This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസാദ്‌, അബുൽ കലാം (1888 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസാദ്‌, അബുൽ കലാം (1888 - 1958)

ഇന്ത്യന്‍ ദേശീയനേതാവ്‌; അറബി-പേഴ്‌സ്യന്‍-ഉറുദു പണ്ഡിതന്‍, എഴുത്തുകാരന്‍, വാഗ്മി, വിദ്യാഭ്യാസചിന്തകന്‍, ദാർശനികന്‍ എന്നീ നിലകളിൽ ഭാരതീയരുടെ ഇടയിൽ സമുന്നതസ്ഥാനത്തിന്‌ അർഹനായ ആസാദ്‌ "മൗലാനാ' എന്ന ബിരുദനാമത്തോടുകൂടി അറിയപ്പെടുന്നു. ആധുനിക രാഷ്‌ട്രീയനേതൃത്വത്തിന്റെ അവിഭാജ്യഘടകമായി അറിയപ്പെടുന്ന കൃത്രിമ നയതന്ത്രസമീപനങ്ങളെ പുച്ഛിച്ചുതള്ളിയിരുന്ന ഈ ദേശസേവകന്‍, അചഞ്ചലങ്ങളായ ചില തത്ത്വങ്ങളെ എന്നും മുറുകെപ്പിടിച്ചിരുന്നതുകൊണ്ട്‌, സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ ഒരു അസങ്കലിത വിജയമായിരുന്നു എന്നു പറഞ്ഞുകൂടാ. രാജ്യവിഭജനകാലത്ത്‌ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദവി വഹിച്ചുകൊണ്ടിരിക്കെ ഹിന്ദു-മുസ്‌ലിം സാമുദായികവാദികളെ എമ്പാടും എതിർത്തുകൊണ്ടുവന്നിരുന്ന ആസാദിന്‌ തന്റെ മരണംവരെ ആ നിലപാട്‌ അഭംഗുരം നിലനിർത്താന്‍ സാധിച്ചു. തന്നെ താനെന്നുള്ള നിലയിൽ മാത്രം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്‌താൽ മതിയെന്നുള്ളകാര്യത്തിൽ ഇദ്ദേഹം അവസാനംവരെ ഒരു കടുംപിടിത്തക്കാരനായിരുന്നു.

ആദ്യവർഷങ്ങള്‍. മുഗള്‍ഭരണസ്ഥാപകനായ ബാബറുടെ കാലത്ത്‌ ഹീറത്തിൽ (പേഴ്‌സ്യ) നിന്നുവന്ന്‌ ആദ്യം ആഗ്രയിലും പിന്നീട്‌ ഡൽഹിയിലും താമസമുറപ്പിച്ച ഒരു കുടുംബത്തിലാണ്‌ അബുൽകലാം ജനിച്ചത്‌. അദ്ദേഹത്തിന്റെ പൂർവികന്മാർ മുഗള്‍ചക്രവർത്തിമാരുടെ കീഴിൽ പരമ്പരയാ ആധ്യാങ്ങിക-ലൗകികകാര്യങ്ങളിൽ പല ഉന്നതപദവികളും വഹിച്ചിരുന്നു; എന്നാൽ "ശിപായിലഹള' എന്നു വിളിക്കപ്പെടുന്ന 1857-ലെ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്‌ രണ്ടുവർഷം മുമ്പ്‌ ഈ കുടുംബം മക്കയിലേക്ക്‌ താമസം മാറ്റി. 1888-ൽ അവിടെ വച്ചാണ്‌ അബുൽകലാമിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവ്‌ മൗലാനാ ഖൈറുദ്ദീനും (1831-1908) മാതാവ്‌ മദീനയിലെ മുഫ്‌തിയുടെ പുത്രിയായ ആലിയാ (? - 1899)യുമായിരുന്നു. മുസ്‌ലിം ചരിത്രത്തെ ആധാരമാക്കി പത്ത്‌ വാല്യങ്ങളുള്ള ഒരു ഗ്രന്ഥസഞ്ചിക ഈജിപ്‌തിൽനിന്ന്‌ പ്രസിദ്ധീകരിച്ച ഖൈറുദ്ദീന്‍ ഇസ്‌ലാമിക ലോകത്തിൽ പരക്കെ അറിയപ്പെട്ട ഒരു പണ്ഡിതനായിരുന്നു. ഈ ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ്‌ അബുൽകലാം. "സമുന്നതഭാഗ്യവാന്‍' എന്നർഥമുള്ള "ഫിറോസ്‌ബാഖ്‌ത്‌' എന്ന്‌ നാമകരണം ചെയ്യപ്പെട്ട ഈ കുട്ടിയെ എല്ലാവരും വിളിച്ചുവന്നത്‌ മുഹിയുദ്ദീന്‍ അഹ്‌മദ്‌ എന്നായിരുന്നു. കൗമാരം കഴിയുന്നതിനുമുമ്പുതന്നെ അബുൽകലാം ആസാദ്‌ എന്ന തൂലികാനാമത്തിൽ പത്രപങ്‌ക്‌തികളിൽ ലേഖനമെഴുതിത്തുടങ്ങിയ ഈ പ്രതിഭാശാലിയെ ലോകം അറിയുന്നത്‌ ആ പേരിൽതന്നെയാണ്‌. 1890-ൽ ആസാദിന്റെ കുടുംബം ഇന്ത്യയിലേക്കു മടങ്ങി കല്‌ക്കത്തയിൽ താമസമുറപ്പിച്ചു. വിദ്യാഭ്യാസത്തിനായി ആസാദ്‌ ഏതെങ്കിലും മദ്രസയിലോ മറ്റ്‌ അംഗീകൃതവിദ്യാലയങ്ങളിലോ പോയിട്ടില്ല. അറബി, പേർഷ്യന്‍, ഇംഗ്ലീഷ്‌, ഉറുദു തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടിയത്‌ വീട്ടിൽവന്ന്‌ പഠിപ്പിക്കുന്ന പണ്ഡിതന്മാരായ ഗുരുക്കന്മാരിൽനിന്നുമായിരുന്നു. ഇക്കാലത്ത്‌ സയ്യദ്‌ അഹമ്മദ്‌ഖാന്റെ ലേഖനങ്ങളും കൃതികളും ആസാദിന്റെ ജീവിതവീക്ഷണത്തിൽ അസാമാന്യമായ സ്വാധീനം ചെലുത്തി. 1907-ൽ ആസാദ്‌ സുലൈഖാബീഗം എന്ന യുവതിയെ വിവാഹം കഴിച്ചു. ഇദ്ദേഹം ഇറാക്‌, ഈജിപ്‌ത്‌, സിറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിക്കുകയുണ്ടായി (1908-12). മുസ്‌തഫാ കമാൽപാഷയുടെ നേതൃത്വത്തിൽ "യുവതുർക്കികള്‍' അറബിരാഷ്‌ട്രങ്ങളിൽ ആരംഭിച്ച വിപ്ലവകരമായ സാമൂഹ്യ-സാംസ്‌കാരിക പരിഷ്‌കരണനടപടികള്‍ ആസാദിനെ ആവേശംകൊള്ളിച്ചു. അലസഗതിയായി പൊയ്‌ക്കോണ്ടിരുന്ന ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെയും തികച്ചും സങ്കുചിതമെന്ന്‌ തോന്നിയ മുസ്‌ലിം സംഘടനകളുടെയും പ്രവർത്തനവിധങ്ങള്‍ ആസാദിനെ ഒട്ടും ആകർഷിച്ചില്ല. കുറേക്കാലം ശ്യാമസുന്ദർ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ബംഗാളിലെ ഭീകരവിപ്ലവകാരികളുടെ പ്രസ്ഥാനത്തിൽ ചേർന്ന്‌ പ്രവർത്തിക്കാന്‍ തീരുമാനിച്ചതായിരുന്നു ആസാദിന്റെ അന്നത്തെ മാനസികവിക്ഷോഭത്തിന്റെ പ്രത്യക്ഷഫലം.

നേതൃത്വത്തിലേക്ക്‌. ഏതാണ്ട്‌ ഈ കാലത്ത്‌ (1912 ജൂല.) മതവിദ്യാഭ്യാസം ആധുനിക ശാസ്‌ത്രീയ രീതിയിൽ പുനഃസംഘടിപ്പിക്കാനും മുസ്‌ലിങ്ങളെ പൊതുവേ "രാഷ്‌ട്രീയവത്‌കരി'ക്കുന്നതിനുമായി ആസാദ്‌ അൽ-ഹിലാൽ (ചന്ദ്രക്കല) എന്ന ഉറുദുവാരിക ആരംഭിച്ചു. ഇസ്‌ലാമികലോകത്തോട്‌ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക്‌ തോന്നുന്ന വിധേയഭാവത്തിൽ അമർഷം പ്രകടിപ്പിച്ചുകൊണ്ട്‌ അതിൽ ഇദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വലിയ കോളിളക്കമുണ്ടാക്കി. പ്രസ്‌ നിയമമനുസരിച്ച്‌ ആദ്യം ആവശ്യപ്പെട്ടിരുന്ന 2,000 രൂപയും വീണ്ടും ആവശ്യപ്പെട്ട 10,000 രൂപയും കണ്ടുകെട്ടപ്പെട്ടെങ്കിലും, ഒന്നാം ലോകയുദ്ധാരംഭത്തിൽ നിരോധിക്കപ്പെടുന്നതുവരെ ഇതിന്റെ പ്രകാശനം മുടങ്ങാതെ നടന്നു. അധികം താമസിയാതെ ആസാദിന്റെ പത്രാധിപത്യത്തിൽ കല്‌ക്കത്തയിൽനിന്ന്‌ അൽ-ബലാഘ്‌ എന്ന വാരികയുടെ പ്രസിദ്ധീകരണമാരംഭിച്ചു (1915 ന. 12). അടുത്ത വർഷം (മാ. 31) ഗവണ്‍മെന്റ്‌ ഇതിന്റെ പ്രസിദ്ധീകരണവും നിരോധിക്കുകയും ആസാദ്‌ കല്‌ക്കത്തയിൽ പ്രവേശിക്കരുതെന്ന്‌ വിലക്കുകയും ചെയ്‌തു; പഞ്ചാബ്‌, ഡൽഹി, യു.പി., ബോംബെ എന്നീ പ്രവിശ്യകളിൽ പ്രവേശിക്കരുതെന്ന്‌ നേരത്തെ നിരധോനമുണ്ടായിരുന്നതിനാൽ ഇദ്ദേഹം ബിഹാറിലെ റാഞ്ചിയിലേക്കുപോയി. അവിടെവച്ച്‌ അറസ്റ്റുചെയ്യപ്പെടുകയും അക്കൊല്ലം (1915) മുഴുവന്‍ ജയിലിൽ കഴിയുകയും ചെയ്‌തു. 1920 മുതൽ 1945-വരെ ആസാദ്‌ അനവധി പ്രാവശ്യം ജയിൽവാസമനുഭവിച്ചിട്ടുണ്ട്‌. റാഞ്ചിജയിലിൽനിന്ന്‌ വിമുക്തനായ ഉടന്‍ ഇദ്ദേഹം കല്‌ക്കത്തയിൽ കൂടിയ അഖിലേന്ത്യാ ഖിലാഫത്ത്‌ സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1923-ൽ ആദ്യമായി ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അന്നുവരെ ആ സ്ഥാനം വഹിച്ചിട്ടുള്ളവരിൽ ഏറ്റവും പ്രായംകുറഞ്ഞ ആളായിരുന്നു ആസാദ്‌. 1924-ൽ ഡൽഹിയിൽ കൂടിയ ഐക്യസമ്മേളനത്തിലും 1928-ൽ ലഖ്‌നൗവിൽ സമ്മേളിച്ച ദേശീയ മുസ്‌ലിം സമാജത്തിലും ആസാദ്‌ തന്നെയായിരുന്നു അധ്യക്ഷന്‍. 1937-ൽ കോണ്‍ഗ്രസ്‌ പാർലമെന്ററി പാർട്ടിയിൽ അംഗമായ ആസാദ്‌ 1940-ൽ വീണ്ടും കോണ്‍ഗ്രസ്‌ പ്രസിഡന്റായി. ഈ സ്ഥാനം അദ്ദേഹം 1946 വരെ വഹിച്ചു. ഇന്ത്യയുടെ സ്വാതന്ത്യ്രം സംബന്ധിച്ച്‌ ബ്രിട്ടിഷ്‌ ക്യാബിനറ്റ്‌ മിഷനുമായി നടന്ന മർമപ്രധാനമായ സകല കൂടിയാലോചനകളുടെയും നേതൃത്വം വഹിച്ചത്‌ കോണ്‍ഗ്രസ്‌ പ്രസിഡണ്ടെന്ന നിലയിൽ അബുൽ കലാം ആസാദായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിത്തീർന്ന ആസാദ്‌ ആ സ്ഥാനം 1958 ഫെ. 22-ന്‌ നിര്യാതനാകുംവരെ വഹിച്ചു.

വിദ്യാഭ്യാസമന്ത്രി. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്‌ വിദ്യാഭ്യാസച്ചുമതല സംസ്ഥാനങ്ങള്‍ക്കാണെങ്കിലും, അതിന്റെ വികസനത്തിനുള്ള ബാധ്യത സംസ്ഥാനങ്ങളോടൊപ്പം കേന്ദ്രംകൂടി വഹിക്കേണ്ടതാണെന്നുള്ളതായിരുന്നു മന്ത്രിയെന്നുള്ള നിലയിൽ ആസാദ്‌ കൈക്കൊണ്ട നിലപാട്‌. ഈ ലക്ഷ്യത്തെ മുന്‍നിർത്തി ഇദ്ദേഹം ആദ്യം "യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ കമ്മിഷ'നെയും (1948) പിന്നീട്‌ "സെക്കണ്ടറി എഡ്യൂക്കേഷന്‍ കമ്മീഷ'നെയും (1952) നിയമിച്ചു. പിന്നീട്‌ "യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്‌ രൂപം നല്‌കുന്നതിലും ഇദ്ദേഹംതന്നെയാണ്‌ മുന്‍കൈയെടുത്തത്‌. 1947-ൽ 2 കോടി രൂപയായിരുന്ന കേന്ദ്രത്തിന്റെ വിദ്യാഭ്യാസബജറ്റ്‌ അദ്ദേഹത്തിന്റെ ചരമകാലത്ത്‌ 30 കോടി രൂപയായി ഉയർന്നിരുന്നു. വിദ്യാഭ്യാസമന്ത്രിയായതിനുശേഷവും മദ്രസ്സകളിൽകൂടി വിതരണം ചെയ്യപ്പെട്ടുകൊണ്ടിരുന്ന മതവിദ്യാഭ്യാസസംരംഭങ്ങള്‍ക്ക്‌ ആധുനികവും ശാസ്‌ത്രീയവുമായ രൂപം നല്‌കേണ്ടതാണെന്ന്‌ ഇദ്ദേഹം ഉലമാമാരെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. തങ്ങളുടെ പരമ്പരാഗതമായ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ ഗവണ്‍മെന്റ്‌ ഇടപെടാനുള്ളതിന്റെ ആരംഭമാണിതെന്ന്‌ ഭയപ്പെട്ടോ, ആസാദ്‌ ഒരു പ്രത്യേകരാഷ്‌ട്രീയ കക്ഷിക്കാരനാണെന്ന പരിഗണനകൊണ്ടോ, ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അവയുടെ ശരിക്കുള്ള അർഥത്തിൽ വിലയിരുത്താന്‍ മുസ്‌ലിം ജനനേതാക്കള്‍ക്ക്‌ അന്ന്‌ കഴിയാതെ പോയി. മതവിദ്യാഭ്യാസസംബന്ധമായ തന്റെ ആശയാദർശങ്ങള്‍ക്കനുസൃതമായി നേരത്തെ, 1914-ജൂല.-ൽ, ഇദ്ദേഹം കല്‌ക്കത്തയിൽ രൂപംനല്‌കിയ ദാറുൽഇർഷാദ്‌ എന്ന സ്ഥാപനത്തിനും ഈ അനുഭവം തന്നെയാണുണ്ടായത്‌. എല്ലാ മതങ്ങളിലും സാമാന്യമായി കാണുന്ന "ദീന്‍' എന്ന അധിഷ്‌ഠാനം ഒന്നാണെന്ന്‌ കാണുകയാണ്‌ വിദ്യാഭ്യാസപുരോഗതിയുടെ ആധാരശിലയെന്ന്‌ ഖുറാനെക്കുറിച്ചുള്ള ഒരു തഫ്‌സീറിൽ ആസാദ്‌ എഴുതിയിരുന്നത്‌ അംഗീകരിപ്പിക്കുകയായിരുന്നു, ഒരു രാഷ്‌ട്രീയ നേതാവെന്നുള്ളതിനുപുറമേ, ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പരമ ലക്ഷ്യങ്ങളിലൊന്ന്‌. ഇസ്‌ലാമിക ദർശനങ്ങളെയും ഇസ്‌ലാമിക സാഹിത്യത്തെയുംകുറിച്ചുള്ള ഏതാനും ഗ്രന്ഥങ്ങള്‍ക്കുപുറമേ അബുൽകലാം ആസാദ്‌ ഉറുദുവിൽ തയ്യാറാക്കിയ കുറിപ്പുകളിൽനിന്ന്‌ ഇദ്ദേഹത്തിന്റെ പ്രവറ്റ്‌ സെക്രട്ടറിയായിരുന്ന പ്രൊഫ. ഹുമയൂണ്‍ കബീർ ഇന്ത്യ സ്വാതന്ത്യ്രം നേടുന്നു (India Wins Freedom) എന്ന പേരിൽ ഇദ്ദേഹത്തിന്റെ ആത്മകഥ ഇംഗ്ലീഷിൽ പ്രകാശിപ്പിച്ചിട്ടുണ്ട്‌ (1959).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍