This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രിയന്‍ സാമ്രാജ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റ്രിയന്‍ സാമ്രാജ്യം

എ.ഡി. 10-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ആസ്റ്റ്രിയ കേന്ദ്രമാക്കി മധ്യയൂറോപ്പില്‍ രൂപമെടുത്ത ഒരു സാമ്രാജ്യം. 1918 ഒ. 30-ന്‌ ജര്‍മനിയുടെ ഭാഗമായിത്തീരുന്നതുവരെ ഈ സാമ്രാജ്യം നിലനിന്നു.

ചരിത്രം. ബാബന്‍ബെര്‍ഗ്‌, ഹാപ്‌സ്‌ബെര്‍ഗ്‌, എന്നീ വംശക്കാരുടെ അധീനതയിലും ആസ്റ്റ്രിയയുടെ നേതൃത്വത്തിലും പെട്ട ബൊഹീമിയ, മൊറേവിയ, ഗെലീഷ്യ, സൈലേഷ്യ, സ്ലൊവാക്യ, ട്രാന്‍സില്‍വേനിയ, ബുക്കോവിന, ക്രായേഷ്യ-സ്ലാവോണിയ, ഡാല്‍മേഷ്യ തുടങ്ങിയ പ്രദേശങ്ങളിലായി ഈ സാമ്രാജ്യം വ്യാപിച്ചുകിടന്നിരുന്നു. ലോവര്‍ ആസ്റ്റ്രിയയില്‍ ആരംഭിച്ച ബവേറിയന്‍ അധിനിവേശമാണ്‌ ആസ്റ്റ്രിയന്‍ സാമ്രാജ്യത്തിന്റെ അടിത്തറ. അന്ന്‌ ഈ പ്രദേശം ഓസ്റ്റ്‌റീഹ്‌ (കിഴക്കന്‍ പ്രദേശം) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. പതിനൊന്നു പ്രദേശങ്ങള്‍ (Nationalities) ഉെള്‍പ്പെട്ടിരുന്ന ആസ്റ്റ്രിയന്‍ സാമ്രാജ്യാതിര്‍ത്തിക്കുള്ളില്‍ പ്രാചീന ശിലായുഗം മുതല്‍ മനുഷ്യവാസമുണ്ടായിരുന്നതിനു തെളിവുകളുണ്ട്‌. ആസ്റ്റ്രിയന്‍ പ്രദേശമായ ഹാള്‍സ്റ്റാറ്റില്‍നിന്നാണ്‌ പ്രാചീന ഇരുമ്പുയുഗ (ബി.സി. 800-450)ത്തിലെ ഇലീറിയന്‍ സംസ്‌കാരത്തിന്‌ ആ നാമം സിദ്ധിച്ചത്‌. ബി.സി. 400-നോടടുപ്പിച്ച്‌ കെല്‍ട്ടിക്ക്‌ (Celtic) വര്‍ഗക്കാര്‍ കിഴക്കന്‍ ആല്‍പ്‌സ്‌ ആക്രമിച്ചതിന്റെ ഫലമായി നോറികം രാജ്യം സ്ഥാപിതമായി. അതേസമയത്ത്‌ പശ്ചിമഭാഗത്ത്‌ റീഷ്യന്‍വര്‍ഗക്കാരും പ്രബലരായി. ബി.സി. 15-ല്‍ ഡാന്യൂബ്‌ വരെയുള്ള ഭാഗങ്ങളെല്ലാം റോമാക്കാര്‍ ആക്രമിച്ച്‌ അവരുടെ അധീനതയിലാക്കി. ഡാന്യൂബിന്‌ തെക്കായിരുന്നു റീഷ്യ, നോറികം, പെനോനിയ എന്നീ റോമന്‍ പ്രവിശ്യകള്‍; ബെര്‍ഗാന്റിയം (ബെര്‍ഗെന്‍സ്‌), ജൂവാവം (സാല്‍സ്‌ബര്‍ഗ്‌), ഒവിലവ (വെല്‍സ്‌), ലോവിയാകം (ലോര്‍ച്ച്‌), വിദനം, ട്യൂര്‍ണിയ, ഫ്‌ളോവിയ സൊല്‍വ എന്നിവിടങ്ങളിലും ജനപദങ്ങള്‍ നിലവില്‍വന്നു; എന്നാല്‍ ഇവയുടെ വളര്‍ച്ച മാര്‍ക്കൊമാനി, ക്വാദി എന്നീ ജര്‍മന്‍ വര്‍ഗക്കാരുടെ ആക്രമണംമൂലം സ്‌തംഭിച്ചുപോയി. അലമാനികള്‍, ഹൂണന്മാര്‍, പൂര്‍വജര്‍മന്‍കാര്‍ എന്നിവരുടെ ആക്രമണംമൂലം ഡാന്യൂബിന്റെ അടുത്തുള്ള റോമന്‍ ആധിപത്യം അസ്‌തമിച്ചു. റൂജിയന്‍സ്‌, ഗോത്തുകള്‍, ഹെറൂലികള്‍, ലാങ്കൊബാര്‍ഡുകള്‍ തുടങ്ങിയ ജര്‍മന്‍വര്‍ഗക്കാര്‍ ആസ്റ്റ്രിയയില്‍ അധിവാസം ഉറപ്പിച്ചു. ലാങ്കൊബാര്‍ഡുകളുടെ തിരോധാന(568)ത്തോടെ ബവേറിയര്‍ അവിടെ കുടിയേറിപ്പാര്‍ത്തു. 6-ാം ശ.-ത്തോടുകൂടി സ്ലാവുകള്‍ അവിടെ എത്തിച്ചേര്‍ന്നു. 639 മുതല്‍ ബവേറിയന്‍ പ്രഭുക്കന്മാര്‍ സ്വതന്ത്രരായി ഭരണം തുടര്‍ന്നു. മിഷണറിമാര്‍ ഈ കാലത്ത്‌ ഇവിടെ എത്തി ക്രിസ്‌തുമതം പ്രചരിപ്പിച്ചു. ഷാര്‍ലെമെയിന്‍ (742-814) ബവേറിയന്‍ ഡ്യൂക്കായ ടാസ്സിലൊ കകക (787-88)നെ തോല്‌പിച്ചതിനുശേഷം സ്ലാവുകളെയും പുറത്താക്കി, അതൊരു ഫ്രാങ്കിഷ്‌ പ്രവിശ്യയാക്കി. കരോലിഞ്ചിയന്‍കാലത്ത്‌ (790-907) ആസ്റ്റ്രിയയില്‍ സാംസ്‌കാരിക മുന്നേറ്റമുണ്ടായി. മൊറേവിയന്‍ സാമ്രാജ്യത്തിന്റെ പതന(906)ത്തോടെ പ്രബലരായിത്തീര്‍ന്ന മജാര്‍മാര്‍ കരേലിഞ്ചിയരുടെ എതിരാളികളായി; എന്‍സ്‌ നദിവരെയുള്ള പ്രദേശങ്ങള്‍ മജാര്‍മാരുടെ കീഴിലാവുകയും ചെയ്‌തു. അതിനുകിഴക്കുള്ള ഭാഗം ബവേറിയന്‍ സ്വാധീനത്തില്‍ത്തന്നെ നിലനിന്നു.

ബാബന്‍ബെര്‍ഗുകള്‍. ആസ്റ്റ്രിയന്‍ സാമ്രാജ്യം വാണ ആദ്യത്തെ രാജവംശമാണ്‌ ബാബന്‍ബെര്‍ഗ്‌ (976-1246); ബാബന്‍ബെര്‍ഗ്‌ കൊട്ടാരത്തില്‍നിന്നാണ്‌ ഈ വംശത്തിനും ആ പേര്‌ സിദ്ധിച്ചത്‌. എന്‍സ്‌നദിക്ക്‌ കിഴക്കുള്ള ഭാഗം ഭരിച്ച ആദ്യത്തെ മാര്‍ഗ്രവ്‌ ബുര്‍ക്ക്‌ഹാര്‍ഡ്‌ ആയിരുന്നു. 976-ല്‍ ഈ പ്രദേശം ബാബന്‍ബെര്‍ഗ്‌ വംശത്തിലെ ലിയപോള്‍ഡ്‌ I കീഴടക്കി ഭരണമാരംഭിച്ചു. അദ്ദേഹം സാമ്രാജ്യത്തിന്റെ വിസ്‌തൃതി വിയന്നവരെ വ്യാപിപ്പിച്ചു. 1002-ഓടുകൂടി വിയന്നയും ജര്‍മന്‍കാര്‍ക്ക്‌ കീഴടങ്ങി. മതാധിപരും ഭരണകര്‍ത്താക്കളും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളില്‍ ആസ്റ്റ്രിയയും ഭാഗഭാക്കായിരുന്നു. 1075-ല്‍ മാര്‍ഗ്രവ്‌ ഏണസ്റ്റ്‌ സാക്‌സന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലിയപോള്‍ഡ്‌ III (1095-1136)ന്റെ ഭരണകാലം ആസ്റ്റ്രിയന്‍ ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വിശുദ്ധ റോമാചക്രവര്‍ത്തിയും ജര്‍മന്‍ രാജാവുമായ ഹെന്‌റി IV-ഉം പുത്രനായ ഹെന്‌റി V-ഉം തമ്മില്‍നടന്ന ആഭ്യന്തരകലാപത്തില്‍ അദ്ദേഹം യുവരാജാവിന്റെ പക്ഷം ചേര്‍ന്നു. അതിന്റെ ഫലമായി യുവരാജാവിന്റെ സഹോദരി ആഗ്നസിനെ ലിയപോള്‍ഡ്‌ കകക പരിണയിക്കുകയും ആഗ്നസിന്റെവക ഭൂസ്വത്തുക്കള്‍ അദ്ദേഹത്തിന്‌ ലഭിക്കുകയും ചെയ്‌തു. ബാബന്‍ബെര്‍ഗ്‌വംശം അദ്ദേഹത്തിന്റെ കാലത്ത്‌ ശക്തിയാര്‍ജിച്ചു. 11-ഉം 12-ഉം നൂറ്റാണ്ടുകളില്‍ ജനവാസം വര്‍ധിക്കുകയാല്‍ വനം വെട്ടിത്തെളിച്ച്‌ വാസയോഗ്യമാക്കി. ബവേറിയയുടെ ഭാഗമായി ആസ്റ്റ്രിയ തുടര്‍ന്നെങ്കിലും 11-ാം ശ.-മുതല്‍ ആസ്റ്റ്രിയ സ്വതന്ത്രമായിരുന്നു. ബവേറിയയില്‍ പ്രഭുക്കളുടെ സ്വാധീനം പലതവണ തകിടംമറിഞ്ഞപ്പോള്‍ ആസ്റ്റ്രിയ ബാബന്‍ബെര്‍ഗ്‌ വംശക്കാരുടെകീഴില്‍ വളര്‍ന്ന്‌ അഭിവൃദ്ധിപ്രാപിച്ചു.

റൂഡോള്‍ഫ്‌ IV

ഫ്രഡറിക്‌ I ബാര്‍ബറോസ എന്ന ചക്രവര്‍ത്തി ആസ്റ്റ്രിയയെ ഒരു ഡച്ചി(duchy)യാക്കിമാറ്റി, അത്‌ ഹെന്‌റി ജസോമിര്‍ഗോട്ടിനും പത്‌നി തിയഡോറയ്‌ക്കുമായി വിട്ടുകൊടുത്തതോടെ ബവേറിയയും ആസ്റ്റ്രിയയുമായുള്ള വടംവലി അവസാനിച്ചു. അദ്ദേഹത്തിന്റെ പുത്രനായ ഹെന്‌റി V, സ്റ്റീറിയയിലെ (ആസ്റ്റ്രിയയിലെ തെ.കി. ഭാഗത്തുള്ള ഡച്ചി) ഒട്ടാകര്‍ IV-മായി 1186-ല്‍ ഒരു സന്ധി ഉണ്ടാക്കി; തന്മൂലം സ്റ്റീറിയ ബാബന്‍ബെര്‍ഗ്‌ഭരണത്തിന്റെ കീഴിലായി. അന്നുമുതല്‍ ബാബന്‍ബെര്‍ഗ്‌ പ്രഭുക്കന്മാര്‍ക്ക്‌ ആസ്റ്റ്രിയയിലെയും സ്റ്റീറിയയിലെയും ഡ്യൂക്ക്‌ സ്ഥാനവും ലഭിച്ചു. കരിന്തിയ, കാര്‍ണിയോല എസ്റ്റേറ്റുകളും ഈ വംശക്കാരുടെ കീഴിലായി. ചക്രവര്‍ത്തിയായ ഫ്രഡറിക്‌ II "കാര്‍ണിയോല പ്രഭു' എന്ന സ്ഥാനവും ബാബന്‍ബെര്‍ഗ്‌ വംശക്കാര്‍ക്ക്‌ നല്‌കി. 12-ാം ശ.-ത്തോടുകൂടി ആസ്റ്റ്രിയയില്‍ ജനസംഖ്യ വര്‍ധിക്കുകയും വിയന്ന ഒരു വാണിജ്യകേന്ദ്രമെന്ന നിലയില്‍ പ്രശസ്‌തി നേടുകയും ചെയ്‌തു. ബാബന്‍ബെര്‍ഗ്‌ വംശത്തിലെ അവസാനത്തെ പ്രതിനിധിയായ ഫ്രഡറിക്കിന്റെ ദുര്‍ഭരണം മൂലം, ചക്രവര്‍ത്തി ഫ്രഡറിക്‌ കക അദ്ദേഹത്തെ അധികാരഭ്രഷ്‌ടനാക്കി. ലെയിതാ നദീതീരത്തുവച്ച്‌ ഹങ്കേറിയരുമായുണ്ടായ ഏറ്റുമുട്ടലില്‍ (1246 ജൂണ്‍ 15) ഫ്രഡറിക്‌ വധിക്കപ്പെട്ടു. അതോടെ ബാബന്‍ബെര്‍ഗ്‌ വംശക്കാരുടെ പരമ്പര അവസാനിച്ചു.

ആസ്റ്റ്രിയയുടെ മേല്‌ക്കോയ്‌മ ഫ്രഡറിക്‌ II ചക്രവര്‍ത്തി ഏറ്റെടുത്ത്‌, പട്ടാളമേധാവികളെ ഭരണംനടത്താന്‍ നിയോഗിച്ചു. 1247-ല്‍ ഗെര്‍ട്രൂഡിനെ (അവസാനത്തെ ബാബന്‍ബെര്‍ഗ്‌ രാജാവിന്റെ അനന്തരവള്‍) ബേഡനിലെ മാര്‍ഗ്രവ്‌ ഹെര്‍മാന്‍ വിവാഹം ചെയ്‌തു. റോമന്‍ കത്തോലിക്കാപക്ഷപാതിയായ ഹെര്‍മാനെ ആസ്റ്റ്രിയന്‍ ഭരണാധികാരിയാക്കാന്‍ മാര്‍പ്പാപ്പ ഇനസെന്റ്‌ കഢ ആഗ്രഹിച്ചു. 1250-ല്‍ അദ്ദേഹം മരിച്ചതുകൊണ്ട്‌ ആ പ്രശ്‌നം നീണ്ടുനിന്നില്ല. ഹങ്കേറിയരുടെയും ബവേറിയരുടെയും സമ്മര്‍ദംമൂലം, മൊറേവിയയിലെ പ്രമിസ്‌ല്‍ ഒടാകര്‍ കക-നെ ഡ്യൂക്ക്‌ ആയി അംഗീകരിക്കാന്‍ ആസ്റ്റ്രിയക്കാര്‍ നിര്‍ബന്ധിതരായി. അദ്ദേഹം 1251-ല്‍ വിയന്നയിലെത്തി; അടുത്തവര്‍ഷം ഫ്രഡറിക്കിന്റെ (അവസാനത്തെ ബാബന്‍ബെര്‍ഗ്‌ ഭരണാധികാരി) സഹോദരി മാര്‍ഗരറ്റിനെ വിവാഹം ചെയ്യുകയും ചെയ്‌തു. ഹങ്കറിയിലെ രാജാവ്‌ ബേല കഢ ആസ്റ്റ്രിയ, സ്റ്റീറിയ എന്നീ പ്രദേശങ്ങള്‍ കൈയടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല; എന്നാല്‍ പോപ്പിന്റെ സ്വാധീനം മൂലം ഉണ്ടായ ബുഡാസന്ധി (Peace of Buda) മൂലം സ്റ്റീറിയയിലെ ചില പ്രദേശങ്ങള്‍ അദ്ദേഹത്തിന്‌ ലഭിച്ചു. പ്രമിസ്‌ല്‍ 1260-ഓടുകൂടി ബൊഹീമിയയിലെ രാജാവായി. അദ്ദേഹം ആസ്റ്റ്രിയന്‍ സഹായത്തോടെ, സ്റ്റീറിയ തിരികെ പിടിച്ചു. 1270-ല്‍ അദ്ദേഹം കരിന്തിയയും കാര്‍ണിയോലയും പിടിച്ചടക്കി. 1260-ല്‍ മാര്‍ഗരറ്റുമായുണ്ടായ വിവാഹബന്ധം ശിഥിലമാവുകയും പ്രഭുക്കന്മാര്‍ ചില അവകാശവാദങ്ങള്‍ മുഴക്കുകയും ചെയ്‌തതോടെ പ്രമിസ്‌ല്‍ അസ്വീകാര്യനായിത്തീര്‍ന്നു.

ആല്‍ബര്‍ട്‌ V
ഫ്രഡറിക്‌ V

ഹാപ്‌സ്‌ബെര്‍ഗ്‌ വംശം. ജര്‍മന്‍ രാജാവായിരുന്ന കോണ്‍വാളിലെ റിച്ചേര്‍ഡ്‌ അന്തരിച്ചതിനെത്തുടര്‍ന്ന്‌ ഹാപ്‌സ്‌ബെര്‍ഗ്‌ വംശത്തിലെ റൂഡോള്‍ഫ്‌ കഢ-നെ ജര്‍മന്‍ രാജാവായി ഇലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തു. 1273 ഒ. 24-ന്‌ റൂഡോള്‍ഫ്‌ ക എന്ന പേരില്‍ അദ്ദേഹം സിംഹാസനാരൂഢനായി. പ്രമിസ്‌ല്‍ ഒട്ടാകറെ പരാജയപ്പെടുത്തി ആസ്റ്റ്രിയന്‍പ്രദേശങ്ങള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാക്കി. ആസ്റ്റ്രിയ, സ്റ്റീറിയ എന്നിവിടങ്ങളിലെ ഗവര്‍ണറായി റൂഡോള്‍ഫ്‌ തന്റെ മൂത്തപുത്രനായ ആല്‍ബര്‍ട്ടിനെ നിയമിച്ചു. 1782 ഡി. 27-ന്‌ പുത്രന്മാരായ ആല്‍ബര്‍ട്ടിനും റൂഡോള്‍ഫിനും അദ്ദേഹം സാമ്രാജ്യത്തിലെ യുവരാജസ്ഥാനം നല്‌കുകയും, ആസ്റ്റ്രിയ, സ്റ്റീറിയ, കരിന്തിയ, വിന്‍ഡിഷ്‌മാര്‍ക്ക്‌, കാര്‍ണിയോല എന്നീ സ്ഥലങ്ങള്‍ സംയുക്തമായി ഭരിക്കാനുള്ള അവകാശം നല്‌കുകയും ചെയ്‌തു. ഈ ദ്വിഭരണം അടുത്തവര്‍ഷം അവസാനിച്ച്‌ ആല്‍ബര്‍ട്ട്‌ ഏകാധികാരിയായി; റൂഡോള്‍ഫിന്‌ നഷ്‌ടപരിഹാരമായി പണം നല്‌കുകുയം ചെയ്‌തു. 1288-ല്‍ വിയന്നയിലുണ്ടായ കലാപംമൂലം ആല്‍ബര്‍ട്ടിന്‌ (1250-1308) നഗരം വിട്ടോടേണ്ടിവന്നു. 1292-ല്‍ സ്റ്റീറിയരും 1295-ല്‍ ആസ്റ്റ്രിയരും കലാപങ്ങള്‍ ഉണ്ടാക്കി.

1291-ല്‍ ആല്‍ബര്‍ട്ടിന്റെ പിതാവ്‌ അന്തരിച്ചപ്പോള്‍ നാസ്സോയിലെ അഡോള്‍ഫ്‌ (1250-98) ജര്‍മന്‍ രാജാവായി. പിന്നീട്‌ ശക്തി സംഭരിച്ച ആല്‍ബര്‍ട്‌ അഡോള്‍ഫിനെ 1298-ല്‍ ഗോല്‍ഹെമില്‍വച്ച്‌ തോല്‌പിച്ച്‌ ജര്‍മന്‍ രാജാവായി. ആല്‍ബര്‍ട്‌ 1308-ല്‍ വധിക്കപ്പെട്ടപ്പോള്‍ ആസ്റ്റ്രിയന്‍ഭരണം അദ്ദേഹത്തിന്റെ പുത്രനായ ഫ്രഡറിക്കില്‍ ( ? - 1330) നിക്ഷിപ്‌തമായിത്തീര്‍ന്നു. അദ്ദേഹത്തെത്തുടര്‍ന്ന്‌ ആല്‍ബര്‍ട്‌ കക (1298-1358), ഓട്ടൊ (1301-39) എന്നിവര്‍ ആസ്റ്റ്രിയ സംയുക്തമായി ഭരിച്ചു. ആല്‍ബര്‍ട്ടിന്റെ മൂത്തപുത്രനായ റൂഡോള്‍ഫ്‌ കഢ 1358-ല്‍ ആസ്റ്റ്രിയന്‍ഭരണം കൈയേറ്റു. വിയന്നയിലെ സെന്റ്‌ സ്റ്റീഫെന്‍സ്‌ പള്ളിയും (1359) അവിടത്തെ സര്‍വകലാശാലയും (1365) സ്ഥാപിച്ചത്‌ ഇദ്ദേഹമായിരുന്നു. റൂഡോള്‍ഫ്‌ കഢ-നെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ സഹോദരന്മാരായ ആല്‍ബര്‍ട്‌ കകക (1349-95), ലിയപോള്‍ഡ്‌ കകക (1351-86) എന്നിവര്‍ ന്യൂബര്‍ഗ്‌ സന്ധി (1379) പ്രകാരം ഹാപ്‌സ്‌ബെര്‍ഗ്‌ വംശക്കാരുടെ ആസ്റ്റ്രിയന്‍ ഭൂസ്വത്തുക്കള്‍ ഭാഗിച്ചെടുത്തു. ആല്‍ബര്‍ട്ടിന്‌ അപ്പര്‍-ലോവര്‍ ആസ്റ്റ്രിയന്‍ പ്രദേശങ്ങളും ലിയപോള്‍ഡിന്‌ സ്റ്റീറിയ, റ്റിറോള്‍, കരിന്തിയ, കാര്‍ണിയോല എന്നീ ഭൂവിഭാഗങ്ങളും ലഭിച്ചു. കുടുംബവിഭജനം ആഭ്യന്തരകലാപങ്ങള്‍ക്കിടം നല്‌കി. 1395-ല്‍ ആല്‍ബര്‍ട്ടിനെ പിന്തുടര്‍ന്ന്‌ ആല്‍ബര്‍ട്‌ കഢ (1377-1404) ആസ്റ്റ്രിയന്‍ ഭാഗങ്ങളുടെ അവകാശിയായി. 1404-ല്‍ അദ്ദേഹം അന്തരിക്കുമ്പോള്‍ ആല്‍ബര്‍ട്‌ ഢ പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നതിനാല്‍ ലിയപോള്‍ഡിന്റെ അവകാശികള്‍ ഈ സ്ഥലത്തിനുവേണ്ടി അവകാശവാദമുന്നയിച്ചത്‌ കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടവരുത്തി. സിഗിസ്‌മണ്ട്‌ ചക്രവര്‍ത്തിയുടെ ഇടപെടല്‍മൂലം ലിയപോള്‍ഡ്‌ കഢ (1371-1411)-ഉം ഏണസ്റ്റും (1377-1424) തുല്യാവകാശികളായി. പ്രായപൂര്‍ത്തിയായതോടെ 1411 ഏ.-ല്‍ ആല്‍ബര്‍ട്‌ ഢ ആസ്റ്റ്രിയയുടെ ഭരണം ഏറ്റെടുത്തു. സിഗിസ്‌മണ്ട്‌ ചക്രവര്‍ത്തിയുടെ പുത്രി ഹങ്കറി, ബൊഹീമിയ എന്നിവയുടെ അവകാശിനിയായിരുന്നു.

മാക്‌സെമിലിയന്‍
ഫെര്‍ഡിനന്റ്‌ I

അവരെ, 1422-ല്‍ വിവാഹം കഴിച്ച്‌ ശക്തി ആര്‍ജിച്ച ആല്‍ബര്‍ട്‌ ഹങ്കറി, ജര്‍മനി, ബൊഹീമിയ എന്നി രാജ്യങ്ങളുടെ രാജാവായി: 1438-ല്‍ അദ്ദേഹം സിംഹാസനാരോഹണം ചെയ്‌തു. തുര്‍ക്കികളുമായുള്ള ഏറ്റുമുട്ടലില്‍ (1439) ആല്‍ബര്‍ട്‌ ഢ വധിക്കപ്പെട്ടു. സ്റ്റീറിയ ഡ്യൂക്കും ആല്‍ബര്‍ട്ടിന്റെ അകന്ന സഹോദരനുമായ ഫ്രഡറിക്‌ ഢ ആസ്റ്റ്രിയന്‍ ഡ്യൂക്കായി. അന്തരിച്ച ആല്‍ബര്‍ട്‌ ഢ-ന്റെ വിധവയില്‍ ജാതനായ ലാഡിസ്ലാസ്‌, മാതുലന്റെ സഹായത്തോടെ, ആസ്റ്റ്രിയ, ബൊഹീമിയ, ഹങ്കറി എന്നിവ ഫ്രഡറിക്കില്‍നിന്നും തിരിച്ചെടുത്തു. 1457-ല്‍ ലാഡിസ്ലാസ്‌ വധിക്കപ്പെട്ടപ്പോള്‍ ഫ്രഡറിക്‌ ഢ അധികാരം തിരിച്ചുപിടിച്ചു. 1485-ല്‍ മത്തിയാസ്‌ കോര്‍വിനസ്‌, ഫ്രഡറിക്കിനെ തോല്‌പിച്ചു തന്റെ പുത്രനായ മാക്‌സെമിലിയനെ ജര്‍മന്‍ രാജാവാക്കി വാഴിച്ചു (1486). ഫ്രഡറിക്കിന്റെ നിര്യാണത്തെ (1493) ത്തുടര്‍ന്ന്‌ ഹാപ്‌സ്‌ബെര്‍ഗ്‌ രാജ്യം മുഴുവന്‍ മാക്‌സെമിലിയന്‍ ക (1459-1519)-ന്‌ അധീനമായി. സ്റ്റീറിയ, കരിന്തിയ, കാര്‍ണിയോല, റ്റിറോളിന്റെ ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ത്ത്‌ ആസ്റ്റ്രിയയെ അദ്ദേഹം ശക്തമായ രാഷ്‌ട്രം ആക്കി. വെള്ളി, ചെമ്പ്‌ എന്നിവ സുലഭമായി ഖനനം ചെയ്യാമായിരുന്ന റ്റിറോളായിരുന്നു ജര്‍മനിക്കും ഇറ്റലിക്കും ഇടയില്‍ക്കിടന്ന തന്ത്രപ്രധാനമായ പ്രദേശം. അദ്ദേഹം ഈ പ്രദേശം തന്റെ ആസ്ഥാനമായി തിരഞ്ഞെടുത്തു. ഹാപ്‌സ്‌ബെര്‍ഗ്‌വംശത്തിന്റെ പ്രതാപം വര്‍ധിപ്പിക്കാന്‍ അദ്ദേഹം പല പരിപാടികളും നടപ്പില്‍ വരുത്തി. തന്റെ പുത്രന്‍ ഫിലിപ്പിനെക്കൊണ്ട്‌ കസ്റ്റീലിലെയും അരഗോണിലെയും രാജകുമാരി ജൊവാനെ അദ്ദേഹം വിവാഹം കഴിപ്പിച്ചു. തത്‌ഫലമായി സ്‌പെയിനിന്റെയും യൂറോപ്പിലും അമേരിക്കയിലുമുള്ള സ്‌പാനിഷ്‌ പ്രദേശങ്ങളുടെയും അവകാശം ഹാപ്‌സ്‌ബെര്‍ഗ്‌ വംശക്കാര്‍ക്ക്‌ ലഭിക്കാനിടയായി.

1519-ല്‍ മാക്‌സെമിലിയന്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പൗത്രനായ ചാള്‍സ്‌ (സ്‌പെയിനിലും നെതര്‍ലന്‍ഡ്‌സിലും ഭരണാധികാരിയായിരുന്നു.) ആസ്റ്റ്രിയന്‍ പ്രദേശത്തിന്റെ ഉടമയായി. 1521-ലെ വേംസ്‌ വിഭജനപ്രകാരം ചാള്‍സ്‌ ഢ ചക്രര്‍ത്തിയായി ത്തീര്‍ന്നതിനാല്‍ ആസ്റ്റ്രിയ, സ്റ്റീറിയ, കരിന്തിയ, കാര്‍ണിയോല എന്നിവയുടെ ഭരണം സഹോദരന്‍ ഫെര്‍ഡിനന്റ്‌ ക-നെ ഏല്‌പിച്ചുകൊടുത്തു.

ഫെര്‍ഡിനന്‍ഡ്‌ I (1521-64). 1522-ലെ ബ്രസല്‍സ്‌ വിഭജനംമൂലം, റ്റിറോള്‍, വൊര്‍ലാന്റെ, സ്റ്റഥാല്‍ട്ടര്‍ എന്നിവയും ഫെര്‍ഡിനന്‍ഡിന്‌ ലഭിച്ചു. ഇതുമൂലം ശക്തരായിത്തീര്‍ന്ന ഹാപ്‌സ്‌ബെര്‍ഗ്‌ വംശക്കാര്‍ രണ്ട്‌ ശാഖകളായി (ആസ്റ്റ്രിയന്‍-സ്‌പാനിഷ്‌ശാഖകള്‍) പിരിഞ്ഞു. (നോ: സ്‌പെയിന്‍-ചരിത്രം). ബൊഹീമിയ, ഹങ്കറി എന്നീ രാജ്യങ്ങളിലെ രാജാവായ ലൂയി II 1526-ലെ മോഹക്‌സ്‌യുദ്ധത്തില്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രാജ്യം 1515-ലെ സന്ധിവ്യവസ്ഥപ്രകാരം ആസ്റ്റ്രിയയോടു ചേര്‍ക്കപ്പെട്ടു. ബൊഹീമിയന്‍ പ്രഭുക്കന്മാരോട്‌ രമ്യതയില്‍ പെരുമാറി അവരുടെ സഹായത്തോടെ ഹങ്കറിക്കാരെ കീഴിലാക്കാന്‍ ഫെര്‍ഡിനന്‍ഡിനു കഴിഞ്ഞു. തുര്‍ക്കികളുമായി ഹാപ്‌സ്‌ബെര്‍ഗ്‌ രാജാക്കന്മാര്‍ നിരന്തരയുദ്ധത്തിലേര്‍പ്പെട്ടു. 1551-ല്‍ റോമന്‍ രാജാവായ അദ്ദേഹം 1556-ല്‍ റോമാ ചക്രവര്‍ത്തിയായി; മതനവീകരണപ്രസ്ഥാനത്തിന്റെ അലകള്‍ ആസ്റ്റ്രിയയിലും വന്നലച്ചു. അദ്ദേഹത്തിന്റെ കാലശേഷം ആസ്റ്റ്രിയന്‍ പ്രദേശങ്ങളുടെ അവകാശി പുത്രനായ മാക്‌സെമിലിയന്‍ II ആയി.

മാക്‌സെമിലിയന്‍ II
റൂഡോള്‍ഫ്‌ II

മാക്‌സെമിലിയന്‍ II (1564-76)-ന്റെ കാലത്ത്‌ ജനങ്ങളില്‍ ഭൂരിപക്ഷംപേരും പ്രാട്ടസ്റ്റന്റുകാരായിത്തീര്‍ന്നു. 1567-ല്‍ തുര്‍ക്കികളെ നേരിടാന്‍ ജനങ്ങളുടെ സഹായം തേടിയതിനെത്തുടര്‍ന്ന്‌ പ്രാട്ടസ്റ്റാന്റുമതവിഭാഗക്കാര്‍ക്ക്‌ ചില ആനുകൂല്യങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. റൂഡോള്‍ഫ്‌ കക-ഉം മത്തിയാസും. 1576-ല്‍ ആസ്റ്റ്രിയന്‍ ഭരണാധികാരിയായ റൂഡോള്‍ഫ്‌ കക പ്രാട്ടസ്റ്റന്റുകാര്‍ക്ക്‌ വഴങ്ങിക്കൊടുത്തില്ല. ട്രാന്‍സില്‍വേനിയയിലെ ജനങ്ങളിലധികവും ലൂഥറന്മാരും കാല്‍വിനിസ്റ്റുകളുമായിരുന്നു. കത്തോലിക്കാമതം അടിച്ചേല്‌പിക്കാന്‍ ഈ രാജാവ്‌ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ അവിടെ വമ്പിച്ച കലാപമുണ്ടായി. 1605-ല്‍അവര്‍ റൂഡോള്‍ഫിനു പകരം ഇസ്റ്റവാന്‍ ബോക്‌സ്‌കെയെ അവരുടെ രാജകുമാരനായി തിരഞ്ഞെടുത്തു. ആ പ്രതിസന്ധി തരണം ചെയ്യാന്‍ റൂഡോള്‍ഫ്‌ കക-നെ മാറ്റി സഹോദരനായ മത്തിയാസിനെ ഭരണാധികാരിയാക്കി. റൂഡോള്‍ഫും മത്തിയാസും തമ്മിലുള്ള മത്സരം 1612-ല്‍ റൂഡോള്‍ഫ്‌ നിര്യാതനാവുന്നതുവരെ നിലനിന്നു. 1618-ല്‍ മത്തിയാസും അന്തരിച്ചു.

ഫെര്‍ഡിനന്റ്‌ III. ബൊഹീമിയയില്‍ പ്രാട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മില്‍ സംഘര്‍ഷത്തിലായിരുന്നു. 1620-ല്‍ ബവേറിയയിലെ മാക്‌സെമിലിയന്‍ ഫെര്‍ഡിനന്റിന്റെ സഹായത്തോടെ ബൊഹീമിയയിലെ പ്രാട്ടസ്റ്റന്റുകാരെ തോല്‌പിച്ചു. ഈ യുദ്ധമാണ്‌ ത്രിംശതിയുദ്ധത്തിലെ ആദ്യത്തെ സംഭവം.1637-ല്‍ ഫെര്‍ഡിനന്റ്‌ II-നെത്തുടര്‍ന്ന്‌ ഫെര്‍ഡിനന്റ്‌ III ആസ്റ്റ്രിയന്‍ ഭരണാധികാരിയായി. ത്രിംശതിയുദ്ധത്തിന്‌ അന്ത്യംകുറിച്ച വെസ്റ്റ്‌ഫേലിയസന്ധിയുണ്ടായത്‌ ഫെര്‍ഡിനന്റ്‌ III-ന്റെ കാലത്താണ്‌. ഫെര്‍ഡിനന്റ്‌ III-ന്റെ പുത്രനായിരുന്നു ലിയപോള്‍ഡ്‌ I (1658-1705). ലിയപോള്‍ഡ്‌ ക-ന്റെ പുത്രന്മാരായ ജോസഫ്‌ ക (1705-11), ചാള്‍സ്‌ IV (1711-40) എന്നിവരുടെ കാലത്ത്‌ ഫ്രാന്‍സും തുര്‍ക്കിയുമായി ആസ്റ്റ്രിയ നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടു. 1663-നും 1739-നുമിടയ്‌ക്ക്‌ ആസ്റ്റ്രിയ തുര്‍ക്കിയുടെമേല്‍ ചില വിജയങ്ങള്‍ നേടി. വെസ്റ്റ്‌ഫേലിയസന്ധിയോടെ ആല്‍സേസ്‌ പ്രദേശം ഫ്രാന്‍സിന്‌ ലഭിച്ചു. ഫ്രഞ്ചുകാര്‍ അതിര്‍ത്തിയില്‍ സൈന്യശേഖരം നടത്തി; അതിനെ അതിജീവിക്കാന്‍ ഇംഗ്ലണ്ട്‌, നെതര്‍ലന്‍ഡ്‌ എന്നീ രാജ്യങ്ങളെ ആസ്റ്റ്രിയ കൂട്ടുപിടിച്ചു (മഹാസഖ്യം-Grand Alliance, 1689) 1697-ലെ റിസ്‌വിക്ക്‌ സന്ധിയോടെ ഈ സഖ്യം അവസാനിച്ചു. അത്‌ ഫ്രാന്‍സിലെ ലൂയി തകഢ-ന്റെ പരാജയത്തില്‍ കലാശിച്ചു. ഇക്കാലത്ത്‌ ഹാപ്‌സ്‌ബെര്‍ഗ്‌ വംശത്തിലെ അവസാനത്തെ രാജാവായ ചാള്‍സ്‌ കക-ന്‌ കുട്ടികളില്ലാതിരുന്നതിനാല്‍ പിന്തുടര്‍ച്ചാവകാശത്തര്‍ക്കമുണ്ടായി.

മത്തിയാസ്‌
ഫെര്‍ഡിനന്റ്‌ III

1700-ല്‍ ചാള്‍സ്‌ II അന്തരിച്ചതിനെത്തുടര്‍ന്ന്‌ ഫ്രാന്‍സിലെ ലൂയി XIV തന്റെ പൗത്രനായ ഡ്യൂക്‌ഡിഅന്‍ജൂ(ഫിലിപ്പ്‌ V സ്‌പെയിന്‍) വിനെ സിംഹാസനാരൂഢനാക്കാന്‍ ശ്രമം നടത്തി; അതേസമയം മഹാസഖ്യശക്തികള്‍ ലിയപോള്‍ഡ്‌ I-ന്റെ ഇളയപുത്രനായ ചാള്‍സിനെ സ്‌പെയിന്‍രാജാവാക്കാന്‍ യത്‌നിച്ചു. പശ്ചിമജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌ എന്നീ രാജ്യങ്ങള്‍ യുദ്ധരംഗമായി മാറി. മാല്‍ബറോപ്രഭു, സാവോയിയിലെ യൂജിന്‍ രാജകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സഖ്യശക്തികള്‍ ആദ്യം ചില വിജയങ്ങള്‍ നേടി. (നോ: സ്‌പാനിഷ്‌ പിന്തുടര്‍ച്ചാവകാശ യുദ്ധം) 1711-ല്‍ ജോസഫ്‌ I അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായ ചാള്‍സ്‌ ഢക-നെ സ്‌പെയിന്‍ രാജാവാക്കി സഖ്യകക്ഷികള്‍ വാഴിച്ചു. പോളിഷ്‌ പിന്തുടര്‍ച്ചാവകാശയുദ്ധ (1733-35) കാലത്തു ഫ്രാന്‍സ്‌, സ്‌പെയിന്‍, സാര്‍ഡീനിയ എന്നീ രാജ്യങ്ങളുമായി ആസ്റ്റ്രിയ പല യുദ്ധത്തിലുമേര്‍പ്പെട്ട്‌ പരാജിതയായി. വിയന്നസന്ധി (1735-38) അനുസരിച്ച്‌ നേപ്പിള്‍സും സിസിലിയും ആസ്റ്റ്രിയയ്‌ക്ക്‌ നഷ്‌ടമായി; പകരം പാര്‍മ, പ്യാസെന്‍സ എന്നിവ ലഭിച്ചു. ത്രിംശതിയുദ്ധത്തിനും ചാള്‍സ്‌ ഢക-ന്റെ നിര്യാണ(1740)ത്തിനുമിടയ്‌ക്ക്‌ ആഭ്യന്തരമായി ആസ്റ്റ്രിയ സാരമായ പുരോഗതി കൈവരിച്ചു.

മറിയാ തെറീസ. 1740 ഒ.-ല്‍ ചാള്‍സ്‌ VI അന്തരിച്ചപ്പോള്‍ പുരുഷസന്താനങ്ങളില്ലായിരുന്നതിനാല്‍ പുത്രി മറിയാ തെറീസ രാജ്ഞിയായിത്തീര്‍ന്നു. ബവേറിയയിലെ ചാള്‍സ്‌ ആല്‍ബര്‍ട്‌ മറിയാ തെറീസയുടെ സ്വത്തുക്കളില്‍ അവകാശവാദമുന്നയിച്ചു. പ്രഷ്യയിലെ ഫ്രഡറിക്‌ II 1741 ഏ.-ല്‍ മോല്‍വിറ്റ്‌സില്‍വച്ച്‌ ആസ്റ്റ്രിയരെ തോല്‌പിച്ചതോടെ, ആല്‍ബര്‍ട്‌ തന്റെ വാദം ഉറപ്പിച്ചു.; ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശയുദ്ധം ആരംഭിക്കുകയും ചെയ്‌തു. ഫ്രാന്‍സിന്റെ യുദ്ധം നീണ്ടുനിന്നെങ്കിലും ആസ്റ്റ്രിയ മറ്റു നാവിക ശക്തികളുടെ സഹായത്തോടെ ദക്ഷിണ നെതര്‍ലന്‍ഡും ഇറ്റലിയുടെ പല ഭാഗങ്ങളും എയ്‌ലാഷഫേല്‍ (1748 ഒ.) സന്ധിയോടെ തിരിച്ചെടുത്തു. സപ്‌തവത്സരയുദ്ധാനന്തരം (1756-63) പ്രഷ്യയും ആസ്റ്റ്രിയയും തമ്മില്‍ ജര്‍മനിക്കുവേണ്ടി നിരന്തരയുദ്ധം ആരംഭിച്ചു. 1771 ജൂല.-ല്‍ ആസ്റ്റ്രിയ തുര്‍ക്കിയുമായി സന്ധിചെയ്‌ത്‌ യുദ്ധം അവസാനിപ്പിച്ചു. പോളണ്ട്‌ വിഭജനംമൂലം (1772 ആഗ.) ഗെലീഷ്യ, ലോഡോമിറിയ എന്നിവ ആസ്റ്റ്രിയയ്‌ക്ക്‌ ലഭിച്ചു. മോള്‍ഡാവിയയില്‍നിന്ന്‌ ബ്യുകോവിനയും ഇക്കാലത്ത്‌ ആസ്റ്റ്രിയയ്‌ക്കു ലഭിച്ചു. മറിയാ തെറീസയ്‌ക്കുശേഷം ജോസഫ്‌ കക (1780-90), ലിയപോള്‍ഡ്‌ കക (1790-92) എന്നിവര്‍ രാജ്യം ഭരിച്ചു.

ഫ്രഞ്ചുവിപ്ലവകാലത്തെ യുദ്ധങ്ങള്‍ (1792-1801) നടന്നപ്പോള്‍ ആസ്റ്റ്രിയയ്‌ക്ക്‌ ചില വിഷമതകള്‍ നേരിട്ടു. 1804-ല്‍ നെപ്പോളിയന്‍ ബോണൊപ്പാര്‍ട്ട്‌ ഫ്രഞ്ച്‌ ചക്രവര്‍ത്തിയായതോടെ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ അസ്‌തിത്വം പരുങ്ങലിലായി. ആ അവസരമുപയോഗിച്ച്‌ ഫ്രാന്‍സിസ്‌ ആസ്റ്റ്രിയന്‍ ചക്രവര്‍ത്തി സ്ഥാനം നേടിയെടുക്കുകയും 1805-ല്‍ റഷ്യ, ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങളുമായി കൂട്ടുചേര്‍ന്ന്‌ ഫ്രാന്‍സിനോടെതിരിടുകയും ചെയ്‌തു. യുദ്ധത്തില്‍ ആസ്റ്റ്രിയ വിജയിച്ചില്ല; ഷോണ്‍ബ്രണ്‍സന്ധി(1809 ഒ. 14)യോടെ യുദ്ധം അവസാനിപ്പിച്ചു.

മറിയാ തെറീസ
ജോസഫ്‌ II-ാമനും അദ്ദേഹത്തിന്റെ പിന്‍ഗാമി ലിയോപോള്‍ഡ്‌ II-ഉം

മെറ്റെര്‍ണിക്ക്‌. മെറ്റെര്‍ണിക്ക്‌ ആസ്റ്റ്രിയന്‍ വിദേശകാര്യമന്ത്രിയായതോടെയാണ്‌ (1821) ആസ്റ്റ്രിയ വീണ്ടും പ്രബലമാകാന്‍ തുടങ്ങിയത്‌. വിയന്ന കരാറിലെ നിശ്ചയം അനുസരിച്ച്‌ പല പ്രദേശങ്ങളും ആസ്റ്റ്രിയയ്‌ക്ക്‌ പുതുതായി ലഭിച്ചു. വിദേശനയംമൂലം മെറ്റെര്‍ണിക്കിന്‌ ആസ്റ്റ്രിയയെ ശക്തമായ ഒരു രാഷ്‌ട്രമാക്കിവാര്‍ത്തെടുക്കാന്‍ കഴിഞ്ഞു; എങ്കിലും ഒടുവില്‍ നാട്ടിലുടനീളമുണ്ടായ കലാപങ്ങളെ നേരിടാനാവാതെ അദ്ദേഹത്തിന്‌ നാടുവിട്ടോടേണ്ടിവന്നു. തുടര്‍ന്ന്‌ പല ഭരണമാറ്റങ്ങളും ആസ്റ്റ്രിയയിലുണ്ടായി. 1866-ലെ പ്രഗ്‌ കരാര്‍ മൂലം ജര്‍മന്‍ നേതൃത്വം ആസ്റ്റ്രിയയ്‌ക്ക്‌ നഷ്‌ടമായി.

ആസ്റ്റ്രിയ-ഹങ്കറി. 1867 മുതല്‍ 1918 വരെ ഈ സാമ്രാജ്യം നിലനിന്നു. ദ്വിരാജഭരണം (Dual Monarchy) എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. 1867 ഡി.-ല്‍ ഒരു മന്ത്രിസഭ ഇവിടെ അധികാരത്തില്‍വന്നു. ബ്യൂസ്റ്റ്‌ (1809-1886) നാമമാത്ര ചാന്‍സലറായി. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച്‌ ഫ്രാന്‍സിസ്‌ ജോസഫ്‌ ഒരു ജനകീയ മന്ത്രിസഭ ഉണ്ടാക്കി. പല ഭരണപരിഷ്‌കാരങ്ങള്‍ക്കും ഇവര്‍ ആരംഭമിട്ടു. ചെക്ക്‌പൗരന്മാരെ പല അവകാശവാദങ്ങളില്‍നിന്നും മാറ്റി നിറുത്തിയിരുന്നതിനാല്‍ അവരുടെയിടയില്‍ അസംതൃപ്‌തി ഉണ്ടായി. ഹങ്കറിക്ക്‌ ലഭിച്ചതുപോലെ അവര്‍ക്കും ആനുകൂല്യം ലഭിക്കണമെന്ന്‌ അവര്‍ വാദിച്ചു. ഫ്രാങ്കോ-ജര്‍മന്‍യുദ്ധം ഈ കാലത്തുണ്ടായി. 1871-ലെ ചെക്കു പ്രതിസന്ധിയും ആസ്റ്റ്രിയയെ ബാധിച്ചു. 1871 ഫെ. 5-ന്‌ കാള്‍സിങ്‌മണ്ട്‌ പ്രധാനമന്ത്രിയായി ഒരു ഭരണകൂടം നിലവില്‍വന്നു; അന്‍ഡ്രാസി ന. 14-ന്‌ വിദേശകാര്യമന്ത്രിയായി അധികാരമേറ്റെടുത്തു. ഹങ്കേറിയന്‍ പ്രശ്‌നങ്ങള്‍ക്കു മുന്‍തൂക്കം നല്‌കി വിദേശകാര്യം നിയന്ത്രിച്ച പുതിയ വിദേശകാര്യമന്ത്രിയുമായി ഫ്രാന്‍സിസ്‌ ജോസഫ്‌ രാജാവ്‌ ഇടഞ്ഞു. 1879 ഒ.-ല്‍ ഉണ്ടായ ആസ്റ്റ്രാ-ജര്‍മന്‍ സഖ്യ പ്രകാരം ആസ്റ്റ്രിയ ജര്‍മന്‍ ഭാഗത്തേക്ക്‌ ചാഞ്ഞു. 1879 ആഗ.-ല്‍ ടാഫ്‌ പ്രധാനമന്ത്രിയായി; ഈ കാലത്താണ്‌ ആസ്റ്റ്രിയ-ഹംഗറി ശക്തി പ്രാപിച്ചത്‌ 1793 മുതല്‍ അദ്ദേഹം ആ പദവി വഹിച്ചു; തുടര്‍ന്ന്‌ രാജ്യം നിയന്ത്രിച്ച ബെദേനി 1897 ന. 28 വരെ ആ സ്ഥാനത്തു തുടര്‍ന്നു. ഏണസ്റ്റ്‌മോണ്‍കോര്‍ബര്‍ 1900 മുതല്‍ 4 വര്‍ഷക്കാലം പ്രധാമന്ത്രിസ്ഥാനം വഹിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശത്തിനുള്ള നിയമം ആസ്റ്റ്രിയയില്‍ അവതരിപ്പിച്ചത്‌ കോര്‍ബറെത്തുടര്‍ന്ന്‌ പ്രധാമന്ത്രിയായ ഗോട്ട്‌ഷ്‌ ആയിരുന്നു; അതുപാസാക്കി എടുത്തത്‌ ഫ്രയര്‍ഫൊണ്‍ ബെക്കായിരുന്നു. 1907-ലെ പൊതു തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റുകളും സോഷ്യല്‍ ഡെമോക്രാറ്റുകളും ഭൂരിപക്ഷമുള്ള കക്ഷികളായി മാറി. ഒരു മാര്‍ക്‌സിസ്റ്റ്‌-ക്ലരിക്കലിസ്റ്റ്‌ പൗരോഹിത്യകൂട്ടുമുന്നണിയുടെ ശക്തിയില്‍ അഭയം തേടേണ്ടിവന്നു ഹാപ്‌സ്‌ബെര്‍ഗ്‌ രാജാക്കന്മാര്‍ക്ക്‌. റഷ്യയും ജപ്പാനും തമ്മില്‍ നടന്ന യുദ്ധ(1904-05)ത്തില്‍ റഷ്യതോറ്റതോടെ അവിടെ നിന്നുള്ള ആക്രണഭീതി ആസ്റ്റ്രിയ- ഹങ്കറിക്കില്ലാതായി. ബോസ്‌നിയന്‍ പ്രശ്‌നം ആസ്റ്റ്രിയയ്‌ക്കൊരു തീരാവ്യാധിയായി.

ഫ്രാന്‍സിസ്‌ ഫെര്‍ഡിനന്റും കുടുംബവും

ഒന്നാം ലോകയുദ്ധം. 1914 ജൂണ്‍ 28-ന്‌ ഫ്രാന്‍സിസ്‌ ജോസഫ്‌ രാജാവിന്റെ അനന്തരവനായ ഫ്രാന്‍സിസ്‌ ഫെര്‍ഡിനന്‍ഡിനെ ഒരു ബോസ്‌നിയന്‍ യുവാവ്‌ സരാജെവൊയില്‍വച്ച്‌ വധിച്ചു. സെര്‍ബിയന്‍ ഗവണ്‍മെന്റ്‌ ഇതില്‍ ഇടപെട്ടു എന്നതിന്‌ ആസ്‌റ്റ്രാ-ഹങ്കേറിയന്‍ ഭരണകൂടത്തിന്‌ തെളിവുകിട്ടിയില്ല; എങ്കിലും ആസ്റ്റ്രിയ സെര്‍ബിയയുടെ മേല്‍ യുദ്ധം പ്രഖ്യാപിച്ചു (1914 ജൂല. 18). ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭം അങ്ങനെയാണ്‌. ഗെലീഷ്യയില്‍ റഷ്യയുമായി അടരാടിയിരുന്ന ആസ്റ്റ്രിയന്‍ സൈന്യത്തെ രക്ഷിച്ചത്‌ ജര്‍മന്‍ ആക്രമണമായിരുന്നു. ഒരു ജര്‍മന്‍ ഉപഗ്രഹമായി അതോടെ ആസ്റ്റ്രിയ-ഹങ്കറി മാറി. 1915 മേയ്‌ 23-ന്‌ ഇറ്റലി ഹങ്കറിയുടെമേല്‍ യുദ്ധം പ്രഖ്യാപിച്ചു. പോളണ്ടിലെ ജോസഫ്‌ പില്‍സുഡ്‌സ്‌കി ആസ്റ്റ്രിയരെ സഹായിച്ചു. 1916 ന. 21-ന്‌ ഫ്രാന്‍സിസ്‌ ജോസഫ്‌ രാജാവ്‌ അന്തരിച്ചു. ചാള്‍സ്‌ (അന്തരിച്ച രാജാവിന്റെ പുത്രന്റെ അനന്തരവന്‍) രാജാവായി; കോര്‍ബര്‍ പ്രധാനമന്ത്രിയുമായി. യുദ്ധത്തില്‍ വിജയം അസാധ്യമാണെന്നു മനസ്സിലാക്കിയ ചാള്‍സ്‌, രഹസ്യമായി സഖ്യശക്തികളു(Entente Cordiale)മായി കൂട്ടുകെട്ടിന്‌ ശ്രമിച്ചു. 1916 ഡി.-ല്‍ കോര്‍ബറെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നും ചാള്‍സ്‌ മാറ്റുകയും പകരം ഒരു ബൊഹീമിയന്‍ പ്രഭുവായ ഗ്രാഫ്‌ ഹെന്‌റിച്ച്‌ ക്ലാം-മാര്‍ട്ടിനിക്കിനെ നിയമിക്കുകയും ചെയ്‌തു. ചെക്കുജനത സ്വാതന്ത്യ്രത്തിനുവേണ്ടി മുറവിളികൂട്ടി. ജര്‍മന്‍പിടിയിലകപ്പെട്ട ചാള്‍സിന്‌ അത്‌ സാധ്യമായിരുന്നില്ല. ഉദ്യോഗസ്ഥന്മാരില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ഏണസ്റ്റ്‌ഫൊണ്‍ സീഡ്‌ലര്‍ 1917 ജൂണില്‍ മാര്‍ട്ടിനിക്കിനെത്തുടര്‍ന്ന്‌ പ്രധാനമന്ത്രിയായി. ഒട്ടോകറും ഗ്രാഫ്‌ സെറിനും, (വിദേശകാര്യമന്ത്രി 1916 ഡി. -1918 ഏ.) സഖ്യകക്ഷികളുമായി സന്ധിസംഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 1917 ഒ.-ല്‍ കപ്പൊറിറ്റൊയില്‍വച്ച്‌ ഇറ്റലി തോറ്റു. ബ്രസ്റ്റലിറ്റൊവ്‌സ്‌ക്‌ സന്ധി സംഭാഷണങ്ങളില്‍ സെറിന്‍ പങ്കെടുത്തു. 1918-ല്‍ ക്ലെവന്‍ഷോ ചാള്‍സുമായി രഹസ്യസംഭാഷണം നടത്തി. സെറിന്‍ ഡിസ്‌മിസ്‌ ചെയ്യപ്പെട്ടു; സ്‌പായിലെ ജര്‍മന്‍ കേന്ദ്രത്തില്‍ ചാള്‍സ്‌ ക ഹാജരായി. 1918 ആഗ.-ല്‍ ജര്‍മനിയുടെ പരാജയം ആസ്റ്റ്രിയയ്‌ക്കനുകൂലമായി. ബൊഹീമിയയും സ്ലാവോണിയയും ഉള്‍പ്പെട്ട ഒരു ചെക്കുരാജ്യത്തിനുവേണ്ട അവകാശപത്രിക 1918 ജനു. 6-ന്‌ ചെക്കുജനത പ്രസിദ്ധീകരിച്ചു. ഒ. 16-ന്‌ ആസ്റ്റ്രിയയെ ഒരു ഫെഡറല്‍ സ്റ്റേറ്റ്‌ ആക്കാന്‍ ചാള്‍സ്‌ സമ്മതിച്ചു. ഒ. 7-ന്‌ വാഴ്‌സായില്‍വച്ച്‌ പോളുകള്‍ അവരുടെ സ്വാതന്ത്യ്രം പ്രഖ്യാപിക്കുകയും ഒ. 28-ന്‌ ചെക്കോസ്ലാവാക്ക്‌ റിപ്പബ്ലിക്ക്‌ നിലവില്‍വരികയും ചെയ്‌തു. ഒ. 29 യുഗോസ്ലാവ്‌ രാജ്യവും രൂപം കൊണ്ടു. ജര്‍മന്‍-ആസ്റ്റ്രിയ റിപ്പബ്ലിക്ക്‌ ന. 12-ന്‌ പ്രഖ്യാപിക്കപ്പെട്ടു. ചാള്‍സ്‌ ഹ സ്ഥാനഭ്രഷ്‌ടനായി; ന. 16-ന്‌ ഹങ്കറി റിപ്പബ്ലിക്കും സ്ഥാപിതമായി. 1919-20-ലെ ദ്രയിനോണ്‍, സെന്റ്‌ ജര്‍മെയിന്‍ സന്ധികള്‍ ആസ്റ്റ്രിയന്‍ സാമ്രാജ്യത്തിന്റെ പതനവും കുറിച്ചു. നോ: ആസ്റ്റ്രിയ; ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശയുദ്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍