്‍ യഥാര്‍ഥ ചരിത്രസംഭവങ്ങളാണ്‌. ഈ യുദ്ധങ്ങളുടെ വര്‍ണശബളവും ഭാവനാസുന്ദരവുമായ ഒരു രൂപമാണ്‌ ആര്‍ഗോനോട്ടുകളെപ്പറ്റിയുള്ള ഗ്രീക്ക്‌ ഇതിഹാസകഥകള്‍. (ഡോ. സി.വി. ചെറിയാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍