This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിടെക്‌ചർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:52, 7 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആർക്കിടെക്‌ചർ

Architecture

കെട്ടിടനിർമാണത്തിന്റെ കലയും ശാസ്‌ത്രവും അടങ്ങുന്ന വിജ്ഞാനശാഖ. ഉപയോഗവും സൗകര്യവും സൗന്ദര്യവും നിർമാണത്തിൽ ഇണക്കിക്കൊണ്ടുപോകുകയാണ്‌ വാസ്‌തുവിദ്യ(architecture)യുടെ പ്രധാനധർമം. കെട്ടിടത്തിന്റെ പ്രാരംഭസംവിധാനം മുതൽ നിർമാണം തീരുന്നതുവരെ വൈവിധ്യവും വൈദഗ്‌ധ്യവും ആവശ്യമുള്ള വിവിധതരം പ്രവൃത്തികള്‍ സമന്വയിക്കുക വാസ്‌തുവിദ്യയിൽ അനുപേക്ഷണീയമാണ്‌. വാസ്‌തുശില്‌പി (Architect) ആണ്‌ ഈ സമന്വയം സാധിക്കുന്നത്‌.

ചരിത്രം

നവീനശിലായുഗകാലത്തെ ഒരു വാസസ്ഥലം-സ്‌കാറാബ്ര (സ്‌കോട്ട്‌ലന്‍ഡ്‌)

സുരക്ഷിതത്വവും ബലവും നല്‌കാനുള്ള ഉദ്ദേശ്യത്തോടെ സംരചനാപ്രശ്‌നങ്ങള്‍ക്ക്‌ അനുയോജ്യമായ പ്രതിവിധി കാണുന്ന ഇന്നത്തെ സിവിൽ എന്‍ജിനീയറുടെയും സംരചനയ്‌ക്ക്‌ കലാപരമായ സൗന്ദര്യവും ഉപയോഗവും വർധിപ്പിക്കാനുതകുന്നരീതിയിൽ സംവിധാനം ക്രമീകരിക്കുന്ന ആധുനിക വാസ്‌തു ശില്‌പിയുടെയും പല ഗുണങ്ങളും കഴിവുകളും ഒത്തിരുന്ന ആളായിരുന്നു പുരാതനകാലത്തെ വാസ്‌തുശില്‌പി. എന്നാൽ 19-ാം ശ.-ത്തിന്റെ ആരംഭത്തോടെ ആർക്കിടെക്‌ചറും സിവിൽ എന്‍ജിനീയറിങ്ങും രണ്ടു വിജ്ഞാനശാഖകളായി വേർതിരിയുകയും വാസ്‌തുവിദ്യ (architecture) കെട്ടിടനിർമാണകലയിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്‌തു. സങ്കീർണതയും വൈവിധ്യവും അധികമായ രീതിയിലുള്ള കെട്ടിടങ്ങള്‍ ആവശ്യമായതോടെ വാസ്‌തുവിദ്യ പൂർവാധികം പരിപുഷ്‌ടമായ വിജ്ഞാന ശാഖയായി വളർന്നു കഴിഞ്ഞു. വാസ്‌തുവിദ്യയിൽ ഓരോ കാലഘട്ടത്തിലും അതതു സംസ്‌കാരത്തിന്റെ പ്രത്യേകതകള്‍ പ്രതിഫലിപ്പിക്കുന്ന ശൈലികളാണ്‌ പ്രചരിച്ചിരുന്നത്‌. ഭിന്നസംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന അമൂല്യങ്ങളായ കലാരൂപങ്ങളിൽ പലതും വാസ്‌തുവിദ്യയുടെ സംഭാവനകളാണ്‌. സമ്പത്‌ സമൃദ്ധി, കെട്ടുറപ്പുള്ള സാമൂഹ്യഘടന, നിർമാണ പദാർഥങ്ങളുടെ ലഭ്യത, സാങ്കേതികജ്ഞാനം എന്നിവയെല്ലാം ഒത്തിണങ്ങിയ സംസ്‌കാരങ്ങള്‍ വാസ്‌തുവിദ്യയെ തികച്ചും പുഷ്‌ടിപ്പെടുത്തിയിട്ടുണ്ട്‌. ഏറ്റവും പഴക്കമുള്ള വാസ്‌തുശില്‌പങ്ങള്‍ കാണപ്പെടുന്നത്‌ ഈജിപ്‌തിലും മെസപ്പൊട്ടേമിയയിലും ആണ്‌. നിഗൂഢവും സർവാദരണീയവുമായിരുന്ന മതം നിർമാണപ്രക്രിയയിൽ ആവേശം പകർന്നതിന്റെ ഫലമായുണ്ടായതാണ്‌ ഈജിപ്‌തിലെ പിരമിഡുകളും ദേവാലയങ്ങളും. അവിടെ കരിങ്കല്ലും ചുച്ചാമ്പുകല്ലും നിർമാണസാമഗ്രികളായി ഉപയോഗിക്കപ്പെട്ടിരുന്നു. തൂണുകളും തുലാങ്ങളും ചേർന്ന ഏറ്റവും ലളിതമായ നിർമാണരീതിയാണ്‌ കെട്ടിടങ്ങള്‍ക്ക്‌ അവർ സ്വീകരിച്ചിരുന്നത്‌.

ഇഷ്‌ടികകള്‍കൊണ്ട്‌ കമാനങ്ങള്‍ ഉണ്ടാക്കുന്ന രീതിയാണ്‌ മെസപ്പൊട്ടേമിയയിൽ പ്രചാരത്തിലിരുന്നത്‌. ഇഷ്‌ടികച്ചുവരുകള്‍ മോടിപിടിപ്പിക്കുന്നതിന്‌ വെങ്കളിതേക്കലും വെങ്കളിയിൽ അലങ്കാരപ്പണി ചെയ്യലും ആദ്യമായി ആരംഭിച്ചത്‌ ഇവിടെയായിരിക്കണം. ഈ രീതി പിന്നീട്‌ മധ്യേഷ്യയിലാകെ പ്രചരിക്കുകയുണ്ടായി.

നിർമാണപദാർഥങ്ങള്‍ വാസ്‌തുവിദ്യാശൈലിയെ സ്വാധീനിക്കുമെന്നതിന്‌ ധാരാളം ഉദാഹരണങ്ങളുണ്ട്‌. പുരാതന ചൈനയിലെ മുഖ്യ നിർമാണവസ്‌തു തടിയായിരുന്നു. ഇന്ത്യയിൽ ശിലയുടെ ഉപയോഗം നിർമാണത്തിന്‌ കരുത്തും സ്ഥിരതയും നല്‌കിയിട്ടുണ്ട്‌. പാറ തുരന്നുണ്ടാക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌.

ആദ്യകാലത്ത്‌ ഗ്രീസിലെ നിർമാണവസ്‌തു തടിയായിരുന്നു. ഭാരതീയ വാസ്‌തുവിദ്യയ്‌ക്ക്‌ ഇല്ലാത്ത ലാളിത്യം പുരാതനഗ്രീസിലെ ക്ഷേത്രങ്ങളിൽ കാണുന്നുണ്ട്‌. പിന്നീട്‌ ശിലകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ദാരുശില്‌പത്തിന്റെ ശൈലിയിലാണ്‌ നിർമാണം നടന്നത്‌. ഗ്രീക്ക്‌ ശൈലി ഉചിതമായ അനുപാതം (Proportion) കൊണ്ട്‌ സന്തുലിത(Balanced)മാണ്‌. ഒന്നാംതരം കലാസൃഷ്‌ടികളായിട്ടാണ്‌ ഗ്രീസിലെ സ്‌മാരകമന്ദിരങ്ങള്‍ കണക്കാക്കപ്പെടുന്നത്‌. ഗ്രീക്കുശൈലി പിന്നീട്‌ ഏഷ്യയിലും യൂറോപ്പിലും വ്യാപിച്ചു. റോമാക്കാർ ദേവാലയങ്ങള്‍ക്കുപുറമേ കൊട്ടാരങ്ങള്‍, മന്ദിരങ്ങള്‍, സ്‌നാനഗൃഹങ്ങള്‍, വിനോദശാലകള്‍, രംഗമണ്ഡപങ്ങള്‍, ജലവിതരണമാർഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉതകുന്നവിധം നിർമാണപ്രവർത്തനങ്ങള്‍ വിപുലമായി നിർവഹിച്ചു. കോണ്‍ക്രീറ്റ്‌ ആദ്യമായുപയോഗിച്ചത്‌ അവരാണ്‌. ഇഷ്‌ടിക മുതലായ നിർമാണഘടകങ്ങള്‍ പ്രയോജനപ്പെടുത്തിയും കമാനതത്വം ഉപയോഗിച്ച്‌ കുംഭകങ്ങള്‍ നിർമിച്ചതും വാസ്‌തുവിദ്യയെ പരിപോഷിപ്പിച്ചതും അവർ തന്നെ. ഈ തത്ത്വങ്ങള്‍ പില്‌ക്കാലത്ത്‌ മുസ്‌ലിം-ക്രസ്‌തവശൈലികളെ സ്വാധീനിച്ചിട്ടുണ്ട്‌.

12-ാം ശ.-ത്തോടെയാണ്‌ സംരചനാ (Structure) സിദ്ധാന്തങ്ങളുടെ പ്രയോഗംമൂലം യാഥാസ്ഥിതികശൈലിയിൽ മാറ്റം വന്നത്‌. കെട്ടിടത്തിന്റെ ഭാരവ്യാപനരീതി മനസ്സിലാക്കിയതിന്റെ ഫലമായി ഗോഥിക്‌ശൈലി രൂപംകൊണ്ടു. വിൽവളവുവച്ച മേല്‌പുരകള്‍, ഇവയുടെ ഭാരം തൂണുകളിലേക്ക്‌ വ്യാപിപ്പിക്കാനുള്ള കമാനങ്ങള്‍, തൂണുകളെ ബലപ്പെടുത്തുന്ന മുട്ടുതൂണ്‍ എന്നിവ ഉപയോഗിച്ച്‌ വിശാലമായ പള്ളികളും കൊട്ടാരങ്ങളും ഗോഥിക്‌ ശൈലിയിൽ നിർമിക്കപ്പെട്ടു. 13-ാം ശ.-ത്തോടെ ഈ ശൈലി യൂറോപ്പിലാകെ പ്രചരിച്ചു.

ഗ്രീസിലും റോമിലും നിലനിന്ന പൗരാണികശൈലിയിലേക്കുള്ള തിരിച്ചുപോക്കാണ്‌ നവോത്ഥാനകാലത്തെ വാസ്‌തുവിദ്യയിലും ദൃശ്യമായത്‌. ചിത്രം, ശില്‌പം, വാസ്‌തുവിദ്യ എന്നീ മൂന്നു കലാവിദ്യകളും സമന്വയിപ്പിച്ച്‌ ഈ കാലഘട്ടം അതീവസുന്ദരങ്ങളായ വാസ്‌തുശില്‌പങ്ങള്‍ കാഴ്‌ചവച്ചിട്ടുണ്ട്‌. പക്ഷേ, പില്‌ക്കാലങ്ങളിൽ അർഥശൂന്യവും ജടിലവുമായ അലങ്കാരം വഴി കെട്ടിടങ്ങള്‍ക്കു മോടിപിടിപ്പിക്കുന്ന ഒരേർപ്പാടായി ഇവ അധഃപതിച്ചു. 18-ാം ശ.-ത്തോടെ വാസ്‌തുവിദ്യയുടെ തത്ത്വസംഹിതയിൽ അടിസ്ഥാനപരമായ മാറ്റം വന്നു. കോണ്‍ക്രീറ്റ്‌, ഉരുക്ക്‌ മുതലായ വസ്‌തുക്കള്‍ പുതിയ നിർമാണരീതികള്‍ ആവശ്യമാക്കി. ആന്തരികോദ്ദേശത്തിന്‌ നിരക്കാത്ത വിധം കെട്ടിടത്തിന്റെ ബാഹ്യരൂപം മോടിപിടിപ്പിക്കുന്നത്‌ അർഥശൂന്യമായി തോന്നിത്തുടങ്ങി. വാസ്‌തുവിദ്യയുടെ കലാംശവും സാങ്കേതികാംശവും തമ്മിലുള്ള ഈ സംഘട്ടനത്തിൽ സാങ്കേതികാംശമാണ്‌ ജയിച്ചത്‌. നിർമാണത്തിനുള്ള വസ്‌തുക്കളുടെയും രീതിയുടെയും കെട്ടിടത്തിന്റെ ഉദ്ദേശ്യത്തിന്റെയും സ്വാഭാവികമായ പ്രകടനമായിരിക്കണം ബാഹ്യരൂപത്തിൽ പ്രത്യക്ഷമാകേണ്ടത്‌ എന്നതാണ്‌ ആധുനികശൈലിയുടെ കാഴ്‌ചപ്പാട്‌. സംരചനയിലെ കലാങ്ങകത പുനഃസ്ഥാപിക്കുകയാണ്‌ ആധുനികശില്‌പികള്‍ ചെയ്യുന്നത്‌. മീസ്‌വാന്‍ഡർറോ, ഫ്രാന്‍ക്‌ ലോയ്‌ഡ്‌ റൈറ്റ്‌, വാള്‍ട്ടർ ഗ്രാപ്പിയസ്‌, ലീകാർബൂസിയർ എന്നീ ശില്‌പികളാണ്‌ ഈ പ്രവണതയുടെ പ്രണേതാക്കള്‍. പൊതുവായി സ്വീകരിക്കാവുന്ന ഒരു പ്രത്യേകശൈലി ആധുനികവാസ്‌തുവിദ്യയിലില്ല. വാസനാസമ്പന്നരായ വാസ്‌തുശില്‌പികള്‍ സ്വാഭാവികമായി നടത്തുന്ന സൃഷ്‌ടികളുടെ ആകെത്തുകയാണ്‌ ആധുനികശൈലി. സാങ്കേതിക കലാരംഗങ്ങളിൽ കാണുന്ന നവീനപ്രവണതകളുടെ സമന്വയമാണ്‌ ഇവിടെയും കാണുന്നത്‌. ഇതിന്‌ വ്യക്തമായ നിയമങ്ങളോ തത്വങ്ങളോ ഇല്ല. (നോ: ആധുനിക വാസ്‌തുവിദ്യ) വാസ്‌തുവിദ്യയെ മറ്റു നിർമാണങ്ങളിൽനിന്ന്‌ വേർതിരിക്കുന്ന ഘടകങ്ങള്‍ ഇവയാണ്‌; (1) വാസ്‌തുവിദ്യ മനുഷ്യന്റെ വിവിധ പ്രവൃത്തികള്‍ക്ക്‌ ഉപയുക്തമായിരിക്കണം; (2) സംരചനയിൽ ആശയങ്ങളുടെ പ്രതീകാങ്ങകമായ ആകാരവ്യവസ്ഥിതി പ്രകടമായിരിക്കണം; (3) സംരചന, നിർമാണവസ്‌തുക്കളുടെയും നിർമാണ രീതികളുടെയും ആകുന്നത്ര ശുദ്ധമായ പ്രകടനമായിരിക്കണം.

മെസപ്പൊട്ടേമിയന്‍ കാലത്തെ പോസിഡോണ്‍ ക്ഷേത്രം

ഈ ഘടകങ്ങള്‍ ഒത്തിണങ്ങിയാലേ വാസ്‌തുവിദ്യയാകൂ. ഇവയിൽ ഒന്നും രണ്ടും ഘടകങ്ങള്‍ ഓരോ കാലഘട്ടത്തിലെ പ്രത്യേക സമുദായവ്യവസ്ഥയെയും സാങ്കേതിക വികസനത്തെയും സാമൂഹികമൂല്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പ്രായേണ, മാറിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണിവ. വാസ്‌തുവിദ്യയുടെ പ്രായോഗികവും വ്യക്തിത്വപ്രകാശകവും ആയ വശങ്ങളെ ബാധിക്കുന്നവയാണ്‌ ഇവ.

പൗരാണിക ഗൃഹങ്ങളുടെ മാതൃകകള്‍

എല്ലാ നിർമാണങ്ങളിലും മേല്‌പറഞ്ഞ രണ്ടുവശങ്ങള്‍ പ്രകടമാണ്‌. വ്യവസായശാലയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്‌ വാസ്‌തുവിദ്യയുടെ പ്രായോഗികമായ വശമാണ്‌. സ്‌മാരകമന്ദിരത്തിലാകട്ടെ പ്രായോഗികാംശം വ്യക്തിത്വദ്യോതകാംശത്തിന്‌ പൂർണമായി വഴിമാറുന്നു. സഭാമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും ഈ രണ്ടു വശങ്ങളും ഒരുപോലെ ഒത്തിണങ്ങണം.

പ്രയോജനം

പ്രയോജനത്തെ ആസ്‌പദമാക്കി സംരചനകളെ താഴെപറയുന്നപ്രകാരം വിഭജിക്കാം:

ഭവനം

വ്യക്തി, കുടുംബം, ഗോത്രം എന്നീ സാമൂഹികഘടകങ്ങള്‍ക്ക്‌ പ്രകൃതിശക്തികളിൽനിന്നും സുരക്ഷിതത്വം നേടാന്‍ വേണ്ടുന്ന സങ്കേതമാണ്‌ ഭവനം. ജോലിചെയ്യാനും കളിക്കാനും ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനും ഉറങ്ങാനും വേണ്ട സൗകര്യങ്ങള്‍ ഭവനത്തിൽ ആവശ്യമാണ്‌. ഇതിനെല്ലാം അനുയോജ്യമായ ഭവനമാതൃക പുരാതനകാലത്തുതന്നെ രൂപംകൊണ്ടിട്ടുണ്ട്‌. ഈ പ്രാകൃതരൂപത്തിന്റെ തുടർച്ചയാണ്‌ ഭവനനിർമാണത്തിൽ ഇന്നും പൊതുവേ കാണുന്നത്‌, പ്രത്യേകിച്ചും ഗ്രാമങ്ങളിൽ. എന്നാൽ കാലക്രമേണ നവീകരണങ്ങളും മാറ്റങ്ങളും വഴി ഈ നിർമാണത്തിൽ ആധുനിക പ്രവണതകള്‍ സ്ഥാനം പിടിക്കുന്നുണ്ട്‌. ഭവനനിർമാണം പലപ്പോഴും ഈ ആവശ്യങ്ങളിൽ മാത്രമായി ഒതുങ്ങി നില്‌ക്കുന്നില്ല. സാമുദായികവും സാമ്പത്തികവും ആയ സ്ഥാനമാനങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരുപാധിയായിട്ടുകൂടി ഭവനങ്ങള്‍ പലപ്പോഴും കണക്കാക്കപ്പെടുന്നുണ്ട്‌. എല്ലാ സമൂഹങ്ങളിലും ഈ ശക്തിപ്രകടനം പ്രത്യക്ഷമാണ്‌. വീട്ടിലെ അലങ്കാരങ്ങളും സൗകര്യങ്ങളും അതു നിർമിക്കുന്ന വ്യക്തിയുടെ ആവശ്യത്തെക്കാളുപരി അവിടെ വരുന്ന ആളുകളിൽ ബഹുമാനം ജനിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാകാം; കൂടാതെ ഉന്നതവ്യക്തികളുടെ വീടുകള്‍ സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായും പ്രയോജനപ്പെടുത്താറുണ്ട്‌. കൊട്ടാരങ്ങളിലും രാജധാനികളിലും ഭരണാവശ്യത്തിനുള്ള സൗകര്യങ്ങള്‍കൂടിയുണ്ട്‌. ഫ്രാന്‍സിലെ ലൂയി തകഢ-ന്റെ വേഴ്‌സയിൽസ്‌ കൊട്ടാരം ആയിരക്കണക്കിനു ജനങ്ങള്‍ ജീവിക്കുന്ന ഒരു നഗരംപോലെയായിരുന്നു.

അടിമകളെ താമസിപ്പിച്ചിരുന്ന ഭവനങ്ങള്‍-ഈജിപ്‌ത്‌

സുരക്ഷിതത്വത്തിനുവേണ്ടി വീടുകള്‍ ഒന്നിച്ചുചേർത്ത്‌ നിർമിക്കുന്ന രീതിയിൽനിന്നാണ്‌ സമൂഹഭവനങ്ങള്‍ രൂപംകൊണ്ടത്‌. ഭവനനിർമാണത്തിലെ ഈ മാതൃക ചരിത്രാതീതകാലം മുതൽക്കേ കാണാം. ഈജിപ്‌തിൽ ഇല്ലാഹ്യൂന്‍ പിരമിഡിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന അടിമകളെ കാഹൂന്‍ എന്ന സ്ഥലത്ത്‌ സമൂഹഭവനങ്ങളിലാണ്‌ താമസിപ്പിച്ചിരുന്നത്‌; റോമിലെ സൈനിക ക്യാമ്പുകളും സൈനികനഗരങ്ങളും മറ്റുദാഹരണങ്ങളാണ്‌. ആധുനികയുഗത്തിലെ സമൂഹഭവനങ്ങള്‍ നഗരവത്‌കരണത്തിന്റെ ഫലമായുണ്ടായതാണ്‌. നഗരങ്ങളിലെ ഭവനക്ഷാമം, ഭൂമിയുടെ ക്രമാതീതമായ വില എന്നിവയാൽ ഒറ്റപ്പെട്ട വീടുകള്‍ക്കുപകരം സമൂഹഭവനങ്ങള്‍ ആവശ്യമായിത്തീരുന്നു. ഗൃഹശ്രണികളും അംബരചുംബികളായ ഫ്‌ളാറ്റുകളും സമൂഹത്തിന്റെ ആവശ്യമായിത്തീർന്നതോടെ വാസ്‌തുവിദ്യ സമുചിതമായി വികസിക്കുകയുണ്ടായി.

മതപരം

ദേശകാലഭേദമനുസരിച്ച്‌ മതവിശ്വാസങ്ങളും ചടങ്ങുകളും വിഭിന്നങ്ങളായതിനാൽ മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ നിർമാണത്തിൽ ഐകരൂപ്യം ദർശിക്കുക പ്രയാസമാണ്‌. സൗകര്യാർഥം ഇവയെ മൂന്നായി തരംതിരിക്കാം: a. ആരാധനാസ്ഥലങ്ങള്‍ക്കാണ്‌ മതപരമായ വാസ്‌തുശില്‌പങ്ങളിൽ മുഖ്യസ്ഥാനം. ഓരോ മതത്തിലെയും വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി ഈ നിർമാണങ്ങള്‍ വ്യക്തിഗതമായ ആരാധനയ്‌ക്കോ സാമൂഹികാരാധനയ്‌ക്കോ അനുയോജ്യമായിരിക്കും. കാലക്രമേണ ഈ ആരാധനാസ്ഥലങ്ങളോടനുബന്ധിച്ച്‌ പുരോഹിതന്മാർക്കുള്ള വസതികള്‍, മതവിദ്യാഭ്യാസത്തിനുള്ള ശാലകള്‍, സഭാമന്ദിരങ്ങള്‍ എന്നിവ ആവശ്യമായി വന്നേക്കാം. വൈവിധ്യമാർന്ന ഇത്തരം പ്രവൃത്തികള്‍ക്ക്‌ സൗകര്യപ്പെടുന്നവിധം ദേവാലയങ്ങള്‍ നിർമിക്കുന്നതോടെ അതിന്റെ വാസ്‌തുവിദ്യയിലും സങ്കീർണത കൈവരുന്നു.

b. മതപ്രവാചകരുടെയോ മഹാന്മാരുടെയോ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കാലക്രമേണ ആരാധനാസ്ഥലങ്ങളായി മാറിയെന്നുവരാം. ഇവിടങ്ങളിൽ സ്‌മാരകമന്ദിരങ്ങളും ആവശ്യമാകും. പുരാണേതിഹാസങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ഭാരതത്തിലെ എല്ലാ പുണ്യക്ഷേത്രങ്ങളും. ബൗദ്ധസ്‌തൂപങ്ങളുള്ളിടമെല്ലാം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്‌. മറ്റു മതങ്ങളിലും ഈ പ്രവണത ദൃശ്യമാണ്‌.

ബോരൊബുദർ ബുദ്ധക്ഷേത്രം
താജ്‌മഹൽ

c. പരേതസ്‌മരണയ്‌ക്കായി നിർമിക്കുന്ന കെട്ടിടങ്ങള്‍ക്കും മതപരമായ പ്രാധാന്യമുണ്ട്‌. കല്ലുകള്‍ കൂട്ടിവച്ച്‌ പടുത്തുയർത്തിയ പിരമിഡുകള്‍ മുതൽ വെച്ചക്കല്ലിൽ പണികഴിപ്പിച്ച താജ്‌മഹൽ വരെയുള്ള സംരചനകളിൽ കാണിച്ചിട്ടുള്ള അതീവശ്രദ്ധ അവയെ നല്ല വാസ്‌തുശില്‌പങ്ങളാക്കിത്തീർത്തു. പക്ഷേ, ഇവയിൽ പ്രയോജനത്തെക്കാള്‍ പ്രകടനാങ്ങകതയാണ്‌ കൂടുതലുള്ളത്‌. ആധുനികവാസ്‌തുവിദ്യയിൽ മതപരമായ നിർമാണങ്ങള്‍ക്കു പ്രാധാന്യം വളരെ കുറവാണ്‌. എങ്കിലും ദേവാലയങ്ങളുടെ നവീകരണവും നിർമാണവും സംബന്ധിച്ച വെല്ലുവിളി ആധുനികവാസ്‌തുശില്‌പികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ആധുനികശൈലിയിൽ തീർത്ത ഇത്തരം നിർമാണങ്ങളിലും മതത്തിന്റെ പ്രതീകാങ്ങകത സ്‌പഷ്‌ടമായി കാണാന്‍ കഴിയും.

ഭരണപരം

യു.എന്‍. ആസ്ഥാനമന്ദിരം

വിഭിന്ന രാഷ്‌ട്രീയ വ്യവസ്ഥകള്‍ക്ക്‌ അനുയോജ്യമായവിധം വാസ്‌തുവിദ്യയിൽ വ്യത്യസ്‌തമായ ശൈലികള്‍ പ്രകടമാണ്‌. രാജകീയഭരണവ്യവസ്ഥയിൽ കൊട്ടാരങ്ങള്‍ വലുപ്പവും പ്രൗഢിയും ഉള്ളവയായിരിക്കും. ജനാധിപത്യം നിലവിലിരുന്ന പുരാതന ഗ്രീസിൽ സഭാമന്ദിരങ്ങള്‍ ലളിതസുന്ദരങ്ങളായിരുന്നു. റോമിലെ ഭരണകൂടം കോടതികള്‍ക്കും നിയമസഭകള്‍ക്കും പ്രാധാന്യം കൊടുത്തപ്പോള്‍ മധ്യകാലഘട്ടത്തിലെ വ്യാപാരനഗരങ്ങളിൽ ശ്രണീഭവനങ്ങളാണ്‌ മുന്നിട്ടുനിന്നത്‌. ആധുനിക യുഗത്തിൽ ഓരോ രാജ്യവും തങ്ങളുടെ ഭരണകൂടത്തിന്റെ ആസ്ഥാനം രാഷ്‌ട്രീയഘടനയുടെ പ്രതീകമായി നിർമിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്‌. സങ്കീർണമായ ആവശ്യങ്ങള്‍ക്കെല്ലാംകൂടി അനുയോജ്യമായ ഒരു സംവിധാനമാതൃക ആവിഷ്‌കരിക്കുക എളുപ്പമല്ല. ന്യൂയോർക്കിലെ യു.എന്‍. സൗധങ്ങളും ഇന്ത്യയിൽ ചണ്ഡീഗഢ്‌ നഗരത്തിലെ ഭരണമേഖലയിൽപ്പെട്ട കെട്ടിടങ്ങളും മറ്റും ഇത്തരം നിർമാണങ്ങളുടെ വാസ്‌തുവിദ്യയ്‌ക്ക്‌ ഉത്തമോദാഹരണങ്ങളായെടുക്കാം.

വിനോദം

വിനോദത്തെ പൊതുവേ ക്രിയാപ്രധാനമെന്നും കേവലമെന്നും വിശേഷിപ്പിക്കാം; പന്തയക്കളികള്‍, കായികാഭ്യാസമത്സരങ്ങള്‍, നടനം, നൃത്തനൃത്യങ്ങള്‍ എന്നിവ ആദ്യത്തെ ഇനത്തിൽപ്പെടും. സംഗീതാസ്വാദനം, വായന മുതലായ വിനോദവൃത്തികള്‍ രണ്ടാമത്തെ ഇനത്തിലും. ക്രിയാപ്രധാനമായ വിനോദങ്ങള്‍ക്ക്‌ ഓരോന്നിനും ഉതകുന്നവിധം സൗകര്യമായ സ്ഥലം ആവശ്യമാണ്‌. ക്രിയാപ്രധാനമല്ലാത്ത വിനോദങ്ങള്‍ക്കാകട്ടെ സുഖകരമായി ഇരിക്കാനും കാണാനും കേള്‍ക്കാനും ഉള്ള ഏർപ്പാടുകള്‍ മാത്രമേ വേണ്ടൂ. വിനോദോന്മുഖംമാത്രമായ വാസ്‌തുവിദ്യയ്‌ക്ക്‌ എല്ലാ കാലഘട്ടങ്ങളിലും ഒരു പൊതുരൂപം കാണാം; ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ നാട്യശാലകളാണ്‌. ആദ്യകാലത്ത്‌ ക്ഷേത്രങ്ങളിലാണ്‌ നൃത്തനാട്യങ്ങള്‍ വളർന്നു പുഷ്‌ടിപ്പെട്ടത്‌. പില്‌ക്കാലത്ത്‌ ഇവയ്‌ക്കായി പ്രത്യേക നാട്യശാലകള്‍ ഉണ്ടായി. ഇന്ന്‌ സാധാരണമായിത്തീർന്നിട്ടുള്ള തിയെറ്ററുകളുടെ ആരംഭം ഗ്രീസിലെ കുന്നിന്‍ചരിവുകളിൽ ഉയർന്ന നാട്യശാലകളിൽനിന്നാണ്‌. 17-ാം ശ.-ത്തോടടുപ്പിച്ച്‌ യൂറോപ്പിൽ നാടകം, ബാലേ, സമൂഹനൃത്തം എന്നീ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ നാട്യശാലകള്‍ പ്രധാനപ്പെട്ട വാസ്‌തുശില്‌പങ്ങളായി. ചലച്ചിത്രത്തിന്റെ ആരംഭം തിയെറ്ററുകളുടെ സംവിധാനത്തിലും നിർമാണത്തിലും പുരോഗതി വരുത്തി. തിയെറ്ററുകളിലെ ശബ്‌ദവും വെളിച്ചവും ശീതോഷ്‌ണാവസ്ഥയും നിയന്ത്രിക്കുവാന്‍ ഇന്നു സാധ്യമാണ്‌.

മ്യൂസിയം, ഗ്രന്ഥശാലകള്‍ ഇവയ്‌ക്ക്‌ പ്രത്യേക വാസ്‌തുവിദ്യകളുണ്ട്‌. അക്രാപോലിസ്‌, റോമന്‍ എഫിസസ്‌ ഫ്‌ളോറന്‍സിലെ ബിബ്ലിയോതെക്കാ മെഡിസിയോ ലാറെന്‍സിയാനാ, ബ്രിട്ടിഷ്‌ മ്യൂസിയം എന്നീ സ്ഥാപനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. മത്സരക്കളികള്‍ക്കുവേണ്ടി നിർമിക്കപ്പെട്ട ഏറ്റവും വിശിഷ്‌ടമായ ഒരു വാസ്‌തുവിദ്യാശില്‌പമാണ്‌ പുരാതന റോമിലെ കൊളോസിയം. ഇന്നത്തെ ഒളിമ്പിക്ക്‌ സ്റ്റേഡിയങ്ങള്‍ അതിന്റെ രൂപഭേദങ്ങള്‍ മാത്രമാണെന്നു പറയാം.

കേവലവിനോദങ്ങളെ ലാക്കാക്കിയുള്ള വാസ്‌തുവിദ്യാ മാതൃകകള്‍ കൗതുകാഗാരങ്ങളിലും സ്‌നാനഗൃഹങ്ങളിലും പുസ്‌തകശാലകളിലും കാണാം. ഇന്നത്തെകാലത്ത്‌ ഇവയ്‌ക്കു വളരെ പ്രാധാന്യമുണ്ട്‌. വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന ഈ നിർമിതികളിൽ ഓരോന്നിനും അനുയോജ്യമായ സൗകര്യങ്ങളും പ്രതീകാങ്ങകമായ ആകാരവ്യവസ്ഥകളും ഉണ്ട്‌.

പൊതുക്ഷേമം

ഓപറ ഹൗസ്‌ - സിഡ്‌നി

പൊതുക്ഷേമത്തിനുള്ള സംരചനകളുടെ വാസ്‌തുവിദ്യയിൽ കാലാനുസൃതമായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കയാണ്‌. വിദ്യാലയങ്ങളുടെ വാസ്‌തുവിദ്യ നിരന്തരം വർധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കൊത്ത്‌ മാറുന്നതായി കാണാം. ഇതുപോലെതന്നെ ചികിത്സാരംഗത്തുള്ള പുരോഗതിയും വൈദ്യശാസ്‌ത്രത്തിന്റെ വളർച്ചയും ആരോഗ്യസ്ഥാപനങ്ങള്‍ക്ക്‌ പുതിയ രൂപഭാവങ്ങള്‍ നല്‌കിയിട്ടുണ്ട്‌. സർവകലാശാലാകെട്ടിടങ്ങള്‍ മുതൽ ജയിലുകള്‍വരെയുള്ള സംരചനകളിൽ അനുയോജ്യമായ സംവിധാനവും രൂപകല്‌പനയും ഇന്ന്‌ അനിവാര്യമായി വന്നിരിക്കുന്നു.

വ്യവസായ-വാണിജ്യപരം

വായനാമുറി - ബ്രിട്ടീഷ്‌ മ്യൂസിയം (ലണ്ടന്‍)

വ്യവസായവിപ്ലവത്തിനു മുമ്പുവരെ വാണിജ്യവും വ്യവസായവും താമസസ്ഥലത്തോടു ബന്ധപ്പെട്ടിരുന്നു. യന്ത്രവത്‌കരണം ഇവയെ പ്രത്യേകം കെട്ടിടങ്ങളിലേക്ക്‌ മാറ്റി. വന്‍കിട ഉത്‌പാദനംകൊണ്ട്‌ വാണിജ്യരംഗത്തും മാറ്റം വന്നു. പണ്ടികശാലകള്‍, കാര്യാലയങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെയെല്ലാം ആവശ്യം നേരിട്ടു. ഇവയ്‌ക്കോരോന്നിനും അനുയോജ്യമായ കെട്ടിടങ്ങളുടെ ആവശ്യം വാസ്‌തുവിദ്യയിൽ സൃഷ്‌ടിച്ച ചലനം മൂന്നു വിധത്തിലായിരുന്നു. കാര്യാലയങ്ങള്‍-സാമ്പത്തികസ്ഥാപനങ്ങള്‍, വ്യാപാരശാലകള്‍ എന്നിവയുടെ സംരചനകള്‍ക്ക്‌ മുമ്പുണ്ടായിരുന്നവയുടെ ശൈലിതന്നെ സ്വീകരിക്കപ്പെട്ടു. വലുപ്പമൊഴിച്ചാൽ ഇവയുടെ സംവിധാനത്തിലോ രൂപകല്‌പനയിലോ കാര്യമായ പുതുമ ഉണ്ടായില്ല. യന്ത്രങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന വ്യവസായശാലകള്‍, ഫാക്‌ടറികള്‍, യന്ത്രശാലകള്‍ എന്നിവയ്‌ക്ക്‌ ഉതകുന്ന ഒരു രൂപം കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്നില്ല. തികച്ചും സ്വതന്ത്രമായി രൂപംകൊണ്ട ഇവയുടെ വാസ്‌തുവിദ്യ കൂടുതൽ പ്രയോജനാങ്ങകമായി വളർന്നുവന്നു. റയിൽവേ സ്റ്റേഷന്‍, വിമാനത്താവളം, തുറമുഖം തുടങ്ങിയ ഗതാഗതകേന്ദ്രങ്ങളിൽ പ്രായോഗികാംശവും പ്രകടനാംശവും ഏതാണ്ട്‌ ഒരുപോലെ സമ്മേളിക്കുന്ന ഒരു രീതിയാണ്‌ സാധാരണയായുള്ളത്‌.

ആസൂത്രണം

ഒരു കെട്ടിടത്തിന്റെ സ്ഥാനം, ഉപയോഗം, മതിപ്പുചെലവ്‌ എന്നിവ നിശ്ചയിച്ചുകഴിഞ്ഞാൽ അടുത്തപടി അതിന്റെ ആസൂത്രണമാണ്‌. കെട്ടിടമിരിക്കുന്ന സ്ഥലത്തിന്റെയും പരിസരത്തിന്റെയും പ്രകൃതിദത്തമായ സ്വഭാവം മനുഷ്യന്റെ ആവശ്യത്തിന്‌ ഉപയുക്തമാക്കുക, പ്രത്യേകാവശ്യമനുസരിച്ച്‌ കെട്ടിടത്തിന്റെ വിവിധഭാഗങ്ങള്‍ ക്രമീകരിക്കുക, കെട്ടിടച്ചെലവിനെ ബാധിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിച്ച്‌ നിർമാണം ലാഭകരമാക്കുക എന്നിവയാണ്‌ ആസൂത്രണത്തിന്റെ മൂന്നു വശങ്ങള്‍. ഇവയുടെ സമന്വയമാണ്‌ ആസൂത്രണത്തിന്റെ വിജയം.

പരിസര സംവിധാനം

വാസ്‌തുശില്‌പത്തെ അതിന്റെ ചുറ്റുപാടുമായി ഇണക്കിയെടുക്കുകയെന്നതാണ്‌ പരിസരസംവിധാനത്തിന്റെ ഉദ്ദേശ്യം. പരിസരത്തിലുള്ള കുന്നുകള്‍, ചരിവുകള്‍, വൃക്ഷങ്ങള്‍, അരുവികള്‍, ജലാശയങ്ങള്‍ എന്നിവയുമായി യോജിക്കുന്നവിധം സംരചന സ്ഥാപിക്കുന്നതുകൊണ്ട്‌ അതിന്‌ ഗുണവും ഭംഗിയും ലഭിക്കുന്നു. അതേസമയം കെട്ടിടത്തിന്റെ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുന്ന ചൂട്‌, തണുപ്പ്‌, വെളിച്ചം, കാറ്റ്‌, മഴ, മഞ്ഞ്‌ എന്നിവയെ നിയന്ത്രിക്കേണ്ടതും ആവശ്യമാണ്‌. സൂര്യന്റെ ഗതി, മഴയുടെയും കാറ്റിന്റെയും ദിശ, ഇവയെല്ലാം ഏതാണ്ട്‌ കൃത്യമായി അനുമാനിക്കാവുന്നതുകൊണ്ട്‌ കെട്ടിടത്തിന്റെ സ്ഥാനനിർണയം ശരിയായിരുന്നാൽ ചൂട്‌, വെളിച്ചം, മഴ, കാറ്റ്‌ എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും. കെട്ടിടത്തിന്റെ രൂപകല്‌പന ശരിയായി നിർവഹിക്കുന്നതുകൊണ്ട്‌ ഒരളവുവരെ ഇതു സാധിക്കും. വരാന്തകള്‍, പുറംതളം, മേല്‌പുരയുടെ ഇറമ്പ്‌ ഇവയെല്ലാം ഉഷ്‌ണത്തെ നിയന്ത്രിക്കുന്ന ഉപാധികളാണ്‌. ജനാലകളുടെ സ്ഥാനവും വലുപ്പവുംകൊണ്ട്‌ കാറ്റും വെളിച്ചവും ക്രമീകരിക്കാം. കാറ്റ്‌, ഈർപ്പം, ചൂട്‌ എന്നിവയെ ചെറുക്കുന്നതിന്‌ ഏറ്റവും ഉചിതമായ മാർഗം ഉചിതമായ പദാർഥങ്ങള്‍ സ്വീകരിച്ച്‌ ചുമരുകളുടെ നിർമാണം നിർവഹിക്കുകയെന്നതാണ്‌. കെട്ടിടത്തിന്റെ മിനുക്കുപണിക്ക്‌ തിരഞ്ഞെടുക്കുന്ന ചായങ്ങള്‍പോലും ഇക്കാര്യത്തിൽ സഹായകമാക്കാം. ഇളംനിറങ്ങള്‍ താപരശ്‌മികളെ പ്രതിഫലിപ്പിക്കുമ്പോള്‍ കടുംനിറങ്ങള്‍ അവയെ അവശോഷണം ചെയ്‌ത്‌ അകത്തേക്കു പ്രസരിപ്പിക്കും. എല്ലാത്തിനും പുറമേ നിർമാണരീതിക്കും സ്ഥലഭേദങ്ങള്‍ക്കും അനുസൃതമായി മാറ്റങ്ങള്‍ ആവശ്യമായേക്കും. ഉദാഹരണമായി ഭൂകമ്പമേഖലയിൽ സ്വീകാര്യമായ നിർമാണവസ്‌തുക്കളും നിർമാണരീതിയും മറ്റു പ്രദേശങ്ങളിലേതിൽനിന്നു വിഭിന്നമായിരിക്കും.

മേല്‌പറഞ്ഞ മാർഗങ്ങളിൽ പലതും നഗരങ്ങളിലെ വാസ്‌തുശില്‌പിക്ക്‌ പ്രാപ്യമായി എന്നുവരില്ല; തന്നെയുമല്ല, നഗരങ്ങളിൽ പുക, പൊടി, ശബ്‌ദം, ഗന്ധം എന്നിവ മൂലമുള്ള അന്തരീക്ഷദൂഷണത്തിനും മറ്റു ദോഷങ്ങള്‍ക്കും പ്രതിവിധി കാണേണ്ടതായുണ്ട്‌. ഇത്തരം സന്ദർഭങ്ങളിൽ പരിസരത്തിന്റെ ദോഷഫലങ്ങള്‍ കെട്ടിടത്തിനുള്ളിൽത്തന്നെ നിയന്ത്രിക്കേണ്ടിവരും. മുറികളുടെ വലുപ്പവും സംവിധാനവും വ്യത്യാസപ്പെടുത്തി ഒരളവുവരെ ഇതു സാധിക്കാം. ഉദാ. തട്ടിന്റെ ഉയരം വർധിപ്പിച്ച്‌ ഉയരത്തിൽ വെന്റിലേറ്ററുകള്‍ (വാതായനങ്ങള്‍) സ്ഥാപിക്കുന്നതുകൊണ്ട്‌ ചൂടു കുറയ്‌ക്കുവാനും വായുസഞ്ചാരം കൂട്ടുവാനും കഴിയും. താപരോധകവസ്‌തുക്കളും ശബ്‌ദാവശോഷകപദാർഥങ്ങളും മുറിയുടെ ചുവരുകളിലും തട്ടിലും നിലത്തും ഘടിപ്പിച്ച്‌ താപപ്രസരണവും ശബ്‌ദവും നിയന്ത്രിക്കാം; കൂടാതെ പങ്കകള്‍, വാതാനുകൂലന (airconditioning) സംവിധാനങ്ങള്‍ എന്നിവയും ഈ ആവശ്യങ്ങള്‍ക്കായി മുറിയിൽ ഘടിപ്പിക്കാം. സാങ്കേതിക ശാസ്‌ത്രത്തിന്റെ വികാസംമൂലം ഏതു പ്രതികൂലപരിസരങ്ങളിലും കെട്ടിടങ്ങള്‍ മനുഷ്യവാസയോഗ്യമാക്കിത്തീർക്കാം എന്ന നില വന്നിട്ടുണ്ട്‌. ഇതുമൂലം വാസ്‌തുവിദ്യയിലെ ആസൂത്രണത്തിൽ ഗണ്യമായ പുരോഗതിയും കൈവന്നിരിക്കുന്നു.

ആന്തരിക സംവിധാനം

ഒരു പ്രത്യേക ഉപയോഗം ഉദ്ദേശിച്ചുകൊണ്ടാണ്‌ ഓരോ കെട്ടിടവും നിർമിക്കുന്നത്‌. കെട്ടിടത്തിന്റെ അകം അതനുസരിച്ച്‌ സംവിധാനം ചെയ്‌താലേ സൗകര്യപ്രദമാകൂ. ആന്തരികസംവിധാനത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്‌ കെട്ടിടത്തിനകത്തു നടക്കേണ്ട പ്രവർത്തനങ്ങള്‍ പഠിച്ചു വിശകലനം ചെയ്യുകയും അവയെ പ്രത്യേകവിഭാഗങ്ങളിലായി വേർതിരിക്കുകയുമാണ്‌. ഇങ്ങനെ വേർതിരിക്കപ്പെട്ട പ്രവർത്തനങ്ങള്‍ക്ക്‌ പ്രാധാന്യമനുസരിച്ച്‌ ഒന്നോ അതിലധികമോ മുറികള്‍ ആവശ്യമായേക്കും. ഉദാ. ഒരു ഭവനത്തിലെ പ്രവർത്തനങ്ങളെ ഭക്ഷണം പാകം ചെയ്‌തു കഴിക്കുക, ഉറങ്ങുക, വിശ്രമിക്കുക, പഠിക്കുക, അതിഥികളെ സ്വീകരിക്കുക എന്നീ രീതിയിൽ വിഭജിക്കാം. ഭക്ഷണം പാകം ചെയ്‌തുകഴിക്കുന്നതിന്‌ അടുക്കള, കലവറ, ഭക്ഷണ മുറി എന്നിങ്ങനെ മൂന്നു മുറികള്‍ വെണ്ണേറെ വേണ്ടിവരും. പ്രത്യേക അവസരങ്ങളിൽ ഒരേ മുറി തന്നെ രണ്ടോ മൂന്നോ ആവശ്യങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ഉപയോഗിക്കപ്പെടാനും ഇടയുണ്ട്‌. സ്വീകരണമുറി, അതിഥികളെ സ്വീകരിക്കാനും ഭക്ഷണംകഴിക്കാനും കുട്ടികള്‍ക്ക്‌ പഠിക്കാനും മറ്റും ഉപയോഗിക്കപ്പെടാം. മുറികള്‍ കെട്ടിടത്തിന്റെ ഉപഘടകങ്ങളാണ്‌. ഇവയുടെ ഉപയോഗം തീരുമാനിക്കുന്നത്‌ വ്യക്തിഗതമായ ഇഷ്‌ടാനിഷ്‌ടങ്ങളും ജീവിതസമ്പ്രദായവും സാമ്പത്തികസ്ഥിതിയും അനുസരിച്ചാണ്‌. പെരുമാറുന്നതിന്‌ ഏറ്റവും സൗകര്യപ്രദമായവിധം ഈ മുറികളോരോന്നും ക്രമീകരിക്കണം.

മുറികള്‍ തമ്മിലുള്ള ബന്ധം തീരുമാനിക്കുവാന്‍ അവയിലൂടെയുള്ള പ്രവേശന നിഷ്‌ക്രമണവിധങ്ങള്‍ നിർണയിക്കേണ്ടതുണ്ട്‌. ഒരു മുറിയിൽകൂടി മറ്റ്‌ ഏതു മുറിയിലേക്കാണ്‌ പ്രവേശനം വേണ്ടത്‌, ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കുള്ള പോക്കുവരവ്‌ എങ്ങനെ ഏറ്റവും എളുപ്പമുള്ളതാക്കാം, മുറിയിൽ ഏതുഭാഗത്ത്‌ വാതിലുകള്‍ സ്ഥാപിക്കണം എന്നീ പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയാണ്‌ മുറികള്‍ ക്രമീകരിക്കേണ്ടത്‌. ഒരേ തലത്തിലുള്ള മുറികള്‍ തമ്മിൽ ഇടനാഴികള്‍, വരാന്തകള്‍ എന്നിവവഴി ബന്ധിക്കപ്പെടുന്നു. ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങളിൽ ഈ ആവശ്യത്തിന്‌ കോണികള്‍, ലിഫ്‌റ്റുകള്‍ എന്നിവ ഉപയോഗിക്കുന്നു. ആന്തരികസംവിധാനത്തിൽ അവസാനമായി വേണ്ടത്‌ ഓരോ മുറിയും അതതിന്റെ പ്രത്യേക ഉപയോഗത്തിന്‌ ഏറ്റവും സൗകര്യമുള്ളതാക്കുക എന്നതാണ്‌. മുറിയിൽ ഇടേണ്ട ഉപകരണങ്ങളുടെ അളവ്‌ അവയോരോന്നും തമ്മിൽ വേണ്ട അകലം, ആളുകള്‍ പെരുമാറുന്ന രീതി തുടങ്ങിയവയെല്ലാം വിശകലനം ചെയ്‌താൽമാത്രമേ കാര്യക്ഷമമായി ഓരോ മുറിയുടെയും അളവ്‌ നിശ്ചയിക്കാനും അതിനുള്ളിലായി ഓരോ വസ്‌തുക്കള്‍ ക്രമീകരിക്കാനും സാധിക്കൂ. വലുപ്പം ക്രമാതീതമായി വർധിപ്പിക്കുന്നതുകൊണ്ട്‌ മുറി സൗകര്യമുള്ളതായിത്തീരണമെന്നില്ല. അതിന്റെ നീളം, വീതി, തട്ടിന്റെ ഉയരം, വാതിലുകളുടെ വിസ്‌താരം, കോണിപ്പടിയുടെ അളവുകള്‍, അലമാരകളുടെ പൊക്കം തുടങ്ങിയവ മനുഷ്യശരീരത്തിന്റെ സാധാരണ പരിമാണങ്ങളെ ആസ്‌പദമാക്കി സംവിധാനം ചെയ്യപ്പെടേണ്ടതുണ്ട്‌. നില്‌ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും പ്രവൃത്തിചെയ്യുമ്പോഴും ശരീരഭാഗങ്ങള്‍ ചലിക്കുന്ന രീതി വിശകലനം ചെയ്‌താണ്‌ മുറിയിലെ മേശ, കസേര, ഇടത്തട്ടുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയെല്ലാം സജ്ജീകരിക്കുന്നത്‌. മനസ്സിനു കുളിർമയും ആനന്ദവും ശരീരത്തിനു സുഖവും അനായാസതയും പ്രദാനം ചെയ്യുന്നതിന്‌ ശരിയായ പരിസരസംവിധാനവും ആന്തരികസംവിധാനവും ഉപകരിക്കുന്നു.

സാമ്പത്തിക സംവിധാനം

നിർമാണച്ചെലവിനെ ബാധിക്കുന്ന പ്രധാനഘടകങ്ങള്‍ സ്ഥലവില, നിർമാണപദാർഥങ്ങള്‍ക്കുള്ള ചെലവ്‌, പണിക്കൂലി എന്നിവയാണ്‌. ഇവയോരോന്നും നിർണയിച്ച്‌ അവയ്‌ക്ക്‌ നിയന്ത്രണോപാധികള്‍ സ്വീകരിച്ചാലേ മതിപ്പുചെലവിനകത്ത്‌ നിർമാണം സാധ്യമാകൂ. സ്ഥലവിലയിൽ കാലദേശാനുസൃതങ്ങളായ ഏറ്റക്കുറച്ചിൽ വരും. സ്ഥലവില കൂടുതലാണെങ്കിൽ, കുറച്ചുസ്ഥലത്ത്‌ ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങള്‍ നിർമിക്കുകയാണ്‌ ഉചിതം. ഇതാണ്‌ നഗരങ്ങളിൽ ബഹുനിലക്കെട്ടിടങ്ങള്‍ കൂടുതലുണ്ടാക്കുവാന്‍ കാരണം. നിർമാണപദാർഥങ്ങളുടെ വില നിർമാണത്തിന്റെ എല്ലാ തുറകളെയും ബാധിക്കും. ഓരോ നിർമാണപദാർഥത്തിന്റെയും ഗുണദോഷങ്ങള്‍ മനസ്സിലാക്കുകയും അതിന്റെ വിലയും ഈ ഗുണദോഷങ്ങളും താരതമ്യപ്പെടുത്തി ഓരോ കെട്ടിടത്തിനും അനുയോജ്യമായ പദാർഥങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യേണ്ടത്‌ വാസ്‌തുശില്‌പിയുടെ പ്രധാനപ്പെട്ട ജോലിയാണ്‌. നിർമാണ സ്ഥലത്തോ സമീപപ്രദേശങ്ങളിലോ സുലഭമായുള്ള സാമഗ്രികള്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ കെട്ടിടത്തിന്റെ രൂപകല്‌പനയിലും സംരചനയിലും മാറ്റങ്ങള്‍ വേണ്ടിവരും. പണിക്കൂലി പ്രധാനമായും നിർമാണരീതിയെ ആശ്രയിച്ചിരിക്കും. കെട്ടിടനിർമാണച്ചെലവിന്റെ ഒരു പ്രധാന ഭാഗമാണ്‌ പണിക്കൂലി. നിർമാണരീതിയിൽ ആശാസ്യമായ മാറ്റങ്ങള്‍ വരുത്തി പണിക്കൂലി കുറയ്‌ക്കാം. നിർമാണസ്ഥലത്തുവച്ച്‌ നടക്കേണ്ട പല പ്രധാന പണികളും ഇന്ന്‌ ഫാക്‌ടറികളിൽ കൂടുതൽ ലാഭകരമായും, കാര്യക്ഷമമായും ചെയ്യാം എന്നായിട്ടുണ്ട്‌. "പ്രിഫാബ്രിക്കേഷന്‍' രീതി നിർമാണരംഗത്ത്‌ വ്യവസായവത്‌കരണം സാധ്യമാക്കിയിരിക്കുന്നു. ഇതുപോലെ പ്രാദേശികമായി കുറഞ്ഞകൂലി മതിയാകുന്ന പ്രവൃത്തികള്‍ നിർമാണസ്ഥലത്തുതന്നെ മുഴുമിക്കാവുന്നതാണ്‌. കെട്ടിടം സംവിധാനത്തിൽതന്നെയും സാമ്പത്തികപരിമിതി മനസ്സിലാക്കിക്കൊണ്ട്‌ വേണ്ട ഉപാധികള്‍ കൈക്കൊള്ളാവുന്നതാണ്‌. വാതിൽ, ജനൽ, കോണ്‍ക്രീറ്റ്‌, ശുദ്ധജലവിതരണക്കുഴലുകള്‍, വൈദ്യുതവിതരണക്കമ്പികള്‍ എന്നീ ചെലവുകൂടിയ ഇനങ്ങള്‍ ക്രമാതീതമായി ഉപയോഗിക്കാതിരിക്കുവാന്‍ ആസൂത്രണത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. സാമ്പത്തിക സംവിധാനംകൊണ്ടു സാധിക്കേണ്ടത്‌ സ്ഥലവില, നിർമാണവസ്‌തുക്കളുടെ വില, പണിക്കൂലി തുടങ്ങി മേല്‌പറഞ്ഞ എല്ലാ ഇനങ്ങളിലും വരുന്ന ചെലവ്‌ ഏറ്റവും ലാഭകരമായ രീതിയിൽ ക്രീമീകരിക്കുകയും അവയെല്ലാം സമന്വയിപ്പിച്ച്‌ ഫലപ്രദമായ രീതിയിൽ നിർമാണം സാധിക്കുന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കുകയുമാണ്‌.

നിർമാണ പ്രവിധികള്‍

നെിർമാണപദാർഥങ്ങളുടെ ഗുണദോഷങ്ങള്‍, അവയുടെ ലഭ്യത, അവ രൂപപ്പെടുത്തിയെടുക്കുന്നതിനാവശ്യമായ വൈദഗ്‌ധ്യം, അതിനാവശ്യമുള്ള പണിക്കാർ, സമൂഹത്തിന്റെ സാമ്പത്തിക-സാങ്കേതികശേഷി ഇവയെല്ലാം നിർമാണപ്രവിധിയെ സ്വാധീനിക്കും. ഏറ്റവും കുറച്ച്‌ നിർമാണ പദാർഥങ്ങളും അധ്വാനവും ഉപയോഗിച്ച്‌ ഏറ്റവും കരുത്തുള്ള സംരചന നടത്തുക, ഇപ്രകാരമുള്ള സംരചനയ്‌ക്ക്‌ അർഥവത്തായ ആകാരവ്യവസ്ഥ ഉണ്ടാക്കുക എന്നിങ്ങനെ രണ്ട്‌ ഉദ്ദേശ്യങ്ങളാണ്‌ ഓരോ നിർമാണരീതിക്കും ഉള്ളത്‌. സാമ്പത്തികമായ ആവശ്യങ്ങള്‍ ഓരോ നിർമാണരീതിക്കും ജന്മംകൊടുക്കുന്നു. ഉള്ള പദാർഥങ്ങള്‍ ഉപയോഗിച്ച്‌ ഏറ്റവും ലാഭകരമായ വിധത്തിൽ നിർമാണം സാധിക്കാന്‍ പ്രത്യേകരീതികള്‍ ആവശ്യമാകും.

പുതിയ ആകാരവ്യവസ്ഥകള്‍ വേണ്ടിവരുമ്പോഴും അവയ്‌ക്കനുസൃതമായ രീതികള്‍ നിർമാണത്തിൽ സ്വീകരിച്ചേ പറ്റൂ. ഇക്കാരണങ്ങളാൽ നിർമാണപ്രവിധിയിൽ നിരന്തരം പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുന്നു. നേരെ മറിച്ച്‌, പുതിയരീതികള്‍ പരീക്ഷിക്കുന്നതിലുള്ള പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുവാന്‍ വാസ്‌തുശില്‌പികള്‍ തയ്യാറാകാത്തപ്പോഴും സ്ഥിരപ്രതിഷ്‌ഠനേടിയ ആകാരവ്യവസ്ഥകള്‍തന്നെ പുതിയ ആവശ്യങ്ങള്‍ക്കായി സ്വീകരിക്കുമ്പോഴും നിർമാണപ്രവിധി വളർച്ചമുട്ടി നില്‌ക്കും.

നിർമാണപ്രവിധിയുടെ പരമോദ്ദേശ്യം ഓരോ കെട്ടിടത്തിനും വേണ്ടത്ര ഉറപ്പും കരുത്തും പ്രയോജനവും പ്രദാനം ചെയ്യുക എന്നതാണ്‌. സംരചനാതത്ത്വങ്ങള്‍ക്കനുസൃതമായ സുരക്ഷിതത്വം നിർമാണത്തിനുണ്ടാകണമെങ്കിൽ നിർമാണത്തിന്റെ ഘടകങ്ങളെല്ലാം സന്തുലിതാവസ്ഥയിലായിരിക്കണം. കെട്ടിടത്തിന്റെ മേല്‌പുരയുടെ ചുവരുകളും തൂണുകളും ശരിയായ വിധത്തിൽ സംവിധാനം ചെയ്‌തിട്ടില്ലെങ്കിൽ വളയുകയോ വിള്ളുകയോ തകർന്നു വീഴുകയോ ചെയ്യാനിടയുണ്ട്‌. അവയ്‌ക്ക്‌ ഭാരം വഹിക്കാന്‍ കഴിവില്ലാതാകുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഓരോ സംരചനാഘടകത്തിലുംവരുന്ന ഭാരത്തെ രണ്ടായി തരംതിരിക്കാം. അതാതുഘടകത്തിന്റെ സ്വഭാരം; (self weight), കോറ്റ്‌, ആളുകള്‍, ഉപകരണങ്ങള്‍ എന്നിവവഴി ഇതിലേക്കു പ്രസരിക്കുന്ന ഭാരം (live load); ഇവ സംരചനാഘടകത്തിൽ മർദമോ വലുപ്പവ്യതിയാനമോ വളയലോ ഉണ്ടാക്കും. നിർമാണഘടകത്തിന്റെ വലുപ്പത്തിലും ആകൃതിയിലും ഇതുമൂലം മാറ്റം വരും. ഓരോ വസ്‌തുവിനും ഒരളവുവരെ ഈ വൈകൃതം (strain) ചെറുക്കാന്‍ കഴിവുണ്ട്‌. തന്മൂലം ഭാരത്തിന്‌ ആനുപാതികമായി അവയിൽ പ്രതിബലം (tress) സൈംജാതമാകുന്നു. ഭാരം താങ്ങുന്ന തൂണിൽ സമ്മർദബലവും (compression force) വലിഞ്ഞുനില്‌ക്കുന്ന കമ്പിയിൽ വലിവുബലവും (tensile forse) ഉണ്ടാകും. ഭാരംതാങ്ങുന്ന തുലാം (beam) താഴോട്ടു വളയുമ്പോള്‍ അതിന്റെ മുകള്‍ഭാഗത്ത്‌ സമ്മർദബലവും താഴെയായി വലിവുബലവും ഒരേ സമയം അനുഭവപ്പെടും.

കല്ല്‌, കോണ്‍ക്രീറ്റ്‌, വാർപ്പിരുമ്പ്‌ എന്നീ നിർമാണ പദാർഥങ്ങള്‍ കൂടിയമർദം താങ്ങാന്‍ കഴിവുള്ളവയാണ്‌. മർദബലം വരുന്നിടത്താണ്‌ ഇവ ഏറ്റവും ഉപകരിക്കുക. ഉരുക്ക്‌, പ്രബലിതസിമന്റ്‌ കോണ്‍ക്രീറ്റ്‌ (R.C.C.), മരം മുതലായ വസ്‌തുക്കള്‍ താരതമ്യേന കരുത്തുള്ളവയാണ്‌. വളയൽ (bending) അനുഭവപ്പെടുന്നിടത്തെല്ലാം ഈ വസ്‌തുക്കള്‍തന്നെ ഉപയോഗിക്കണം. ഓരോ നിർമാണഘടകത്തിനും അതിൽ ഉണ്ടാകാവുന്ന പ്രതിബലത്തിന്റെ സ്വഭാവംനോക്കി തദനുസൃതമായി വസ്‌തുക്കള്‍ സ്വീകരിക്കണം. നിർമാണഘടകത്തിൽ സന്തുലിതാവസ്ഥ സ്ഥാപിക്കാന്‍ താങ്ങുകളും ആവശ്യമാണ്‌. ഈ താങ്ങുകളിലെ പ്രതിശക്തിയാണ്‌ പുറമേ അനുഭവപ്പെടുന്ന ഭാരങ്ങളെ സന്തുലനം ചെയ്യുന്നത്‌. പരസ്‌പരം യോജിപ്പിക്കപ്പെട്ട ഘടകങ്ങള്‍ ഈ താങ്ങുകളിലൂടെ ആകെ ഭാരത്തെ അസ്‌തിവാരത്തിലേക്കു വ്യാപിപ്പിക്കും. ഈ ഭാരം താങ്ങാന്‍ ആവശ്യമായ ഭാരധാരകശേഷി (bearing capacity) മച്ചിനുണ്ടായാൽ മാത്രമേ കെട്ടിടം സുരക്ഷിതമാകൂ.

നിർമാണ പദാർഥങ്ങള്‍

കല്ല്‌

ഏറ്റവും അധികം ഉപയോഗിക്കുന്ന നിർമാണ പദാർഥം കല്ലാണ്‌. ഉറപ്പ്‌, കൊത്തുവേലകള്‍ ചെയ്യാനുള്ള സാധ്യത, എല്ലാത്തരം കെട്ടിടങ്ങള്‍ക്കും ഉപയോഗിക്കാമെന്ന മെച്ചം എന്നിവയാണ്‌ കല്ലിന്റെ ഗുണങ്ങള്‍. പക്ഷേ, അതു പൊട്ടിച്ചെടുക്കാനും രൂപപ്പെടുത്താനും ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകാനും വൈഷമ്യങ്ങളുണ്ട്‌.

പൊട്ടിച്ചെടുത്ത മാതൃകയിൽതന്നെ ഏതാണ്ട്‌ ഒരുപോലെയുള്ള കല്ലുകള്‍ കുമ്മായമുപയോഗിച്ച്‌ കെട്ടുകയാണ്‌ ഏറ്റവും ചെലവുകുറഞ്ഞ കല്‌പണി. ഓരോ ശിലയും ചെത്തിമിനുക്കി സമരൂപത്തിലാക്കിയുള്ള ആഷ്‌ലർ കല്‌പണി വളരെ ചെലവുള്ളതാണെങ്കിലും ഉറപ്പുകൂടിയതാണ്‌. ലംബതലത്തിലെ ഭാരം മാത്രം താങ്ങേണ്ടിവരുമ്പോള്‍ ഈ ശിലാശില്‌പങ്ങളിൽ കുമ്മായത്തിന്റെ ആവശ്യമില്ല. ശിലകളുടെ ഭാരംതന്നെ നിർമാണത്തിന്‌ ഉറപ്പുനല്‌കും. ഇത്തരം പണികളിൽ നിർമാണഘടകങ്ങള്‍ യോജിപ്പിക്കാന്‍ മാത്രം ആണികള്‍ ഉപയോഗിക്കാറുണ്ട്‌. പുരാതന ക്ഷേത്രങ്ങളുടെ കരിങ്കൽപണി ഇത്തരത്തിലുള്ളതാണ്‌. വലിവുബലം കുറവാകയാൽ കല്ല്‌ തുലാമായി ഉപയോഗിക്കുന്നതിൽ പരിമിതികളുണ്ട്‌. കമാനങ്ങളുടെ നിർമാണത്തിൽ കല്ലിന്റെ ഭാരക്കൂടുതൽ അസൗകര്യമാണ്‌. തൂണുകളുടെയും ചുമരുകളുടെയും ആവശ്യത്തിനാണ്‌ കല്‌പണി പ്രധാനമായും സ്വീകരിക്കുന്നത്‌. ഓരോയിടത്തും ലഭ്യമായ പലതരം കല്ലുകള്‍ ഈ ആവശ്യത്തിന്‌ ഉപയോഗിക്കുന്നു. കരിങ്കല്ല്‌, ചുച്ചാമ്പുകല്ല്‌, മണൽക്കല്ല്‌, ചെങ്കല്ല്‌, മാർബിള്‍ എന്നിവയാണ്‌ ഇന്ത്യയിലുപയോഗിക്കുന്ന പ്രധാനതരം കല്ലുകള്‍. കല്‌പണിയിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ ലംബമായ ഏപ്പുകള്‍ ഒരേനിലയിൽ ഒന്നിനുതാഴെ ഒന്നായി വരരുത്‌ എന്നതാണ്‌. ആധുനിക വാസ്‌തുവിദ്യയിൽ കല്ല്‌ പ്രധാനമായും കെട്ടിടങ്ങളുടെ പ്രതലാവരണമായിട്ടാണ്‌ ഉപയോഗിക്കുന്നത്‌.

ഇഷ്‌ടിക

കല്ലിന്റെ പല ഗുണങ്ങളുമുള്ള ഒരു നിർമാണപദാർഥമാണ്‌ ഇഷ്‌ടിക. നിർമാണത്തിനുപയോഗിക്കുന്ന മച്ചിന്റെ തരത്തെയും നിർമാണരീതിയെയും ആധാരമാക്കി ഇഷ്‌ടികയുടെ ബലത്തിലും ഗുണത്തിലും വ്യത്യാസങ്ങളുണ്ടാകും. അഗ്നിപ്രതിരോധശക്തി, മർദബലം, സൗകര്യമുള്ള അളവുകള്‍ എന്നിവയാണ്‌ ഇഷ്‌ടികയുടെ ഗുണങ്ങള്‍. സാധാരണ ഇഷ്‌ടികയ്‌ക്ക്‌ ദീർഘചതുരാകൃതിയാണ്‌. വീതിയുടെ ഇരട്ടിനീളമുണ്ടായിരിക്കും. പ്രത്യേകാവശ്യങ്ങള്‍ക്കായി പല ആകൃതിയിലും ഇവ നിർമിക്കും മച്ചിലോ, ഇത്തിള്‍ക്കുമ്മായത്തിലോ സിമന്റുകുമ്മായത്തിലോ ഇഷ്‌ടിക പടുക്കാം. കല്‌പണിയിലേതുപോലെ ഇഷ്‌ടികപ്പണിയിലും ലംബമായ ഏപ്പുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഉറപ്പും ഭംഗിയുമുള്ള വിവിധതരം ഇഷ്‌ടികപ്പണികള്‍ ഇന്നു നിലവിലുണ്ട്‌. കമാനങ്ങള്‍ ഉണ്ടാക്കുന്നതിനും ഇഷ്‌ടിക സർവസാധാരണമായി ഉപയോഗിക്കുന്നു. ക്രിസ്‌തുവിനു മുമ്പ്‌ നിലവിലിരുന്ന പല നാഗരികതകളിലും ഇഷ്‌ടികപ്പണി പ്രചരിച്ചിരുന്നു. റോമാക്കാരാണ്‌ ഇഷ്‌ടികയുടെ അളവുകള്‍ ക്രമീകരിച്ചതെന്നും ഇഷ്‌ടികപ്പണികളിൽ സാങ്കേതികപുരോഗതി കൈവരുത്തിയതെന്നും കരുതപ്പെടുന്നു. ഉരുക്ക്‌, പ്രബലിതകോണ്‍ക്രീറ്റ്‌ എന്നീ ആധുനികനിർമാണപദാർഥങ്ങളുടെ ഉപയോഗം ഇഷ്‌ടികയുടെ പ്രാധാന്യം കുറച്ചിട്ടില്ല. ഉരുക്കു ഫ്രയിമുള്ള കെട്ടിടങ്ങളിൽപ്പോലും പ്രതലാവരണമായി ഇഷ്‌ടിക ഉപയോഗിക്കപ്പെടുന്നുണ്ട്‌.

തടി

സർവസാധാരണമായ നിർമാണപദാർഥമാണ്‌ തടി. ഭാരക്കുറവ്‌, പണിയിലുള്ള ആയാസക്കുറവ്‌, മർദവും വലുപ്പവും താങ്ങാനുള്ള കരുത്ത്‌ എന്നീ ഗുണങ്ങള്‍ ഇതിനുണ്ട്‌; പക്ഷേ, വേണ്ടപോലെ പരുവപ്പെടുത്താത്ത തടി പണിക്കുപയോഗിച്ചാൽ വളയുകയും വിള്ളുകയും ചെയ്യും. പച്ചമരത്തിലെ ജലാംശം കളയുന്നതിന്‌ ഉണക്കൽ ആവശ്യമാണ്‌. മരം കുറച്ചുകലാത്തേക്കു മുറിച്ചിട്ടോ കൃത്രിമമാർഗങ്ങളുപയോഗിച്ചോ ഉണക്കാം. ഉണക്കിയ തടി വേണ്ടപോലെ അറുത്തു സൂക്ഷിക്കണം. തടി എളുപ്പത്തിൽ തീ പിടിക്കും; കൂടാതെ ചിതലിന്റെയും മറ്റു ക്ഷുദ്രപ്രാണികളുടെയും ആക്രമണവും ഉണ്ടാകും. ഇതിനെതിരായി ചായമോ രാസവസ്‌തുക്കളോ തേച്ച്‌ സംരക്ഷിക്കാവുന്നതാണ്‌. കെട്ടിടത്തിന്റെ അസ്‌തിവാരമൊഴിച്ച്‌ എല്ലാ ഭാഗങ്ങളുടെയും പണിക്ക്‌ തടി ഉപയോഗിക്കാം. മരത്തടികള്‍ മാത്രം ഒരുക്കിക്കൂട്ടി വീടുകള്‍ ഉണ്ടാക്കുന്ന പതിവ്‌ പുരാതനകാലത്തുണ്ടായിരുന്നു. ഇന്ന്‌ മേല്‌പുര, തട്ടുകള്‍, ജനലുകള്‍, വാതിലുകള്‍, ഇടച്ചുവരുകള്‍ എന്നിവയ്‌ക്കാണ്‌ തടി പ്രധാനമായും ഉപയോഗിക്കുന്നത്‌. ഗ്രീസിലും ഇന്ത്യയിലും കല്ല്‌ ഉപയോഗിക്കപ്പെട്ടുതുടങ്ങുന്നതിനു മുമ്പ്‌ വാസ്‌തുവിദ്യയിലെ പ്രധാനനിർമാണ പദാർഥം തടിയായിരുന്നു. പൗരസ്‌ത്യരാജ്യങ്ങളിൽ ഇത്തരം പുരാതനശൈലി നിലവിലുണ്ട്‌. നീളമുള്ള തുലാം ആവശ്യമാകുമ്പോള്‍ ഉരുപ്പടികള്‍ ഏച്ചുകൂട്ടണം. ഇങ്ങനെ യോജിപ്പിക്കുമ്പോള്‍ ബലക്കുറവുണ്ടാകും. കൂടാതെ തടിയിലുണ്ടാകുന്ന കുരുക്കും ആരുകളുടെ ദിശയും ഇവയുടെ ശക്തിയെ ബാധിക്കുന്ന ഘടകങ്ങളാണ്‌. തടി നേർത്ത പാളികളാക്കി ചീകി, ആരുകളുടെ ദിശയിൽ മാറ്റം വരുത്തി മർദം ചെലുത്തി ഒട്ടിച്ചെടുത്ത "പ്ലൈവുഡ്‌' ഈ പരിമിതികള്‍ ഒഴിവാക്കുന്നു. ഇത്തരം പ്ലൈവുഡ്‌ ആവശ്യമുള്ളത്ര നീളത്തിലും വീതിയിലും ലഭ്യമാണ്‌.

ലോഹങ്ങള്‍

വാസ്‌തുവിദ്യയിൽ പല ആവശ്യങ്ങള്‍ക്കും ലോഹങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. പുരാതനകാലത്ത്‌ ഭാരതീയക്ഷേത്രങ്ങളിൽ ശിലാഘടകങ്ങള്‍ യോജിപ്പിക്കുന്നതിന്‌ പിച്ചളആണികളും മേച്ചിലിന്‌ ചെമ്പുതകിടും സാധാരണ ഉപയോഗിച്ചിരുന്നു. ഇരുമ്പും ഉരുക്കും വളരെക്കാലം മുമ്പുതന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കിലും ഇവ നിർമാണസാമഗ്രികള്‍ എന്ന നിലയ്‌ക്ക്‌ വിപുലമായി ഉപയോഗിക്കപ്പെട്ടത്‌ 18-ാം ശ.-ത്തോടുകൂടിയാണ്‌. 1729-ൽ ആണ്‌ വാർപ്പിരുമ്പുകൊണ്ടുള്ള തൂണുകള്‍ കെട്ടിടത്തിന്റെ ഭാഗമായി ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌. ഇതിനെത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ഇന്ത്യയിൽ ഉരുക്കു രൂപപ്പെടുത്താനുള്ള സാങ്കേതികജ്ഞാനം ലഭിച്ചിരുന്നു. ഡൽഹിയിൽ കുത്തബ്‌മിനാർ സ്‌മാരകത്തിനടുത്തായി കാണുന്ന ഉരുക്ക്‌ തൂണ്‌ ഇതിനുദാഹരണമാണ്‌. പക്ഷേ, ഈ തൂണുപോലും ഭാരം താങ്ങാത്ത ഒരു ജയസ്‌തംഭം എന്ന നിലയ്‌ക്കേ ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ. ഒറീസയിലെ ചില ക്ഷേത്രങ്ങളിൽ വാർപ്പിരുമ്പുകൊണ്ടുള്ള തുലാങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്‌. ഇവയുടെ പ്രാധാന്യവും സംരചനാതത്ത്വങ്ങളും അന്ന്‌ മനസ്സിലാക്കപ്പെട്ടിരുന്നോ എന്നത്‌ തർക്കവിഷയമാണ്‌, യൂറോപ്പിലാകെ പില്‌ക്കാലങ്ങളിൽ വാസ്‌തുശില്‌പികള്‍ വാർപ്പിരുമ്പ്‌ ഒരു നിർമാണപദാർഥമായി സ്വീകരിച്ചു. കൂടുതൽ ഭാരം താങ്ങാനുള്ള കഴിവ്‌, ഈട്‌, ഏതാകൃതിയിലും വാർത്തെടുക്കാനുള്ള സൗകര്യം ഇതെല്ലാമാണ്‌ ഈ പദാർഥത്തിനുള്ള ഗുണങ്ങള്‍. വലിവു താങ്ങുന്നില്ല എന്നതാണ്‌ വാർപ്പിരുമ്പിന്റെ പ്രധാനദോഷം. 19-ാം ശ.-ത്തിൽ ഉരുക്കുണ്ടാക്കുന്നതിന്‌ മെച്ചപ്പെട്ട ചൂളകള്‍ പ്രചാരത്തിലായതോടെ ഉരുക്കു വാർപ്പിരുമ്പിനെ പിന്നിലാക്കി. വന്‍കിടയന്ത്രവത്‌കൃത വ്യവസായശാലകളിൽ ഇന്ന്‌ ഉരുക്കുകൊണ്ട്‌ നിർമിച്ച കമ്പികള്‍, വിവിധ ആകൃതിയിലുള്ള തുലാങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ഉരുക്കുഘടകങ്ങള്‍ യോജിപ്പിക്കാന്‍ അടുത്തകാലംവരെ റിവറ്റിങ്‌ സമ്പ്രദായവും ബോള്‍ട്ട്‌ ഉറപ്പിക്കലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിളക്കിയോജിപ്പിക്കുന്നതുമൂലം (welding) വളരെ കരുത്തും ഉറപ്പുമുള്ള സന്ധികള്‍ സാധ്യമായതോടെ ഉരുക്കുകൊണ്ടുള്ള നിർമാണത്തിൽ നിർണായകമായ പുരോഗതി കൈവരുകയുണ്ടായി.

ഉരുക്ക്‌ തുരുമ്പുപിടിക്കുകയും രാസവസ്‌തുക്കളുമായുള്ള സമ്പർക്കത്തിൽ ദ്രവിക്കുകയും ചെയ്യും. ചായമടിച്ച്‌ ഒരു പരിധിവരെ ഇതു തടയാം. ദ്രവിക്കാത്തതും തുരുമ്പുപിടിക്കാത്തതുമായ പ്രത്യേക ഉരുക്ക്‌ ഇന്ന്‌ ലഭ്യമാണ്‌. കൂടാതെ ഭാരക്കുറവുള്ള അലൂമിനിയവും മറ്റു സങ്കരലോഹങ്ങളും നിർമാണാവശ്യത്തിനായി വിവിധരൂപത്തിൽ ഉപയോഗിക്കുന്നുണ്ട്‌.

കോണ്‍ക്രീറ്റ്‌

സിമെന്റും വെള്ളവും മണലും കല്‌ചില്ലുകളും പ്രത്യേക അനുപാതത്തിൽ കുഴച്ചുചേർത്താണ്‌ കോണ്‍ക്രീറ്റുണ്ടാക്കുന്നത്‌. ഇങ്ങനെ കുഴച്ചുവയ്‌ക്കുന്ന മിശ്രിതം ക്രമേണ കല്ലുപോലെ ഉറപ്പുള്ള വസ്‌തുവായിത്തീരും. ഉറയ്‌ക്കുന്നതിനുമുമ്പ്‌ ചട്ടക്കൂടുകളിലൊഴിച്ച്‌ കോണ്‍ക്രീറ്റ്‌ ഏതാകൃതിയിലും വാർത്തെടുക്കാം. നല്ല ഈടും ശക്തിയും കോണ്‍ക്രീറ്റിനുണ്ട്‌. മർദം താങ്ങുന്നതിനു അസാമാന്യമായ കരുത്തുണ്ടെങ്കിലും വലിവുതാങ്ങുന്ന കാര്യത്തിൽ ഇതും കല്ലിനെപ്പോലെ ദുർബലമാണ്‌.

കോണ്‍ക്രീറ്റിന്റെ ഈ ന്യൂനത പരിഹരിക്കാന്‍ മാർഗങ്ങളുണ്ട്‌. വാർക്കുമ്പോള്‍തന്നെ വലിവുതാങ്ങാന്‍ കഴിവുള്ള ഉരുക്കുകമ്പികള്‍ പ്രത്യേകം ഒരുക്കിവച്ച്‌ കോണ്‍ക്രീറ്റിൽ ഉള്‍ക്കൊള്ളിക്കുന്നതോടെ മർദവും വലിവും താങ്ങാന്‍ അതിനു കഴിവുണ്ടാകുന്നു. ഈ സങ്കരപദാർഥത്തിന്റെ പേർ പ്രബലിത സിമെന്റുകോണ്‍ക്രീറ്റ്‌ (reinforced cement concrete) എന്നാണ്‌. കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും കോണ്‍ക്രീറ്റുകൊണ്ട്‌ നിർമിക്കാം. കോണ്‍ക്രീറ്റ്‌ വാർക്കാന്‍ ചട്ടക്കൂടുകള്‍വേണം എന്നതുകൊണ്ട്‌ നിർമാണരീതി ചെലവുകൂടിയതാണ്‌. എങ്കിലും ഉരുക്കു കെട്ടിടങ്ങളേക്കാള്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളാണ്‌ ലാഭകരം.

ഇന്ന്‌ വാസ്‌തുവിദ്യയിൽ ഏറ്റവും പ്രചാരമുള്ള നിർമാണപദാർഥം കോണ്‍ക്രീറ്റുതന്നെയാണ്‌. പല പുതുമകളും കോണ്‍ക്രീറ്റു നിർമാണം കാഴ്‌ചവച്ചിട്ടുണ്ട്‌. കനം കുറഞ്ഞ തോടുകൊണ്ട്‌ വിസ്‌താരമുള്ള തളങ്ങള്‍ക്കു മേല്‌പുരകെട്ടാനുള്ള ഷെൽനിർമാണരീതി, മടക്കുപാളി നിർമാണം, കോണ്‍ക്രീറ്റിൽ സാധാരണ കമ്പികള്‍ക്കു പകരം അധികം വലിവുതാങ്ങുന്ന പ്രത്യേക കമ്പികള്‍ വച്ച്‌ നിർമിക്കുന്ന പൂർവസമ്മർദിതകോണ്‍ക്രീറ്റ്‌ (Prestressed concrete), വ്യവസായശാലകളിൽ ഓരോ ഘടകവും വാർത്തെടുത്ത്‌ നിർമാണസ്ഥലത്തു കൊണ്ടുചെന്ന്‌ കൂട്ടിയോജിപ്പിക്കുന്ന പ്രീഫാബ്രിക്കേഷന്‍ (prefabrication) രീതി എന്നിവ പ്രധാനപ്പെട്ടവയാണ്‌.

നിർമാണരീതികള്‍

ചുവരുകള്‍

ചുവരുകളെ ഭാരം വഹിക്കുന്നവയെന്നും ഭാരം വഹിക്കാത്തവയെന്നും രണ്ടായി തരംതിരിക്കാം. ലംബതലത്തിലും തിരശ്ചീനതലത്തിലും വ്യാപിക്കുന്ന ഭാരങ്ങളെ ചെറുത്തുനില്‌ക്കത്തക്കതായിരിക്കണം ചുവരുകള്‍. ഇങ്ങനെ വ്യാപിക്കുന്ന ഭാരം ചുവരിന്റെ അടിഭാഗത്ത്‌ ഏറിയിരിക്കുന്നതുകൊണ്ട്‌ അവിടെ മുകള്‍ഭാഗത്തെക്കാളും വീതികൂടിയിരിക്കണം. ബഹുനിലക്കെട്ടിടങ്ങളുടെ ചുവരുകള്‍ അടിയിലെ നിലയിൽ വീതികൂടിയും മേൽനിലകളിൽ വീതികുറഞ്ഞും ആയി നിർമിക്കുന്നത്‌ ഈ തത്ത്വത്തെ ആസ്‌പദമാക്കിയാണ്‌.

തീരശ്ചീനതലത്തിലെ ഭാരം ചെറുക്കാന്‍ ചുവരിന്‌ ആകെ വീതി കൂട്ടണമെന്നില്ല. ഭാരവ്യാപനം നടക്കുന്ന സ്ഥലത്ത്‌ (ഉദാ. കമാനങ്ങളുടെ താങ്ങുകള്‍ വരുന്നിടങ്ങളിൽ) മുട്ടുതൂണ്‍ കൊടുത്തും ചുവരിന്റെ ശക്തി വർധിപ്പിക്കാം. വാതിലുകളും ജനലുകളും ചുവരിന്റെ കരുത്ത്‌ കുറയ്‌ക്കും. ഇവ കഴിയുന്നതും ഇടവിട്ട്‌ ബഹുനിലക്കെട്ടിടങ്ങളിലാണെങ്കിൽ ഒരേ ലംബനിരയിൽ സ്ഥാപിക്കുകയാണ്‌ അഭികാമ്യം. ഭൂകമ്പപ്രദേശങ്ങളിൽ ചുവരുകള്‍ക്ക്‌ കരുത്തുകൂട്ടാന്‍ ഇടയ്‌ക്ക്‌ ഇരുമ്പുകമ്പികള്‍ കടത്തിവയ്‌ക്കാറുണ്ട്‌. കൂടുതൽ പശിമയുള്ള കുമ്മായം ഉപയോഗിച്ച്‌ നിർമാണം നടത്തേണ്ടതും ആവശ്യമാണ്‌. ഭാരം വഹിക്കാത്ത ചുവരുകളുടെ സ്‌പഷ്‌ടമായ ഉദാഹരണം മതിൽക്കെട്ടാണ്‌. കെട്ടിടങ്ങളുടെ ഭാരം തൂണുകള്‍വഴി നേരിട്ട്‌ അസ്‌തിവാരത്തിലേക്ക്‌ വിസരിക്കുമ്പോഴും അവയുടെ ചുവരുകളിൽ ഭാരം വരുന്നില്ല. ഇത്തരം ചുവരുകള്‍ ഒരാവരണം എന്ന ആവശ്യത്തിനേ ഉതകുന്നുള്ളൂ. ബലമുള്ള കല്ല്‌, ഇഷ്‌ടിക എന്നീ വസ്‌തുക്കള്‍ താത്വികമായി ഇവിടെ ആവശ്യമില്ല. ഗ്ലാസ്‌, മരപ്പാളികള്‍, അലൂമിനിയം, പ്ലാസ്റ്റിക്‌ എന്നിങ്ങനെ ഏതു നിർമാണവസ്‌തുവും ഈ ആവശ്യത്തിനു മതിയാകും.

തൂണ്‍-തുലാം

രണ്ടു താങ്ങുകള്‍ക്കു മുകളിലായി ഒരു തുലാം വയ്‌ക്കുകയാണ്‌ ഇടസൃഷ്‌ടിക്കുന്നതിന്‌ എളുപ്പമായ മാർഗം. ഈ രീതിയെ പൊതുവേ തൂണ്‍-തുലാം-നിർമാണരീതി എന്നു പറയാം. ഭാരം താങ്ങുന്ന തുലാം താഴോട്ടു വളയും; ഇതിന്റെ ഉപരിതന്തുക്കളിൽ മർദപ്രതിബലവും അധസ്‌തന്തുക്കളിൽ വലിവു പ്രതിബലവും ഉണ്ടാകും. അതിനാൽ തുലാം ആയി ഉപയോഗിക്കുന്ന വസ്‌തുവിന്‌ ഈ രണ്ടുവിധം പ്രതിബലങ്ങളും ഒരുപോലെ താങ്ങാന്‍ കഴിവുവേണം. അല്ലാത്ത പക്ഷം അതു തകർന്നുവീഴും. തുലാം ക്രമാതീതമായി വളഞ്ഞു താഴോട്ടുവന്നാലും കെട്ടിടം അപകടത്തിലായേക്കും. തുലാം താങ്ങുകളിലൂടെ തൂണുകളിലേക്കു ഭാരം വ്യാപിപ്പിക്കുന്നു. ഓരോ തൂണിനും അതിലേക്കുവരുന്ന ഭാരംതാങ്ങാന്‍ കഴിവു വേണം. അധികരിച്ച ഭാരത്താൽ തൂണ്‍ ഞെരിഞ്ഞു തകരുകയോ വളഞ്ഞു പൊട്ടുകയോ ചെയ്യാം. അതീവലോലമായ തൂണുകളാണ്‌ വളഞ്ഞുപോകുന്നത്‌. ആകയാൽ തൂണുകള്‍ കൃശമായിരിക്കരുത്‌.

തൂണ്‍-തുലാം നിർമാണരീതി വാസ്‌തുവിദ്യയിലെ അടിസ്ഥാനപരമായ നിർമാണപ്രവിധിയാണ്‌. കെട്ടിടത്തിന്റെ ഭാരം ഭൂഗുരുത്വസിദ്ധാന്തത്തിനു വിധേയമായി അസ്‌തിവാരത്തിലേക്കു വ്യാപിക്കുന്നിടത്തെല്ലാം അനുയോജ്യമായ രീതിയാണിത്‌. ഈജിപ്‌തിലെയും ഗ്രീസിലെയും ഇന്ത്യയിലെയും വാസ്‌തുവിദ്യാസ്‌മാരകങ്ങളിലെല്ലാം കാണുന്ന പ്രധാനരീതിയും ഇതു തന്നെയാണ്‌. തൂണ്‍-തുലാം നിർമിതിയിൽ തൂണ്‍ ഒരു താങ്ങായി മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. ഇവയുടെ സന്ധികളിൽ പരസ്‌പരം ബന്ധകമായി ഒന്നുംതന്നെയില്ല. പക്ഷേ, ശൈഥില്യമില്ലാത്തവിധം പരസ്‌പരം യോജിപ്പിച്ചാൽ തൂണും തുലാമും ഒറ്റഘടകംപോലെ പ്രവർത്തിക്കുന്നതാണ്‌. ഇതുകൊണ്ടാണ്‌ കോണ്‍ക്രീറ്റ്‌, ഉരുക്ക്‌ എന്നിവകൊണ്ടുള്ള കെട്ടിടങ്ങളിൽ തൂണ്‍-തുലാം നിർമിതിക്ക്‌ ഫ്രയിം-സംരചനയോടു സാദൃശ്യം കാണുന്നത്‌. ഇത്തരം കെട്ടിടങ്ങള്‍ക്ക്‌ കൂടുതൽ ഉറപ്പുണ്ടായിരിക്കും.

കമാനം (Arch)

ഭാരം വഹിക്കുമ്പോള്‍ തുലാം താഴോട്ടു വളയും. മുകളിലേക്കു വളവുള്ള തുലാം ആണ്‌ ഉപയോഗിക്കുന്നതെങ്കിൽ അത്‌ ഭാരം വരുമ്പോള്‍ കൂടുതൽ ഉറപ്പുള്ളതായിരിക്കും. കമാനത്തിന്റെ സംരചനാതത്ത്വവും ഇതാണ്‌. കമാനം ഒരു വളഞ്ഞ തുലാമായി കണക്കാക്കാം. പ്രത്യേകം ആപ്പിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയ കല്ലുകൊണ്ടോ ഇഷ്‌ടികകൊണ്ടോ കമാനം നിർമിക്കാം. ആപ്പിന്റെ ആകൃതിയുള്ള ഓരോ കല്ലും അതിന്റെ വശത്തിനു ലംബമായി മർദം ചെലുത്തും; കല്ലിന്റെ ഭാരമാകട്ടെ അതിന്റെ ഭൂഗുരുത്വകേന്ദ്രത്തിലൂടെ നേരെ താഴെക്കും പ്രസരിക്കും. ഇവ രണ്ടിന്റെയും സംയുക്ത പ്രവർത്തനഫലമായുണ്ടാകുന്ന ശക്തിയാണ്‌ താങ്ങുകളിൽ അനുഭവപ്പെടുക. താങ്ങുകളെ പുറത്തോട്ടുതള്ളാനാണ്‌ ഇതിന്റെ പ്രവണത. താങ്ങുകള്‍ ഇതിനെതിരായി പ്രതിശക്തിയുള്ളവയായിരിക്കണം. താങ്ങുകള്‍ക്ക്‌ കനം വർധിപ്പിച്ചോ താഴോട്ടു വീതികൂടിയ മുട്ടുതൂണ്‍ നിർമിച്ചോ ആണ്‌ ഇത്തരം നിർമിതികള്‍ക്കു കരുത്തുകൂട്ടുന്നത്‌. തുലാം-തൂണ്‍ നിർമിതിയിൽനിന്നും വിഭിന്നമാണ്‌ ഈ രീതി. (നോ: ആർച്ചുകള്‍) കമാനങ്ങളുടെ താങ്ങുകളിലുള്ള തള്ളൽ വേറൊരു വിധത്തിൽ പരിഹരിക്കാം. ഒരേ നിരയിൽ അനേകം കമാനങ്ങള്‍ നിർമിച്ചാൽ നടുക്കുള്ള താങ്ങുകളിൽ പരസ്‌പരം വിപരീതദിശയിൽ പ്രവർത്തിക്കുന്ന തിരശ്ചീനശക്തികള്‍ സ്വയം സന്തുലനം ചെയ്യും. രണ്ടറ്റത്തുമുള്ള താങ്ങുകളിൽ മാത്രമേ ശക്തി കൂട്ടേണ്ടതുള്ളൂ.

ഉറപ്പുള്ള കല്ലുകളുടെ അഭാവത്തിൽ ഇഷ്‌ടികകൊണ്ടുള്ള കമാനങ്ങള്‍ ആദ്യമായി നിർമിക്കപ്പെട്ടത്‌ മെസപ്പൊട്ടേമിയയിലാണ്‌ എന്ന്‌ കരുതപ്പെടുന്നു. റോമാക്കാരാണ്‌ കമാന നിർമാണം ഒരു കലയും ശാസ്‌ത്രവുമാക്കി മാറ്റിയത്‌. അർധവൃത്താകൃതിയിലുള്ള കമാനങ്ങളാണ്‌ അവിടെ അധികവും നിർമിക്കപ്പെട്ടിരുന്നത്‌. കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കും അവർ ഈ രീതി സ്വീകരിച്ചു. പിന്നീട്‌ പല ആകൃതിയിലുമുള്ള കമാനങ്ങള്‍ നിർമിക്കപ്പെട്ടിട്ടുണ്ട്‌. ഇവ ഓരോ ദിക്കിലും ഓരോ കാലഘട്ടത്തിലും പ്രചാരത്തിൽ വന്നിട്ടുണ്ട്‌. കമാനത്തിന്റെ രൂപത്തോടു സാദൃശ്യമുള്ള നിർമാണരീതി പുരാതന ഭാരതത്തിലും കാണാമെങ്കിലും അവ യഥാർഥത്തിൽ കമാനങ്ങളല്ല. കോണ്‍ക്രീറ്റിലും ഉരുക്കിലും കമാനാകൃതിയുള്ള നിർമിതികള്‍ ഉണ്ടായിട്ടുണ്ട്‌. ഇവയുടെ സംരചനാതത്ത്വം കല്‌ക്കമാനങ്ങളുടേതിൽനിന്നു വിഭിന്നമാണ്‌. ഇവയെ ദൃഢസംരചനയുടെ (Rigid structure) ഇനത്തിലാണ്‌ പെടുത്തേണ്ടത്‌. വാസ്‌തുവിദ്യയിൽ ഇത്തരം നിർമിതികള്‍ക്ക്‌ അനേകം സാധ്യതകള്‍ ഉണ്ട്‌.

കമാന മേല്‌പുര

ഒരു നിര കമാനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി അടുക്കിയാൽ കമാനമേല്‌പുരയുടെ പ്രാഥമിക രൂപമായി. ഈ നിർമിതിക്കും കമാനത്തിന്റെ പരിമിതികളുണ്ട്‌. രണ്ടുവശത്തും നല്ല കരുത്തുള്ള താങ്ങുകള്‍ വേണ്ടതിനാൽ ഇത്തരം മേല്‌പുരവച്ച കെട്ടിടങ്ങളിൽ രണ്ടുവശത്തുകൂടിമാത്രമേ പ്രകാശം കടക്കൂ. ഇതിന്‌ പരിഹാരമായി റോമാക്കാർ ഒരു രൂപഭേദം നല്‌കി. ഇത്തരം രണ്ടു നിർമിതികള്‍ പരസ്‌പരം ലംബമായിട്ടുണ്ടെങ്കിൽ അവ സന്ധിക്കുന്നിടത്ത്‌ നാലുതൂണുകളിൽ മാത്രം താങ്ങി നിർത്താവുന്ന ഒരു മേല്‌പുരയുണ്ടാക്കാം. ഒരു സമചതുരത്തിന്റെ നാല്‌ കോണുകളിലായിരിക്കും ഈ തൂണുകള്‍ സ്ഥാപിക്കുക. ഇത്തരം സമചതുരങ്ങള്‍ അടുപ്പിച്ചുവച്ച്‌ എത്ര വിസ്‌താരത്തിലും ഇടയ്‌ക്കു ചുവരുകളില്ലാത്ത നിലവറകള്‍ സൃഷ്‌ടിക്കാം. ഈ രീതിക്കും വൈഷമ്യങ്ങളില്ലാതില്ല. മേല്‌പുരയുടെ ആകൃതിയിൽ ആദ്യം ചട്ടക്കൂട്‌ ചെയ്‌തു വച്ചാലേ നിർമാണം സാധ്യമാകൂ. ഈ ചട്ടക്കൂടാകട്ടെ സങ്കീർണവുമാണ്‌. ഗോഥിക്‌ശില്‌പികളാണ്‌ ഇതിനു ലളിതമായ ഒരു പ്രതിവിധി കണ്ടെത്തിയത്‌. സാധാരണ കമാനങ്ങള്‍ പരസ്‌പരം കോർത്തിണക്കി കുടക്കമ്പികള്‍പോലെ ഒരു പഞ്‌ജരം സൃഷ്‌ടിക്കുക, അതിനുശേഷം ഈ കമാനങ്ങള്‍ക്കിടയ്‌ക്കുള്ള സ്ഥലം ഇഷ്‌ടികകൊണ്ടോ കല്ലുകൊണ്ടോ ഒരു പാത്തിയുണ്ടാക്കി മൂടുക എന്നതായിരുന്നു ഗോഥിക്‌ നിർമാണരീതി. കമാനങ്ങള്‍ തമ്മിലുള്ള വിടവ്‌ കുറയുന്നതോടെ പാത്തിയുടെ കനവും കുറയും. തന്മൂലം മേല്‌പുരയുടെ ഭാരത്തിലും കുറവു വരും. കമാനങ്ങള്‍ ഈ ഭാരത്തെ താങ്ങിലേക്കു പ്രസരിപ്പിക്കും. താങ്ങുകളിൽ അനുഭവപ്പെടുന്ന തിരശ്ചീനതലത്തിലുള്ള ഊക്ക്‌ അവിടെനിന്നാരംഭിക്കുന്ന മറ്റൊരു അർധകമാനംവഴി ഭൂമിയിലേക്ക്‌ പ്രസരിക്കും. ഇതോടെ താങ്ങുകള്‍ പ്രായേണ മെലിഞ്ഞ തൂണുകളാകും. അഗ്രം കൂർത്ത കമാനനങ്ങള്‍കൂടി കണ്ടുപിടിച്ചതോടെ ഈ നിർമാണരീതികൊണ്ട്‌ ഏത്‌ അകത്തളത്തിനും അനുയോജ്യമായ മേല്‌പുര നിർമിക്കാന്‍ ഗോഥിക്‌ ശില്‌പികള്‍ക്കു സാധിച്ചു. "വിൽവച്ച മേല്‌പുര' (Ribbed vault)എന്നാണ്‌ ഈ നിർമിതിയുടെ പേര്‌. മധ്യകാലഘട്ടത്തിൽ നിലവിൽവന്ന ഈ രീതിയാണ്‌ പ്രധാനപ്പെട്ട ക്രസ്‌തവദേവാലയങ്ങളിൽ പലതിനും സ്വീകരിച്ചിരിക്കുന്നത്‌.

1851-ൽ ജോസഫ്‌ പാക്‌സ്റ്റണ്‍ എന്ന ശില്‌പിയാണ്‌ ലണ്ടനിൽ "ക്രിസ്റ്റൽ പാലസ്‌' നിർമിക്കാന്‍ വില്ലുവച്ച മേല്‌പുരയുടെ നിർമാണരീതി ഉപയോഗിച്ചത്‌. ഇവിടെ ലോഹംകൊണ്ടുള്ള കമാനങ്ങളും സ്‌ഫടികംകൊണ്ടുള്ള പാത്തിയുമാണ്‌ നിർമാണത്തിനു സ്വീകരിച്ചത്‌. കോണ്‍ക്രീറ്റിലും ഇത്തരം രീതികള്‍ ഫലപ്രദമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌.

അർധകുംഭകം (Dome)

കമാനമേല്‌പുരയുടെ ഒരു വകഭേദമാണ്‌ അർധകുംഭകം. അർധഗോളാകൃതിയിലോ തത്സദൃശമായ മറ്റു രൂപങ്ങളിലോ ഉള്ള മേല്‌പുരയാണിത്‌. കമാനങ്ങളുടെ സംരചനാതത്ത്വം തന്നെയാണ്‌ കുംഭകത്തിനും ബാധകമായിട്ടുള്ളത്‌. വർത്തുളാകൃതിയിലുള്ള താങ്ങിൽ നിന്നാരംഭിച്ച്‌ അഗ്രസ്ഥാനത്തേക്കെത്തുന്ന കമാനങ്ങളുടെ തുടർച്ചയായ ഒരു വ്യൂഹമായി ഇതിനെ കണക്കാക്കാം.

പ്ലാനിൽ വൃത്താകാരമുള്ള കെട്ടിടങ്ങള്‍ക്ക്‌ അർധകുംഭകം ലാഭകരമായി സ്വീകരിക്കാം. (ഉദാ. റോമിലെ പാന്തിയോണ്‍ ദേവാലയം). നാഴിയുടെ ആകൃതിയുള്ള ചുവരുകളിൽ കുംഭകത്തിന്റെ താങ്ങ്‌ ഉറപ്പിക്കാമെന്നതുകൊണ്ടാണ്‌ ഇതു സാധിക്കുന്നത്‌. സമചതുരാകൃതിയുള്ള കെട്ടിടങ്ങള്‍ക്കും കുംഭകം മേല്‌പുരയായി സ്വീകിരിക്കുന്നതിനുള്ള ഉപാധികള്‍ ശില്‌പികള്‍ കണ്ടുപിടിച്ചിരുന്നു. രണ്ടു രീതികള്‍ക്കാണ്‌ ഇവയിൽ പ്രാധാന്യം. സമചതുരാകൃതിയിലുള്ള കെട്ടിടത്തിന്റെ കോണുകളിൽനിന്നും തള്ളിനില്‌ക്കുന്ന പ്രലംബിനികളെ വൃത്താകൃതിയുള്ള താങ്ങായി മാറ്റുകയാണ്‌ ഒരു മാർഗം; ഈ താങ്ങിൽ കുംഭകം സ്ഥാപിക്കപ്പെടുന്നു; രണ്ടാമത്തെ രീതിയിൽ കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും അസ്‌തിവാരംതൊട്ട്‌ ആരംഭിക്കുന്ന അനേകം കമാനങ്ങള്‍ പരസ്‌പരം ബന്ധിക്കപ്പെട്ട്‌ മുകളിൽ വൃത്താകൃതിയുള്ള ഒരു താങ്ങ്‌ സൃഷ്‌ടിക്കുന്നു (ഉദാ. ബീജാപ്പൂരിലെ ഗോള്‍ഗുമ്പാസ്‌). പ്രതീകപ്രാധാന്യമുള്ള ഒരു നിർമാണരീതിയാണ്‌ അർധകുംഭകം. കൊട്ടാരങ്ങള്‍ക്കും ആരാധനാസ്ഥലങ്ങള്‍ക്കും സ്‌മാരകങ്ങള്‍ക്കും ഈ രീതി സ്വീകരിക്കെപ്പെട്ടിട്ടുണ്ട്‌. കല്ലിലും ഇഷ്‌ടികയിലും മാത്രമല്ല, കോണ്‍ക്രീറ്റിലും ഈ നിർമിതി സ്ഥിരപ്രതിഷ്‌ഠ നേടിയിരിക്കുന്നു. പ്രബലിത സിമന്റ്‌കോണ്‍ക്രീറ്റ്‌ ഉപയോഗിച്ച്‌ കനം കുറഞ്ഞതും വിസ്‌താരമേറിയതുമായ അർധകുംഭകങ്ങള്‍ നിർമിക്കാം.

ട്രസ്സുകള്‍ (Trusses)

ഇരുവശേത്തക്കും ചരിവുള്ള ഒരു മേല്‌പുര താങ്ങുചുവരുകളെ പുറത്തേക്കു തള്ളുന്നതായി കാണാം. ചുവരുകള്‍ തമ്മിൽ ഒരു കമ്പികൊണ്ട്‌ ബന്ധിക്കുമ്പോള്‍ തിരശ്ചീനതലത്തിലെ ശക്തി കമ്പി വഹിക്കുകയും സംരചന ഉറപ്പുള്ളതാകുകയും ചെയ്യും; ട്രസ്സിന്റെ നിർമാണതത്ത്വം ഇതാണ്‌. മൂന്നംഗങ്ങളുള്ള ഒരു ചട്ടക്കൂട്‌ രൂപവൈകൃതം സംഭവിക്കാത്തതാണ്‌. അതിൽ ഭാരം വരുമ്പോള്‍ ഓരോ ഘട്ടത്തിലും രൂപാനുസൃതമായി മർദമോ വലിവോ അനുഭവപ്പെടുകയും അവയുടെ സംയുക്തഫലമായി സന്തുലിതാവസ്ഥ കൈവരികയും ചെയ്യും. ഒറ്റ ത്രികോണം ട്രസ്സിന്റെ ഏറ്റവും ലളിതമായ രൂപമാണ്‌ രണ്ടു താങ്ങുകളിൽ സ്ഥാപിച്ച ഒരു ത്രികോണ ട്രസ്സിൽ ഭാരം വരുമ്പോള്‍ ചരിഞ്ഞിരിക്കുന്ന രണ്ടു ഭുജങ്ങളിൽ പ്രധാനമായും മർദവും താഴത്തെ ഭുജത്തിൽ വലിവുമുണ്ടാകും. താങ്ങുകള്‍ തമ്മിലുള്ള അകലം വർധിക്കുമ്പോള്‍ ഈ ചട്ടക്കൂട്‌ അനേകം ത്രികോണങ്ങളുടെ ഒരു സംയോഗമായിത്തീരുന്നു. സംരചനാതത്ത്വപ്രകാരം ഭാരം താങ്ങുന്ന ഇത്തരം ചട്ടക്കൂടിൽ ഓരോ ഘടകത്തിലും മർദമോ വലിവോ ഏതെങ്കിലുമൊന്നേ ഉണ്ടാകൂ. ഓരോ ഘടകവും അതാതിൽ അനുഭവപ്പെടുന്ന മർദമോ വലിവോ താങ്ങാന്‍ കെല്‌പുള്ളതായിരിക്കണം.

മരംകൊണ്ടും ഉരുക്കുകൊണ്ടും രണ്ടും ഒരുമിച്ചുചേർത്തും ട്രസ്സുകള്‍ ഉണ്ടാക്കാറുണ്ട്‌. ഓരോ ഇടയകലത്തിനും ഏറ്റവും സൗകര്യവും ലാഭകരവുമായ ട്രസ്സുകളുടെ മാതൃക സ്വീകരിക്കാം. ഇടയകലം കുറഞ്ഞ കെട്ടിടങ്ങള്‍ക്ക്‌ സാധാരണയായി മരത്തിന്റെ ട്രസ്സുകളും ഇടയകലം താരതമ്യേന കൂടിയ കെട്ടിടങ്ങള്‍ക്ക്‌ ഉരുക്കിന്റെ ട്രസ്സുകളും ഉപയോഗിക്കുന്നു. എത്ര വിസ്‌താരമുള്ള തളങ്ങള്‍ക്കും അനുയോജ്യമായ ട്രസ്സുകള്‍ നിർമിക്കാവുന്നതാണ്‌.

ഫ്രയിം സംരചന

സാധാരണ കെട്ടിടങ്ങളിലെ എല്ലാ ഘടകങ്ങളും ഏതെങ്കിലും വിധത്തിൽ ഭാരം താങ്ങുന്നവയാണ്‌; ചുവരുകളാകട്ടെ ഭാരം താങ്ങുന്നതിനുപുറമേ കെട്ടിടത്തിന്റെ ആവരണമായും പ്രവർത്തിക്കുന്നു. ഫ്രയിം സംരചനയിൽ കെട്ടിടത്തിന്റെ ഭാരവ്യാപനം മുഴുവന്‍ നടക്കുന്നത്‌ അയവില്ലാത്തവിധം കൂട്ടിയിണക്കിയ തൂണുകളും തുലാങ്ങളും അടങ്ങിയ ഒരു ചട്ടക്കൂടുവഴിയാണ്‌; തന്മൂലം ചുവരകള്‍ക്ക്‌ ഭാരവിസരണത്തിൽ പങ്കില്ല. ഇവ വെറും ആവരണം മാത്രമായി ശേഷിക്കുന്നു. ഇതുകൊണ്ടുള്ള മെച്ചം ഭാരക്കുറവുള്ള വസ്‌തുക്കളും ഗ്ലാസ്‌, പ്ലാസ്റ്റിക്‌ എന്നിങ്ങനെ ലോലമായ വസ്‌തുക്കളും ചുവരുകളായി ഉപയോഗിക്കാമെന്നതാണ്‌. മാത്രമല്ല, ഭാരംവഹിക്കുന്ന ഇടച്ചുവരുകള്‍ ആവശ്യമില്ലാത്തതിനാൽ കെട്ടിടത്തിനകം നേർത്ത ഇടപ്പാളികള്‍കൊണ്ട്‌ യഥേഷ്‌ടം വേർതിരിക്കാനും സാധിക്കുന്നു.

ഭൂകമ്പങ്ങളും ശീതോഷ്‌ണാവസ്ഥകൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങളും അസ്‌തിവാരത്തിന്റെ ആപേക്ഷികമായ ഇടിഞ്ഞുതാഴലും താങ്ങാന്‍ പ്രായേണ കരുത്തുള്ളതാണ്‌ ഫ്രയിംസംരചന. നിർമാണപദാർഥങ്ങള്‍ ലാഭിക്കുവാനും ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാനും ഈ സംരചനവഴി സാധിക്കുന്നു.

ആധുനികസൗധങ്ങള്‍, പ്രത്യേകിച്ച്‌ ബഹുനിലക്കെട്ടിടങ്ങള്‍ ഫ്രയിം നിർമാണരീതിയിലാണ്‌ പടുത്തുയർത്തുന്നത്‌. കോണ്‍ക്രീറ്റും ഉരുക്കുമാണ്‌ ഈ രീതിക്ക്‌ അനുയോജ്യമായ നിർമാണപദാർഥങ്ങള്‍. അംബരചുംബികള്‍ക്ക്‌ കോണ്‍ക്രീറ്റിനേക്കാള്‍ ഉരുക്ക്‌ യോജിച്ചതായി കരുതപ്പെടുന്നു. ഇത്തരം കെട്ടിടങ്ങളിൽ ഉരുക്കിന്റെ തൂണുകളും മറ്റും അഗ്നിപ്രതിരോധം ലക്ഷ്യമാക്കി കോണ്‍ക്രീറ്റിൽ പൊതിയാറുണ്ട്‌. സംയോജിതനിർമാണം (composite construction) എന്നാണ്‌ ഈ രീതിയെ വിശേഷിപ്പിക്കുന്നത്‌.

ഭാവാവിഷ്‌കരണം

വാസ്‌തുവിദ്യ അമൂല്യമായ ഒരു കലാരൂപമാണ്‌. ഭാവാവിഷ്‌കരണമാണ്‌ ഏതു കലാരൂപത്തിന്റെയും കാതൽ. നിർമാണത്തിന്റെ അർഥവും സവിശേഷതയും കാണികളിലേക്ക്‌ കൈമാറ്റം ചെയ്യുകയാണ്‌ വാസ്‌തുവിദ്യയിലെ ഭാവാവിഷ്‌കരണത്തിൽ സംഭവിക്കുന്നത്‌.

ഈ ഉദ്ദേശ്യം ഓരോ സ്ഥലത്തും ഓരോ കാലത്തും വിഭിന്നമായ മാർഗങ്ങളിലൂടെ സാധിച്ചുവന്നു. വാസ്‌തുവിദ്യയിൽ വൈവിധ്യമാർന്ന ശൈലികള്‍ നിലവിൽവരാനും ഇതാണുകാരണം. ഓരോ ശൈലിയുടെയും പരിധികള്‍ ഭൂമിശാസ്‌ത്രപരമോ മതപരമോ ഭാഷാപരമോ വർഗപരമോ ആകാം; ഒരോ ശൈലിയിലും പ്രാദേശികമായ ഭാവഭേദങ്ങളും പ്രകടമാകാം. ചില ശൈലികള്‍ അനേകായിരം വർഷങ്ങള്‍ അഭംഗുരം തുടരുമ്പോള്‍ മറ്റു ചിലത്‌ ഒന്നോ രണ്ടോ നൂറ്റാണ്ടുകളിൽമാത്രം ഒതുങ്ങിനില്‌ക്കുന്നവയാണ്‌. ഏതായാലും ഓരോ ശൈലിയുടെയും രൂപവത്‌കരണത്തിൽ അചലമായിവർത്തിച്ച ശക്തികള്‍ ഇപ്പറയുന്നവയാണ്‌-ഭൂമിശാസ്‌ത്രം; ഭൂപ്രകൃതി, ഭൂമിയുടെ കിടപ്പ്‌, ഗതാഗതമാർഗങ്ങള്‍; ഭൂഗർഭശാസ്‌ത്രം: നിർമാണ വസ്‌തുക്കള്‍; കാലാവസ്ഥ; ഋതുഭേദങ്ങള്‍; സാമൂഹികഘടന; മതസ്വാധീനം; സാമ്പത്തികശേഷി; സാങ്കേതിക പുരോഗതി.

വാസ്‌തുവിദ്യയിലെ ഏതു ശൈലിയിലും മേല്‌പറഞ്ഞ ഘടകശക്തികളുടെ പ്രഭാവം ദൃശ്യമാണ്‌. ഓരോ ശൈലിയിലുമുള്ള ഭാവാവിഷ്‌കരണത്തെ രണ്ടായിത്തിരിക്കാം; (1) നിർമാണത്തിന്റെ ഉപയോഗവും നിർമാണപ്രവിധിയും വ്യക്തമാക്കുന്ന പദാർഥസ്വരൂപമായ അർഥപ്രകടനം. (2) നിർമാണത്തിലെ ആകാരവ്യവസ്ഥയിൽ നിഗൂഢമായിരിക്കുന്ന വിഭാവനയുടെ കേവലമായ അർഥപ്രകടനം; ഓരോ നിർമാണത്തിന്റെയും നിർമാണപ്രവിധിയും ഉപയോഗവും ആകാരവ്യവസ്ഥയിലൂടെമാത്രമേ വ്യക്തമാകൂ എന്നുള്ളതിനാൽ ഈ വിഭജനം തികച്ചും സൂക്ഷ്‌മമായിട്ടുള്ളതല്ല.

പദാർഥ സ്വരൂപമായ അർഥപ്രകടനം

ഉപയോഗത്തിന്റെ പ്രതീകങ്ങള്‍

വാസ്‌തുവിദ്യയിൽ സംരചനയുടെ ഉപയോഗം ദ്യോതിപ്പിക്കുന്നത്‌ പ്രതീകങ്ങളിൽകൂടിയാണ്‌. പാർപ്പിടവും ആരാധനാസ്ഥലവും അവയുടെ ആകാരങ്ങളിൽനിന്നും വേർതിരിച്ചറിയാം. ആരാധനാസ്ഥലങ്ങള്‍ ഏതേതു മതവിശ്വാസത്തിന്റേതെന്നു മനസ്സിലാക്കാനും അവയിലോരോന്നിന്റെയും ഉപവിഭാഗങ്ങളും പ്രാദേശികഭേദങ്ങളും തിരിച്ചറിയാനും ഇതുപോലെ സാധിക്കും. ഹൈന്ദവക്ഷേത്രങ്ങള്‍ക്കും ക്രസ്‌തവദേവാലയങ്ങള്‍ക്കും മുസ്‌ലിം പള്ളികള്‍ക്കും വ്യത്യസ്‌തങ്ങളായ ആകാരങ്ങളാണുള്ളത്‌. ഹൈന്ദവക്ഷേത്രങ്ങള്‍തന്നെ വൈഷ്‌ണവക്ഷേത്രമോ ശൈവക്ഷേത്രമോ എന്നറിയാനും അത്‌ ഉത്തരേന്ത്യന്‍ ശൈലിയിലോ ദക്ഷിണേന്ത്യന്‍ശൈലിയിലോ എന്നറിയാനും ഒരു നല്ല പരിധിവരെ ആകാരം സഹായകമാകും.

വാസ്‌തുവിദ്യയുടെ ആകാരം അവയുടെ ഉള്ളടക്കത്തെ ദ്യോതിപ്പിക്കുമ്പോള്‍ ആകാരംതന്നെ പ്രതീകാങ്ങകമാകുന്നു. ഓരോ രൂപത്തിലും പ്രതീകാങ്ങകത കൈവരുന്നത്‌ അതിന്റെ ആകൃതിയുമായി നമുക്കുള്ള നിത്യസമ്പർക്കമോ ഈ ആകൃതിയും പ്രത്യേക ആശയങ്ങളുമായുള്ള സംബന്ധമോ മൂലമായിരിക്കും. ഓരോ ആകൃതിയുടെയും പ്രത്യേകമായ ഒരർഥം അങ്ങനെ മനസ്സിൽ വേരുറയ്‌ക്കും; ഉദാ. ലംബമായ ആകാരം ഉയർച്ചയുടെ പ്രതീകമാണ്‌; താഴ്‌ന്ന മേല്‌പുര ദൃഢബദ്ധമായ അടുപ്പം കാണിക്കുന്നു; വൃത്തം, സമചതുരം എന്നീ ആകൃതികള്‍ പരിപൂർണതയെ ദ്യോതിപ്പിക്കും. വാസ്‌തുവിദ്യയിലുപയോഗിക്കുന്ന എല്ലാ ആകാരങ്ങളും സംജ്ഞകളും ഇപ്രകാരം സമൂഹത്തിന്റെ പരിണാമപ്രക്രിയയിൽ അർഥവ്യാപ്‌തി ഉള്ളവയാണ്‌. അപരിചിതമായ ഒരു ആകാരവ്യവസ്ഥിതി വാസ്‌തുവിദ്യയ്‌ക്കു നല്‌കുമ്പോള്‍ അതിന്റെ അർഥം അസ്‌പഷ്‌ടമാകുകയും ഭാവപ്രകടനം അവ്യക്തമാകുകയും ചെയ്യും. വാസ്‌തുവിദ്യയിലെ പ്ലാന്‍പോലും ഈ ആശയപ്രകടനത്തിനുപയോഗിക്കുന്നുണ്ട്‌. സുരക്ഷിതത്ത്വത്തിന്റെയും പ്രപഞ്ചശക്തിയുടെയും പ്രതീകമായി വീടുകള്‍ക്കും സ്‌മാരകങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വൃത്തം സ്വീകരിച്ചുവന്നു. സമചതുരത്തിന്റെ ആകൃതിയിൽ, ബ്രഹ്മാണ്ഡത്തിന്റെ പൊരുത്തം സ്വരൂപിച്ച്‌ ഈ ആകൃതി ഹൈന്ദവക്ഷേത്രത്തിന്റെ പ്ലാനായി സ്വീകരിക്കപ്പെട്ടു. കുരിശിന്റെ ആകൃതിയുള്ള പ്ലാനുകള്‍ ഗോഥിക്‌ പള്ളികള്‍ക്കു സാധാരണമായിരുന്നു. ഈ പ്രതീകങ്ങള്‍ ആകാരവ്യവസ്ഥയിലും സ്വീകരിക്കപ്പെട്ടു. കുംഭകങ്ങള്‍ക്ക്‌ വൃത്താകൃതിയുടെ എല്ലാ അർഥവ്യാപ്‌തിയും നല്‌കപ്പെട്ടു. സ്‌തംഭങ്ങളും ഉത്തുംഗമായ ഗോപുരങ്ങളും ശക്തിപ്രകടനത്തിന്റെ രൂപമായി. പഗോഡകളിലും ക്ഷേത്രഗോപുരങ്ങളിലും അംബരചുംബികളിലും കാണുന്ന ഔന്നത്യം ഭംഗിയെക്കാളും സൗകര്യത്തെക്കാളുമധികം ഈ ശക്തിയുടെ പ്രതീകമാണ്‌; ക്ഷേത്രകവാടത്തിന്റെയും തോരണത്തിന്റെയും ആകൃതി വാസ്‌തുവിദ്യയിൽ ദിവ്യവും സുരക്ഷിതവുമായ സ്ഥലത്തിന്റെ സൂചനയാണ്‌.

വാസ്‌തുവിദ്യയിൽ ആകാരംമാത്രമല്ല, അലങ്കാരവും അർഥസംപുഷ്‌ടമാണ്‌. ഉദാ. കൊത്തുവേലകള്‍ ആദ്യകാലത്ത്‌ നിർമാണപ്രവിധിയുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ, പില്‌ക്കാലത്ത്‌ അവയുടെ ഉപയോഗം പ്രതീകാങ്ങകം മാത്രമായി. ഈ അലങ്കാരങ്ങള്‍തന്നെ വാസ്‌തു വിദ്യയുടെ ആകാരമായി മാറുന്ന സ്ഥിതിവരെ അതിന്‌ അർഥവ്യാപ്‌തിയുണ്ടായി. കൊനാർക്കിലെ സൂര്യക്ഷേത്രം, സൂര്യരഥത്തിന്റെ പ്രതിരൂപമാണ്‌. അതിലെ പ്രതീകങ്ങളും സംജ്ഞകളും ആ കാലഘട്ടത്തിലെ സാംസ്‌കാരികമാതൃകകളുടെ പ്രതിഫലനമായിരുന്നു. ഓരോ നിർമാണത്തിനും അതതിന്റെ ഉപയോഗത്തിനനുയോജ്യവും പ്രതീകാങ്ങകവുമായ ആകാരവും അലങ്കാരവും ഇപ്രകാരം നല്‌കപ്പെട്ടിട്ടുണ്ട്‌. സങ്കീർണങ്ങളായ ആധുനിക ആവശ്യങ്ങള്‍ ദ്യോതിപ്പിക്കാന്‍ ഇവയൊന്നും ഫലപ്രദമല്ല. ആധുനികവാസ്‌തുവിദ്യയിൽ പ്രതീകങ്ങള്‍ കുറവാകാന്‍ ഇതായിരിക്കാം കാരണം.

നിർമാണ പ്രവിധിയുടെ പ്രകാശനം

നിർമാണവസ്‌തുക്കളുടെ ഗുണങ്ങളും നിർമാണരീതിയുടെ തത്ത്വങ്ങളും വ്യക്തമാക്കിയാൽമാത്രമേ വാസ്‌തുവിദ്യയുടെ അർഥവ്യാപ്‌തി പൂർണമാകൂ. ഓരോ നിർമാണവസ്‌തുവിന്റെയും സ്വാഭാവികമായ സവിശേഷതകള്‍ പ്രകാശിപ്പിക്കാന്‍ അനുയോജ്യമായ രീതികള്‍ വാസ്‌തുവിദ്യ ആവിഷ്‌കരിച്ചിട്ടുണ്ട്‌. വിവിധോപകരണങ്ങള്‍കൊണ്ടു നിർമാണവസ്‌തുക്കളുടെ തലം രൂപപ്പെടുത്തുന്ന മാതൃകയിൽ നിന്നും അവയുടെ ആന്തരികഘടനയും കാഠിന്യവും വ്യക്തമാക്കാം. കൊത്തുപണികളും പ്രലംബതയും അവയുടെ കനം ദ്യോതിപ്പിക്കുന്നു. മിനുക്കിയ തലങ്ങള്‍ അവയുടെ ലോലതയെ സൂചിപ്പിക്കും. മരത്തിന്റെ സൗന്ദര്യം ആരുകളുടെ മാതൃകയിൽ നിന്നൂഹിക്കാം. ലോഹപാളികളിലെ ജ്യാമിതീയരൂപങ്ങളും കോണ്‍ക്രീറ്റിൽ ചട്ടക്കൂടിന്റെ പാടുകളും ഇഷ്‌ടികപ്പണിയിലെ സന്ധികളും ഓരോന്നിന്റെയും നൈസർഗികമായ സവിശേഷതകള്‍ വ്യക്തമാക്കുന്ന പ്രതീകങ്ങളായി കണക്കാക്കാം. നിർമാണത്തിലെ സംരചനാതത്ത്വങ്ങളും ഇപ്രകാരംതന്നെ ഒരളവുവരെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടിപ്പിക്കാം. കെട്ടിടങ്ങളുടെ മേല്‌ക്കൂരകളും പള്ളികളുടെ വിൽകമാനങ്ങളും പ്രത്യക്ഷത്തിൽതന്നെ നിർമാണരീതി വ്യക്തമാക്കുന്നു. ഈ ആവശ്യത്തിന്‌ പ്രതീകങ്ങളും ഉപയോഗിക്കാറുണ്ട്‌. യവനദേവാലയങ്ങളുടെ തൂണുകള്‍ ഭാരം താങ്ങുന്ന മാംസപേശികളുടെ മാതൃകയിൽ നടുക്ക്‌ വച്ചംകൂടിയും അഗ്രങ്ങളിൽ വച്ചംകുറഞ്ഞുമാണ്‌. ഹിന്ദുക്ഷേത്രങ്ങളിലെ താങ്ങുകള്‍ കരുത്തുള്ള ആനകളുടേയും വാമനരൂപികളുടേയും മാതൃകയിൽ നിർമിച്ചിട്ടുണ്ട്‌. ആധുനികമന്ദിരങ്ങളിൽ ബാഹ്യതലം ഗ്ലാസുകൊണ്ട്‌ ആവരണം ചെയ്യുന്നതിന്റെ ഉദ്ദേശ്യം നിർമാണരീതി വ്യക്തമാക്കുകയാണ്‌.

നിർമാണപ്രവിധിയുടെ പ്രകാശനം എല്ലാ ശൈലികളിലും സർവസാധാരണമല്ല. പലപ്പോഴും അലങ്കാരവും കൊത്തുവേലകളും കൊണ്ട്‌ നിർമാണരീതി മറച്ചുപിടിക്കാനുള്ള ശ്രമമാണ്‌ വാസ്‌തുവിദ്യാശൈലികളിലധികവും. കല്ല്‌ നിർമാണവസ്‌തുവായി ഉപയോഗിക്കപ്പെട്ടപ്പോഴും ദാരുശില്‌പത്തിന്റെ മാതൃകയിൽതന്നെ ക്ഷേത്രങ്ങള്‍ നിർമിക്കാന്‍ ഭാരതീയശില്‌പികള്‍ മടിച്ചില്ല. മാർബിള്‍ക്കല്ലുകള്‍ വെങ്കളികൊണ്ട്‌ മറയ്‌ക്കുവാനാണ്‌ ഗ്രീക്കുശില്‌പികള്‍ ശ്രമിച്ചത്‌. റോമിലെ കെട്ടിടങ്ങള്‍ ഒന്നാംതരം ഇഷ്‌ടികപ്പണി കാഴ്‌ചവയ്‌ക്കുന്നുണ്ട്‌. പക്ഷേ, അവയുടെ പുറംഭാഗം മാർബിള്‍പലകകൊണ്ട്‌ പൊതിഞ്ഞിരിക്കുകയാണ്‌. വാർപ്പിരുമ്പ്‌ ഗോഥിക്‌ കമാനങ്ങളുടെ ആകൃതിയിൽ വാർത്തെടുക്കേണ്ടത്‌

സംരചനാതത്ത്വങ്ങള്‍ ആസ്‌പദമാക്കിയായിരിക്കയില്ല. കുംഭകങ്ങള്‍ക്ക്‌ അകത്തുംപുറത്തും പാത്തികള്‍ നല്‌കി അതിന്റെ തത്‌ സ്വരൂപം അവ്യക്തമാക്കാനാണ്‌ ശില്‌പികള്‍ ശ്രമിച്ചിട്ടുള്ളത്‌. വാസ്‌തുവിദ്യയിലെ കൗശലപ്പണികളായിട്ടാണ്‌ ഇവയെ കണക്കാക്കിയിരുന്നതും.

നിർമാണരീതി പ്രകാശിപ്പിക്കുന്ന സമ്പ്രദായം പ്രധാനമായും ഗോഥിക്‌ ശൈലിയിലാണ്‌ പ്രചാരത്തിലിരിക്കുന്നത്‌. വിൽവച്ച മേല്‌പുരയും മുട്ടുതൂണുകളും അക്കാലത്ത്‌ നിർമാണത്തിലെ നവീനത്വമായിരുന്നു. ഇവയുടെ നിർമാണതത്ത്വംതന്നെ ആവേശകരമായ ഒരു അനുഭൂതിയായിട്ടായിരിക്കും ശില്‌പികള്‍ക്കും സമൂഹത്തിനും തോന്നിയിരിക്കുക. വാസ്‌തുവിദ്യയിലെ ഈ യഥാർഥരൂപ പ്രദർശനം പിന്നീട്‌ ആധുനികശൈലിയിലാണ്‌ കാണുന്നത്‌. ഓരോ വസ്‌തുവിനും നിർമാണരീതിക്കും അതാതിന്റേതായ നൈസർഗികവൈശിഷ്‌ട്യങ്ങളുണ്ടെന്നും അവ അപ്പാടെ വ്യക്തമാക്കുകയാണ്‌ ഭാവാവിഷ്‌കരണത്തിലെ സത്യസന്ധത എന്നുമാണ്‌ ആധുനികവാസ്‌തുവിദ്യയുടെ വിശ്വാസപ്രമാണം. ആധുനികവാസ്‌തുവിദ്യയുടെ പരുക്കന്‍ സൗന്ദര്യം ഈ വിശ്വാസത്തിന്റെ പരിണത ഫലമാണ്‌.

ആകാരവ്യവസ്ഥയുടെ കേവലമായ അർഥപ്രകടനം

ഇടവും ദ്രവ്യമാനവും(Space and mass)

ഏതു നിർമാണത്തിലും അർഥവത്തായ ഒരു ആകാരവ്യവസ്ഥ സംവിധാനം ചെയ്യുകയാണ്‌ വാസ്‌തുശില്‌പി ചെയ്യുന്നത്‌. ഇത്‌ ശില്‌പിയുടെ വ്യക്തിത്വത്തിന്റെയും ഭാവനയുടെയും അർഥം ഉള്‍ക്കൊള്ളുന്ന ഒരു പ്രതീകമാണ്‌. അന്തരാളവും ദ്രവ്യമാനവും ആണ്‌ ആകാരവ്യവസ്ഥ സൃഷ്‌ടിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍.

വാസ്‌തുവിദ്യയിൽ സ്‌പെയ്‌സ്‌ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഇടം, അന്തരാളം, അകത്തളം എന്നെല്ലാമാണ്‌; അനന്തമായ പ്രകൃതിയിൽനിന്നും പ്രത്യേകാവശ്യത്തിനായി വേർതിരിച്ചെടുത്ത ഒരിടം ഒരു ചിത്രകാരന്‍ ക്യാന്‍വാസിന്റെ ചട്ടക്കൂടിൽ ദ്യോതിപ്പിക്കുമ്പോള്‍ വാസ്‌തുശില്‌പി ചുമരുകളും തട്ടുംകൊണ്ട്‌ അത്‌ ആവരണം ചെയ്‌തെടുക്കുന്നു.

ഓരോ അന്തരാളവും മനുഷ്യനിൽ പ്രത്യേകമായ വികാരം ജനിപ്പിക്കും. ഇടുങ്ങിയ ഗുഹയിൽ അരക്ഷിതത്വം അനുഭവപ്പെടും; കുന്നിന്‍മുകളിൽ ആഹ്‌ളാദവും. അന്തരാളത്തിൽ അനുഭവപ്പെടുന്ന ചലനസ്വാതന്ത്യ്രത്തെ ആസ്‌പദമാക്കി മനസ്സിൽ രൂപംകൊള്ളുന്ന വികാരങ്ങളാണിവ. ആവരണംചെയ്യുന്ന പരിധികളിൽ മാറ്റംവരുത്തി വിഭിന്ന വികാരങ്ങള്‍ ജനിപ്പിക്കാനുതകുംവിധം അന്തരാളങ്ങള്‍ സൃഷ്‌ടിക്കാം. ഒരകത്തളത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അവിടത്തെ ചലനസ്വാതന്ത്യ്രമാണ്‌ ആദ്യം നിരീക്ഷിക്കുക. വീതികുറഞ്ഞു നീളംകൂടിയ ഹാള്‍ മുന്നോട്ടു നയിക്കും, ഉയർന്ന മേല്‌പുര ദൃഷ്‌ടികളെ മുകളിലേക്ക്‌ നയിക്കും. വികാരാവിഷ്‌കരണത്തിൽ ചലനത്തിനും പങ്കുണ്ട്‌. അകത്തളത്തിലൂടെ നീങ്ങുമ്പോള്‍ ഓരോ പുതിയ കാൽവയ്‌പും പുതിയ കാഴ്‌ചപ്പാടിൽ അന്തരാളത്തിന്റെ വിശേഷതകള്‍ കാണാന്‍ സഹായിക്കുന്നു; സങ്കീർണമായി സംവിധാനം ചെയ്‌ത അകത്തളങ്ങളിൽ പ്രത്യേകിച്ചും. ഇത്തരം അനുഭവങ്ങള്‍ക്ക്‌ അകത്തളങ്ങള്‍ തന്നെ വേണമെന്നില്ല. ചുവരുകളാൽ ആവരണംചെയ്യപ്പെടാതെയും അന്തരാളം വേർതിരിക്കാം. മരത്തിന്റെ തണൽ, ഒരാൽത്തറ, കെട്ടിടങ്ങളുടെ മുറ്റം, മൈതാനം ഇവയെല്ലാം അന്തരാളത്തിനുദാഹരണമാണ്‌. വിശാലമായ കടൽപ്പുറത്തു നാട്ടിനിർത്തിയ ഒരു കുട അതിനുതാഴെയായി ഒരു അന്തരാളം സൃഷ്‌ടിക്കും. പക്ഷേ, വേർതിരിഞ്ഞു നില്‌ക്കുന്ന ഒരു ഒറ്റക്കെട്ടിടം അന്തരാളം അല്ല; അത്‌ അന്തരാളത്തിൽ ഇരിക്കുന്നു എന്നേ പറയാവൂ. പുറമേ നിന്നുനോക്കുമ്പോള്‍ അതൊരു ശില്‌പം മാത്രമാണ്‌. അതിനെ ദ്രവ്യമാനമെന്ന്‌ വിശേഷിപ്പിക്കാം; ദ്രവ്യമാനവും അന്തരാളത്തെപ്പോലെ നമ്മിൽ മനഃശാസ്‌ത്രപരമായ പ്രതികരണങ്ങളുണ്ടാക്കും. ഉത്തുംഗമായ ദ്രവ്യമാനം നമ്മെ അദ്‌ഭുതപ്പെടുത്തും; ലളിതമായത്‌ സന്തോഷിപ്പിക്കും. ദ്രവ്യമാനത്തിന്റെ സംയോഗം ഇപ്രകാരം വിഭിന്നവികാരങ്ങള്‍ ജനിപ്പിക്കുന്നു. ദ്രവ്യമാനം പുറമേ പല ദിശകളിൽനിന്നും നോക്കിക്കാണുമ്പോള്‍ അതിന്റെ വൈവിധ്യമാർന്ന മുഖങ്ങള്‍ ദൃശ്യമാക്കും.

വാസ്‌തുവിദ്യയിലെ പല നിർമാണങ്ങളിലും ഈ ദ്രവ്യമാനപ്രകാശനം സ്ഥാനം പിടിച്ചിട്ടുണ്ട്‌. ബൗദ്ധസ്‌തൂപങ്ങളും ഈജിപ്‌തിലെ പിരമിഡുകളും മഹാബലിപുരത്തെ രഥങ്ങളും ദ്രവ്യമാനംമാത്രമുള്ള നിർമാണങ്ങളാണ്‌; അവയ്‌ക്ക്‌ അർഥസംപുഷ്‌ടമായ അന്തരാളം ഇല്ല. നിർമാണരീതിയിലും ഉദ്ദേശ്യത്തിലും ഇവ വാസ്‌തുവിദ്യ ആണെങ്കിലും ഭാവാവിഷ്‌കരണത്തിൽ വെറും ശില്‌പങ്ങളാണ്‌. ഇതുപോലെതന്നെ അന്തരാളംമാത്രമുള്ള നിർമാണങ്ങളുമുണ്ട്‌. ഇവയ്‌ക്കുദാഹരണമാണ്‌ ഗുഹാക്ഷേത്രങ്ങള്‍. അർഥവത്തായ അന്തരാളമുള്ള ഇവയ്‌ക്ക്‌ സ്വന്തമായ ദ്രവ്യമാനം ഇല്ല. ഇത്തരം ഉദാഹരണങ്ങള്‍ ഒഴിച്ചുനിർത്തിയാൽ വാസ്‌തുവിദ്യയിലെ നിർമാണങ്ങള്‍ക്കെല്ലാം ദ്രവ്യമാനവും അന്തരാളവും ഉണ്ടായിരിക്കും; ഇവയ്‌ക്കോരോന്നിനും നിഗൂഢമായ അർഥവ്യാപ്‌തിയും ഉണ്ടാകും. ഹിന്ദുക്ഷേത്രങ്ങളുടെ ആർഭാടപൂർവമായ ബാഹ്യരൂപവും സ്ഥൂലമായ ദ്രവ്യമാനവും ഭൗതികമായ ആകർഷണത്തിന്റെയും, ലളിതവും അന്ധകാരാവൃതവുമായ അന്തരാളം ആങ്ങീയശാന്തിയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ആധുനികശൈലിയിൽ അന്തരാളവും ദ്രവ്യമാനവും തമ്മിലുള്ള അന്തരം നിർമാണരീതി മൂലം കുറച്ചിട്ടുണ്ട്‌. പ്രതലാവരണത്തിന്‌ ഗ്ലാസുപയോഗിക്കുമ്പോഴും ഇടച്ചുവരുകള്‍ ഇല്ലാതാക്കുമ്പോഴും അന്തരാളത്തിന്റെ വിഭജനവും ദ്രവ്യമാനത്തിന്റെ ആകാരവും പരോക്ഷമായി സൂചിപ്പിക്കുകയേ സാധ്യമാകൂ.

വാസ്‌തുവിദ്യാസന്ധാനം (Composition)

കെട്ടിടത്തിന്റെ അംശങ്ങള്‍ ഡിസൈന്‍ ചെയ്യുക. ഇവയെ പരസ്‌പരം കൂട്ടിയിണക്കി അന്തരാളം സൃഷ്‌ടിക്കുക, ഇത്തരം അന്തരാളങ്ങള്‍ പൊരുത്തത്തോടെ സംയോജിപ്പിക്കുക എന്നിവയാണ്‌ വാസ്‌തുവിദ്യാസന്ധാനത്തിലെ പ്രധാനപ്പെട്ട പ്രക്രിയകള്‍. സന്ധാനത്തിനാവശ്യമുള്ള ഏറ്റവും ലളിതമായ അംശമാണ്‌ തലം. ഈ തലം ദീർഘചതുരാകൃതിയുള്ളതും അലങ്കാരമില്ലാത്തതും ആണെന്നിരിക്കട്ടെ; ഉദാ. ഒരു മുറിയുടെ ചുവർ. ഈ ചുവരിന്റെ സവിശേഷത തീരുമാനിക്കുന്നത്‌ വീതിയും ഉയരവും തമ്മിലുള്ള അനുപാതമാണ്‌. ഈ ചുവരിൽ ഒരു വാതിൽ വേണം. അപ്പോള്‍ വാതിലിന്റെ അളവുകളുടെ അനുപാതവും വാതിലും ചുവരും തമ്മിലുള്ള പരസ്‌പരബന്ധവും ഡിസൈനിന്റെ അംശങ്ങളാകുന്നു. ഇതിൽതന്നെ ഒന്നോ അതിലധികമോ ജനാലകള്‍ വേണ്ടിവരുമ്പോള്‍ അവയോരോന്നിന്റെയും അനുപാതവും അവ ക്രമീകരിച്ചിരിക്കുന്ന രീതിയും പ്രധാനപ്പെട്ടതായിത്തീരുന്നു. ഇത്തരം ചുവരിൽ കാണികളുടെ ദൃഷ്‌ടി ഓരോ അംശത്തിലേക്കും മാറിമാറി പതിക്കുന്നതോടെ താളാങ്ങകമായ ഒരു ചലനം കൂടി സംജാതമാകുന്നു. ചുവരുകളും തട്ടും നിലവും കൂട്ടിയിണക്കിയാലേ അന്തരാളം ഉണ്ടാകൂ. ഈ അന്തരാളത്തിനും അതുവഴിയുണ്ടാകുന്ന ദ്രവ്യമാനത്തിനും പൊരുത്തമുള്ള ആകാരം വേണം. ഈ പൊരുത്തം സാധിക്കുന്നതിന്‌ വിഭിന്നരീതികളാണ്‌ ഓരോ ശൈലിയിലും സ്വീകരിക്കപ്പെട്ടിരുന്നത്‌. ജ്യാമിതീയരൂപങ്ങളും ഗണിതാനുപാതങ്ങളും ഇതിനുള്ള ഉപാധികളായി പരക്കെ സ്വീകരിക്കപ്പെട്ടിരുന്നു. മനുഷ്യശരീരത്തിന്റെ അനുപാതങ്ങള്‍ ഈ ആവശ്യത്തിന്‌ ഫലപ്രദമായി സ്വീകരിക്കാമെന്ന്‌ ആധുനിക വാസ്‌തുശില്‌പിയായ ലീ കാർബുസിയർ സ്ഥാപിച്ചിട്ടുണ്ട്‌. എന്നാൽ ഒറ്റ രീതിയും സാർവലൗകികമായി സ്വീകരിക്കപ്പെട്ടിട്ടില്ല. എല്ലാ നിർമാണങ്ങളിലും ലളിതമായ അന്തരാളവും ദ്രവ്യമാനവും അല്ല ഉള്ളത്‌. സങ്കീർണമായ നിർമാണങ്ങളിൽ അന്തരാളവും ദ്രവ്യമാനവും പരസ്‌പരം പൊരുത്തത്തോടെ സന്ധാനം ചെയ്‌താലേ കെട്ടിടമാകെ നോക്കുമ്പോള്‍ ഓരോ അംശത്തിന്റെയും ആകെത്തുകയെക്കാള്‍ കൂടിയ ഒരു രചന ഉണ്ടാകൂ. ഈ പൊരുത്തം സാധിച്ചിരുന്നത്‌ ദ്രവ്യമാനത്തിന്റെ സന്തുലനത്തിലാണ്‌. വാസ്‌തുവിദ്യയിലെ ഏതെങ്കിലുമൊരുഭാഗത്തിന്‌ ശ്രഷ്‌ഠമായ സ്ഥാനം നല്‌കുകയും ഇതിനെ ആധാരമാക്കി മറ്റുഭാഗങ്ങള്‍ തമ്മിൽ വ്യക്തമോ ഗുപ്‌തമോ ആയ സന്തുലനം സാധ്യമാക്കുകയുമാണ്‌ ഇതിനു സ്വീകരിച്ചിരുന്ന മാർഗം. ആധുനികവാസ്‌തുവിദ്യാശൈലിയിൽ ഈ തത്ത്വങ്ങള്‍ പരക്കേ സ്വീകരിക്കപ്പെടുന്നില്ല. സംരചനയുടെ അംശങ്ങളെ പ്രത്യേകം പ്രത്യേകമായി വേർതിരിച്ച്‌ അവയെ സന്തുലനം ചെയ്യുന്നതിനുപകരം അവയെ ജൈവഘടകങ്ങളെപ്പോലെ കരുതി അവയിലെ അന്തഃസ്ഥിതമായ ബന്ധം സ്ഥാപിക്കുകയാണ്‌ ശരിയായ സന്ധാനം എന്ന്‌ ആധുനിക വാസ്‌തുശില്‌പികള്‍ വിശ്വസിക്കുന്നു; ജൈവവാസ്‌തുവിദ്യ (Organic Architecture) എന്ന്‌ ഇതിനെ വിശേഷിപ്പിക്കുന്നു. ഇതിന്‌ ഗണിതവാക്യങ്ങളോ മറ്റു സിദ്ധാന്തങ്ങളോ സഹായകമാവില്ല. ഓരോ വാസ്‌തു ശില്‌പിയും തന്റെ വ്യക്തിത്വവും ഭാവനയും ഉപയോഗിച്ച്‌ സൃഷ്‌ടിക്കേണ്ട ക്രിയാങ്ങകമായ കലാരൂപമായി വാസ്‌തുവിദ്യ ഇന്ന്‌ കണക്കാക്കപ്പെടുന്നത്‌ ഇതുകൊണ്ടാണ്‌. വാസ്‌തുവിദ്യാസന്ധാനത്തിനുളള ഉപകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:

സ്‌കെയിൽ

ആനുപാതികമൂല്യങ്ങളുടെ പദ്ധതിയാണ്‌ വാസ്‌തുവിദ്യയിലെ സ്‌കെയിൽ. ഓരോ സംരചനാഘടകത്തിന്റെയും അനുപാതങ്ങള്‍ നിശ്ചിതമായ സൗന്ദര്യതത്ത്വങ്ങളെ ആധാരമാക്കിയുള്ളതാണ്‌; ഈ തത്ത്വങ്ങളാകട്ടെ ചിരകാലമായി നമ്മിൽ രൂഢമൂലമായ വിശ്വാസത്തിന്റെയും പരിചിതമായ രൂപങ്ങളുടെയും അനന്തരഫലവുമാണ്‌. വൃത്തം, സമചതുരം, സമഭുജത്രികോണം ഇവയ്‌ക്കോരോന്നിനും നിശ്ചിതമായ രൂപമാണുള്ളത്‌. ഇവയുടെ ആകൃതി പരിപൂർണതയുടെ പ്രതീകങ്ങളായിട്ടാണ്‌ സ്വീകരിക്കപ്പെട്ടിട്ടുള്ളതും. ഇതുപോലെ ഏറ്റവും ഭംഗിയുള്ള ദീർഘചതുരത്തിന്റെ അളവുകള്‍ തമ്മിലും ചില അനുപാതങ്ങള്‍ പുരാതനകാലം മുതൽക്കേ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഒരു കെട്ടിടം കാണുമ്പോള്‍ അതിന്റെ അളവിന്റെ അനുപാതങ്ങളാണ്‌ നമുക്കാദ്യം ദൃശ്യമാകുക. ഇതോടൊപ്പം അവയുടെ വലുപ്പവും നാം കാണുന്നു. കെട്ടിടത്തിന്റെ അനുപാതങ്ങളും വലുപ്പവും മനുഷ്യശരീരത്തിന്റെ അളവുമായി ബന്ധപ്പെടുത്തിയാണ്‌ നാം ഗ്രഹിക്കുന്നതും വിലയിരുത്തുന്നതും. ചുരുക്കത്തിൽ, മനുഷ്യശരീരത്തിന്റെ അളവുകളാണ്‌ വാസ്‌തുവിദ്യയിലെ അളവുകോൽ. കെട്ടിടത്തെ ഗംഭീരമെന്നും സാധാരണമെന്നും മറ്റും വിശേഷിപ്പിക്കുന്നത്‌ ഈ മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌.

മനുഷ്യശരീരത്തെ പ്രമാണമാക്കിയുള്ള ഈ കണക്കുകൂട്ടൽ സാധ്യമാകണമെങ്കിൽ കെട്ടിടത്തിന്റെ ഏതെങ്കിലുമൊരു ഭാഗവും മനുഷ്യന്റെ ഉയരവും തമ്മിൽ തുല്യപ്പെടുത്തണം. സ്‌തംഭപാതങ്ങള്‍, വാതിലുകള്‍, ജനലുകള്‍ ഇവയെല്ലാം ഇതിനുപകരിക്കും. ചിരപരിചിതമായ വസ്‌തുക്കളുടെ അളവുകളും ഇതിനുപയോഗിക്കാം. ഇവയുടെ ഗുണിതങ്ങളായി കെട്ടിടത്തിന്റെ മറ്റുഭാഗങ്ങളെ കണക്കാക്കിയെടുക്കാം. അംബരചുംബികളായ കെട്ടിടങ്ങളുടെ ശരിയായ അളവുകള്‍ അജ്ഞാതമായിരുന്നാൽപോലും അവയ്‌ക്ക്‌ നിലകള്‍ എത്രയുണ്ടെന്നറിയുമ്പോള്‍ ശരിയളവുകള്‍ വ്യക്തമാകും. ഓരോ കെട്ടിടത്തിന്റെയും ഉപയോഗവും അവയുടെ അളവുകളും തമ്മിൽ ബന്ധമുണ്ട്‌. നന്നായി തോന്നുന്ന ഒരു വീട്‌ അതേ അനുപാതത്തിൽ ഇരട്ടിവലുപ്പത്തിൽ നിർമിക്കുന്നപക്ഷം അരോചകമായിത്തോന്നും. പൊതുസ്ഥലങ്ങളുടെ അളവുകള്‍ വീടുകളുടെ അളവുകളുമായി തുലനപ്പെടുത്താനാവില്ല. അനുപാതങ്ങളും വലുപ്പവും തമ്മിലുള്ള പൊരുത്തമാണ്‌ വാസ്‌തുവിദ്യയിലെ സ്‌മാരകങ്ങളെ നിത്യമനോഹരങ്ങളാക്കിത്തീർക്കുന്നത്‌.

പ്രകാശം(light)

വോസ്‌തുവിദ്യാസന്ധാനത്തിൽ സൂര്യപ്രകാശം ശ്രദ്ധേയമായ ഒരു ഘടകമാണ്‌. പ്രകാശം ആകാരവ്യവസ്ഥയെ മനോഹരമാക്കിത്തീർക്കും. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ആകാരത്തിൽ വെളിച്ചവും നിഴലും സൃഷ്‌ടിക്കപ്പെടുന്നു. അചേതനമായ ശിലയ്‌ക്ക്‌ ഇതുമൂലം ജീവന്‍ കൈവരുന്നു. കാണികളിൽ ഇതുണ്ടാക്കുന്ന വികാരത്തെ വാസ്‌തുശില്‌പി ഭാവപ്രകാശത്തിനുപയോഗിക്കുന്നു. അകത്തളങ്ങളിലെ വെളിച്ചം കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുവാന്‍ സാധിക്കും. ജനലുകളുടെ സ്ഥാനം, വലുപ്പം, ആകൃതി, എച്ചം എന്നിവ ക്രമീകരിച്ചാണ്‌ അകത്ത്‌ വെളിച്ചം നിയന്ത്രിക്കുന്നത്‌. ഈ വെളിച്ചം ആവശ്യമുള്ളിടത്ത്‌ ഏറ്റവും പ്രയോഗക്ഷമമായി നിയോഗിക്കപ്പെടുന്നു. സൂര്യന്റെ അരുണരശ്‌മികള്‍ പ്രഭാതത്തിൽ ദേവവിഗ്രഹങ്ങളെ പ്രകാശപൂരിതമാക്കുന്ന വിധത്തിലാണ്‌ ഈജിപ്‌തിലെയും ഗ്രീസിലെയും ഇന്ത്യയിലെയും ക്ഷേത്രങ്ങള്‍ നിർമിച്ചിരിക്കുന്നത്‌. റോമിലെ പാന്തിയോണ്‍ദേവാലയത്തിന്റെ കുംഭകമേല്‌പുരയുടെ ഊർധ്വസ്ഥാനത്തുള്ള ഒരു ദ്വാരത്തിലൂടെ പ്രഭാപൂരം കടന്നുവന്ന്‌ ഓരോ സമയത്തും ഓരോ ദിശയിൽ പ്രകാശം ചൊരിയുന്നു. ഇസ്‌താംബൂളിലെ സെന്റ്‌ സോഫിയ ദേവാലയത്തിൽ കുംഭകത്തിന്റെ താങ്ങിന്റെ തലത്തിൽ ജനലുകള്‍ സ്ഥാപിച്ചിരിക്കുന്നു; ഇതിലൂടെ കടന്നുവരുന്ന പ്രകാശം മേല്‌പുരയെ മാത്രം പ്രകാശിപ്പിക്കുമ്പോള്‍ അതപ്പാടെ താങ്ങില്ലാത്തവിധം നില്‌ക്കുകയാണെന്നേ തോന്നൂ. ഗോഥിക്‌ പള്ളികളുടെ നിറപ്പകിട്ടാർന്ന ജനാലച്ചില്ലുകളിലൂടെ അരിച്ചുവരുന്ന വെളിച്ചം അകംമുഴുവന്‍ ദുർജ്ഞേയമായി പരക്കുമ്പോള്‍ ദിവ്യമായ ഒരനുഭൂതിയാണുണ്ടാകുന്നത്‌. ആധുനികവാസ്‌തുശില്‌പികളും വാസ്‌തുവിദ്യാസന്ധാനത്തിൽ സൂര്യപ്രകാശത്തെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്‌.

പദാർഥഘടനയും(texture) നിറങ്ങളും

ആകാരവ്യവസ്ഥയിൽ പൊരുത്തം വരുത്തുന്നതിനും ഭാവാവിഷ്‌കരണത്തിനും പദാർഥങ്ങളുടെ ഘടനയും നിറങ്ങളും ഉപയോഗിക്കപ്പെടാറുണ്ട്‌. പദാർഥങ്ങളിൽ പ്രകാശം ചൊരിയുമ്പോഴാണ്‌ അവയുടെ ഘടനയും സ്വാഭാവികമായ നിറവും വ്യക്തമാകുന്നത്‌. വസ്‌തുക്കളുടെ കാഠിന്യവും മറ്റു വിശേഷതകളും വ്യക്തമാക്കാനും ഇതു സഹായിക്കും. ഒന്നിൽകൂടുതൽ വസ്‌തുക്കള്‍ നിർമാണത്തിൽ ഉപയോഗിക്കുമ്പോള്‍ അവയുടെ ഘടനയിൽ പൊരുത്തം ദീക്ഷിക്കണം. സ്വാഭാവികമായ നിറങ്ങള്‍ ഇല്ലാത്ത വസ്‌തുക്കള്‍ക്ക്‌ നിറംകൊടുക്കുന്നതും വാസ്‌തുവിദ്യയിൽ സാധാരണമാണ്‌. ഓരോ നിറത്തിനും പ്രത്യേകം സ്വഭാവങ്ങളുണ്ട്‌; ചുവപ്പ്‌, മഞ്ഞ എന്നീ നിറങ്ങള്‍ സന്തോഷത്തെയും; കറുപ്പ്‌, കടുംനീല എന്നിവ ശോകത്തെയും സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. മറ്റൊരുവിധത്തിലും പ്രകടിപ്പിക്കാനാവാത്ത ആശയങ്ങള്‍ ഇവയിലൂടെ പ്രകാശിപ്പിക്കാന്‍ കഴിയും; ഇതുപോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന നിറങ്ങള്‍ മുന്നോട്ടും പ്രകാശത്തെ അവശോഷണം (absorption) ചെയ്യുന്നവ പിന്നോട്ടും തള്ളിവരുന്നതായി അനുഭവപ്പെടും. ഡിസൈനിൽ കെട്ടിടത്തിനുകൊടുക്കുന്ന തള്ളുകളും ചുഴികളും ഈ നിറങ്ങളിലൂടെ വ്യക്തമാക്കാന്‍ സാധിക്കും. കെട്ടിടത്തിനു നിറംകൊടുക്കുന്നതിന്‌ പല രീതികളുമുണ്ട്‌. ഗ്രീക്ക്‌ ക്ഷേത്രങ്ങളിൽ വെങ്കളിതേച്ച തലങ്ങളിൽ നനവുള്ളപ്പോള്‍ത്തന്നെ ചിത്രപ്പണി നടത്തുകയായിരുന്നു രീതി. മധ്യകാലഘട്ടത്തിലെ നിർമാണങ്ങളിലും ഇത്തരം ചുവർ ചിത്രപ്പണി (Mural paintings) നിലവിൽഉണ്ടായിരുന്നു. നിറമുള്ള കല്ലുകള്‍ പ്രത്യേകം രൂപപ്പെടുത്തിയ ഇടകളിൽ തിരുകിക്കയറ്റി പിന്നീട്‌ മിനുക്കി ഭംഗികൊടുക്കുന്ന രീതിയാണ്‌ ഇസ്‌ലാമിക വാസ്‌തുവിദ്യയിൽ സ്വീകരിച്ചിരുന്നത്‌.

ഡിസൈന്‍

പ്രത്യേക ഉപയോഗത്തിനുള്ള കെട്ടിടത്തിന്‌ മേല്‌പറഞ്ഞ സമസ്‌തസിദ്ധാന്തങ്ങളുടെയും വെളിച്ചത്തിൽ രൂപംകൊടുക്കുന്ന പ്രക്രിയയാണ്‌ ഡിസൈന്‍. ചിത്രരൂപേണയാണിത്‌ പ്രദർശിപ്പിക്കുന്നത്‌; ഇതിനെ പഠനപ്രക്രിയ എന്നും പ്രദർശനപ്രക്രിയ എന്നും രണ്ടായി തരംതിരിക്കാം. ഒരു പ്രത്യേക നിർമാണം എങ്ങനെയായിരിക്കണം എന്ന്‌ മനസ്സിൽകണ്ട്‌ അതിന്റെ ഏകദേശരൂപം ചിത്രത്തിലൂടെ ആവിഷ്‌കരിക്കുകയാണ്‌ പഠനത്തിൽ ചെയ്യുന്നത്‌. ആകാരവ്യവസ്ഥയുടെ ഒരു പ്രാഗ്‌രൂപമാണിത്‌. വിവിധഭാഗങ്ങളുടെ ക്രമീകരണവും കെട്ടിടത്തിന്റെ ആകെയുള്ള രൂപവും കാണിക്കുന്ന ഒരു പ്രാഥമിക ചിത്രമായേ ഇതിനെ കണക്കാക്കാവൂ. നിരന്തരമായ അനേകം പരിഷ്‌കരണങ്ങളുടെ ഫലമായിട്ടായിരിക്കും സ്വീകാര്യമായ ഒരു ഡിസൈന്‍ സാധിക്കുന്നത്‌.

ഇതിൽനിന്നും നിർമാണത്തിനാവശ്യമായ പ്ലാനും മറ്റു കാഴ്‌ചകളും വിശദാംശങ്ങളും തയ്യാറാക്കുന്നു. പണി കഴിയുമ്പോള്‍ കെട്ടിടം എങ്ങനെയിരിക്കും എന്നു വ്യക്തമാക്കുന്നതിന്‌ അതിന്റെ ഒരു പരിപ്രക്ഷ്യം (perspective view) തന്നെ വേണം. കെട്ടിടത്തിന്റെ യഥാതഥമായ ഒരു ചിത്രീകരണമാകണം ഇത്‌. ചുറ്റുപാടുകളിൽ നിന്നും ഒരു കെട്ടിടത്തെ വേർതിരിച്ചു കാണാനാവില്ല. തന്മൂലം പരിസരത്തിന്റെ ചിത്രീകരണവും ഇതിലുണ്ടായിരിക്കണം. ചിത്രരീതികള്‍ പുരാതനകാലം മുതൽ നിലവിലുണ്ടായിരുന്നു. വെട്രൂവിയസ്‌ എന്ന റോമന്‍ശില്‌പി ഇത്തരം ചിത്രരചനയ്‌ക്ക്‌ വ്യക്തമായ രൂപരേഖ ബി.സി. 1-ാം ശ.-ത്തിൽതന്നെ ആവിഷ്‌കരിച്ചിരുന്നു. ഇതേ ആവശ്യത്തിന്‌ ലിയോണാർദോ ദാവിഞ്ചി (1452-1519) സ്വതഃസിദ്ധമായ ശൈലി സ്വീകരിച്ചു. 16-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ഡ്യൂറർ എന്ന ഫ്രഞ്ചുകാരനാണ്‌ ത്രിമാനജ്യാമിതിയുടെ അടിസ്ഥാനത്തിൽ പരിപ്രക്ഷ്യചിത്രം വരയ്‌ക്കാനുള്ള പദ്ധതി കണ്ടുപിടിച്ചത്‌. പക്ഷേ, ഇപ്രകാരം വരയ്‌ക്കുന്ന ചിത്രങ്ങള്‍ക്ക്‌ നിഴലും നിറങ്ങളും നല്‌കി സ്വാഭാവികത വരുത്തേണ്ടത്‌ ആവശ്യമാണ്‌. ഇതിനെ മോടികൂട്ടൽ (Rendering) എന്നു പറയുന്നു. ആധുനികശില്‌പികള്‍ പ്രദർശനാവശ്യത്തിന്‌ ഏറ്റവും അധികം സ്വീകരിക്കുന്നത്‌ ഈ രീതിയാണ്‌.

ഡിസൈന്‍ പ്രദർശിപ്പിക്കുന്നതിന്‌ കൂടുതൽ അഭികാമ്യമായത്‌ മാതൃകകളുണ്ടാക്കുകയാണ്‌. കടലാസ്സു കൊണ്ടോ മരംകൊണ്ടോ പ്ലാസ്റ്റിക്കുകൊണ്ടോ കെട്ടിടത്തിന്റെ ആനുപാതികമായ മാതൃകകള്‍ നിർമിക്കുന്നത്‌ ഇന്നു സാധാരണയാണ്‌. നിർമാണം തുടങ്ങുന്നതിനുമുമ്പുതന്നെ അതിനെ വിലയിരുത്താന്‍ ഈ മാതൃകകള്‍ വളരെയേറെ സഹായിക്കുന്നു. മാതൃകാനിർമാണം വാസ്‌തുവിദ്യാപഠനത്തിന്റെ ഒരു ഭാഗമായി കണക്കാക്കപ്പെടുന്നു. വാസ്‌തുവിദ്യയുടെ അർഥവ്യാപ്‌തി ഇന്നു വിപുലീകൃതമായിട്ടുണ്ട്‌. കെട്ടിടങ്ങളെ പരിസരങ്ങളുമായി സംയോജിപ്പിക്കാനും ഈ പരിസരങ്ങള്‍ക്കുതന്നെ രൂപംകൊടുക്കാനും പ്രത്യേകപരിചയം സിദ്ധിച്ച വാസ്‌തുശില്‌പികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു. വാസ്‌തുവിദ്യയുടെ പ്രവർത്തനപരിധി നഗരസംവിധാനം വരെ ഇന്നു വ്യാപിച്ചിട്ടുണ്ട്‌. നോ: അംബരചുംബികള്‍; അർധകുംഭകം; ആധുനിക വാസ്‌തുവിദ്യ; ആർച്ചുകള്‍; ആർക്കിടെക്‌ചറൽ എന്‍ജിനീയറിങ്‌ (ടി.എസ്‌. ബാലഗോപാൽ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍