This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രാ-ഏഷ്യാറ്റിക്‌ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റ്രാ-ഏഷ്യാറ്റിക്‌ ഭാഷകള്‍

Austro-Asiatic Languages

മഡഗാസ്‌കർ (ആധുനിക മലഗാസി റിപ്പബ്ലിക്ക്‌) മുതൽ ഹിമാലയപർവതപ്രദേശങ്ങള്‍ വരെയും, ന്യൂസീലന്‍ഡ്‌ മുതൽ ഈസ്റ്റർ ദ്വീപു വരെയും വ്യാപിച്ചുകിടക്കുന്ന പല സ്ഥലങ്ങളിലും വ്യവഹാരത്തിലിരിക്കുന്ന ആസ്റ്റ്രിക്‌ ഗോത്രത്തിലെ ഒരു താവഴിയിലുള്‍പ്പെട്ടതെന്ന്‌ ഭാഷാപണ്ഡിതനായ വില്യം ഷ്‌മിഡ്‌റ്റ്‌ 1906-ൽ നിർണയിച്ച ഭാഷകള്‍. വാഗർഥസാജാത്യങ്ങള്‍കൊണ്ടും വ്യാകരണസവിശേഷതകള്‍കൊണ്ടും ആസ്റ്റ്രാ-ഏഷ്യാറ്റിക്‌ ഭാഷാകുടുംബത്തെ മലയോ-പോളിനേഷ്യന്‍, ജാപ്പനീസ്‌, ഇന്തോ-ചൈനീസ്‌, അമേരിന്ത്യന്‍, ആസ്റ്റ്രലിയന്‍, സുമേരിയന്‍ തുടങ്ങിയ വിഭിന്നഭാഷാശാഖകളുമായി ബന്ധപ്പെടുത്താനുള്ള പല പണ്ഡിതന്മാരുടെയും ശ്രമങ്ങള്‍ അനവസാനമായി തുടരുന്നതേയുള്ളൂ. ഇത്രമേൽ ദൂരവ്യാപകമായ സാദൃശ്യസ്ഥാപനങ്ങളെ തോമസ്‌ സെബ്യൂക്‌, പോള്‍ ബനഡിക്‌റ്റ്‌ തുടങ്ങിയ ഭാഷാശാസ്‌ത്രജ്ഞന്മാർ 1942-ൽത്തന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്‌.

ആസ്റ്റ്രാ-ഏഷ്യാറ്റിക്‌ കുടുംബം എന്ന്‌ നിർവചനം ചെയ്‌തിട്ടുള്ള ഭാഷാവലയംതന്നെ അതീവവ്യാപകമായ ഒരു ഭൂവിഭാഗത്തെ ആശ്ലേഷിക്കുന്നു എന്നാണ്‌ ആധുനികപണ്ഡിതന്മാരുടെ മതം. പടിഞ്ഞാറ്‌ ഇന്ത്യയിലെ ഛോട്ടാനാഗപ്പൂർ പ്രദേശത്തുള്ള കുർക്കുമുതൽ കിഴക്കന്‍ ഏഷ്യയിലെ മോണ്‍-ഖെമ്‌ർ ശാഖയിൽപ്പെട്ട ബാഹ്നാർവരെ ഈ കുടുംബത്തിൽ ഉള്‍പ്പെടുമെന്ന്‌ ചിലർ വാദിക്കുന്നു; തെക്ക്‌ മലയാ ഉപദ്വീപിലെ സെമാംഗ്‌, സാകി എന്നീ ഭാഷകളും വടക്ക്‌ ഭാസി-സാൽവീന്‍സമതടങ്ങളിലെ പലൗഗും ആണ്‌ ഈ കുടുംബത്തിന്റെ മറ്റ്‌ രണ്ട്‌ അതിർത്തികള്‍. ആസ്റ്റ്രാ-ഏഷ്യാറ്റിക്‌ ഭാഷാകുടുംബത്തിന്റെ തായ്‌വഴികളും നിർണയിക്കപ്പെട്ടിട്ടുണ്ട്‌; അവയ്‌ക്ക്‌ പല ഉപവിഭാഗങ്ങളുണ്ട്‌:

1. മോണ്‍-ഖെമ്‌ർ: (i) മോണ്‍-ഖെമ്‌റിന്റെ തനിരൂപം; (ii) ചാം, ജാരായ്‌, റാഡെ, സെഡാംഗ്‌ എന്നീ ഇന്തോനേഷ്യന്‍ ഭാഷകള്‍; (iii) മലയാ ഉപദ്വീപിലെ ഭാഷകള്‍; (iv) നികോബാരീസ്‌; (v) സലോവന്‍സമതടത്തിലെ ഭാഷകള്‍; (vi) ഖാസി. 2. ഹിമാലയപ്രദേശങ്ങളിലെയും ഛോട്ടാനാഗപ്പൂരിലെയും മുണ്ഡാഭാഷകള്‍. 3. അന്നാം-മുവോംഗ്‌ (തായ്‌ലന്‍ഡ്‌). ഈ ഭാഷാഗോത്രത്തിന്റെ ഉത്‌പത്തിവികാസങ്ങളെ സംബന്ധിക്കുന്ന ചരിത്രത്തെപ്പറ്റി അവസാനവാക്ക്‌ ഇതുവരെ പറയപ്പെട്ടിട്ടില്ല. നോ: അമേരിന്ത്യന്‍ ഭാഷകള്‍; ആസ്റ്റ്രലിയന്‍ ഭാഷകള്‍; ഇന്ത്യോ-ചൈനീസ്‌ സാഹിത്യം; ജാപ്പനീസ്‌ ഭാഷ; മലയോ-പോളിനേഷ്യന്‍ ഭാഷകള്‍; മോണ്‍-ഖെമ്‌ർ ഭാഷകള്‍; മുണ്ഡാഭാഷ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍