This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹാരവിധികള്‍, ആയുർവേദത്തിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഹാരവിധികള്‍, ആയുര്‍വേദത്തില്‍

ശരീരത്തില്‍ ധാതുപാകം കൊണ്ടുണ്ടാകുന്ന ക്ഷയത്തെ നികത്തുന്നതിന്‌ നാം ഭക്ഷിക്കുന്നു. ആഹാരമാണ്‌ ദേഹമായി പരിണമിക്കുന്നത്‌. ശരീരത്തിന്റെ സ്വസ്ഥത ആഹാരത്തിന്റെ യുക്തതപോലെയാണിരിക്കുക. വ്യായാമാദികളായ ആരോഗ്യസാധനകള്‍ അഗ്നിയെ ശക്തിപ്പെടുത്തുകയും ആഹാരത്തിന്റെ പാകത്തെ സഹായിക്കുകയും ആഹാരംകൊണ്ടുണ്ടാകുന്ന ശക്തിയെ വിനിയോഗിക്കുകയും ദേഹത്തെ ദൃഢപ്പെടുത്തുകയും ചെയ്യുന്നു. ആഹാരമില്ലെങ്കില്‍ ശരീരം നശിക്കും; വ്യയാമാദികളില്ലെങ്കില്‍ സൗഷ്‌ഠവം കുറയുകയും ചെയ്യും.

ഭൂതഘടനയനുസരിച്ചാണ്‌ ദ്രവ്യങ്ങളില്‍ രസങ്ങള്‍ ഉണ്ടാവുന്നത്‌. എല്ലാ ഭൂതങ്ങളുടെയും അംശങ്ങള്‍ കലര്‍ന്നിരിക്കുന്നതിന്‌ ആഹാരത്തില്‍ തരംപോലെ എല്ലാ രസങ്ങളും അടങ്ങിയിരിക്കണം. പാര്‍ഥിവമാണ്‌ ശരീരം. അതുകൊണ്ട്‌ പൃഥിവിയുടെ അംശം അധികമുള്ള മധുരങ്ങളായ ധാന്യങ്ങള്‍ക്കു പ്രാധാന്യവുമുണ്ടാകണം. അടുത്ത"കാല'ത്തേക്കു ദഹിച്ചു വിശപ്പും രുചിയും ഉണ്ടാകുന്നതിനു പാകത്തിനുള്ളതാണ്‌ ആഹാരത്തിന്റെ മാത്ര. "കാലത്തും വൈകിട്ടും' എന്ന്‌ രണ്ടാണ്‌ ആഹാരകാലങ്ങള്‍. കാലങ്ങളില്‍, കാലംതെറ്റാതെ ഭക്ഷിക്കുക എന്നത്‌ അഗ്നിയെ നിലനിര്‍ത്തുന്ന പ്രധാന നിയമമാകുന്നു. വിറകും തീയുംപോലെ, ആഹാരം അഗ്നിയെയും അഗ്നി ആഹാരത്തെയും ആശ്രയിച്ചിരിക്കുന്നു. വേഗത്തില്‍ ദഹിക്കുന്നതു ലഘുവും അല്ലാത്തതു ഗുരുവാമാകുന്നു. ലഘുവായ ആഹാരം ഏറെക്കുറെ മതിയെന്നുതോന്നുന്നതുവരെയും ഗുരു അതിലും കുറച്ചുമാണ്‌ കഴിക്കേണ്ടത്‌. കാല്‍വയറ്‌ ചലനസൗകര്യത്തിനുവിട്ട്‌, അരവയറ്‌ ഘനവും കാല്‍വയറ്‌ ദ്രവവുമായ ആഹാരം കഴിക്കണം. വിശപ്പും ദാഹവും മാറി മനസ്സിനു തൃപ്‌തിവരണം; വയറ്‌ തിങ്ങരുത്‌. ശ്വസിക്കാനോ ഇരിക്കാനോ നടക്കാനോ ബുദ്ധിമുട്ടു തോന്നരുത്‌. വളരെ വേഗത്തിലോ വളരെ പതുക്കെയോ അല്ലാതെ, മറ്റെന്തെങ്കിലും ആലോചിക്കുകയോ പറയുകയോ മറ്റോ ചെയ്യാതെ, ആസ്വദിച്ചുകൊണ്ട്‌ ഭക്ഷിക്കണം. രുചി വല്ലാതെ വര്‍ധിപ്പിക്കുന്ന വിഭവങ്ങള്‍ അതിഭക്ഷണത്തിനു കാരണമായേക്കും.

ഭക്ഷണത്തിന്റെ ഒടുവിലോ മധ്യത്തിലോ ചുക്കും മല്ലിയും ചേര്‍ത്തുതിളപ്പിച്ച വെള്ളം കുടിക്കുന്നത്‌ വായുവിനെ അനുലോമിപ്പിച്ച്‌ ദഹനത്തെ സഹായിക്കും; ശോധനയെ ക്രമപ്പെടുത്തും. ആദിയിലോ അധികമായോ ജലപാനംചെയ്യുന്നത്‌ അഗ്നിമാന്ദ്യത്തിനു കാരണമാകും. മാംസത്തിന്‌ മദ്യം തുടങ്ങി ഭക്ഷണത്തിനുചേര്‍ന്ന മറ്റനുപാനങ്ങളും വിധിക്കപ്പെട്ടിട്ടുണ്ട്‌.

വിശന്നിട്ട്‌, മാത്രപോലെ ഭക്ഷിക്കുന്നവന്‌ വൈദ്യന്റെ സഹായം തേടേണ്ടിവരികയില്ല. ഒരിക്കല്‍ ഭക്ഷിച്ചാല്‍ ഒരു യാമം (മൂന്നുമണിക്കൂര്‍) എങ്കിലും കഴിയാതെ, എന്തായാലും ഭക്ഷിക്കരുത്‌. "യോഗികള്‍ക്ക്‌ ഒരുനേരം ഭക്ഷിച്ചാല്‍മതി, ഭോഗികള്‍ക്കു രണ്ടുനേരവും ഭക്ഷിക്കാം, മൂന്നുനേരവും ഭക്ഷണം കഴിക്കുന്നവന്‍ രോഗിയാകുന്നു' എന്നൊരു ചൊല്ലുണ്ട്‌. ദേശത്തിന്റെയും കാലത്തിന്റെയും വ്യക്തിയുടെയും പരിചയംപോലെ രീതിയില്‍ ഭേദംവരാമെങ്കിലും, മൗലികമായ യുക്തിയെ അനുസരിക്കുകതന്നെ വേണം. അടുക്കളയും ആഹാരവും പാചകനും പരിചാരകനും സാഹചര്യവും താനും അഴുക്കറ്റിരിക്കണം. ദേഹശുദ്ധിവരുത്തി, മനശ്ശുദ്ധിയോടെ, വേണ്ടപ്പെട്ടവരൊത്ത്‌, വേണ്ടതെല്ലാം ചെയ്‌ത കൃതാര്‍ഥതയോടെ വേണം ഭക്ഷണത്തിനിരിക്കുവാന്‍. ഈര്‍ഷ്യാ ഭയക്രാധാദികള്‍ തത്‌കാലമെങ്കിലും അഗ്നിയെ ദുഷിപ്പിച്ച്‌, വിശപ്പില്ലാതാക്കി, പാകത്തെ വികലമാക്കുന്നു.

മണ്‍പാത്രങ്ങള്‍ നിര്‍ദോഷങ്ങളും സുഗുണങ്ങളുമാകുന്നു. നല്ല ഓട്ടുപാത്രങ്ങളും അങ്ങനെതന്നെ; പിന്നെ ഭേദം ഇരുമ്പുപാത്രങ്ങളാണ്‌. ഓരോ തരം ഭക്ഷ്യവും കേടുവരാതിരിക്കുവാന്‍ പറ്റിയ പാത്രത്തിലാണ്‌ വയ്‌ക്കേണ്ടതും സൂക്ഷിക്കേണ്ടതും. ഓരോതരം പാത്രവും അതാതിനൊത്തവിധം വെടിപ്പാക്കിയാലെ ശുചിയാവുകയുള്ളൂ.

സ്വഭാവം, സംയോഗം, സംസ്‌കാരം, മാത്ര, കാലം, ദേശം, ക്രമം, പ്രകൃതി, വികൃതി എന്നിവകൊണ്ടെല്ലാം ഉചിതമായിരിക്കണം ആഹാരം. ഊണിന്റെ മുമ്പും നടുക്കും ഒടുക്കവും ഓരോ നെല്ലിക്കതിന്നുന്നത്‌ ഭക്ഷണദോഷത്തെ പരിഹരിക്കും. തുടക്കത്തില്‍ ഇന്തുപ്പും ഇഞ്ചിയും കൂട്ടിതിന്നുന്നത്‌ അഗ്നിദീപ്‌തിക്കും രുചിക്കും മറ്റും സഹായിക്കും. ഒടുവില്‍ ലേശം ഉപ്പിട്ടമോരു കുടിക്കുന്നത്‌ പചനത്തെ തുണയ്‌ക്കും. ദേവന്മാര്‍ക്ക്‌ അമൃത്‌ പോലത്ര മനുഷ്യര്‍ക്ക്‌ മോര്‌.

പഥ്യാപഥ്യങ്ങളെ കലര്‍ത്തി ഭക്ഷിക്കുന്നത്‌ സമാശനവും, കാലവും മറ്റും തെറ്റിഭക്ഷിക്കുന്നത്‌ വിഷമാശനവും, മുമ്പു കഴിച്ചതു ദഹിക്കാതെ വീണ്ടും ഭക്ഷിക്കുന്നത്‌ അധ്യശനവുമാകുന്നു. ഇവ നിരന്തരമായാല്‍ ദുസ്സാധ്യങ്ങളായ രോഗങ്ങള്‍ക്കു കാരണമാകും. ഭക്ഷണത്തിന്റെ അതിയോഗംപോലെ അയോഗവും, വിശക്കാതെ ഉച്ചുന്നതുപോലെ വിശന്നിട്ട്‌ ഉച്ചാതിരിക്കുന്നതും ആരോഗ്യത്തിനു ഹാനികരമാകുന്നു. വെണ്ണേറെ നന്നെങ്കിലും ഒന്നിച്ചുചേരുമ്പോള്‍ വിപത്‌കരമായിത്തീരുന്ന പദാര്‍ഥങ്ങള്‍ (മത്സ്യവും പാലും മറ്റും പോലെ) വിരുദ്ധമാകുന്നു. അതുകൊണ്ട്‌ അവയെ കലര്‍ത്തുന്നത്‌ ശ്രദ്ധിച്ചുവേണം. വിരുദ്ധതയാണ്‌ കൈവിഷം എന്നതിന്റ പൊരുള്‍. വിരുദ്ധമാക്കുന്നതിന്‌ ചിലത്‌ കൂട്ടിച്ചേര്‍ക്കുന്നുവെന്നുമാത്രം. മാനസികവും ശാരീരികവുമായ ഒട്ടനേകം വികാരങ്ങള്‍ വിരുദ്ധതകൊണ്ടുണ്ടാവുന്നു.

ഊണു കഴിഞ്ഞാല്‍, മുഖംകഴുകി, പല്ലുതേച്ച്‌ വായ്‌ വൃത്തിയാക്കി, കൈകഴുകി, കച്ചുകള്‍ തുടയ്‌ക്കണം. ശീലംപോലെ താംബൂലചര്‍വണവും ധൂമപാനവും (രണ്ടും പുകയില കൂട്ടിയല്ല, ഔഷധയോഗങ്ങളോടെ) ചെയ്യുന്നത്‌ കണ്‌ഠശുദ്ധിക്കും കഫശമനത്തിനും നന്ന്‌. പിന്നെ നൂറടി നടന്ന്‌, ഇടതുഭാഗംവച്ചു കിടന്ന്‌ കുറച്ചുനേരം വിശ്രമിക്കണം. ഉണ്ട ഉടനേ ഉറങ്ങുകയോ, വെള്ളം അധികം കുടിക്കുകയോ, ചൂടും വെയിലും ഏല്‌ക്കുകയോ, ആയാസപ്പെടുകയോ അരുത്‌. രണ്ടാമത്തെ ആഹാരം സന്ധ്യയ്‌ക്കുമുമ്പ്‌ കഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അര യാമത്തിലധികം വൈകിക്കരുത്‌. മാത്ര ലേശം കുറഞ്ഞു ലഘുവായിരിക്കണം. എത്ര നിഷ്‌കര്‍ഷിച്ചാലും കുറെയൊക്കെ വൈഷമ്യം വന്നുവെന്നുവരാം. അതിനു പരിഹാരമാണ്‌ ഉപവാസം. അഗ്നി ആഹാരത്തെ പചിക്കുന്നു. ആഹാരമില്ലെങ്കില്‍ വൃദ്ധമായ ദോഷത്തെ പചിക്കുന്നു. അതും ഇല്ലെങ്കിലേ ധാതുക്കളെ പചിക്കുകയുള്ളൂ. ധാതുക്കളെ പചിക്കുമ്പോഴാണ്‌ പട്ടിണിയാവുന്നത്‌. ആഴ്‌ചയില്‍ ഒരു നേരവും പക്ഷത്തില്‍ ഒരു ദിവസവും ഉപവസിക്കുന്നത്‌ അന്നുവരെ വര്‍ധിച്ചിരിക്കുന്ന ദോഷത്തെ ശമിപ്പിക്കുന്നു. നിരാഹാരമായും ഫലാഹാരമായും ഉപവസിക്കാം. നിരാഹാരം ജലപാനംകൂടാതെയും ആകാം. ക്ഷുത്തും തൃഷ്‌ണയും അല്‌പബലമായ ദോഷത്തിനു ശമനചികിത്സയായി വിധിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ക്ഷുത്തും തൃഷ്‌ണയും "വേഗ'ങ്ങളാണ്‌. സ്വാഭാവികമായുണ്ടാകുന്ന അവയെ യഥാകാലം ഉചിതമായ അന്നപാനങ്ങളെക്കൊണ്ട്‌ ശമിപ്പിക്കാതിരിക്കുന്നതും രോഗകാരണമാകുന്നു.

ഭക്ഷണമായി ഉപയോഗിക്കാവുന്ന സ്വസ്ഥഹിതമായ ഓരോ ദ്രവ്യത്തെക്കുറിച്ചും ശാസ്‌ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. പല ഗുണങ്ങളും ഉണ്ടെങ്കിലും മിതത്വം പാലിക്കാന്‍ വിഷമമുള്ളതുകൊണ്ടും, സ്‌മൃതിഭ്രംശം എന്ന ദോഷം ഉള്ളതുകൊണ്ടും മദ്യം ഉപയോഗിക്കരുത്‌.

	"നിവൃത്തോയേസ്‌തുമദ്യേഭ്യോ
	ജിതാത്മാ ബുദ്ധപൂര്‍വകൃത്‌
	വികാരൈസ്‌ പൃശ്യതേജാതു
	ന സ ശാരീര മാനസൈഃ'
(സംയമത്തോടെ, വിവേകത്തോടെ മദ്യങ്ങളില്‍നിന്ന്‌ ഒഴിഞ്ഞു നില്‌ക്കുന്നവന്‌ ശാരീരവും മാനസവുമായ രോഗം ഒന്നുമുണ്ടാവുന്നില്ല.) മാംസവും മാനസമായ ആഹാരത്തിനു ഹിതമല്ല.
	"നിവൃത്താമിഷമദ്യോ യോ
	ഹിതാശീ പ്രയതഃശുചിഃ
	നിജാഗന്തുഭിരുന്‍മാദൈഃ
	സത്വവാന്‍ ന സ യുജ്യതേ'
 

(മദ്യമാംസങ്ങള്‍ ഉപയോഗിക്കാതെ, ഹിതമായ ആഹാരം കഴിച്ച്‌, ശുചിയായി, സംയമത്തോടെ ഇരിക്കുന്നവന്‌ നിജവും ആഗന്തുവുമായ മനോരോഗം ബാധിക്കുന്നില്ല.) വാതരക്തം മുതലായ രോഗങ്ങള്‍ക്കും മാംസഭക്ഷണം സാഹചര്യം സൃഷ്‌ടിച്ചേക്കാം. വേണമെന്നുള്ളവര്‍ക്ക്‌ വ്യാപത്തു കുറയ്‌ക്കാനും, ആവാമെന്നുള്ളവര്‍ക്ക്‌ പ്രയോജനകരമായി ഉപയോഗിക്കാനുമാണ്‌ അവയെക്കുറിച്ച്‌ ശാസ്‌ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. അതിരാവിലെ പച്ചവെള്ളം കുടിക്കണം. ഭക്ഷണത്തില്‍ നെയ്യുടെ അംശം ഉണ്ടായിരിക്കണം. രാത്രി കിടക്കുന്നതിനുമുമ്പ്‌ പാല്‍ കുടിക്കണം. ഭക്ഷണത്തിന്റെ ഒടുവില്‍ മോര്‌ ഉപയോഗിക്കണം എന്നൊരു വിധിയുണ്ട്‌. നിത്യവും തൈര്‌ ഉപയോഗിക്കരുത്‌; രാത്രി ഒരിക്കലുമരുത്‌; നല്ലവച്ചം ഉറകൂടാത്തത്‌ ഒരിക്കലും പാടില്ല. നെല്ലിക്കയോ, തേനോ, പരിപ്പുചാറോ, നെയ്യോ, കല്‌ക്കണ്ടമോ കൂടാതെ തൈര്‌ ഉപയോഗിക്കുക അരുത്‌; അല്ലെങ്കില്‍ ത്വഗ്രാഗം, പാണ്ഡുരോഗം, ഹൃദ്രാഗം മുതലായവ ഉണ്ടായേക്കാം. രാത്രി ഉറങ്ങുന്നതിനുമുമ്പ്‌ ത്രിഫലപ്പൊടി നെയ്യും തേനും ചേര്‍ത്തുചാലിച്ച്‌ സേവിക്കുന്നത്‌ കച്ചിനു നല്ലതെന്നുതന്നെയല്ല, നല്ലൊരു രസായനവുമാണ്‌. ശരീരംകൊണ്ട്‌ അധ്വാനിക്കുന്നവര്‍ക്ക്‌ കുറെയൊക്കെ പിഴപറ്റിയാലും, നല്ലവച്ചം ദഹിച്ചുകൊള്ളും. മെയ്യനങ്ങാത്തവരാകട്ടെ, ആരോഗ്യത്തിനുവേണ്ടി ഈ വിധികളെ ശ്രദ്ധാപൂര്‍വം അനുഷ്‌ഠിക്കുക തന്നെവേണം. ശീലമാക്കിയാല്‍ അനായാസമായി അനുഷ്‌ഠിക്കപ്പെടാവുന്നതാണിതെല്ലാം. (കെ. രാഘവന്‍ തിരുമുല്‌പാട്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍