This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌ബെസ്റ്റോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്‌ബെസ്റ്റോസ്‌

Asbestos

പ്രകൃത്യാതന്നെ ചകരിപോലെ തന്തുരൂപത്തിൽ അവസ്ഥിതമായി ക്കാണുന്ന ഒരു ധാതുസമൂഹത്തിന്റെ സാമാന്യനാമം. നാരുകളായി പിരിച്ചെടുക്കാവുന്നതും എളുപ്പം ഉരുകാത്തതുമായ ആസ്‌ബെസ്റ്റോസ്‌ അക്കാരണംകൊണ്ടുതന്നെ വലിയ സാമ്പത്തിക പ്രാധാന്യം കരസ്ഥമാക്കിയിട്ടുണ്ട്‌. വഴക്കം, ആയാമ്യത, കുറഞ്ഞ താപചാലകത, വിദ്യുത്‌രോധകശക്തി, ശബ്‌ദരോധകത്വം എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്‌; സാധാരണ അമ്ലങ്ങളിൽ ലയിക്കുന്നില്ല എന്നതും എടുത്തുപറയേണ്ട ഒരു മേന്മയാണ്‌. നീണ്ടു ബലമേറിയ ആസ്‌ബെസ്റ്റോസ്‌തന്തുക്കള്‍ തുന്നിച്ചേർത്ത്‌ കയറുകളും തകിടുകളും ഉണ്ടാക്കാം. ഇവ ജ്വലനശീലമുള്ളവയല്ലെന്നു മാത്രമല്ല, താപരോധകങ്ങളുമാണ്‌.

വ്യാപാരപ്രാധാന്യം അടിസ്ഥാനമാക്കി ആസ്‌ബെസ്റ്റോസിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു (ഈ വിഭജനം ധാത്വംശപരമായ വർഗീകരണമാണ്‌): (i) ക്രിസൊട്ടൈൽ എന്നറിയപ്പെടുന്ന സർപെന്റൈന്‍ ആസ്‌ബെസ്റ്റോസ്‌ (3MgO. 2SiO2,. H2O). (ii) ആംഫിബോള്‍ ആസ്‌ബെസ്റ്റോസ്‌, തന്തുരൂപമുള്ള ട്രമൊലൈറ്റ്‌ [CaO. 3MgO. 4S10], ആക്‌റ്റിനൊലൈറ്റ്‌ [CaO. 3(Mg.Fe) O4.SiO2] ആന്‍ഥോഫിലൈറ്റ്‌ [(Mg, Fe)O. SiO2] അമോസൈറ്റ്‌, ക്രാസിഡൊലൈറ്റ്‌ [(Na, Fe). (SiO3)2] എന്നിവയാണ്‌ പ്രമുഖയിനങ്ങള്‍. മേല്‌പറഞ്ഞവയിൽ അമോസൈറ്റും ക്രാസിഡൊലൈറ്റുമാണ്‌ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ആസ്‌ബെസ്റ്റോസ്‌ നിക്ഷേപങ്ങളിലുള്ളത്‌.

ക്രിസൊട്ടൈൽ സർപന്റൈനുമായി ഇടചേർന്നാണ്‌ കണ്ടുവരുന്നത്‌. പെരിഡോട്ടൈറ്റ്‌, ഡൂണൈറ്റ്‌ തുടങ്ങിയ ഒലിവിന്‍ സമൃദ്ധമായുള്ള ശിലകളുടെ പ്രാദേശികകായാന്തരണംമൂലം അവസ്ഥിതമാകുന്ന സർപന്റൈന്‍ സ്‌തരങ്ങള്‍ക്കിടയിലേ ക്രിസൊട്ടൈൽ അവസ്ഥിതമാവുന്നുള്ളൂ. ആഗ്നേയ സ്വഭാവമുള്ള അല്‌പ സിലികശിലകളുടെ അന്തർവേധനംമൂലം മഗ്നീഷ്യന്‍ ചുച്ചാമ്പുകല്ല്‌, ഡോളമൈറ്റുകള്‍ എന്നിവ പരിവർത്തിതമായും ക്രിസൊട്ടൈൽ നിക്ഷേപങ്ങള്‍ രൂപംകൊള്ളാറുണ്ട്‌. ട്രമൊലൈറ്റ്‌-ആക്‌റ്റിനൊലൈറ്റ്‌ ഷിസ്റ്റുകള്‍, നയിസ്സുകള്‍ തുടങ്ങിയവയുമായോ കായാന്തരണത്തിനു വിധേയമായ അല്‌പസിലികമോ അത്യല്‌പസിലികമോ ആയ ശിലകളുമായോ ബന്ധപ്പെട്ടാണ്‌ ആംഫിബോള്‍ ആസ്‌ബെസ്റ്റോസ്‌ അവസ്ഥിതമാവുന്നത്‌.

സർപെന്റൈന്‍ സ്‌തരങ്ങളിലോ സമീപസ്ഥശിലകളിലോ പടർന്നുകാണുന്ന ശിലാസിരകളിലാണ്‌ ആസ്‌ബെസ്റ്റോസ്‌ രൂപംകൊണ്ടു കാണുന്നത്‌. തന്തുക്കളുടെ ക്രമീകരണരീതി അടിസ്ഥാനമാക്കി മൂന്നുതരത്തിലുള്ള നിക്ഷേപങ്ങളാണ്‌ ഉണ്ടായിരിക്കുക. സിരാഭിത്തികള്‍ക്കു ലംബമായി ആസ്‌ബെസ്റ്റോസ്‌ തന്തുക്കള്‍ അടങ്ങിയിട്ടുള്ളവയെ അനുലോമതന്തുകം (Cross fibre) എന്നും സിരാഭിത്തികള്‍ക്കു സമാന്തരമായ ക്രമീകരണത്തെ സമാന്തരതന്തുകം (Slip fibre) എന്നും വിശേഷിപ്പിക്കുന്നു. അടുക്കും ചിട്ടയുമില്ലാതെ കാണുന്ന തന്തുക്കളും നിക്ഷേപങ്ങളിൽ സാധാരണമാണ്‌; ചിലപ്പോള്‍ സംപിണ്ഡമായും കാണാം. ഇവയെ സ്ഥൂലതന്തുകം (Mass fibre) എന്നു പറയുന്നു. ക്രിസൊട്ടൈൽ നിക്ഷേപങ്ങള്‍ സാധാരണയായി അനുലോമതന്തുകങ്ങളായാണ്‌ കണ്ടുവരുന്നത്‌; ട്രമൊലൈറ്റ്‌-ആക്‌റ്റിനൊലൈറ്റ്‌ ധാതുക്കള്‍ സമാന്തരതന്തുകങ്ങളായും ആന്‍ഥോഫിലൈറ്റ്‌ സ്ഥൂലതന്തുകങ്ങളായും അവസ്ഥിതമായിക്കാണുന്നു. സമാന്തരതന്തുകങ്ങള്‍ ചിലപ്പോഴൊക്കെ മുറുകി ഒന്നുചേർന്നു ദണ്ഡുകളുടെ രൂപത്തിലായി എന്നും വരാം. ഒരേ നിക്ഷേപത്തിൽത്തന്നെ മൂന്നിനം ധാതുക്കളും കണ്ടെത്തുന്നതും അസാധാരണമല്ല.

ആസ്‌ബെസ്റ്റോസിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ തന്തുക്കളുടെ രാസസംയോഗം, നീളം, തന്യത (tensity) എന്നിവയാണ്‌. ഏറ്റവും പ്രയോജനപ്രദം ക്രിസൊട്ടൈൽ ഇനത്തിൽപ്പെട്ട ധാതുവാണ്‌. ഇരുമ്പിന്റെ അംശം കുറവാകുമ്പോള്‍ ക്രിസൊട്ടൈൽ ഒന്നാംകിട വിദ്യുദ്രാധി (insulator) ആയി പ്രവർത്തിക്കുന്നു. സംക്ഷാരണ (corrosion) വിധേയമല്ലാത്തതിനാൽ ട്രമൊലൈറ്റ്‌ ആസ്‌ബെസ്റ്റോസ്‌ രാസനിസ്യന്ദകങ്ങള്‍ (chemical filters) ഉണ്ടാക്കാന്‍ തികച്ചും ഉപയുക്തമാണ്‌. ആംഫിബോള്‍ ആസ്‌ബെസ്റ്റോസുകളുടെ തന്തുക്കള്‍ ക്രിസൊട്ടൈലിന്റെ തന്തുക്കളെ അപേക്ഷിച്ച്‌ നീളക്കൂടുതലുള്ളവയാണെങ്കിലും താരതമ്യേന ദുർബലവും ഭംഗുരവും (brittle) ആയിരിക്കും. പട്ടുപോലെ തിളങ്ങുന്ന ക്രിസൊട്ടൈൽ തന്തുക്കള്‍ നേർത്ത്‌ വഴക്കമുള്ള ദൃഢവസ്‌തുവാണ്‌. സംപിണ്ഡരൂപത്തിൽ ഇളം പച്ചനിറം കാണിക്കുന്ന ഇവ നാരുകളായി പിരിച്ചെടുക്കുമ്പോള്‍ ഭാസുരമായ ശുഭ്രവർണം കൈക്കൊള്ളുന്നു. സാമാന്യം നീളമുള്ള ക്രിസൊട്ടൈൽതന്തുക്കളെ ഇഴചേർത്തു പല കനത്തിലുമുള്ള ആസ്‌ബെസ്റ്റോസ്‌ തകിടുകളുണ്ടാക്കുന്നു. നീളംകുറഞ്ഞ ക്രിസൊട്ടൈലുകളും ഇഴചേർക്കാനാവാത്ത ആംഫിബോള്‍ ആസ്‌ബെസ്റ്റോസും സമ്മർദമുപയോഗിച്ചു വിവിധരൂപങ്ങളിൽ വാർത്തെടുക്കുന്നു.

ആസ്‌ബെസ്റ്റോസ്‌ശീല വളരെയധികം ഉപയോഗമുള്ള ഒരു വസ്‌തുവാണ്‌. അഗ്നിരോധകവസ്‌തുക്കള്‍, താപരോധക കവചങ്ങള്‍ എന്നിവയും ആവിയന്ത്രങ്ങളുടെയും രാസോപകരണങ്ങളുടെയും മൂടികളും ഉണ്ടാക്കുന്നതിൽ ആസ്‌ബെസ്റ്റോസ്‌ശീല അത്യന്താപേക്ഷിതമാണ്‌. മോട്ടോർവാഹനങ്ങളുടെ ബ്രക്‌ലൈനിംഗ്‌, ക്ലച്ച്‌ എന്നിവ ആസ്‌ബെസ്റ്റോസുകൊണ്ട്‌ നിർമിക്കാറുണ്ട്‌. വൈദ്യുതോപകരണങ്ങള്‍, താപ എന്‍ജിനുകള്‍ തുടങ്ങിയവയിൽ ധാരാളമായുപയോഗിക്കപ്പെടുന്ന ചരടിലും നാടകളിലും നാരുകളിലുമൊക്കെ ആസ്‌ബെസ്റ്റോസിന്റെ ഉപയോഗം കാണാം. വാർപ്പുതകിടുകള്‍ കെട്ടിടങ്ങളുടെ ചുമരുകള്‍ക്കും തട്ടികള്‍ക്കും കൂരകള്‍ക്കും ജനൽപാളികള്‍ക്കുമൊക്കെ ഉപയോഗപ്പെടുത്തിവരുന്നു. വിദ്യുദ്‌രോധിയായും പലവിധ നാളികള്‍ പൊതിയുന്നതിനുള്ള വസ്‌തുവായും ഉപയോഗിക്കുന്ന ആസ്‌ബെസ്റ്റോസ്‌പേപ്പറും പ്രചാരത്തിലുണ്ട്‌. ഉറപ്പും ഈടുമുള്ള ആസ്‌ബെസ്റ്റോസ്‌ സിമന്റിന്റെ ഉപയോഗം വ്യാപകമായിത്തീർന്നിട്ടുണ്ട്‌. രോധകശക്തി വർധിപ്പിക്കുന്നതിനായി, പിഞ്ഞാണം, പ്ലാസ്റ്റിക്‌ തുടങ്ങിയ നിത്യോപയോഗവസ്‌തുക്കളിൽപ്പോലും ആസ്‌ബെസ്റ്റോസ്‌ കലർത്തുന്ന സമ്പ്രദായം പ്രചാരത്തിൽ വന്നിരിക്കുന്നു. ചുരുക്കത്തിൽ ധാതുക്കളുടെ കൂട്ടത്തിൽ വാണിജ്യപ്രാധാന്യംകൊണ്ടു സമുന്നതമായസ്ഥാനം അലങ്കരിക്കുന്ന ഒരു പദാർഥമാണ്‌ ആസ്‌ബെസ്റ്റോസ്‌.

ആസ്‌ബെസ്റ്റോസ്‌ നാരുകളുടെ മേന്മ നിർണയിക്കുക വളരെ എളുപ്പമാണ്‌. വിരലുകള്‍ക്കിടയിൽവച്ചു ഞെരുക്കുമ്പോള്‍ നല്ലയിനം ആസ്‌ബെസ്റ്റോസിന്റെ തന്തു നനുത്തതും മിനുസമേറിയതുമായ ഒരു നൂലായി നീളുന്നു; ഇതിന്‌ ഇലാസ്‌തിക സ്വഭാവവുമുണ്ടായിരിക്കും; മറിച്ച്‌ മേന്മകുറഞ്ഞ ആസ്‌ബെസ്റ്റോസ്‌ നീണ്ടുമുറുക്കമുള്ള തരികളായി പിരിയുന്നു. അതുപോലെ തന്നെ കൈകള്‍ക്കിടയിൽവച്ച്‌ ഉരുട്ടുമ്പോള്‍ നല്ലയിനം ആസ്‌ബെസ്റ്റോസ്‌ മിനുപ്പുള്ള ഒരു പന്തുപോലയായിത്തീരുന്നു; കുറഞ്ഞ തരമാണെങ്കിൽ പൊടിഞ്ഞു ചിതറുന്നു. തന്തുക്കളുടെ ഇഴചേരലിനെ അടിസ്ഥാനമാക്കി ആസ്‌ബെസ്റ്റോസിനെ രണ്ടിനമാക്കി വ്യവഹരിച്ചു വരുന്നു. ഇവയുടെ വാണിജ്യപ്രാധാന്യം നിർണയിക്കുന്നതും മേല്‌പറഞ്ഞ ഗുണങ്ങളെ ആസ്‌പദമാക്കിയാണ്‌. നൂല്‌ക്കലിനുതകാത്ത രണ്ടാംതരം ആസ്‌ബെസ്റ്റോസുകളെ അശോധിതം (crude), യന്ത്രശോധിതം (milled) എന്നു രണ്ടിനമായി തിരിച്ചിട്ടുണ്ട്‌. ഇവയെ തന്തുക്കളുടെ നീളം, ഉപയോഗം തുടങ്ങിയവ അടിസ്ഥാനമാക്കി വിവിധ ഗ്രഡുകളായി വിഭജിച്ചിരിക്കുന്നു.

ഇന്ത്യന്‍ ആസ്‌ബെസ്റ്റോസിന്‌ ഒരു പ്രാമാണിക (standard) വിഭജനക്രമം ഇല്ലെന്നുതന്നെ പറയാം. തന്തുക്കളുടെ നീളത്തെ ആശ്രയിച്ച്‌ അ, ആ, ഇ ഗ്രഡുകള്‍ കല്‌പിച്ചിട്ടുണ്ട്‌. നീളം 2.5 സെ.മീ.-ലേറെയായാൽ അ ഗ്രഡും 2 മുതൽ 2.5 സെ.മീ. വരെയായാൽ ആ ഗ്രഡും, 0.5 സെ.മീ. മുതൽ 2 സെ.മീ. വരെയായാൽ ഇ ഗ്രഡുമായി വ്യവഹരിക്കപ്പെടുന്നു; അതിൽ കുറഞ്ഞവയെ ആസ്‌ബെസ്റ്റോസ്‌ ധൂളി എന്നാണ്‌ പറയുക.

ഇന്ത്യയിൽ ക്രിസൊട്ടൈലിന്റെ സമ്പന്നനിക്ഷേപങ്ങളുള്ളത്‌ ആന്ധ്രപ്രദേശിൽ മാത്രമാണ്‌. കടപ്പ, കർണൂൽ എന്നീ ജില്ലകളിലെ സർപെന്റീനീകൃതമായ മഗ്നീഷ്യം ചുച്ചാമ്പുകല്ലുകളുടെയും ഡോളമൈറ്റിന്റെയും സ്‌തരങ്ങള്‍ക്കിടയിലായാണ്‌ ഈ നിക്ഷേപങ്ങള്‍. അനുലോമതന്തുകങ്ങളായി, വിദരങ്ങളിലാണ്‌ ഇവ അവസ്ഥിതമായിട്ടുള്ളത്‌. രാജസ്ഥാനിലും (അജ്‌മീർ ജില്ല) കർണാടകത്തിലും (മൈസൂർ ജില്ല) ക്രിസൊട്ടൈൽ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

ക്രിസൊട്ടൈലിനെ അപേക്ഷിച്ച്‌ ആംഫിബോള്‍ ആസ്‌ബെസ്റ്റോസാണ്‌ കൂടുതലായി കണ്ടുവരുന്നത്‌; ഇതിൽ ഒട്ടുമുക്കാലും ട്രമൊലൈറ്റ്‌-ആക്‌റ്റിനൊലൈറ്റ്‌ ഇനത്തിൽപ്പെട്ടവയാണ്‌. താഴെപ്പറയുന്ന പ്രദേശങ്ങളിലാണ്‌ ഇതിന്റെ സമ്പന്ന നിക്ഷേപങ്ങള്‍ കണ്ടത്തിയിട്ടുള്ളത്‌.


തമിഴ്‌നാട്ടിലെ നീലഗിരി, കർണാടകത്തിലെ ഹസ്സന്‍ എന്നീ ജില്ലകളിൽ ആന്‍ഥോഫിലൈറ്റ്‌ ഇനത്തിലുള്ള ആസ്‌ബെസ്റ്റോസ്‌ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ഇന്ത്യയിൽ ക്രിസൊട്ടൈൽ ആസ്‌ബെസ്റ്റോസ്‌ വളരെ ഇല്ലെങ്കിലും, ട്രാമൊലൈറ്റ്‌-ആക്‌റ്റിനൊലൈറ്റ്‌ നിക്ഷേപങ്ങള്‍ സുലഭമായുണ്ട്‌. ദേശീയ ഉത്‌പാദനത്തിൽ ഭൂരിഭാഗവും സിമന്റുനിർമാണത്തിനും യന്ത്രഭാഗങ്ങളുണ്ടാക്കുന്നതിനുമായി ഉപയോഗിക്കപ്പെടുന്നു. ആന്ധ്രപ്രദേശിൽനിന്നും ലഭിക്കുന്ന മേൽത്തരം ക്രിസൊട്ടൈൽ ആസ്‌ബെസ്റ്റോസ്‌ കയറ്റുമതിചെയ്യപ്പെടുന്നു.

രാജ്യത്ത്‌ ആസ്‌ബെസ്റ്റോസിന്റെ മൊത്തം വാർഷികോപഭോഗം 1,30,000 ടച്ചായി മതിക്കപ്പെട്ടിരിക്കുന്നു. ദേശീയോത്‌പാദനം ആവശ്യത്തിനുമതിയാകുന്നില്ല. വിവിധാവശ്യങ്ങള്‍ക്കായി 1,00,000-ഓളം ടണ്‍ ആസ്‌ബെസ്റ്റോസ്‌ ഇറക്കുമതി ചെയ്യപ്പെടുന്നു. കൂടുതൽ നിക്ഷേപങ്ങള്‍ കണ്ടെത്തുവാനായി ഇന്ത്യന്‍ ഭൂവിജ്ഞാനവകുപ്പും ദേശീയ ധാതുവികസന വകുപ്പും വ്യാപകമായ ഗവേഷണങ്ങളിലും പര്യവേക്ഷണങ്ങളിലും ഏർപ്പെട്ടിരിക്കയാണ്‌. ഇവിടെയുള്ള ട്രാമൊലൈറ്റ്‌-ആക്‌റ്റിനോലൈറ്റ്‌ ഇനത്തിലെ കുറഞ്ഞതരം ധാതുവിനെ ഉപഭോഗയോഗ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങളും നടന്നുവരുന്നു. ഭൂമിയിൽ വന്‍തോതിൽ ആസ്‌ബസ്റ്റോസ്‌ കണ്ടുവരുന്നുണ്ട്‌. ആസ്‌ബസ്റ്റോസ്‌ അടങ്ങിയിട്ടുള്ള 5000-ത്തോളം ഉല്‌പന്നങ്ങള്‍ പ്രചാരത്തിലുണ്ട്‌. 13 വന്‍കിട ഫാക്‌ടറികളും 673 ചെറുകിടഫാക്‌ടറികളും ഇന്ത്യയിൽ ആസ്‌ബസ്റ്റോസ്‌ ഉല്‌പാദിപ്പിക്കുന്നു (2005). എങ്കിലും ആസ്‌ബെസ്റ്റോസിന്റെ ദൂഷ്യവശത്തെക്കുറിച്ചാണ്‌ ഇപ്പോള്‍ ഏറെ ആശങ്കയുള്ളത്‌. ആരോഗ്യത്തിന്‌ വന്‍ഭീഷണിയുയർത്തുന്നുണ്ട്‌ ആസ്‌ബെസ്റ്റോസ്‌. ഇതിന്റെ ദൂഷ്യവശത്തെക്കുറിച്ച്‌ 1900 മുതൽ തന്നെ ശാസ്‌ത്രജ്ഞർക്കറിയാമായിരുന്നു. ദ എന്‍വയണ്‍മെന്റ്‌ പ്രൊട്ടക്ഷന്‍ ഏജന്‍സി (യു.എസ്‌.), ഫ്രഞ്ച്‌ അക്കാദമി ഒഫ്‌ മെഡിസിന്‍, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്‍ (ILU) തുടങ്ങിയ സംഘടനകള്‍ ആസ്‌ബെസ്റ്റോസിന്റെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‌കിയിട്ടുണ്ട്‌. ആസ്‌ബെസ്റ്റോസ്‌ നാരുകളും പൊടിയും കാന്‍സർ, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകുമെന്നു തെളിഞ്ഞിരിക്കുന്നു. 1970 മുതൽ തന്നെ ചില പാശ്ചാത്യ രാജ്യങ്ങള്‍ ആസ്‌ബെസ്റ്റോസ്‌ നിരോധിക്കുകയോ ഉപയോഗം നിയന്ത്രിക്കുകയോ ചെയ്‌തിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍