This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌തികദർശനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്‌തികദര്‍ശനങ്ങള്‍

വേദത്തിന്റെ അപ്രമാദിത്വത്തെയും പരമപ്രാമാണ്യത്തെയും അംഗീകരിക്കുന്ന ഭാരതീയദര്‍ശനങ്ങള്‍. വേദപ്രമാണങ്ങളുടെ സാധുതയെ ചോദ്യംചെയ്യുന്നവ നാസ്‌തികങ്ങ(Heterodox)ളാണ്‌ (പ്രമാണ്യബുദ്ധിര്‍വേദേഷു; നാസ്‌തികോ വേദ നിന്ദകഃ എന്നു മനുസ്‌മൃതി). ഈ വ്യാഖ്യാനമനുസരിച്ച്‌ സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വമീമാംസ, ഉത്തരമീമാംസ (വേദാന്തം) എന്നീ ആറ്‌ ദര്‍ശനങ്ങള്‍ ആസ്‌തികങ്ങള്‍ അഥവാ വൈദികങ്ങളും ജൈനം, ബൗദ്ധം, ചാര്‍വാകം എന്നിവ നാസ്‌തികങ്ങള്‍ അഥവാ അവൈദികങ്ങളും ആണ്‌.

ഈശ്വരന്‍, പരലോകം (സ്വര്‍ഗനരകങ്ങള്‍), ആങ്ങാവ്‌ മുതലായവ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ആസ്‌തികന്മാരും ഈശ്വരാദികളുടെ അസ്‌തിത്വത്തില്‍ വിശ്വസിക്കാത്തവര്‍ നാസ്‌തികന്മാരും ആണെന്ന്‌ ഒരു പക്ഷമുണ്ട്‌. ദര്‍ശനങ്ങളെ ആസ്‌തികങ്ങളെന്നും നാസ്‌തികങ്ങളെന്നും തരംതിരിച്ചിട്ടുള്ളത്‌ ഈശ്വരവിശ്വാസത്തെ ആധാരമാക്കിയല്ല. സാംഖ്യം, വൈശേഷികം, മീമാംസ എന്നീ ദര്‍ശനങ്ങള്‍ ഈശ്വരനെക്കുറിച്ചു പ്രതിപാദിക്കുന്നില്ലെങ്കിലും ഇവ ആസ്‌തികദര്‍ശനങ്ങളായിട്ടാണ്‌ കരുതപ്പെടുന്നത്‌. ആസ്‌തികദര്‍ശനങ്ങളുടെ അടിസ്ഥാനം ഈശ്വരവിശ്വാസം മാത്രമാണെങ്കില്‍ ഭാരതീയദര്‍ശനങ്ങളില്‍ ചിലവ ഈ ഗണത്തില്‍ പെടുകയില്ല. അതുകൊണ്ട്‌ ഈശ്വരനില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ടല്ല, വേദപ്രാമാണ്യത്തെ അംഗീകരിക്കുന്നതു എന്നതുകൊണ്ടാണ്‌ മേല്‍ച്ചൊന്ന ദര്‍ശനങ്ങള്‍ ആസ്‌തികങ്ങളായി പരിഗണിക്കപ്പെടുന്നത്‌. കപിലോപജ്ഞമായ സാംഖ്യദര്‍ശനം ഈശ്വരനെ അംഗീകരിക്കുന്നില്ല. (നോ: ഭാരതീയദര്‍ശനം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍