This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിഅനലിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർക്കിഅനലിഡ

Archiannelida

ആര്‍ക്കി അനലിഡ

പോളിക്കീറ്റ (Polychaeta) വര്‍ഗത്തിലെ ഒരു ഗോത്രം. ശരീരഘടനയുടെ ലാളിത്യംമൂലം നേരത്തെ ഇവയെ ആദിമ അനലിഡകളായി കണക്കാക്കിയിരുന്നു. ഇവ ഒരു പ്രത്യേക നൈസര്‍ഗിക (natural) വിഭാഗമല്ലെന്നാണ്‌ ആധുനികശാസ്‌ത്രജ്ഞരുടെ പക്ഷം. പരസ്‌പരബന്ധമില്ലാത്ത വിവിധതരം പോളിക്കീറ്റകള്‍ ശരീരഘടനയുടെ ലഘൂകരണം (reduction) മൂലം ഒന്നിച്ചു ചേര്‍ന്നുണ്ടായതാണ്‌ ഈ ഗോത്രം; ഈ ഗോത്രത്തില്‍ 15 ജീനസ്സുകളിലായി 82 സ്‌പീഷീസുകളുണ്ട്‌.

ആര്‍ക്കിഅനലിഡകള്‍ എല്ലാംതന്നെ സഖണ്ഡ(segmented) പോളിക്കീറ്റകളാണ്‌. പാരപ്പോഡിയങ്ങള്‍ (parapodia-പാര്‍ശ്വപാദങ്ങള്‍) മൊത്തത്തില്‍ അവികസിതങ്ങളോ അല്‌പവികസിതങ്ങളോ ആണ്‌; ശൂകങ്ങളുടെ(setae)സ്ഥിതിയും ഇതുതന്നെ. സിലിയകളുടെ സഹായത്താലാണ്‌ ഇവ ചലിക്കുന്നത്‌. നാഡീവ്യൂഹം (nervous system) അധിചര്‍മ(epidermis)ത്തിലാണ്‌ കാണപ്പെടുക. പോളിഗോര്‍ഡിഡേ കുടുംബത്തിലൊഴികെ മറ്റെല്ലാ ആര്‍ക്കിഅനലിഡകളിലും ഒരു പേശീമയഗ്രസനീ-കോഷ്‌ഠം(pharyngeal pouch) കാണപ്പെടുന്നു. വിസര്‍ജനാവയവങ്ങള്‍ നെഫ്‌റീഡിയ(nephridia)കളാണ്‌.

മിക്ക ആര്‍ക്കിഅനലിഡകളും മണല്‍മൂടിയ അടിത്തട്ടുള്ള കടലുകളിലാണ്‌ കാണപ്പെടുന്നത്‌. ലവണാംശം കുറഞ്ഞ ജലത്തിലും ശുദ്ധജലത്തിലും ചില സ്‌പീഷീസുകള്‍ കാണപ്പെടുന്നു. വിരകളുടെ ആകൃതിയോടുകൂടിയ ചെറിയ ജീവികളാണ്‌ ഇവയെല്ലാം. ഒരു മി. മീ-ല്‍ താഴെ മുതല്‍ 10 മി. മീ. വരെ നീളമുള്ളവയുണ്ട്‌. നെറില്ല (Nerilla) സ്‌പീഷീസ്‌ ഇന്നുള്ള പോളിക്കീറ്റകളുമായി രൂപസാദൃശ്യം പുലര്‍ത്തുന്നു. ഡൈനോഫിലസില്‍(Dinophilus)ശരീരത്തിന്റെ വിഖണ്ഡനം ദൃശ്യമല്ല.

ഈ ഗോത്രത്തെ പോളിഗോര്‍ഡിഡേ (Polygordidae), സാക്കോസിറിഡേ (Saccocirridae), പ്രാട്ടോഡ്രിലിഡേ (Protodrilidae), നെറില്ലിഡേ (Nerrillidae), ഡൈനോഫിലിഡേ (Dinophilidae) എന്നീ അഞ്ചു കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. എന്നാല്‍ മറ്റൊരു വര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ നെറില്ലിഡേ, പ്രാട്ടോഡ്രിലിഡേ, ഡൈനോഫിലിഡേ എന്നീ കുടുംബങ്ങളായിട്ടാണ്‌ ഇവയെ തിരിച്ചിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍