This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹാരശൃംഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഹാരശൃംഖല

Food chain

ആഹാരശൃംഖലയെ സൂചിപ്പിക്കുന്ന പിരമിഡ്‌
ആഹാരശൃംഖല

ആഹാരശൃംഖല എന്നത്‌ ജീവലോകത്തെയാകെ അന്യോന്യം ബന്ധപ്പെടുത്തുന്ന പ്രക്രിയയെ സൂചിപ്പിക്കുന്ന പദമാണ്‌. ഈ ഭൂമുഖത്ത്‌ വായുമാധ്യമജീവികളും ജലമാധ്യമ ജീവികളും ഉള്ളതിനാല്‍ കരയിലും കടലിലുമായി രണ്ട്‌ ആഹാരശൃംഖലകള്‍ അംഗീകരിക്കുന്നതായിരിക്കും കൂടുതല്‍ യുക്തം. ഈ രണ്ട്‌ മാധ്യമങ്ങള്‍ തമ്മില്‍ പദാര്‍ഥ വിനിമയം നടക്കുന്നുണ്ടെങ്കിലും ഓരോന്നിന്റെയും മൊത്ത പരിമാണം പരിഗണിക്കുമ്പോള്‍ ഈ വിനിമയം അവഗണനീയം മാത്രമാകുന്നു. കരയിലായാലും കടലിലായാലും നിര്‍ജീവരാസപദാര്‍ഥങ്ങളെ സൂര്യപ്രകാശത്തില്‍ ജൈവ പോഷക പദാര്‍ഥങ്ങളാക്കി മാറ്റുന്ന മൗലികക്രിയ നിര്‍വഹിക്കുന്നത്‌ സസ്യങ്ങളാണ്‌. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെയും ജലാംശത്തെയും പ്രഭാകലനം (ുവീീേ്യെിവേലശെ) വെഴി സസ്യങ്ങള്‍ കാര്‍ബോഹൈഡ്രറ്റുകളും ഓക്‌സിജനുമാക്കി മാറ്റുന്നു. ഇക്കാരണത്താല്‍ സസ്യങ്ങളെ പ്രകൃതിയിലെ പ്രാഥമികോത്‌പാദകരായി കണക്കാക്കാം. പ്രത്യക്ഷമായോ പരോക്ഷമായോ സര്‍വജന്തുക്കളും ആഹാരത്തിന്‌ സസ്യങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. മാംസഭുക്കുകളായ ജന്തുക്കള്‍ അനവധിയുണ്ടെങ്കിലും അവയുടെ ഇരകളോ അതിനടുത്തപടിയോ ഒടുവില്‍ സസ്യങ്ങളെത്തന്നെ ആഹാരത്തിന്‌ ആശ്രയിക്കുന്നു. ഇക്കാരണത്താല്‍ ജന്തുക്കളെ പൊതുവേ ഉപഭോക്താക്കള്‍ എന്ന്‌ വ്യവഹരിക്കുന്നു. ഉത്‌പാദകരും ഉപഭോക്താക്കളും ചത്തൊടുങ്ങുമ്പോള്‍ അവ വീണ്ടും സസ്യപോഷകപദാര്‍ഥങ്ങളായി മാറുന്നു. ഈ പരിവര്‍ത്തനം സാധ്യമാക്കുന്നത്‌ ബാക്‌റ്റീരിയയാണ്‌. കരയിലെയും കടലിലെയും ആഹാരശൃംഖലകളുടെ പ്രവര്‍ത്തനം സമാനമാണെങ്കിലും, വന്‍കരകളിലെ നൈസര്‍ഗികപ്രകൃതി ഭീമമായ തോതില്‍ മനുഷ്യാക്രമണത്തിനു വിധേയമായിത്തീര്‍ന്നിട്ടുള്ളതിനാല്‍ ജീവികളുടെ സ്വാഭാവികമായ പരസ്‌പരബന്ധം കൂടുതല്‍ പ്രകടമായിട്ടുള്ളത്‌ കടലിലാകുന്നു.

വിവിധതരം ഒഴുക്കുകള്‍, ബാഷ്‌പീകരണം, ഘനീഭവനം, മഴ, താപ-സാന്ദ്രതാവ്യത്യാസങ്ങള്‍മൂലമുണ്ടാകുന്ന വിക്ഷോഭം എന്നീ കാരണങ്ങളാല്‍ കടല്‍ജലം സദാ ചലിച്ചുകൊണ്ടിരിക്കുന്നു. വിലീനപോഷകങ്ങള്‍ മാത്രമല്ല, ഒരതിരുവരെ ജീവജാലങ്ങളും കടലില്‍ പരസ്‌പരം സമ്മിശ്രമാവുന്നുണ്ട്‌. തന്നിമിത്തം, താത്ത്വികമായെങ്കിലും കടലിലാകെ ഒരു പൊതു ആഹാരശൃംഖലയാണ്‌ പ്രാവര്‍ത്തികമെന്ന്‌ പറയാം. എന്നാല്‍ കരയിലെ സ്ഥിതിഗതികള്‍ അത്ര ലഘുവല്ല. മണലാരണ്യങ്ങളിലും, കുറ്റിക്കാടുകളും പാറക്കെട്ടുകളും നിറഞ്ഞ തരിശുപ്രദേശങ്ങളിലും, ഹിമശിഖരങ്ങളിലും, പച്ചിലക്കാടുകളിലും, തടം കെട്ടിനില്‌ക്കുന്ന ജലാശയങ്ങളിലും, കുതിച്ചോടുന്ന അരുവികളിലും ജീവികളുടെ ആഹാരബന്ധമാതൃകകള്‍ വിഭിന്നമായിരിക്കും. കാറ്റ്‌, മഴ തുടങ്ങിയ പ്രകൃതിശക്തികള്‍ക്കു വിധേയമായി വ്യത്യസ്‌ത പരിതഃസ്ഥിതികള്‍ പരിമിതമായി പരസ്‌പരം സ്വാധീനിക്കുമെങ്കിലും കടലിലെപ്പോലെ സക്രിയവിനിമയം കരയില്‍ നടക്കുന്നില്ല. ഇക്കാരണത്താല്‍ കരയില്‍ ആഹാരശൃംഖല ശിഥിലീകൃതവും ലഘുവിവരണത്തിന്‌ അതീതമാംവിധം സങ്കീര്‍ണവുമാകുന്നു. സസ്യങ്ങള്‍ ഉത്‌പാദകരും, ജന്തുക്കള്‍ ഉപഭോക്താക്കളുമാണ്‌; രണ്ടും ചത്തുചീഞ്ഞളിയുമ്പോള്‍ ഇവയെ വിഘടിപ്പിക്കുന്നത്‌ ബാക്‌ടീരിയകളുമാണ്‌. അതായത്‌, ആഹാരബന്ധത്തിലെ പ്രഥമനിര്‍മാണദശ (ൃേീുവശര ഹല്‌ലഹ) പ്രഭാകലനമാണ്‌; സസ്യാഹാരികളായ ജന്തുക്കളുടെ ഭക്ഷ്യക്രിയയാണ്‌ രണ്ടാംഘട്ടം; ജന്തുപദാര്‍ഥത്തെ മറ്റു ജന്തുക്കള്‍ ഭക്ഷിക്കുന്നത്‌ മൂന്നാം ഘട്ടവും. ആഹാരബന്ധത്തില്‍ സൂചിതമായ മൗലികവസ്‌തുത ഊര്‍ജ വിനിമയമാകുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌, ജലം എന്നിവയെ സസ്യങ്ങള്‍ ജൈവപദാര്‍ഥമായി മാറ്റുന്നതും സൗരോര്‍ജത്തിന്റെ സാന്നിധ്യത്തിലാണ്‌. ഈ സൗരോര്‍ജം തന്നെയാണ്‌ വിവിധരൂപത്തില്‍ ആഹാരശൃംഖലയുടെ വ്യത്യസ്‌തദശകളില്‍ കൈമാറപ്പെടുന്നത്‌. എന്നാല്‍ ഈ കൈമാറ്റത്തില്‍ സൗരോര്‍ജം മുഴുവന്‍ വിനിമയം ചെയ്യപ്പെടുന്നില്ല എന്നതാണ്‌ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്‌തുത. പാരിസ്ഥിതികവ്യൂഹ(trophic level)ത്തില്‍നിന്ന്‌ ഓരോ ഘട്ടത്തിലും ഊര്‍ജവും പദാര്‍ഥവും നഷ്‌ടമാകുന്നുണ്ട്‌. കാരണം അതിസങ്കീര്‍ണമായ ചുറ്റുപാടുകളില്‍ സ്വാംശീകരണം നൂറുശതമാനവും വിജയകരമല്ല. ഒന്നാമതായി, സസ്യം സംഭരിക്കുന്ന ഊര്‍ജത്തിന്റെ നല്ലൊരു ശതമാനം അപചയനംവഴി അവയുടെ സ്വന്തം നിലനില്‌പിന്‌ വിനിയോഗിക്കപ്പെടുന്നു. സസ്യഭുക്കുകളായ ജന്തുക്കളുടെ സ്ഥിതിയും ഇതുതന്നെ. പരഭോജികള്‍, അപമാര്‍ജകര്‍, ശിഷ്‌ടഭോജികള്‍ എന്നിവയില്‍ ഭൂരിഭാഗവും, മനുഷ്യര്‍ പൂര്‍ണമായും മറ്റു ജന്തുക്കളുടെ ആഹാരമായി പ്രയോജനപ്പെടാതെ പോവുകയാണ്‌. അവ ചോര്‍ത്തിയെടുക്കുന്ന ഊര്‍ജം സ്വന്തം അപചയനത്തിനാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടാമതായി, ഭക്ഷിച്ച പദാര്‍ഥത്തിന്റെ നല്ലൊരുഭാഗം ദഹിക്കാതെയോ, ഭക്ഷിച്ച ജന്തുവിന്‌ ഉപയോഗപ്പെടുത്താന്‍ കഴിയാതെയോ വരാം. എന്നും കായ്‌കനികള്‍ കാര്‍ന്നുകൊണ്ടിരിക്കുന്ന മുയല്‍, എലി മുതലായവയും, മാന്‍ പശു തുടങ്ങിയ നാല്‌ക്കാലികളെ കൊന്ന്‌ രക്തവും മാംസത്തിന്റെ ഒരു ഭാഗവും മാത്രം കഴിച്ച്‌ ശിഷ്‌ടം ഉപേക്ഷിക്കുന്ന കടുവയും ഇതിനുനല്ല ദൃഷ്‌ടാന്തങ്ങളാണ്‌. മൂന്നാമതായി, പ്രകൃതിയിലെ സസ്യങ്ങള്‍ മുഴുവന്‍ ജന്തുക്കളാല്‍ ഭക്ഷിക്കപ്പെടുന്നില്ല. അതുപോലെ, സസ്യാഹാരികളായ സര്‍വജന്തുക്കളെയും മാംസാഹാരികള്‍ ഭക്ഷിക്കുന്നുമില്ല. എല്ലാത്തിനുമുപരി പാരിസ്ഥിതികവ്യൂഹത്തില്‍ പൊതുവേ മനുഷ്യന്റെ കൈകടത്തല്‍ ഇന്നു സീമാതീതമായി വര്‍ധിച്ചിട്ടുണ്ട്‌. ഈ കാരണങ്ങളാല്‍ ആഹാരശൃംഖലയുടെ സ്വാഭാവികവ്യാപ്‌തി ഗണ്യമായി കുറഞ്ഞുവരികയാണെന്നുപറയാം. ആഹാരശൃംഖലയില്‍ ഓരോ ഘട്ടത്തിലും നല്ലൊര ശതമാനം ഊര്‍ജവും പദാര്‍ഥവും നഷ്‌ടപ്പെടുന്നുണ്ട്‌ എന്ന പ്രമേയമാണ്‌ "എല്‍റ്റോണിയന്‍ പിരമിഡ്‌' എന്ന പേരിലറിയപ്പെടുന്നത്‌. മാംസാഹാരികളായ നാല്‌ ദശലക്ഷം ടണ്‍ മത്സ്യങ്ങളെ ലഭിക്കുവാന്‍വേണ്ടി, കടലില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ നാല്‌പതു ദശലക്ഷം ടണ്‍ സസ്യാഹാരികളായ ജന്തുക്കളും നൂറു ദശലക്ഷം ടണ്‍ പ്ലവകജന്തുക്കളും ആയിരത്തഞ്ഞൂറു ദശലക്ഷം ടണ്‍ പ്ലവകസസ്യങ്ങളും ആയിരക്കണമെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. സസ്യം തുടങ്ങി മനുഷ്യന്‍ വരെയുള്ള ഓരോ കച്ചിയിലും മൊത്തം ജീവസമ്പത്ത്‌ ക്രമാനുഗതമായി ശോഷിച്ചുവരുന്നുവെന്നതാണ്‌ എല്‍റ്റോണിയന്‍ പിരമിഡില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. ഈ നഷ്‌ടം ഒഴിവാക്കാനും ആഹാരശൃംഖലയിലെ ഇടക്കച്ചികളെ നേരില്‍ ഉപയോഗിക്കുവാനുമുള്ള പദ്ധതികളാണ്‌ ഈയിടെയായി മനുഷ്യന്‍ ആസൂത്രണം ചെയ്യുന്നത്‌. നെല്ലും ഗോതമ്പും കൊയ്‌തെടുക്കുന്നതിനുപകരം, അവകൊണ്ട്‌ കന്നുകാലികളെ തീറ്റി, അതിനുശേഷം കന്നുകാലികളെയോ അവയെ തിന്നാറുള്ള സിംഹം, കടുവ എന്നിവയെയോ മാത്രം നാം ഭക്ഷിക്കുകയെന്ന സ്ഥിതിവിശേഷം ഊഹാതീതമാണല്ലോ. എന്നാല്‍ ഏതാണ്ട്‌ ഇതാണ്‌ കടലില്‍ നടന്നുപോരുന്നത്‌. മത്സ്യങ്ങളുടെയും മറ്റു വന്‍ജീവികളുടെയും പിറകേ പോകുന്നതിനുപകരം പ്ലവകജന്തുക്കളെ നേരില്‍ ശേഖരിച്ചു മനുഷ്യോപയുക്തമാക്കുകയെന്നതാണ്‌ പുതിയ ആശയം.

സസ്യം, സസ്യാഹാരികള്‍, മാംസാഹാരികള്‍ എന്നിവയ്‌ക്കുപുറമേ പരഭോജികള്‍, ശിഷ്‌ടഭോജികള്‍, അപമാര്‍ജകര്‍ എന്നിങ്ങനെ വിവിധ സസ്യ-ജന്തുക്കളെ ആശ്രയിക്കുന്ന പാര്‍ശ്വവര്‍ത്തികള്‍ വേറെയുമുണ്ട്‌. പലപ്പോഴും ഫലത്തില്‍ ഇവ അത്യധികം സാമ്പത്തിക പ്രാധാന്യം അര്‍ഹിക്കുന്നു. ഇവയെല്ലാം ഉപഭോക്താക്കളാകുന്നു. എന്നാല്‍ സസ്യാഹാരികളും മാംസാഹാരികളുമായ ജന്തുക്കളില്‍നിന്നു വ്യത്യസ്‌തമായി ഇവയില്‍ ഭൂരിഭാഗവും മറ്റു ജന്തുക്കളുടെ ആഹാരമായി പ്രയോജനപ്പെടുന്നില്ല. തന്നിമിത്തം ആഹാരശൃംഖലയുടെ പാര്‍ശ്വവര്‍ത്തികളാണിവ. പാരിസ്ഥിതകവ്യൂഹത്തിന്റെ അന്തിമകാര്യക്ഷമത ന്യൂനീകരിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌.

ആഹാരബന്ധത്തെ സൂക്ഷ്‌മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്‌തുത പ്രഭാകലനം നടത്തുന്ന സസ്യങ്ങളും, ചത്തൊടുങ്ങിയ സസ്യങ്ങളെ വീണ്ടും പോഷകപദാര്‍ഥങ്ങളാക്കി മാറ്റുന്ന ബാക്‌റ്റീരിയയും മാത്രമാണ്‌ ഒഴിച്ചുകൂടാത്ത ഘടകങ്ങളെന്നതാണ്‌. ജന്തുക്കള്‍, പരഭോജികള്‍, ശിഷ്‌ടഭോജികള്‍, അപമാര്‍ജകര്‍ എന്നിവയുടെ അഭാവത്തിലും പ്രകൃതിയിലെ ഉത്‌പാദനപ്രക്രിയ മുറയ്‌ക്ക്‌ നടക്കുന്നതാണ്‌.

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍