This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റന്‍, ജെയിന്‍ (1775 - 1817)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റന്‍, ജെയിന്‍ (1775 - 1817)

Austen, Jane

ഇംഗ്ലീഷ്‌ നോവലിസ്റ്റ്‌. പാരമ്പര്യമായി ക്രസ്‌തവപൗരോഹിത്യം സ്വീകരിച്ചിരുന്ന ഒരു കുടുംബത്തിൽ വൈദികദമ്പതികളുടെ രണ്ടാമത്തെ പുത്രിയായി ജെയിന്‍ 1775 ഡി. 16-ന്‌ സ്റ്റീവന്‍ടണ്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. 26 വയസ്സുവരെ ഈ സ്ഥലത്തും പിന്നീട്‌ കുടംബാംഗങ്ങളുമൊത്ത്‌ ചാവ്‌ടണ്‍ എന്ന പ്രദേശത്തും ജീവിച്ചിരുന്ന ജെയിന്‍ ഏതെങ്കിലും പൊതുക്കാര്യങ്ങളിലേർപ്പെടുകയോ വ്യാപകമായ പര്യടനങ്ങള്‍ നടത്തുകയോ ഉണ്ടായിട്ടില്ല. രോഗബാധിതയായിത്തീർന്നതോടെ അവർ 1817-ൽ വിന്‍ചെസ്റ്ററിൽ ചികിത്സയ്‌ക്കായി പോവുകയും അവിടെ വച്ച്‌ അക്കൊല്ലം ജൂലായ്‌ 18-ന്‌ അന്തരിക്കുകയും ചെയ്‌തു. ഫ്രഞ്ച്‌ വിപ്ലവവും നെപ്പോളിയന്റെ മഹായുദ്ധങ്ങളും യൂറോപ്പാകെ അഴിച്ചുവിട്ട സംഭ്രമജനകമായ അവ്യവസ്ഥിതികളുടെ ആഘാതമൊന്നും ഏല്‌ക്കാതെ തികച്ചും തന്റെ ഗ്രാമാന്തരീക്ഷത്തിൽ കഴിഞ്ഞുകൂടിയ ജെയിനിനു ബഹിർലോകത്തെപ്പറ്റിയുള്ള പ്രത്യക്ഷാനുഭവങ്ങള്‍ പരിമിതമായിരുന്നു; ജീവിതകാലം മുഴുവന്‍ അവർ അവിവാഹിതയായി കഴിഞ്ഞുകൂടുകയാണുണ്ടായത്‌.

കൃതികള്‍. കേവലം ബാലികയായിരുന്ന കാലം മുതൽ ജെയിന്‍ സാഹിത്യരചനയിൽ മുഴുകിയിരുന്നെങ്കിലും തന്റെ കൃതികളേതെങ്കിലും പൂർണരൂപത്തിൽ മുദ്രണം ചെയ്‌തുകാണാനുള്ള ഭാഗ്യം ലഭിക്കാതെയാണ്‌ അവർ അന്ത്യശ്വാസം വലിച്ചത്‌. ജീവിച്ചിരുന്നപ്പോള്‍ സർ. വാള്‍ട്ടർ സ്‌കോട്‌ തുടങ്ങിയ ചില അതികായന്മാരുടെ പ്രശംസയ്‌ക്കും പ്രാത്സാഹനത്തിനും ജെയിന്‍ പാത്രമായിരുന്നെങ്കിലും, ഇംഗ്ലീഷ്‌ സാഹിത്യത്തിലുള്ള അവരുടെ സ്ഥാനം സുരക്ഷിതമായി സ്ഥാപിതമായത്‌ അവരുടെ മരണം കഴിഞ്ഞ്‌ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ അവസാനിക്കാറായ കാലത്താണ്‌. 1910-ൽ ഇ.വി. ലൂകാസും അതിനടുത്തകൊല്ലം എ.ഡി. ബ്രാഡ്‌ലിയും വിസ്‌മൃത പ്രായമായിക്കിടന്ന അവരുടെ നോവലുകളുടെ പുതിയ പതിപ്പുകള്‍ പുറത്തുകൊണ്ടുവന്നതോടുകൂടി അവ ഇംഗ്ലീഷ്‌ ക്ലാസ്സിക്കുകള്‍ എന്ന നിലയ്‌ക്കു സാർവത്രികമായ അംഗീകാരം നേടി. ജെയിന്‍ ആസ്റ്റന്റെ ആദ്യനോവലായ നോർത്താന്‍ജർ ആബീ (Northanger Abbey, 1818) അക്കാലത്തെ ആഖ്യായികാരചനകളെ പരിഹസിച്ചുകൊണ്ടുള്ള ഒരു വെല്ലുവിളിയായിരുന്നു. അന്നത്തെ റൊമാന്റിക്‌ നോവലുകളുടെ പ്രചാരത്തിനെതിരായി രചിക്കപ്പെട്ട ഈ കൃതി ഇംഗ്ലണ്ടിലെ ഇടത്തരക്കാരുടെ ജീവിതത്തിന്റെ യഥാതഥവും വിനോദരസപ്രധാനവുമായ ഒരു ചിത്രീകരണമാണ്‌. സെന്‍സ്‌ ആന്‍ഡ്‌ സെന്‍സിബിലിറ്റി (Sense and Sensibility) 1811-ലും അവരുടെ ഏറ്റവും വിശിഷ്‌ടകൃതിയെന്ന്‌ സമ്മാനിതമായിരിക്കുന്ന പ്രഡ്‌ ആന്‍ഡ്‌ പ്രിജൂഡിസ്‌ (Pride and Prejudice)1813-ലും രചിതമായി; പക്ഷേ, ഇവയുടെ അദിമചട്ടക്കൂടുകള്‍ കഥകളുടെയോ നാടകങ്ങളുടെയോ രൂപത്തിൽ 25 വയസ്സിന്‌ മുമ്പുതന്നെ അവർ കൈയെഴുത്തുപ്രതികളായി തയ്യാറാക്കിയിരുന്നതായി പറയപ്പെടുന്നു. മാന്‍സ്‌ഫീൽഡ്‌ പാർക്‌ (Mans field Park, 1814), എമ്മ (Emma, 1816), പെഴ്‌സ്വേഷന്‍ (Persuasion, 1818) എന്നിവയാണ്‌ ജെയിനിന്റെ മറ്റു നോവലുകള്‍; അവരുടെ അവസാനത്തെ കൃതിയായ സാന്‍ഡീറ്റണ്‍ (Sanditon, 1817) അപൂർണമായി അവശേഷിക്കുന്നതേ ഉള്ളൂ.

പ്രഡ്‌ ആന്‍ഡ്‌ പ്രിജൂഡീസ്‌ ആണ്‌ ജെയിന്‍ ആസ്റ്റന്റെ ഏറ്റവും ഉൽകൃഷ്‌ടകൃതിയായി പരിഗണിക്കപ്പെട്ടുവരുന്നത്‌. ഗ്രാമാന്തരീക്ഷത്തിൽ വളരുന്ന ഒരു വൈദികന്റെ പുത്രിയെ കേന്ദ്രബിന്ദുവാക്കി നെയ്‌തെടുക്കപ്പെട്ടിട്ടുള്ള ഈ നോവലിൽ നാട്ടുപ്രമാണിമാരുടെ വിഡ്‌ഢിത്തങ്ങളും അസംബന്ധങ്ങളും ചാഞ്ചല്യങ്ങളും എല്ലാം സരസമായി വർണിക്കപ്പെട്ടിരിക്കുന്നു. ക്രമേണ പിരിമുറുക്കം കൈവരുന്ന കഥാതന്തു സ്വാഭാവികമായ ഉച്ചകോടിയിലെത്തുന്നതോടുകൂടി മിക്ക കഥാപാത്രങ്ങളും അതുവരെ പ്രത്യക്ഷമായിക്കണ്ട "ഞാനെന്നഭാവ'ങ്ങളും മുന്‍വിധികളും തെറ്റിദ്ധാരണകളും തിരോഭവിച്ച്‌ തികച്ചും ശുഭാന്തമായ ഒരു മാനുഷികാഖ്യാനമായി രൂപംകൊള്ളുന്നു. അതിലോലമായ സൂക്ഷ്‌മഭാവങ്ങളെ ആസ്വാദ്യരമണീയങ്ങളായ വാക്യങ്ങളിൽ അപഗ്രഥനാങ്ങകമായി അവതരിപ്പിക്കാന്‍ ജെയിന്‍ ആസ്റ്റന്‌ ഇതിൽ കഴിഞ്ഞിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍