This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിയോപ്‌ടെറിക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർക്കിയോപ്‌ടെറിക്‌സ്‌

Archaeopteryx

ഒരു അസ്‌തമിത പക്ഷിവിഭാഗം. കാക്കയോളം വലുപ്പം ഉണ്ടായിരുന്ന ഇത്‌ 13.5 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇഴജന്തുക്കളി(Reptiles)ല്‍ നിന്നുണ്ടായ പക്ഷിപരിണാമത്തിന്റെ പ്രഥമരൂപമാണെന്നു കരുതപ്പെടുന്നു. ഇഴജന്തുക്കളുടെയും പക്ഷികളുടെയും പല സ്വഭാവവിശേഷങ്ങളും ഇവയില്‍ കണ്ടെത്താം. യൂറോപ്പിന്റെ പല ഭാഗങ്ങളില്‍നിന്നായി ഇവയുടെ വളരെ കുറച്ചു ഫോസ്സിലുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌. ബവേറിയയ്‌ക്കടുത്തുള്ള സോളനോഫന്‍ എന്ന സ്ഥലത്ത്‌ ജുറാസ്സിക്‌ കാലഘട്ടത്തിലെ ചുച്ചാമ്പുകല്ലുകള്‍ക്കിടയില്‍നിന്നാണ്‌ ആര്‍ക്കിയോപ്‌ടെറിക്‌സിന്റെ അവശിഷ്‌ടങ്ങള്‍ ലഭിച്ചിട്ടുള്ളത്‌; ആര്‍ക്കിയോപ്‌ടെറിക്‌സ്‌ മാക്രായൂറ (Archaeopteryx macroura) എന്ന ശാസ്‌ത്രനാമത്തിലാണ്‌ ഫോസ്സിലുകള്‍ക്ക്‌ രൂപംകൊടുത്ത ആര്‍ക്കിയോപ്‌ടെറിക്‌സ്‌ അറിയപ്പെടുന്നത്‌.

ആധുനികപക്ഷികളില്‍നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു ആര്‍ക്കിയോപ്‌ടെറിക്‌സ്‌. ശരീരത്തില്‍ തൂവലുകളും ശല്‌ക്കാവൃതമായ നീണ്ട കഴുത്തില്‍ ഉരഗങ്ങളുടേതിനോട്‌ സാദൃശ്യംവഹിക്കുന്ന തലയും താടിയെല്ലില്‍ സൂചിപോലെ കൂര്‍ത്ത പല്ലുകളും ഉണ്ടായിരുന്നു. നീളം കൂടിയ വാല്‍ നട്ടെല്ലിന്റെ തുടര്‍ച്ചയായിരുന്നു. ഇതിലെ ഓരോ കശേരുകയിലും രണ്ടു തൂവല്‍വീതം സമ്മുഖമായിരുന്നു. മുന്‍കാലുകള്‍ തൂവല്‍കൊണ്ട്‌ മൂടപ്പെട്ടിരുന്നതിനാല്‍ അവ ചിറകുകളായിരുന്നുവെന്നു കരുതാം. എന്നാല്‍ ഇതില്‍ നഖങ്ങളോടുകൂടിയ മൂന്ന്‌ വിരലുകള്‍ വീതം ഉണ്ടായിരുന്നു. പക്ഷികളുടെ "ഉരഗപൂര്‍വിക'രിലേക്കു വിരല്‍ചൂണ്ടുന്നവയാണ്‌ തൂവലുകളൊഴിച്ചുള്ള ഇവയുടെ സ്വഭാവവിശേഷതകളെല്ലാം; അതുകൊണ്ട്‌ ഇവയെ പക്ഷികളില്‍ "പ്രാഥമികരായി' കണക്കാക്കി ആര്‍ക്കിയോപ്‌ടെറിജിഫോര്‍മിസ്‌ എന്ന പക്ഷിവര്‍ഗത്തില്‍പ്പെടുത്തിയിരിക്കുന്നു.

പക്ഷികളുടെ ചില സ്വഭാവങ്ങളും ഇവയ്‌ക്കുണ്ടായിരുന്നു. പെല്‍വിസിലെ (pelvis)അസ്ഥികള്‍ കൂടിച്ചേരാതെ സ്വതന്ത്രമായിനിന്നിരുന്നു. "കീല്‍' (keel) ഉള്ള വക്ഷാസ്ഥി(sternum)യും പിന്‍കാലുകളും ഇന്നത്തെ പക്ഷികളുടേതുപോലെ തന്നെ. വര്‍ഗവര്‍ധനവ്‌ മുട്ടയിടുന്നതിലൂടെയായിരുന്നു എന്നതും മറ്റൊരു സാദൃശ്യമത്ര. തറയിലും വൃക്ഷങ്ങളിലും ഒരുപോലെ സഞ്ചരിക്കാന്‍ ഇവയ്‌ക്ക്‌ കഴിയുമായിരുന്നു എന്നു കരുതുന്നതിന്‌ സഹായകമാണ്‌ പിന്‍കാലിലെ ഒരു വിരല്‍ പുറകോട്ടു മാറിക്കാണുന്നത്‌.

യു.എസ്സിലെ പശ്ചിമ കാന്‍സസില്‍നിന്നും കിട്ടിയിട്ടുള്ള ഇക്തിയോര്‍ണിസിനും മറ്റൊരു പ്രാഥമിക ജീനസ്സായ ആര്‍ക്കിയോര്‍ണിസിനും ആര്‍ക്കിയോപ്‌ടെറിക്‌സിനോടുള്ള സാദൃശ്യം ശ്രദ്ധേയമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍