This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസിയാന്‍ കരാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസിയാന്‍ കരാർ

ദക്ഷിണപൂർവേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയുമായി ചേർന്ന്‌ ഇന്ത്യ ഒപ്പുവച്ച സ്വതന്ത്രവ്യാപാരകരാർ. സിംഗപ്പൂർ, തായ്‌ലന്‍ഡ്‌, മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്‌, മ്യാന്മർ, ലാവോസ്‌, ഇന്തോനേഷ്യ, കംബോഡിയ, ബ്രൂണെയ്‌ എന്നീ രാജ്യങ്ങളാണ്‌ ഈ കരാറിലുള്‍പ്പെട്ടിട്ടുള്ളത്‌. പശ്ചാത്തലം. ഇറക്കുമതിക്കുമേൽ സ്വാതന്ത്യ്രത്തിനുമുമ്പ്‌ ഇന്ത്യയ്‌ക്കു പറയത്തക്ക അധികാരമൊന്നുമുണ്ടായിരുന്നില്ല. സ്വാതന്ത്യ്രാനന്തരം സ്ഥാപിക്കപ്പെട്ട ഇറക്കുമതി നിയന്ത്രണങ്ങള്‍ സമ്മിശ്ര-സമ്പദ്‌ വ്യവസ്ഥയുടെ കാതലായിവർത്തിച്ചു. എന്നാൽ സമ്പദ്‌ഘടനയുടെ ഉദാരവത്‌കരണത്തോടെ കയറ്റിറക്കുമതി (Exim policy) നയത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമാകാന്‍ തുടങ്ങി. മൂന്ന്‌ വിധത്തിൽ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാം.

1. പ്രത്യക്ഷത്തിൽ ബാഹ്യ സമ്മർദമൊന്നുമില്ലാതെ ഇന്ത്യ ഏകപക്ഷീയമായി നടത്തുന്ന ഇറക്കുമതി. 2. ലോക വ്യാപാര സംഘടന(WTO)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചർച്ചകളുടെയും കരാറുകളുടെയും ഫലമായി അരങ്ങേറുന്നത്‌. 3. ഇന്ത്യ മറ്റ്‌ രാഷ്‌ട്രങ്ങളുമായോ, രാഷ്‌ട്രസമൂഹങ്ങളുമായോ ഏർപ്പെടുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും ചേർന്നുള്ള സ്വതന്ത്രവ്യാപാരമേഖല സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന കരാർ 2003-ൽത്തന്നെ ഒപ്പുവയ്‌ക്കപ്പെട്ടിരുന്നു. 2009 ആഗ. 13-ന്‌ ഒപ്പുവച്ചത്‌ ചരക്കു വ്യാപാരം സ്വതന്ത്രമാക്കുന്നതിനുള്ള കരാറാണ്‌. സേവന വ്യാപാരം സംബന്ധിച്ചകരാർ 2010 ജനു.1-ന്‌ നിലവിൽ വന്നു. ചരക്കു വ്യാപാരം സംബന്ധിച്ച കരാറിൽ സ്വതന്ത്രവ്യാപാര മേഖല സ്ഥാപിക്കുന്നതിനുള്ള പരിപാടിയും അതിന്റെ സമയക്രമവും വിവരിക്കുന്നുണ്ട്‌. ഒറ്റയടിക്ക്‌ ഇന്ത്യയും ആസിയാനും തമ്മിലുള്ള എല്ലാ ഉത്‌പന്നങ്ങളുടെയും വ്യാപാരം സമ്പൂർണമായി സ്വതന്ത്രമാകുകയല്ല ചെയ്യുന്നത്‌. സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുവാനുള്ള പ്രവർത്തനം പടിപടിയായാണ്‌ പുരോഗമിക്കുക. പക്ഷേ ആത്യന്തികലക്ഷ്യം വളരെ വൈകാതെ കക്ഷികള്‍ക്കിടയിൽ സമ്പൂർണ സ്വതന്ത്രവ്യാപാരം അനുവദിക്കുന്ന ഒരു ഏകീകൃത പൊതുവിപണി സ്ഥാപിക്കുക എന്നതുതന്നെ. കരാർ വ്യവസ്ഥകള്‍. ഇന്ത്യയും ആസിയാനും തമ്മിൽ വ്യാപാരം നടക്കുന്ന ഏകദേശം നാലായിരത്തോളം ഉത്‌പന്നങ്ങളുടെ കൂട്ടത്തിൽ 90 ശതമാനത്തിന്റെയും കാര്യത്തിൽ വ്യാപാര തടസ്സങ്ങള്‍ നീക്കം ചെയ്യും. ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, രാസവസ്‌തുക്കള്‍, യന്ത്രസാമഗ്രികള്‍, തുണിത്തരങ്ങള്‍ എന്നിവ ഇതിൽപ്പെടും. എന്നാൽ സോഫ്‌റ്റ്‌വെയർ-വിവരസാങ്കേതിക വിദ്യകളെ ഈ കരാർ വ്യവസ്ഥയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്‌. 489 ഉത്‌പന്നങ്ങളെ വ്യാപാര തടസ്സങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയയിൽനിന്നും തത്‌ക്കാലം ഒഴിവാക്കിയിട്ടുണ്ട്‌. ഇതിൽപ്പെടുന്ന ഉത്‌പന്നങ്ങളുടെ ഗണത്തിന്‌ എക്‌സ്‌ക്ലൂഷന്‍ലിസ്റ്റ്‌ (ഒഴിവാക്കൽ പ്പട്ടിക) എന്ന സാങ്കേതിക നാമം നൽകിയിരിക്കുന്നു. ഇതിനെ ഋണപ്പട്ടികയെന്നോ, സംരക്ഷിതപട്ടികയെന്നോ വിളിച്ചാലും തരക്കേടില്ല. പയർ വർഗങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്‌, കാരറ്റ്‌, മുളകുകള്‍, വെളുത്തുള്ളി, നിലക്കടല, ബീന്‍സ്‌, ഉള്ളി, കോളിഫ്‌ളവർ, മാമ്പഴം, നാരങ്ങ, മുന്തിരി തുടങ്ങിയ പ്രധാന നിത്യോപയോഗ കാർഷികോത്‌പന്നങ്ങളാണ്‌ ഈ പട്ടികയിലുള്ളത്‌. ഉദാരവത്‌ക്കരണം ഉടന്‍ ആരംഭിക്കുന്ന തൊച്ചൂറ്‌ ശതമാനം ഉത്‌പന്നങ്ങളുടെയും കാര്യത്തിൽ മൂന്ന്‌ വ്യത്യസ്‌ത സമീപനങ്ങളാണ്‌ കരാറിലുള്ളത്‌. ആദ്യത്തേത്‌ നോർമൽ ട്രാക്കാണ്‌. 80 ശതമാനം ഉത്‌പന്നങ്ങളും ഈ ഗണത്തിൽപ്പെടും. ഇവയുടെ കാര്യത്തിൽ പൂർണമായും ഇറക്കുമതി നിയന്ത്രണങ്ങള്‍ നിർമാർജനം ചെയ്യണം. 2007 ജൂല. ഒന്നാം തീയതി നിലവിലുണ്ടായിരുന്ന അടിസ്ഥാന നിരക്കുകളെയാണ്‌ പടിപടിയായി കുറച്ച്‌ പിന്നീട്‌ പൂർണമായും ഒഴിവാക്കുന്നത്‌. ഇതിൽ മഹാഭൂരിപക്ഷത്തിന്റെയും കാര്യത്തിൽ ഇന്ത്യയിലെ ചുങ്കനിരക്കുകള്‍ 2013 ഡി. 31-ാം തീയതിക്കുമുമ്പ്‌ പൂജ്യത്തിലേക്ക്‌ എത്തിക്കണം. വളരെ അപൂർവം ഉത്‌പന്നങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും ഫിലിപ്പൈന്‍സിൽ നിന്നുള്ള ഇറക്കുമതിയുടെ കാര്യത്തിൽ 2019 വരെ സാവകാശം കിട്ടും.

രണ്ടാമത്തേത്‌ സെന്‍സിറ്റീവ്‌ ഉത്‌പന്നങ്ങളുടെ ട്രാക്കാണ്‌. ഇതിൽ ഏകദേശം 10 ശതമാനം ഉത്‌പന്നങ്ങളാണ്‌ പെടുന്നത്‌. ഇവയുടെ കാര്യത്തിൽ ചുങ്കം പൂർണമായും ഒഴിവാക്കേണ്ടതില്ല. പകരം നിശ്ചിത കാലയളവിനുള്ളിൽ അഞ്ച്‌ ശതമാനം വെട്ടികുറയ്‌ക്കണം എന്നാണ്‌ വ്യവസ്ഥ. ബഹുഭൂരിപക്ഷം ഉത്‌പന്നങ്ങളുടെ കാര്യത്തിലും അഞ്ച്‌ ശതമാനം എന്ന നിരക്കിലേക്കുള്ള ഈ വെട്ടിക്കുറയ്‌ക്കൽ 2016-ന്‌ മുമ്പ്‌ പൂർത്തികരിക്കണം. ഒരു ചെറിയ ശതമാനം ഉത്‌പന്നങ്ങളെ പ്രത്യേക പരിഗണന (Highly Sensitive) പട്ടികയിൽ ഉള്‍പ്പെടുത്തി തുടക്കത്തിൽത്തന്നെ പ്രഖ്യാപിക്കാന്‍ അംഗരാജ്യങ്ങളെ ആസിയാന്‍ കരാർ അനുവദിക്കുന്നുണ്ട്‌. ഈ ഉത്‌പന്നങ്ങളുടെ കാര്യത്തിലും ഇറക്കുമതിച്ചുങ്കം ക്രമാനുഗതമായി വെട്ടിച്ചുരുക്കാന്‍ അംഗരാജ്യങ്ങള്‍ ബാധ്യസ്ഥരാണ്‌.

മൂന്നാമത്തേത്‌, പ്രത്യേകപട്ടിക(Special List)യോണ്‌. തേയില, കാപ്പി, കുരുമുളക്‌, പാംഓയിൽ, അസംസ്‌കൃത റബ്ബർ, മത്സ്യവിഭവങ്ങള്‍ എന്നീ ഉല്‌പന്നങ്ങളാണ്‌ ഈ ലിസ്റ്റിലുള്ളത്‌. ഇവിടെയാണ്‌ കേരളത്തിലെ കർഷകരുടെ ഉത്‌കണ്‌ഠ. ആസിയാന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പാമോയിൽ, തേയില, കാപ്പി, കുരുമുളക്‌ എന്നിവയുടെ ഇന്ത്യന്‍ വിപണിയാണ്‌ ഈ കരാർ കൊണ്ട്‌ അവർ കാണുന്ന ഏറ്റവും പ്രധാന നേട്ടം. കരാർ നിലവിൽ വന്നിട്ടും നെഗറ്റീവ്‌ പട്ടികയിൽ അവ്യക്തത നിലനിൽക്കുകയാണ്‌. റമ്പറിനെ നെഗറ്റീവ്‌ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്രിമ റമ്പർ എന്നറിയപ്പെടുന്ന സിന്തറ്റിക്‌ റമ്പർ ആ പട്ടികയിൽ ഇല്ല. ടയർ അടക്കമുള്ള റമ്പർ ഉത്‌പന്നങ്ങളുടെ പ്രധാന അസംസ്‌കൃത വസ്‌തുവാണ്‌ സിന്തറ്റിക്‌ റമ്പർ. നിലവിൽ 28 ശതമാനമാണ്‌ സിന്തറ്റിക്‌ റമ്പറിന്റെ ഇറക്കുമതി തീരുവ. അത്‌ പൂർണമായി ഒഴിവാക്കാപ്പെട്ടാൽ ഇന്ത്യന്‍ വിപണയിലേക്ക്‌ സിന്തറ്റിക്‌ റമ്പറിന്റെ കുത്തൊഴുക്കുണ്ടാകും. 117 ഇനങ്ങളാണ്‌ നെഗറ്റീവ്‌ ലിസ്റ്റിൽ ഉള്‍പ്പെടുത്തണമെന്ന്‌ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്‌. പ്രത്യാശയും പ്രത്യാഘാതങ്ങളും. ആസിയാന്‍ രാജ്യങ്ങളുമായുള്ള പുതിയ ഉടമ്പടിക്ക്‌ രാഷ്‌ട്രതന്ത്രപരമായ വലിയ പ്രാധാന്യമുണ്ടെന്നും പൂർവേഷ്യന്‍ മേഖലയിൽ വളർന്നുവരുന്ന ചൈനീസ്‌ സ്വാധീനത്തിന്‌ തടയിടാന്‍ ഇത്‌ അനിവാര്യമാണെന്നും ഇന്ത്യയുടെ വ്യാവസായിക മേഖലയ്‌ക്കും സേവനമേഖലയ്‌ക്കും ഇത്‌ വലിയ ഉത്തേജകമാകും എന്നുമാണ്‌ പ്രത്യാശാപൂർവമായ സർക്കാർ വാദം. ഇതിന്‌ ഉപോദ്‌ബലകമായി, ലോകരാജ്യങ്ങള്‍ മുഴുവന്‍ സ്വതന്ത്രവ്യാപാരത്തിന്റെയും തുറന്ന മത്സരത്തിന്റെയും പാതയിൽ നീങ്ങുമ്പോള്‍ നമ്മള്‍മാത്രം സംരക്ഷണഭിത്തിയുടെ പിന്നിലേക്ക്‌ ഓടിയൊളിക്കുന്നത്‌ ശരിയാണോ, ഉത്‌പാദനക്ഷമത ഉയർത്തി മത്സരത്തിൽ ജയിക്കുകയല്ലേ വേണ്ടത്‌ എന്നീ ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്‌.

ഇതിന്റെ മറുവാദമായി ചർച്ചചെയ്യപ്പെടുന്നത്‌ ഇതാണ്‌: പുറംലോകവുമായുള്ള ബന്ധങ്ങള്‍ ആരോഗ്യപരമായി വളർത്തിക്കൊണ്ട്‌ മുന്നേറുകതന്നെയാണ്‌ വേണ്ടത്‌. അതിന്‌ പക്ഷേ, പുറംലോകത്തേക്ക്‌ അഥവാ ലോക കമ്പോളത്തിലേക്ക്‌ കച്ചുമടച്ച്‌ എടുത്ത്‌ ചാടുകയല്ലവേണ്ടത്‌. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെപ്പോലെയോ അതിലധികമോ സങ്കീർണമാണ്‌ അവ തമ്മിലുള്ള വ്യാപാര വാണിജ്യബന്ധങ്ങള്‍. കൃഷി-അനുബന്ധ മേഖലകള്‍ ഉദാരവത്‌കരണത്തിന്റെ യുക്തിക്ക്‌ വഴങ്ങില്ല എന്നുതന്നെയാണ്‌ സാർവദേശീയ വ്യാപാരത്തിന്റെ ചരിത്രവും ഇതുസംബന്ധിച്ച സാമ്പത്തികശാസ്‌ത്ര സിദ്ധാന്തങ്ങളും നല്‌കുന്ന പാഠം വികസിത രാജ്യങ്ങള്‍ ഇപ്പോഴും കൃഷി അനുബന്ധ മേഖലയ്‌ക്കു നൽകി വരുന്ന സംരക്ഷണങ്ങള്‍ ഇതിന്‌ തെളിവാണ്‌.

ഓരോ രാജ്യവും അവയ്‌ക്കു മുന്‍തൂക്കമുള്ള ഉത്‌പന്നങ്ങള്‍ക്ക്‌ വിപണിതേടുന്നതാണ്‌ വാണിജ്യക്കരാറുകളുടെ പ്രധാന അന്തഃസത്ത. ശക്തന്‍ എപ്പോഴും ദുർബലന്റെമേൽ ആധിപത്യമുറപ്പിക്കുന്ന ഏർപ്പാട്‌ തന്നെയാണ്‌ വാണിജ്യക്കരാറുകളുടെയും മുഖമുദ്ര. സ്വതന്ത്രവ്യാപാരം അല്ലെങ്കിൽ ഫ്രീ ട്രഡ്‌ എന്ന പ്രയോഗത്തിന്റെ മറവിലും നടക്കുന്നത്‌ ഇതുതന്നെയാണ്‌. ആസിയാന്‍ രാജ്യങ്ങളിലെ ഏതുതരം ഉത്‌പന്നങ്ങള്‍ക്കുള്ള വിപണികളാണ്‌ ഇന്ത്യയുടെ ലക്ഷ്യം; പകരം ആസിയാന്‍ രാജ്യങ്ങള്‍ ഇന്ത്യയിൽ ലക്ഷ്യമാക്കുന്നത്‌ ഏതു വിപണികളെയാണ്‌: ഇത്‌ ഈ രാജ്യങ്ങളിലെ ജനതകളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍