This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രിയന്‍ പിന്തുടർച്ചാവകാശയുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശയുദ്ധം

ആസ്റ്റ്രിയയും ബ്രിട്ടനും ഒരു ഭാഗത്തും പ്രഷ്യ, ഫ്രാന്‍സ്‌, സ്‌പെയിന്‍, ബവേറിയ എന്നീ രാഷ്‌ട്രങ്ങള്‍ മറുവശത്തുമായി നടന്ന യുദ്ധം. ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശത്തെ കേന്ദ്രീകരിച്ച്‌ നടന്ന യുദ്ധമായതുകൊണ്ട്‌ ഈ പേരില്‍ ഇത്‌ അറിയപ്പെടുന്നു. പശ്ചാത്തലം. 1273-ല്‍ ഹാപ്‌സ്‌ബര്‍ഗ്‌ രാജവംശത്തില്‍പ്പെട്ട റൂഡോള്‍ഫ്‌ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിസ്ഥാനവും ആസ്റ്റ്രിയയിലെ ഡ്യൂക്ക്‌ സ്ഥാനവും കൈവശമാക്കിയതുമുതല്‍ പ്രസ്‌തുത രാജവംശമാണ്‌ ആസ്റ്റ്രിയ ഭരിച്ചുപോന്നത്‌. ക്രമേണ, വിശുദ്ധ റോമാസാമ്രാജ്യം അധഃപതിച്ചതോടുകൂടി ആസ്റ്റ്രിയ ഹാപ്‌സ്‌ബര്‍ഗ്‌ രാജവംശത്തിന്റെ ആധിപത്യത്തില്‍ ഒരു വലിയ സാമ്രാജ്യമായി വളര്‍ന്നു. ഹാപ്‌സ്‌ബര്‍ഗ്‌ ചക്രവര്‍ത്തിയായിരുന്ന ചാള്‍സ്‌ ഢക 1713-ല്‍ പ്രാഗ്മാറ്റിക്ക്‌ സാങ്‌ക്ഷന്‍ (Pragmatic Sanction) എന്നറിയപ്പെടുന്ന ഒസ്യത്തിലൂടെ അദ്ദേഹത്തിന്റെ സിംഹാസനവും വിസ്‌തൃതമായ സാമ്രാജ്യവും തന്റെ മരണശേഷം തന്റെ മൂത്ത പുത്രനോ, പുത്രന്‍മാര്‍ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ മൂത്ത പുത്രിക്കോ അവകാശപ്പെടുത്തി. യൂറോപ്പിലെ മിക്കരാഷ്‌ട്രങ്ങളും ഈ മരണപത്രം അംഗീകരിച്ചു. അദ്ദേഹത്തിന്റെ ഏകപുത്രന്‍ ജനിച്ചവര്‍ഷം തന്നെ (1716) മരിച്ചുപോകയാല്‍ കിരീടാവകാശം പുത്രിയായ മറിയാ തെറീസായില്‍ നിക്ഷിപ്‌തമായി.

1740-ല്‍ ചാള്‍സ്‌ ചക്രവര്‍ത്തി മരിച്ചപ്പോള്‍ മറിയാ തെറീസാ സിംഹാസനാരോഹണം ചെയ്‌തു. എന്നാല്‍ ബവേറിയയുടെ ഇലക്‌ടറായ ചാള്‍സ്‌ ആല്‍ബര്‍ട്ട്‌, സ്‌പെയിനിലെ രാജാവായ ഫിലിപ്പ്‌ V, സാക്‌സണിയുടെ ഭരണാധിപതിയായ അഗസ്റ്റസ്‌ കകക എന്നിവര്‍ അവകാശത്തര്‍ക്കം ഉന്നയിച്ചു. ഹാപ്‌സ്‌ബര്‍ഗ്‌ ചക്രവര്‍ത്തിയായിരുന്ന ഫെര്‍ഡിനന്‍ഡ്‌ ക-ന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന പേരിലാണ്‌ ഇവര്‍ ഓരോരുത്തരും കിരീടാവകാശം മുന്നോട്ടുവച്ചത്‌. യുദ്ധത്തിന്റെ അടിസ്ഥാനം യഥാര്‍ഥത്തില്‍ പ്രഷ്യയും ആസ്റ്റ്രിയയും തമ്മിലുണ്ടായിരുന്ന ശക്തിമത്സരമായിരുന്നു. പ്രഷ്യയുടെ ഭരണാധിപതിയായിരുന്ന ഫ്രഡറിക്‌ കക ആസ്റ്റ്രിയന്‍ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന സൈലീഷ്യയില്‍ ദൃഷ്‌ടിപതിപ്പിച്ചിരുന്നു. ഓഡര്‍ നദീതീരങ്ങളില്‍ വ്യാപിച്ചുകിടന്നിരുന്ന സമതലപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈലീഷ്യയില്‍ വസിച്ചിരുന്നവരില്‍ ഭൂരിപക്ഷവും ജര്‍മന്‍കാരായിരുന്നു. അതിനാല്‍ സൈലീഷ്യയെ പ്രഷ്യയില്‍ ലയിപ്പിക്കുവാന്‍ ഫ്രഡറിക്‌ രാജാവ്‌ അഭിലഷിച്ചു; എന്നാല്‍ സൈലീഷ്യ കൈവിട്ടുപോയാല്‍ ജര്‍മന്‍ ജനതയുടെ മേല്‍ ആസ്റ്റ്രിയയ്‌ക്കുള്ള സ്വാധീനം ക്ഷയിക്കുകയും സാമ്പത്തികവും സൈനികവുമായി ആസ്റ്റ്രിയയ്‌ക്ക്‌ വലിയ നഷ്‌ടം സംഭവിക്കുകയും ചെയ്യുമായിരുന്നു. സൈലീഷ്യ കൈവശപ്പെടുത്താനുള്ള ഫ്രഡറിക്കിന്റെ ആഗ്രഹം ആസ്റ്റ്രിയയും പ്രഷ്യയും തമ്മില്‍ സംഘട്ടനത്തിനിടയാക്കി. പണ്ടെങ്ങോ തന്റെ കുടുംബത്തിന്‌ സൈലീഷ്യയുടെമേല്‍ അവകാശം ഉണ്ടായിരുന്നുവെന്നുള്ള ന്യായത്തിലാണ്‌ ഫ്രഡറിക്‌ ആസ്റ്റ്രിയയോട്‌ യുദ്ധത്തിനുപുറപ്പെട്ടത്‌.

വിദേശ ഇടപെടല്‍. ബ്രിട്ടനും സ്‌പെയിനും തമ്മില്‍ 1739-ല്‍ പൊട്ടിപ്പുറപ്പെട്ട വാണിജ്യസമരത്തിന്റെ പ്രത്യാഘാതം ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശസമരത്തില്‍ പ്രത്യക്ഷമായി. ചാള്‍സ്‌ ചക്രവര്‍ത്തിയുടെ "പ്രഗ്മാറ്റിക്ക്‌ സാങ്‌ക്ഷന്‍' അംഗീകരിച്ചിരുന്ന ബ്രിട്ടന്‍ ആസ്റ്റ്രിയയുമായി കക്ഷി ചേര്‍ന്നപ്പോള്‍ സ്‌പെയിന്‍ പ്രഷ്യയുടെ ഭാഗത്തായി. ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ കച്ചവടമത്സരങ്ങള്‍ മൂലവും കോളനികള്‍ സംബന്ധമായും കടുത്ത വിരോധത്തിലായിരുന്നു; അതിനാല്‍ ഫ്രാന്‍സും പ്രഷ്യയുടെ ഭാഗത്തുചേര്‍ന്നു. ബ്രിട്ടീഷ്‌ രാജാവിന്റെ പൈതൃക സ്വത്തായിരുന്ന ഹാനോവറിനെ പ്രഷ്യയുടെ ആക്രമണത്തില്‍നിന്നും രക്ഷിക്കുക എന്ന ലക്ഷ്യം ബ്രിട്ടന്‍ ആസ്റ്റ്രിയയുടെ കക്ഷിയില്‍ ചേരുന്നതിന്‌ ഒരു പ്രരകഘടകമായി; ഫ്രാന്‍സിന്റെ ആക്രമണത്തില്‍നിന്നും രക്ഷനേടുന്നതിനുവേണ്ടി ഹോളണ്ട്‌ ബ്രിട്ടനും ആസ്റ്റ്രിയയുമായി യോജിച്ചു. അങ്ങനെ ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശയുദ്ധം യൂറോപ്പിലെ വിവിധ രാഷ്‌ട്രങ്ങളുടെ ശക്തിപരീക്ഷണമായിത്തീര്‍ന്നു.

പ്രഷ്യന്‍ ആക്രമണം. 1740 ഡി. 16-ന്‌ ഫ്രഡറിക്‌ സൈലീഷ്യ ആക്രമിച്ചതോടുകൂടി യുദ്ധം ആരംഭിച്ചു. അദ്ദേഹത്തിന്റെ സൈന്യം ആസ്റ്റ്രിയന്‍ സൈന്യത്തെ തോല്‌പിച്ച്‌ സൈലീഷ്യയുടെ തലസ്ഥാനമായ ബ്രസ്‌ലാ കീഴടക്കി അവിടെ താവളമുറപ്പിച്ചു. അവിടെവച്ച്‌ ഫ്രഡറിക്‌ ഫ്രാന്‍സും സ്‌പെയിനും ബവേറിയയുമായി കരാറിലേര്‍പ്പെട്ടു. മറിയാ തെറീസായുടെ സഹായാഭ്യര്‍ഥനയ്‌ക്ക്‌ ബ്രിട്ടന്റെ പ്രതികരണം പ്രാത്സാഹജനകമായിരുന്നില്ല. വടക്കന്‍ സൈലീഷ്യ പ്രഷ്യയ്‌ക്ക്‌ വിട്ടുകൊടുത്ത്‌ യുദ്ധമവസാനിപ്പിക്കണമെന്ന ബ്രിട്ടന്റെ നിര്‍ദേശം ആസ്റ്റ്രിയ നിരാകരിച്ചു. പോളണ്ട്‌, സാവോയി, ഹോളണ്ട്‌ എന്നീ രാഷ്‌ട്രങ്ങള്‍ ഉറപ്പുനില്‌കിയിരുന്ന സഹായം ആസ്റ്റ്രയയ്‌ക്ക്‌ ഉടനടി ലഭിച്ചില്ല. ഈ വിഷമസന്ധിയില്‍ മറിയാ തെറീസാ ഹംഗറിയില്‍ അഭയം പ്രാപിച്ച്‌ അവിടത്തെ മജാര്‍ ജനതയോടെ സഹായത്തിനഭ്യര്‍ഥിച്ചു. അവര്‍ ആവേശപൂര്‍വം രാജ്ഞിയുടെ സഹായത്തിനെത്തി. ആയിരക്കണക്കിന്‌ ഹംഗറിക്കാരും ആസ്റ്റ്രിയരും ബൊഹീമിയക്കാരും സൈന്യത്തില്‍ചേര്‍ന്ന്‌ യുദ്ധരംഗത്തേക്ക്‌ തിരിച്ചു.

യുദ്ധവ്യാപനം. ഇതിനിടയില്‍ ഫ്രഞ്ചുസൈന്യവും ബവേറിയന്‍ സൈന്യവും ആസ്റ്റ്രിയയെയും ബൊഹീമിയയെയും ആക്രമിക്കുകയും പ്രാഗ്‌നഗരം കൈവശമാക്കുകയും ചെയ്‌തിരുന്നു. ചാള്‍സ്‌ ആല്‍ബര്‍ട്ട്‌ (ബവേറിയയിലെ ഇലക്‌ടര്‍) ആസ്റ്റ്രിയയിലെ ആര്‍ച്ച്‌ ഡ്യൂക്കായി സ്വയം പ്രഖ്യാപിക്കുകയും അതിനുശേഷം ഫ്രാങ്ക്‌ഫര്‍ട്ട്‌ നഗരത്തില്‍വച്ച്‌ ചാള്‍സ്‌ ഢകക എന്ന പേരില്‍ വിശുദ്ധ റോമാചക്രവര്‍ത്തിയായി അവരോധിക്കപ്പെടുകയും ചെയ്‌തു; എന്നാല്‍ ഫ്രഡറിക്‌ രാജാവിന്‌ ചാള്‍സിനോട്‌ അപ്രീതിതോന്നാന്‍ ഇടയായി. ആസ്റ്റ്രിയന്‍ നഗരം ആക്രമിക്കാന്‍ ഫ്രഡറിക്‌ നല്‌കിയ ആഹ്വാനം ഫ്രാന്‍സിന്റെ പ്രരണയാല്‍ ചാള്‍സ്‌ നിരസിച്ചു. ഫ്രാന്‍സ്‌ ബവേറിയയിലും ബൊഹീമിയയിലും മേധാവിത്വം സ്ഥാപിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചാല്‍ പ്രഷ്യയുടെ സുരക്ഷിതത്വത്തിന്‌ തകരാറു സംഭവിക്കുമെന്ന്‌ ഭയന്ന്‌ പ്രഷ്യ 1741 ഒ. 9-ന്‌ മറിയാ തെറീസായുമായി ഒരു സ്വകാര്യസന്ധിയിലേര്‍പ്പെട്ടു. അതനുസരിച്ച്‌ മറിയാതെറീസാ ഉത്തരസൈലീഷ്യയെ താത്‌കാലികമായി ഫ്രഡറിക്കിന്‌ വിട്ടുകൊടുത്തു. 1742 ജനു. 24-ആണ്‌ ചാള്‍സ്‌ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടത്‌. അന്നേദിവസം തന്നെ ആസ്റ്റ്രിയന്‍ സൈന്യം ബവേറിയ ആക്രമിച്ച്‌ തലസ്ഥാനമായ മ്യൂണിക്ക്‌ നഗരം കീഴടക്കി. ഈ സമയത്തുതന്നെ ആസ്റ്റ്രിയന്‍ സൈന്യത്തിലെ മറ്റൊരു വിഭാഗം ഫ്രഞ്ചുകാരെ പ്രാഗ്‌ നഗരത്തില്‍വച്ച്‌ വളഞ്ഞു. ഫ്രഡറിക്‌ 1742 ആരംഭത്തില്‍ത്തന്നെ വീണ്ടും ആസ്റ്റ്രിയയോട്‌ യുദ്ധം തുടങ്ങി. പ്രഷ്യയുമായുള്ള രഹസ്യസന്ധി ആസ്റ്റ്രിയ ഫ്രാന്‍സിനെ അറിയിച്ചുവെന്നുള്ള കുറ്റമാരോപിച്ചാണ്‌ ഇങ്ങനെ ചെയ്‌തത്‌. ഫ്രഡറിക്കിന്റെ സൈന്യം ആസ്റ്റ്രിയന്‍ സൈന്യത്തെ 1742 മേയ്‌ 17-ന്‌ ചൊറ്റുസിറ്റ്‌സ്‌ യുദ്ധത്തില്‍ തോല്‌പിച്ചു. പ്രഷ്യയുമായുള്ള വിരോധം തുടര്‍ന്നുപോകുന്നത്‌ ആപത്‌കരമാണെന്ന്‌ ബോധ്യപ്പെട്ടതിനാല്‍ ആസ്റ്റ്രിയ 1742 ജൂല.-ല്‍ ഒപ്പുവച്ച ബെര്‍ലിന്‍ സന്ധിപ്രകാരം പ്രഷ്യയുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ഇതുപ്രകാരം സൈലീഷ്യയുടെ ഭൂരിഭാഗവും പ്രഷ്യയ്‌ക്കു വിട്ടുകൊടുത്തു.

ആസ്റ്റ്രിയന്‍ വിജയങ്ങള്‍. ആസ്റ്റ്രിയയ്‌ക്ക്‌ മറ്റു ശത്രുക്കളുമായി വിജയപൂര്‍വം പോരാടന്‍ സാധിച്ചു. അവരെ ബൊഹീമിയയില്‍നിന്ന്‌ 1742-ലും ബവേറിയയില്‍നിന്ന്‌ 1743-ലും തുരത്തി. ബ്രിട്ടീഷ്‌ രാജാവിന്റെ നേതൃത്വത്തിലുള്ള സംയുക്തസൈന്യം 1743 ജൂണ്‍ 27-ന്‌ ഡെറ്റിന്‍ജന്‍ എന്ന സ്ഥലത്തുവച്ച്‌ ഫ്രഞ്ചുസൈന്യത്തെ പരാജയപ്പെടുത്തി. ചാള്‍സ്‌ ചക്രവര്‍ത്തി ഫ്രാങ്ക്‌ഫര്‍ട്ട്‌ നഗരത്തില്‍ കേവലം അഭയാര്‍ഥിയുടെ നിലയിലായി. മെഡിറ്ററേനിയനില്‍ ഇംഗ്ലീഷ്‌ നാവികസൈന്യം നേടിയ വിജയങ്ങള്‍ ഇറ്റലിയില്‍ സാര്‍ഡീനിയാ രാജാവായ വിക്‌ടര്‍ ഇമ്മാനുവല്‍ I-നെ ആസ്റ്റ്രിയയുടെയും ബ്രിട്ടന്റെയും കക്ഷിയില്‍ ചേരാന്‍ പ്രരിപ്പിച്ചു.

തിരിച്ചടികള്‍. സൈലീഷ്യ വീണ്ടെടുക്കണമെന്നുമാത്രമല്ല ബവേറിയയും ആല്‍സേസ്‌-ലൊറെയിനും തന്റെ സാമ്രാജ്യത്തില്‍ ലയിപ്പിക്കണമെന്നുമുള്ള മോഹം രാജ്ഞിയെ ഗ്രസിച്ചു. ഇതില്‍ പരിഭ്രാന്തിപൂണ്ട ഫ്രാന്‍സ്‌ ഫ്രഡറിക്കിനെ വീണ്ടും യുദ്ധരംഗത്തിറക്കുവാന്‍ പരിശ്രമിച്ചു. ഫ്രഡറിക്‌ ആദ്യം ഇതില്‍ പരാങ്‌മുഖനായിരുന്നുവെങ്കിലും ആസ്റ്റ്രിയയുടെ അനുക്രമം വര്‍ധിച്ചുവരുന്ന ശക്തി അപകടകരമാണെന്നു മനസ്സിലാക്കി 1744 ആഗ. 15-ന്‌ വീണ്ടും യുദ്ധത്തിനു പുറപ്പെട്ടു. അദ്ദേഹത്തിന്റെ 80,000 ഭടന്‍മാരടങ്ങിയ സൈന്യം സാക്‌സണിയില്‍ക്കൂടി ബൊഹീമിയയെ ആക്രമിച്ച്‌ തലസ്ഥാനമായ പ്രാഗ്‌നഗരം പിടിച്ചടക്കി; എന്നാല്‍ ഈ അവസരത്തില്‍ ഫ്രാന്‍സ്‌ പ്രഷ്യയെ കൈവെടിഞ്ഞതുമൂലം ഫ്രഡറിക്കിന്‌ സാക്‌സണിയിലേക്ക്‌ പിന്തിരിയേണ്ടിവന്നു. 1745 ജനു. 8-ന്‌ ആസ്റ്റ്രിയയും സാക്‌സണിയും ഇംഗ്ലണ്ടും ഹോളണ്ടും തമ്മില്‍ പ്രഷ്യക്കെതിരായി ഒരു സഖ്യമുണ്ടാക്കി. ഫ്രഞ്ചുകാരും ബവേറിയരും കൂടി മ്യൂണിക്ക്‌നഗരം വീണ്ടെടുത്തു. 1745 ജനു. 20-ന്‌ ബവേറിയയിലെ ചാള്‍സ്‌ ഢകക ചരമം പ്രാപിച്ചു. അദ്ദേഹത്തിന്റെ പുത്രനായ മാക്‌സെമിലിയന്‍ ജോസഫ്‌ 1745 ഏ. 22-ന്‌ ആസ്റ്റ്രിയയുമായി സന്ധിയായി. അതനുസരിച്ച്‌ ബവേറിയന്‍ ഭരണാധിപതി ആസ്റ്റ്രിയന്‍ സിംഹാസനത്തിനുള്ള അവകാശം ഉപേക്ഷിക്കുകയും ആസ്റ്റ്രിയ ബവേറിയന്‍ സാമ്രാജ്യത്തില്‍നിന്ന്‌ പിടിച്ചടക്കിയ പ്രദേശങ്ങള്‍ മടക്കിക്കൊടുക്കുകയും ചെയ്‌തു. 1745 മേയ്‌ 11-ന്‌ ഫ്രഞ്ചുസൈന്യം ഫോണ്‍ടെനോയ്‌ എന്ന സ്ഥലത്തുവച്ച്‌ ബ്രിട്ടീഷ്‌ സൈന്യത്തെ തോല്‌പിച്ചതിനാല്‍ ആസ്റ്റ്രിയന്‍ കക്ഷിക്ക്‌ ക്ഷീണം സംഭവിച്ചു. 1745 ജൂണ്‍ 4-ന്‌ സൈലീഷ്യയില്‍ ഹോവന്‍ ഫ്രീദ്‌ബെര്‍ഗ്‌ എന്ന സ്ഥലത്തുവച്ച്‌ പ്രഷ്യന്‍സൈന്യം ആസ്റ്റ്രിയന്‍-സാക്‌സണ്‍ സൈന്യങ്ങളെ തോല്‌പിച്ചു.

ഇതിനിടയില്‍ ബ്രിട്ടന്‍ 1745 ആഗ. 26-ന്‌ പ്രഷ്യയുമായി സന്ധിയായി. സെപ്‌. 30-ന്‌ പ്രഷ്യന്‍സൈന്യം വടക്കുകിഴക്കന്‍ ബൊഹീമിയയില്‍ സൂര്‍ എന്ന സ്ഥലത്തുവച്ച്‌ ആസ്റ്റ്രിയയെ വീണ്ടും തോല്‌പിച്ചു. മറ്റൊരു പ്രഷ്യന്‍ സൈന്യം സാക്‌സണിയിലേക്ക്‌ പ്രവേശിച്ച്‌ ഡ്രസ്‌ഡന്‍ നഗരത്തെ സംരക്ഷിച്ചിരുന്ന സൈന്യത്തെ പരാജയപ്പെടുത്തി. ഫ്രഡറിക്‌ ഡ്രസ്‌ഡനില്‍ എത്തി സാക്‌സണിയുടെ ഭരണാധിപതിയായ അഗസ്റ്റസുമായി ഉദാരമായ വ്യവസ്ഥകളില്‍ സന്ധിചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. സൈലീഷ്യയുടെമേല്‍ ഫ്രഡറിക്കിന്റെ ആധിപത്യം അംഗീകരിക്കുകയും മറിയാ തെറീസായ്‌ക്ക്‌ സഹായം നല്‌കുന്നത്‌ നിര്‍ത്തലാക്കുകയും ചെയ്യാന്‍ അഗസ്റ്റസ്‌ സമ്മതിച്ചു. ഇംഗ്ലണ്ടും സാക്‌സണിയും കൈവെടിഞ്ഞതിനാല്‍ മറിയാ തെറീസ പ്രഷ്യയുമായി സന്ധിസംഭാഷണത്തിനു തയ്യാറായി. 1745 ഡി. 25-ന്‌ പ്രഷ്യയും ആസ്റ്റ്രിയയും തമ്മില്‍ ഡ്രസ്‌ഡന്‍ സന്ധിയില്‍ ഒപ്പുവച്ചു. അതിലെ വ്യവസ്ഥകളനുസരിച്ച്‌ പില്‌ക്കാലത്ത്‌ "ആസ്റ്റ്രിയന്‍ സൈലീഷ്യ' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ചെറുപ്രദേശം ഒഴിച്ചുള്ള സൈലീഷ്യയും ഗ്ലാറ്റ്‌സ്‌ എന്ന കൗണ്ടിയും പ്രഷ്യയ്‌ക്കു വിട്ടുകൊടുത്തു. ഫ്രഡറിക്‌, മറിയാതെറീസയുടെ ഭര്‍ത്താവായ ഫ്രാന്‍സിസ്‌ സ്റ്റീഫനെ അംഗീകരിച്ചു. അങ്ങനെ പ്രഷ്യയും ആസ്റ്റ്രിയയും തമ്മിലുള്ള നീണ്ട സമരം അവസാനിച്ചു.

പ്രത്യാഘാതങ്ങള്‍. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ഇന്ത്യയിലും അമേരിക്കയിലും നാവികസംഘട്ടനങ്ങള്‍ നടന്നു. ഇതില്‍ ഇരുകൂട്ടര്‍ക്കും മാറിമാറി ജയാപജയങ്ങളുണ്ടായി. ഇറ്റലിയില്‍ സ്‌പെയിനും ഫ്രാന്‍സും ആസ്റ്റ്രിയയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിന്റെ അനുഭവവും ഇതുതന്നെയായിരുന്നു. 1748 ഒ.-ലെ എയ്‌ലാഷ്‌ഫേല്‍ കരാറാണ്‌ ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശ യുദ്ധത്തിനു വിരാമമിട്ടത്‌. എട്ടുകൊല്ലം നീണ്ടുനിന്ന സമരത്തിന്റെ ഫലമായി തളര്‍ന്നുപോയിരുന്ന ഇരുഭാഗക്കാരും സന്ധിക്ക്‌ സന്നദ്ധരായിരുന്നതുകൊണ്ടാണ്‌ യുദ്ധം അവസാനിച്ചത്‌. ഇരുഭാഗക്കാരും പിടിച്ചടക്കിയ രാജ്യങ്ങള്‍ മടക്കികൊടുക്കണമെന്നും സൈലീഷ്യ പ്രഷ്യയ്‌ക്ക്‌ സ്ഥിരമായി വിട്ടുകൊടുക്കണമെന്നും ആസ്റ്റ്രിയയെ സംബന്ധിച്ചിടത്തോളം "പ്രാഗ്മാറ്റിക്ക്‌ സാങ്‌ക്ഷന്‍' എല്ലാ കക്ഷികളും അംഗീകരിക്കണമെന്നും ഹനോവര്‍ രാജവംശത്തിന്‌ ബ്രിട്ടന്റെമേലുള്ള ഭരണാവകാശം നിലനില്‌ക്കണമെന്നുമായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍.

ഈ പിന്തുടര്‍ച്ചാവകാശയുദ്ധത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചത്‌ ആസ്റ്റ്രിയ തന്നെയാണ്‌. സൈലീഷ്യ നഷ്‌ടപ്പെട്ടതില്‍ മറിയാ തെറീസാ രാജ്ഞിക്കുണ്ടായ കടുത്ത നിരാശ പ്രഷ്യയോട്‌ പ്രതികാരം ചെയ്യാനുള്ള പ്രരണ നല്‌കി. ഇത്‌ പ്രഷ്യയും ആസ്റ്റ്രിയയും തമ്മിലുള്ള അനന്തര സംഘട്ടനത്തിന്‌ കളമൊരുക്കി. 1756-ല്‍ പൊട്ടിപ്പുറപ്പെട്ട സപ്‌തവത്സരയുദ്ധ(seven years' war)ത്തിന്റെ ഒരു മുന്നോടിയായിരുന്നു ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചവകാശയുദ്ധമെന്നു പറയാം. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ കച്ചവടത്തിനും കോളനികള്‍ക്കുംവേണ്ടി നടന്നുപോന്ന മത്സരവും ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശയുദ്ധത്തിന്റെ ഫലമായി രൂക്ഷതരമായി. സപ്‌തവത്സരയുദ്ധത്തില്‍ ഇത്‌ തികച്ചും പ്രകടമായി. നോ: സപ്‌തവത്സരയുദ്ധം

(പ്രാഫ. പി.എസ്‌. വേലായുധന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍