This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിയോസയാത്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർക്കിയോസയാത്ത

Archaeocyatha

ആര്‍ക്കിയോസയാത്ത

നാമാവശേഷമായ സമുദ്രജീവികളുടെ ഒരു ഫൈലം (phylum). കാമ്പ്രിയന്‍ കല്‌പത്തില്‍ ഇവ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഇന്നു കാണപ്പെടുന്ന സ്‌പഞ്ചുകളുടെ ഒരു വകഭേദമായിരുന്നു ഇവ എന്ന്‌ ചില ശാസ്‌ത്രകാരന്മാര്‍ വിശ്വസിക്കുന്നു; പ്ലിയോസ്‌പോഞ്ചിയ (Pleospongia) എന്നാണ്‌ അവര്‍ ഇവയെ വിശേഷിപ്പിക്കുന്നത്‌. സമുദ്രത്തില്‍ ചുച്ചാമ്പുകല്ല്‌ ധാരാളമുള്ളയിടങ്ങളില്‍ ഇവ സുലഭമായിരുന്നു. "ഗാര്‍ഡ്‌ന്‍' എന്നു വിളിക്കപ്പെടുന്ന കോളനികളാണ്‌ ഇവയില്‍നിന്ന്‌ രൂപംകൊണ്ടിരുന്നത്‌; എന്നാല്‍ ഒരിക്കലും പരിപൂര്‍ണമായ ഒരു പവിഴപ്പുറ്റുനിരയ്‌ക്കു (coral reef) രൂപംകൊടുക്കാന്‍ ഇവയ്‌ക്കു കഴിഞ്ഞിരുന്നില്ല. ഓലെനെല്ലിഡുകളുടെ (Olenellidae-Trilobita) അസ്‌തമയത്തോടൊപ്പം കാമ്പ്രിയന്റെ ആദ്യഘട്ടത്തില്‍ വടക്കേ അമേരിക്കയിലും ആസ്‌ത്രലിയയിലും ആര്‍ക്കിയോസയാത്തയുടേയും വംശനാശം സംഭവിച്ചു. എന്നാല്‍ യൂറേഷ്യയില്‍ മധ്യ-കാമ്പ്രിയന്‍ വരെ ഇവ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ആ ഘട്ടത്തിനുശേഷമുള്ള പാറകളില്‍ ശ്രദ്ധിക്കപ്പെടേണ്ട മറ്റു രൂപങ്ങളൊന്നും തന്നെ കാണപ്പെട്ടിട്ടില്ല. വര്‍ഗീകരണം: സബ്‌കിംഗ്‌ഡം പാരാസോവ(Parazoa)യിലെ ഏകഫൈലമാണ്‌ ആര്‍ക്കിയോസയാത്ത; ഈ ഫൈലത്തെ മൂന്നു വര്‍ഗ(രഹമ)ങ്ങൈളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തേതായ മോണോസയാത്തിയ(Monocyathea)യില്‍ ശരീരത്തിന്‌ ഒരൊറ്റ ഭിത്തി മാത്രമുള്ള ആര്‍ക്കിയോസയാത്തകള്‍ ഉള്‍പ്പെടുന്നു; രണ്ടാമത്തെ വര്‍ഗമായ ആര്‍ക്കിയോസയാത്തിയയില്‍ ഇരട്ടഭിത്തികളുള്ള ജീവികളെയാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌; മൂന്നാമത്തെ വര്‍ഗമായ ആന്തോസയാത്തിയ(Anthoyathea)യില്‍ വരുന്ന ജീവികളുടെ കേന്ദ്രകുഹര(central cavity)ത്തിനുള്ളില്‍ നിറയെ അസ്ഥികലകള്‍ (skeletal tissues) കൊണപ്പെടുന്നു; ഈ അസ്ഥികലകള്‍ക്ക്‌ ആന്തോസോവന്‍ ജീവികളുടെ കോളുമെല്ല(columella)യോട്‌ സാദൃശ്യമുണ്ട്‌.

ആര്‍ക്കിയോസയാത്തയുടെ അസ്ഥികളെല്ലാം കാല്‍സ്യം കാര്‍ബണേറ്റ്‌ കൊണ്ടാണ്‌ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്‌. വളരെ ലോലമായ ഈ അസ്ഥികളുടെ കഷണങ്ങള്‍ വലിയ സ്‌പിക്യൂളുക (spicule)ളാണെന്ന്‌ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്‌. വ്യക്തമായ ഒരു രൂപവും ഇവയ്‌ക്ക്‌ കാണാറില്ല എങ്കിലും പുഷ്‌പകലശത്തിന്റെ ആകൃതിയിലുള്ളതാണ്‌ സര്‍വസാധാരണമായ അസ്ഥിരൂപം; സോസറിന്റെയും കോണിന്റെയും (crenulated cone) ആകൃതിയുള്ള അസ്ഥികളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. പുറമേ കാണുന്ന ഒരു കപ്പിന്റെയോ കോണിന്റെയോ ഉള്ളില്‍ ചേര്‍ത്തുവച്ചിട്ടുള്ള മറ്റൊരു കപ്പിന്റെ രൂപത്തിലാണ്‌ ഏറ്റവും ലളിതമായ ആര്‍ക്കിയോസയാത്തയുടെ ശരീരഘടന. ബാഹ്യഭിത്തി (outer wall) എന്നറിയപ്പെടുന്ന പുറത്തെ കപ്പില്‍ നിരവധി ചെറിയദ്വാരങ്ങള്‍ ഉണ്ടായിരിക്കും; ഈ കപ്പിന്റെ ആകൃതി വിവിധ ജീവികളില്‍ വ്യത്യസ്‌തമാണ്‌. നീണ്ടുകൂര്‍ത്ത ഒരു "കോണ്‍' ആകാം അത്‌; വൃത്താകാരമായ ഒരു കപ്പാകാം; കുറെക്കൂടി പരന്ന ഒരു കോണുമാകാം. വളരെ അപൂര്‍വമായി, കപ്പിനേക്കാളേറെ പരന്ന ഒരു സോസറിനു സദൃശമാകാം. ഒരു പരിച്ഛേദ(cross-section)ത്തില്‍ മിക്കവാറും അത്‌ വൃത്താകാരമായിരിക്കും. എന്നാല്‍ അണ്ഡാകാരമായോ, നിയതമായ ആകൃതി ഇല്ലാതെതന്നെയോ ഇവ കാണപ്പെടുക അപൂര്‍വമല്ല. നെടുകെയുള്ള ചില പ്ലേറ്റുകള്‍ പെറൈറ്റീസ്‌ (parieties) മുഖേന ബാഹ്യഭിത്തിയെ അകത്തെ കപ്പുമായി യോജിപ്പിച്ചിരിക്കുന്നു. അടുത്തടുത്ത പെറൈറ്റീസുകളെ തമ്മില്‍ യോജിപ്പിക്കുന്ന സൈനാപ്‌റ്റിക്കുലകള്‍ മൂലം ഇവയുടെ ഘടന കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇവയില്‍ മിക്കവാറും എല്ലാംതന്നെ സുഷിരിതമായിരിക്കും. വിവിധ വലുപ്പത്തിലുള്ളവയായിരിക്കും ഈ സുഷിരങ്ങള്‍.

ബാഹ്യഭിത്തിയോടു ചേര്‍ന്നു കാണപ്പെടുന്ന അകഭിത്തി സുഷിരിതമായിരുന്നു. ഇത്‌ മധ്യകുഹരത്തെ ചുറ്റിയാണ്‌ കാണപ്പെട്ടിരുന്നത്‌. മുകളിലേക്ക്‌ പൂര്‍ണമായി തുറന്നിരുന്ന ഈ കുഹരത്തിനുള്ളിലെ ഒരു കോശസ്‌തരമൊഴിച്ചാല്‍ ജീവനുള്ള കോശങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അപൂര്‍വം ചില ജീനസ്സുകളില്‍ മധ്യകുഹരത്തിന്റെ താഴത്തെ അറ്റം വ്യക്തമായ ആകൃതിയില്ലാത്ത ചിലതരം കോശങ്ങളാല്‍ നിറഞ്ഞിരുന്നു. രണ്ടുഭിത്തികളുടെയും ഇടയ്‌ക്കുള്ള ഇന്റര്‍വാലം (intervallum) എന്ന ഭാഗം പെറൈറ്റീസുകളാല്‍ കുറുകെ മുറിക്കപ്പെട്ടിരുന്നു. ഇന്റര്‍സെപ്‌റ്റത്തിലുള്ള എല്ലാ അസ്ഥിഭാഗങ്ങളും ജീവനുള്ള ഒരു കോശസ്‌തരത്താല്‍ ആവൃതമായിരിക്കും.

ഇവയുടെ വംശവര്‍ധനവ്‌ ലൈംഗികോത്‌പാദനത്തിലൂടെയായിരുന്നു എന്നു കരുതപ്പെടുന്നു. യഥേഷ്‌ടം നീന്തിനടക്കുന്ന ഇതിന്റെ ലാര്‍വകള്‍ കുറേനാളത്തെ സ്വതന്ത്ര ജീവിതത്തിനുശേഷം കടലിന്റെ അടിത്തട്ടില്‍ പറ്റിപ്പിടിച്ച്‌ കാല്‍സ്യം കാര്‍ബണേറ്റിന്റെ ഒരു അസ്ഥി സ്രവിപ്പിക്കുകയും അങ്ങനെ ഒരു സ്ഥാനബദ്ധജീവിതം ആരംഭിക്കുകയും ചെയ്യുന്നു. ഇന്നറിയപ്പെട്ടിട്ടുള്ള ജന്തുഫോസ്സിലുകളില്‍ ഏറ്റവും പുരാതനമാണ്‌ ആര്‍ക്കിയോസയാത്തയുടെ ഫോസ്സിലുകള്‍. മൊറോക്കോയില്‍നിന്നാണ്‌ ഇവ ഏറ്റവുമധികം കണ്ടെടുക്കപ്പെട്ടിട്ടുള്ളത്‌. വളരെയധികം വികാസം പ്രാപിച്ചിട്ടുള്ള ഒരു ജന്തുവിഭാഗത്തെയാണ്‌ ഈ ഫോസ്സിലുകള്‍ സൂചിപ്പിക്കുന്നത്‌. വളരെ ചുരുങ്ങിയ ജീവിത കാലത്തിനുള്ളില്‍തന്നെ ഏതാണ്ട്‌ സ്‌ഫോടനാങ്ങകമായ ഒരു പരിണാമചരിത്രം കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞിട്ടുള്ളവയാണ്‌ ആര്‍ക്കിയോസയാത്തകള്‍ എന്ന്‌ ഈ ഫോസ്സിലുകള്‍ തെളിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍