This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റർലിറ്റ്‌സ്‌ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റര്‍ലിറ്റ്‌സ്‌ യുദ്ധം

ആസ്റ്റര്‍ലിറ്റ്‌സ്‌ യുദ്ധം-പെയിന്റിങ്‌

Austerlits war

മൊറേവിയ (ചെക്ക്‌ റിപ്പബ്ലിക്‌)യിലെ ആസ്റ്റര്‍ലിസ്റ്റില്‍വച്ച്‌ നെപ്പോളിയന്‍ ബോണൊപ്പാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുസൈന്യം ഒരു വശത്തും റഷ്യക്കാരുടെയും ആസ്റ്റ്രിയക്കാരുടെയും സൈന്യങ്ങള്‍ മറുവശത്തുമായി 1805 ഡി. 2-ന്‌ നടന്ന യുദ്ധം. ബ്രിട്ടനുമായി സഖ്യമുണ്ടാക്കി തന്നെ എതിര്‍ക്കാന്‍ ഒരുമ്പെട്ട റഷ്യയെയും ആസ്റ്റ്രിയയെയും നെപ്പോളിയന്‌ ഈ യുദ്ധത്തില്‍ തോല്‌പിക്കാന്‍ കഴിഞ്ഞു. 1805 സെപ്‌. 8-ന്‌ 80,000 വരുന്ന ആസ്റ്റ്രിയന്‍ സൈന്യം റഷ്യന്‍പോഷകസേന എത്തുന്നതിനുമുമ്പുതന്നെ ബവേറിയ ആക്രമിച്ചു. അതിന്റെ ഇരട്ടി വലുപ്പമുള്ള സൈന്യവുമായിട്ടാണ്‌ നെപ്പോളിയന്‍ അതിനെ നേരിടാന്‍ പടക്കളത്തിലെത്തിയത്‌. കിഴക്കേ ബേഡന്‍വെര്‍റ്റന്‍ബര്‍ഗിലെ ഉല്‌മ്‌ (Ulm) എന്ന സ്ഥലത്തുവച്ച്‌ ഒ. 20-ന്‌ 49,000 പേരടങ്ങുന്ന ഒരു ആസ്റ്റ്രിയന്‍ സൈന്യവിഭാഗം ഫ്രഞ്ചുസൈന്യത്തിനു കീഴടങ്ങി. എം.ഐ. കുട്‌സോവിന്റെ നേതൃത്വത്തില്‍ 30,000 പേരടങ്ങുന്ന റഷ്യന്‍സൈന്യം സഹായത്തിനെത്തിയപ്പോള്‍ ആസ്റ്റ്രിയന്‍ സൈന്യത്തിന്റെ ഒരു ഭാഗമേ അവശേഷിച്ചിരുന്നുള്ളൂ. നെപ്പോളിയന്റെ വമ്പിച്ച സൈന്യസന്നാഹം കണ്ട്‌ ഇന്‍ നദിക്കരയിലെത്തിയ റഷ്യന്‍സേന പിന്‍വാങ്ങി. ന. 13-ന്‌ ഫ്രഞ്ചുസൈന്യം വിയന്നയിലെത്തി; തുടര്‍ന്ന്‌ ഡാന്യൂബ്‌ കടന്നു ശത്രുക്കളെ പിന്തുടര്‍ന്നു. അപ്പോഴേക്കും റഷ്യയില്‍നിന്ന്‌ പുതിയൊരു സേനാവിഭാഗം കുട്‌സോവിന്റെ സഹായത്തിനെത്തി. ആസ്റ്റ്രിയന്‍ ആര്‍ച്ച്‌ ഡ്യൂക്കായ ചാള്‍സും 80,000 വരുന്ന സൈന്യവുമായി ഇറ്റലിയില്‍നിന്നു തിരിച്ച്‌ യുദ്ധരംഗത്തെത്തി. പ്രഷ്യക്കാരും യുദ്ധത്തിലിടപെടുമെന്നനില വന്നപ്പോള്‍ ഈ ദുര്‍ഘടസന്ധിയെ തന്ത്രംകൊണ്ട്‌ നേരിടാന്‍ നെപ്പോളിയന്‍ ഉറച്ചു. ബ്രയനില്‍ നിലയുറപ്പിച്ചിരുന്ന നെപ്പോളിയന്റെ സേന ശത്രുസൈന്യത്തെ കുരുക്കിലാക്കി. ഈ ഏറ്റുമുട്ടലിലെ ആള്‍നാശം റഷ്യന്‍-ആസ്റ്റ്രിയന്‍ സൈന്യത്തിന്‌ 26,000-ത്തോളവും ഫ്രഞ്ചുഭാഗത്ത്‌ 7,000-ത്തിനും 8,000-ത്തിനും ഇടയ്‌ക്കും ആയിരുന്നു. ആസ്റ്റ്രിയന്‍ ചക്രവര്‍ത്തി ഫ്രാന്‍സിസ്‌ ക 1805 ഡി. 6-ന്‌ ഒരു യുദ്ധവിരാമക്കരാറില്‍ ഒപ്പുവച്ചു; ശിഥിലമായിത്തീര്‍ന്ന റഷ്യന്‍സൈന്യം പിന്‍വാങ്ങുകയും ചെയ്‌തു. സൈനികമായും രാഷ്‌ട്രീയമായും തകര്‍ന്നിരുന്ന നെപ്പോളിയന്‍ ഈ യുദ്ധത്തിലൂടെയാണ്‌ തന്റെ നഷ്‌ടപ്പെട്ട യശസ്സ്‌ വീണ്ടെടുത്തത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍