This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രിയന്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റ്രിയന്‍ സാഹിത്യം

Austrian Literature

ആസ്റ്റ്രിയയുടെ ദേശീയഭാഷ ജര്‍മനാണ്‌; അതിനാല്‍ ജര്‍മന്‍സാഹിത്യത്തില്‍നിന്ന്‌ വിഭിന്നമായ ഒരു ആസ്റ്റ്രിയന്‍സാഹിത്യത്തെപ്പറ്റി സങ്കല്‌പിക്കുക, പ്രായോഗികതലത്തില്‍, ദുഷ്‌കരമാണ്‌; എന്നിരുന്നാലും ഭൂമിശാസ്‌ത്രപരമായും സാംസ്‌കാരികമായും സ്വകീയമായ ഒരു പന്ഥാവിനെ പിന്തുടരുന്ന ഈ ജര്‍മന്‍ജനപദത്തിന്‌ സ്വതന്ത്രവ്യക്തിത്വമുള്ള ഒരു സാഹിത്യശാഖയെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്‌ നിരൂപകര്‍ കരുതുന്നു. 1918-ല്‍ രൂപംകൊണ്ട ജര്‍മന്‍-ആസ്റ്റ്രിയാറിപ്പബ്ലിക്കിന്റെ ഉദയംവരെ നിലനിന്നിരുന്ന ആസ്റ്റ്രിയന്‍ സാമ്രാജ്യത്തില്‍ ഹാപ്‌സ്‌ബുര്‍ഗ്‌ പ്രവിശ്യകള്‍ക്കുണ്ടായിരുന്ന സവിശേഷമായ പ്രാധാന്യവും 16-ാം ശ. മുതല്‍ ആ പ്രദേശങ്ങളില്‍ ആഞ്ഞടിച്ച "പ്രതിനവീകരണ' (Counter-Reformation) പ്രസ്ഥാനത്തിന്റെ വിജയവും ആസ്റ്റ്രിയയിലെ സാഹിത്യവികസനത്തെ ഒരു പ്രത്യേക തരത്തില്‍ സ്വാധീനിക്കുകയും അനിയതമെങ്കിലും സ്വതന്ത്രമായ ഒരു സംസ്‌കാരസ്വത്വത്തിന്‌ അവകാശിയാക്കുകയും ചെയ്‌തു.

ആസ്റ്റ്രിയന്‍സാഹിത്യവികസന ചരിത്രം മൂന്ന്‌ മുഖ്യഘട്ടങ്ങള്‍ തരണം ചെയ്‌തിട്ടുണ്ടെന്ന്‌ സാഹിത്യചരിത്രകാരന്മാര്‍ കണക്കൂകൂട്ടുന്നു: വിയന്ന കേന്ദ്രമാക്കിയുള്ള ഇടപ്രഭുക്കന്മാരുടെ ഭരണകാലം (The Duchy, 1100-1445); ഹാപ്‌സ്‌ബുര്‍ഗ്‌ സാമ്രാജ്യഘട്ടം (1445-1740); ആസ്റ്റ്രിയന്‍ സാമ്രാജ്യം (1740-1918).

1120-നടുപ്പിച്ച്‌ ഫ്രൗ ആവാ എന്ന സന്ന്യാസിനിയും 1130 കാലത്ത്‌ അഡല്‍ബ്രാക്‌റ്റ്‌, 1150-ല്‍ ആര്‍ണോള്‍ഡ്‌ എന്നീ പുരോഹിതന്മാരും, പത്തുകൊല്ലങ്ങള്‍ക്കുശേഷം ഹൈന്‌റിഷ്‌ ഫൊണ്‍ മെല്‍ക്‌ എന്ന കവിയും എഴുതിയിട്ടുള്ള സങ്കീര്‍ത്തനങ്ങളും ആധ്യാത്മിക കവിതകളുമാണ്‌ ലഭ്യമായവയില്‍ ഏറ്റവും പ്രാചീനമായ ആസ്റ്റ്രിയന്‍ സാഹിത്യരചനകള്‍. 1190-ല്‍ വിയന്നയിലെ നാടുവാഴി കുടുംബങ്ങളില്‍ ആസ്ഥാനകവിയായിത്തീര്‍ന്ന റൈന്‍മാര്‍ ഫൊണ്‍ ഹാഗെനാവ്‌ ധാരാളം നാടന്‍ വീരഗാഥകളെഴുതിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അനുയായി വാല്‍റ്റ്‌ ഹെര്‍ ഫൊണ്‍ ഡേര്‍ ഫോഗല്‍വൈഡെ എഴുതിയ നിരവധി പ്രമകവിതകള്‍ മധ്യകാലജര്‍മന്‍സാഹിത്യത്തിലെ ഒരു മനോഹരസമാഹാരമെന്ന പ്രശംസയ്‌ക്ക്‌ അര്‍ഹമായിട്ടുണ്ട്‌. അദ്ദേഹവും അദ്ദേഹമുള്‍പ്പെടുന്ന സംഘത്തിലെ പ്രമുഖാംഗങ്ങളായ ഉള്‍റിഷ്‌ഫൊണ്‍ ലിച്‌ടെന്‍ സ്റ്റൈന്‍, നെഡ്‌ഹാര്‍ട്‌ ഫൊണ്‍ റോയിയെന്ററാള്‍, ടാന്‍ഹോയ്‌സര്‍ എന്നിവരും ദേശീയവും രാഷ്‌ട്രീയവുമായ വിഷയങ്ങളെ അധികരിച്ചും ധാരാളം കവിതകള്‍ എഴുതിയവരാണ്‌.

ഈ കാലഘട്ടത്തിലുണ്ടായ നീബെലുങ്ങന്‍ലീഡ്‌ എന്ന ജര്‍മന്‍ ഇതിഹാസം ലോകപ്രസിദ്ധി നേടിയിട്ടുണ്ട്‌. ഇതിന്റെ ചുവടുപിടിച്ച്‌ വേറെ പല മഹാകാവ്യങ്ങളുടെ ആവിര്‍ഭാവവും ഈ കാലം കണ്ടു. ഇടപ്രഭുക്കന്മാരുടെ കാലത്തെ ഏറ്റവും ഒടുവിലത്തേതും ജനസമ്മതിനേടിയതുമായ കവി ഓസ്വാള്‍ഡ്‌ ഫൊണ്‍ ഫോള്‍ക്കന്‍സ്‌ റ്റൈന്‍ (1367-1445) എന്ന ഭാവഗായകനാണ്‌.

ഹാപ്‌സ്‌ബൂര്‍ഗ്‌ സാമ്രാജ്യകാലം. ബര്‍ഗണ്ടി, സ്‌പെയിന്‍, ബൊഹീമിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍വരെ വ്യാപിച്ചിരുന്ന ഹാപ്‌സ്‌ബെര്‍ഗ്‌ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ വിയന്ന ആധുനിക ജര്‍മന്‍സാഹിത്യത്തിന്റെ പ്രഭവകേന്ദ്രമായി മൂന്ന്‌ നൂറ്റാണ്ടോളം കാലം ശോഭിച്ചു. പില്‌ക്കാലത്ത്‌ പീയൂസ്‌ രണ്ടാമന്‍ മാര്‍പ്പാപ്പയായി അവരോധിതനായ ഏനീയസ്‌ സില്‍വിയുസ്‌ പിച്ചോലോമിനിയും (1405-64) മാക്‌സിമിലിയന്‍ ചക്രവര്‍ത്തി ഒന്നാമനും (1459-1519) പേരുകേട്ട എഴുത്തുകാരും കവികളുമായിരുന്നു; ചക്രവര്‍ത്തിയുടെ വൈസ്‌കൂനീഗ്‌ (1514), ടോയിയെര്‍ഡങ്ക്‌ (1517) എന്നീ കൃതികള്‍ സാര്‍വലൗകികമാനുഷിക സ്‌നേഹത്തെ ഉദീരണം ചെയ്‌തുകൊണ്ടുള്ളവയാണ്‌. യൊഹാന്നസ്‌ സ്‌പൈസ്‌ ഹൈമര്‍ (1443-1529), യൊയാക്കിം ഫൊണ്‍വാറ്റ്‌ (1484-1551) എന്നിവരും ഈ രാജകീയസാഹിത്യസേവനത്തിന്‌ അകമ്പടിയായി വര്‍ത്തിച്ചു.

എച്ചപ്പെട്ട ആദ്യ ആസ്റ്റ്രിയന്‍നാടകകൃത്ത്‌ വൊള്‍ഫ്‌ഗാംഗ്‌ ഷെമെല്‍ട്‌സ്‌ലാണ്‌ (സു. 1500-57). 16-ാം ശ.-ത്തിന്റെ മധ്യത്തില്‍ ജെസ്യൂട്ടുകള്‍ വര്‍ധിച്ചതോതില്‍ ആസ്റ്റ്രിയയില്‍ കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയതോടുകൂടി നാടകാവതരണങ്ങളും ഇറ്റാലിയന്‍ ഓപ്പറകളും ധാരാളം അരങ്ങേറാനുള്ള അവസരം സംജാതമായി; കൂട്ടത്തില്‍ മറ്റ്‌ ദൃശ്യകാവ്യങ്ങളും. ആധ്യാത്മികവും ലൗകികവുമായ പല വിഷയങ്ങളെയും ഈ നാടകകൃതികള്‍ ആശ്ലേഷിച്ചു.

ആന്റണ്‍ വില്‍ഡ്‌ഗാന്‍സ്‌
എല്‍ഫ്രീദെ ജെലിനെ

റ്റിറോളിലെ ആര്‍ച്‌ഡ്യൂക്‌ ഫെര്‍ഡിനാന്‍ഡ്‌ 1570-ല്‍ സംഘടിപ്പിച്ച കവിസദസ്സ്‌ ഒരു നാടകക്കളരിക്കൂടിയായിരുന്നു. പാള്‍ഫൊണ്‍ ഹോഫ്‌ഹയ്‌മര്‍ (1459-1537), സൈമണ്‍റെറ്റന്‍ ബാക്കര്‍ (1634-1706), ക്രിസ്റ്റേഫ്‌ ഫൊണ്‍ ഷാലന്‍ബെര്‍ഗ്‌ (1561-97), വോള്‍ഫ്‌ഗാംഗ്‌ ഫോണ്‍ ഹോഹ്‌ബെര്‍ഗ്‌ (1612-88), കാതറിനാ ഫൊണ്‍ ഗ്രഫന്‍ബെര്‍ഗ്‌ (1633-94), യൊഹാന്‍ ബീര്‍ (1655-1700) അബ്രഹാം ആ സാന്‍ ക്‌റ്റക്ലാരാ (1644-1709) തുടങ്ങിയവര്‍ ഹാപ്‌സ്‌ബുര്‍ഗ്‌ ഭരണകാലത്തെ എച്ചപ്പെട്ട കവികളും നാടകകൃത്തുക്കളും എഴുത്തുകാരുമായിരുന്നു.

ആസ്റ്റ്രിയന്‍ സാമ്രാജ്യം. സാമ്രാജ്യത്തിലെ ഏറ്റവും വലിയ നാടകാവതരണകേന്ദ്രം എന്ന പ്രശസ്‌തി വിയന്നനഗരം നേടിയത്‌ ഹാപ്‌സ്‌ബുര്‍ഗ്‌ വംശത്തിലെ അവസാന രാജ്ഞിയായ മറിയാ തെറീസയുടെ കാലത്താണ്‌ (1717-80). അവിടത്തെ ബര്‍ഗ്‌തീയെറ്ററില്‍ അവതരിപ്പിക്കാനുള്ള നാടകങ്ങള്‍ രചിച്ചവരായിരുന്നു ഫെര്‍ഡിനാന്‍ഡ്‌ റെയ്‌മുണ്‍ഡ്‌ (1790-1836), ആന്റണ്‍ പ്രാക്കോഷ്‌ (1795-1876) തുടങ്ങിയവര്‍. ഫ്രഡറിക്ക്‌ ഫൊണ്‍ ഷ്വാര്‍സന്‍ബര്‍ഗ്‌ (1800-70), ഫെര്‍ഡിനാന്‍ഡ്‌ ഫൊണ്‍ സാര്‍ (1833-1906) തുടങ്ങിയ കവികളും ഫ്രാന്‍സ്‌ സ്റ്റെല്‍സ്‌ഹാമെര്‍ (1802-74), ഹെര്‍മാന്‍ ഫൊണ്‍ ഗില്‌മ്‌ (1812-64), അഡോള്‍ഫ്‌ പിച്‌ലര്‍ (1819-1900) തുടങ്ങിയ നാടകകൃത്തുക്കളും ഫ്രാന്‌സ്‌ കെയിന്‍വിറ്റര്‍ (1860-1938) തുടങ്ങിയ ഗദ്യകാരന്മാരും രാജകീയപ്രാത്സാഹനം സമൃദ്ധമായി അനുഭവിച്ച്‌ സാഹിത്യസേവനം അനുഷ്‌ഠിച്ചു.

വിയന്നയ്‌ക്കുള്ള സാംസ്‌കാരികാധിപത്യത്തിന്‌ ആസ്റ്റ്രിയയില്‍ ഒരു കാലത്തും ലോപമുണ്ടായിട്ടില്ല. ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തൊഴിലാളിവര്‍ഗത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന ഒരുകൂട്ടം പ്രതിഭാശാലികള്‍ സാഹിത്യത്തിന്റെ പല ശാഖകളിലും ആധിപത്യമുറപ്പിച്ചു. അല്‍ഫോണ്‍സ്‌ പെറ്റ്‌സോള്‍ഡ്‌ (1882-1923), സീഗ്‌ഫ്രീഡ്‌ ലിപിനെര്‍ (1856-1911), റിച്ചാര്‍ഡ്‌ ഫൊണ്‍ ക്രാലിക്‌ (1852-1934), ഹെര്‍മന്‍ ബാര്‍ (1863-1934) തുടങ്ങിയവര്‍ ശക്തരായ തൊഴിലാളിക്കവികളായിരുന്നു. സമൂഹപരിവര്‍ത്തനത്തെ ലക്ഷ്യമാക്കി സാഹിത്യസൃഷ്‌ടി നടത്തിയവരാണ്‌ എമില്‍ എര്‍ട്‌ല്‍ (1860-1935), ആര്‍തര്‍ ഷ്‌നിറ്റ്‌സ്‌ലര്‍ (1862-1931), സ്റ്റെഫാന്‍ സ്വൈഗ്‌ (1881-1942), ഫ്രന്‍സ്‌ കാര്‍ള്‍ ഗിന്‍സ്‌കി (1871-1963), റിച്ചാര്‍ഡ്‌ ഫൊണ്‍ ഷൗകല്‍ (1874-1942), ഹ്യൂഗോ ഫൊണ്‍ ഹോഫ്‌മന്‍സ്റ്റ്‌ഹാല്‍ (1874-1929), ഗിയോര്‍ഗ്‌ട്രാക്‌ല്‍ (1887-1914), റൂഡോള്‍ഫ്‌ കാസ്സ്‌നര്‍ (1873-1959), റോബര്‍ട്ട്‌ മ്യൂസില്‍ (1880-1942) തുടങ്ങിയവര്‍.

ആധുനികകാലം. രണ്ടാംലകോയുദ്ധത്തിനുശേഷം ഹംഗറിയും ബൊഹീമിയയും വിഘടിച്ചതോടുകൂടി, പഴയ ആസ്റ്റ്രിയരാജ്യത്തിന്‌ സ്വന്തം വ്യക്തിത്വം എല്ലാ മണ്ഡലങ്ങളിലും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. നാടകം, കവിത, നോവല്‍ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ ഉന്മേഷം പൂണ്ട നിരവധി എഴുത്തുകാര്‍ അവതരിച്ചു. ആന്റണ്‍ വില്‍ഡ്‌ഗാന്‍സ്‌ (1881-1932) നേരത്തേ തന്നെ ഒരതുല്യനോവലിസ്റ്റ്‌ എന്ന പ്രശസ്‌തിക്ക്‌ അര്‍ഹനായിരുന്നു. മാക്‌സ്‌മെല്‍ (1882- ) ആണ്‌ ഏറ്റവും പ്രഗല്‌ഭനായ ആധുനിക ആസ്റ്റ്രിയന്‍ നാടകകൃത്ത്‌. നോ: ജര്‍മന്‍ സാഹിത്യം

ആര്‍തര്‍ ഷ്‌നിറ്റ്‌സ്‌ലര്‍, സ്റ്റീഫന്‍ സ്വൈഗ്‌, തോമസ്‌ ബെര്‍നാര്‍ഡ്‌ എന്നീ നോവലിസ്റ്റുകളും ജോര്‍ജ്‌ ട്രാക്ക്‌ള്‍, ഫ്രാന്‍സ്‌ വെര്‍ഫെല്‍, ഫ്രാന്‍സ്‌ ഗ്രില്‍പാര്‍സെര്‍, റെയ്‌നര്‍ മറിയ റില്‍കെ തുടങ്ങിയ കവികളും ആസ്‌ട്രിയയിലാണ്‌ ജനിച്ചത്‌. നോബല്‍സമ്മാന ജേതാവായ (2004) എല്‍ഫ്രീഡെ ജെലിനെക്കും ആസ്‌റ്റ്രിയയില്‍ ജനിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍