This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസവം

ആയുർവേദവിധിപ്രകാരമുള്ള ഒരു ഔഷധയോഗം. "ആസുത്യക്രിയതേƒസ്‌മിന്നിത്യാസവഃ' (ആസവനം ചെയ്‌തെടുക്കുന്നത്‌) എന്നാണ്‌ ആസവം എന്ന പദത്തിന്റെ നിരുക്തി; ഇതനുസരിച്ച്‌ വാറ്റിയെടുക്കുന്ന എല്ലാ പദാർഥങ്ങളും ആസവമാണ്‌. വാറ്റിയെടുക്കുന്ന, അഥവാ പുളിപ്പിച്ചെടുക്കുന്ന, ദ്രവ്യങ്ങളെല്ലാം മദ്യവിഭാഗത്തിൽ ഉള്‍പ്പെടും. ശീഥു, സുര, വാരുണി, ശുക്തം, ചുക്രം തുടങ്ങി നിരവധി മദ്യങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്‌. ഈ മദ്യഭേദങ്ങളെ സാമാന്യമായി ആസവങ്ങള്‍ എന്നും അരിഷ്‌ടങ്ങള്‍ എന്നും രണ്ടായി വിഭജിച്ചിരുക്കുന്നു.

	"ദ്രവേഷു ചിരകാലസ്ഥം
	ദ്രവ്യം യത്‌സഞ്ചിതം ഭവേത്‌
	ആസവാരിഷ്‌ടഭേദൈസ്‌തത്‌
	പ്രാച്യതേ ഭേഷജോചിതം'
 

(ഔഷധം ദ്രവദ്രവ്യങ്ങളിൽ വളരെനാള്‍ ഇട്ടിരുന്ന്‌ അതിന്റെ വീര്യം ദ്രവത്തിൽ സന്ധിപ്പിച്ച്‌ ഔഷധയോഗ്യമാക്കിത്തീർക്കുന്നതിന്‌ ആസവമെന്നും അരിഷ്‌ടമെന്നും പേർ പറയുന്നു.) ആസവാരിഷ്‌ടഭേദം:

	"യദപക്വൗഷധാംബുഭ്യാം
	സിദ്ധം മദ്യം സ ആസവഃ
	അരിഷ്‌ടഃ ക്വഥസിദ്ധഃ സ്യാത്‌
	തയോർമാനം ജലോന്മിതം'
(ശാർങ്‌ഗധരസംഹിത)
 

എന്നിങ്ങനെയാണ്‌ ആസവാരിഷ്‌ടങ്ങള്‍ക്കു തമ്മിൽ വ്യത്യാസം കല്‌പിച്ചിട്ടുള്ളത്‌. ഔഷധങ്ങളും ജലവും കൂട്ടിച്ചേർത്ത്‌ പാകംചെയ്യാതെ വിധിപ്രകാരം ഉണ്ടാക്കിയെടുക്കുന്നത്‌ ആസവവും, മരുന്നുകള്‍ കഷായം വച്ചതിനുശേഷം അരിക്കാതെ വിധിപ്രകാരം തയ്യാറാക്കുന്നത്‌ അരിഷ്‌ടവും ആകുന്നു. എന്നാൽ ആസവാരിഷ്‌ടശബ്‌ദങ്ങളുടെ അവയവാർഥത്തെ മിക്ക ആചാര്യന്മാരും അവഗണിക്കുകയാണ്‌ പതിവ്‌. അവർ കഷായം വച്ചുണ്ടാക്കുന്ന അരിഷ്‌ടത്തെ ആസവമെന്നും ആസവവിധി പ്രകാരമുണ്ടാക്കുന്ന മദ്യത്തെ അരിഷ്‌ടമെന്നും മാറിമാറി പറയാറുണ്ട്‌; മാത്രമല്ല, അരിഷ്‌ടമെന്നോ ആസവമെന്നോ പറയുന്ന രണ്ടിനെയും ഒന്നായി ഗ്രഹിക്കാറുമുണ്ട്‌. ആസവങ്ങളും അരിഷ്‌ടങ്ങളും നിർമിക്കുമ്പോള്‍ ഓരോന്നിലും ചേർക്കേണ്ട ഔഷധാദികളുടെ അളവിനെപ്പറ്റി പ്രത്യേകനിർദേശം നല്‌കപ്പെട്ടിട്ടില്ലെങ്കിൽ അവിടെ 16 ഇടങ്ങഴി വെള്ളവും ഒരു തുലാം ശർക്കരയും ശർക്കരയിൽ പകുതി തേനും ശർക്കരയുടെ പത്തിലൊരുഭാഗം പൊടിച്ചിടേണ്ട മരുന്നുകളും ചേർക്കേണ്ടതാണ്‌.

	
        അനുക്തമാനാരിഷ്‌ടേഷു
	ദ്രവദ്രാണേ ഗുളാത്തുലാം
	ക്ഷൗദ്രം ക്ഷിപേദ്‌ഗുളാദർധം
	പ്രക്ഷേപം ദശമാംശകം
 

നിർമാണവിധി. ആസവത്തിൽ ചേർക്കേണ്ട മരുന്നുകള്‍ നന്നായി ഉണക്കിപ്പൊടിച്ചെടുക്കുക; തിളപ്പിച്ചാറിയ ജലത്തിൽ വേണ്ടമാത്രയിലുള്ള മരുന്നുപൊടിയും ശർക്കരയും ചേർത്തിളക്കി തേനുംചേർത്തു പാത്രത്തിലാക്കി അതിന്റെ വായടച്ചു കെട്ടി ശീലമണ്‍ ചെയ്‌ത്‌ കുഴിച്ചിടുക; ഒരു മാസം കഴിഞ്ഞെടുത്താൽ ഔഷധത്തിന്റെ സാരാംശങ്ങള്‍ ജലത്തിൽ ലയിച്ചിട്ടുണ്ടാവും. ആസവം അരിച്ചെടുത്ത്‌ വേറെ പാത്രത്തിലാക്കി സൂക്ഷിക്കണം. കുഴിച്ചിടാന്‍ ഉപയോഗിക്കുന്ന പാത്രം മച്ചുകൊണ്ടുനിർമിച്ചതും ചെറിയ വായ്‌വട്ടമുള്ളതും നെയ്‌പുരട്ടി മയപ്പെടുത്തിയതും ധൂപദ്രവ്യങ്ങളാൽ പുകയേല്‌പിച്ചതും ആയിരിക്കണം. അണുസംക്രമണത്തെ നിരോധിക്കാനാണ്‌ ഈ മുന്‍കരുതലുകള്‍. ഓരോ ആസവത്തിനും 5 ദിവസം മുതൽ 1 മാസം വരെ വ്യത്യസ്‌തങ്ങളായ കാലയളവ്‌ വേണ്ടിവരും. ഔഷധത്തിന്റെ സാരാംശം വെള്ളത്തിലിറങ്ങാന്‍ ഒരുമാസം ആവശ്യമാണ്‌ എന്നതാണ്‌ സാമാന്യ നിയമം. മാത്ര. ആസവാരിഷ്‌ടങ്ങള്‍ ഒരുനേരം ഒരുപലം സേവിക്കാമെന്ന്‌ ചിലർ പറയുന്നു. രോഗാവസ്ഥയ്‌ക്കനുസരണമായി ദൂഷ്യം, ദേശം, ബലം, കാലം തുടങ്ങിയവ വേണ്ടവിധം പരിഗണിച്ചശേഷം മ്പ ഔണ്‍സ്‌്‌ മുതൽ 2 ഔണ്‍സ്‌ വരെ സേവിപ്പിക്കാവുന്നതാണ്‌. രോഗമില്ലാത്തവർക്ക്‌ ജലപാനം എന്നതുപോലെ ആസവപാനവും ആകാം. "ശുദ്ധകായഃ പിബേൽ പ്രാതഃ സോപദംശം പല ദ്വയം മധ്യാഹ്നേ ദ്വിഗുണം തച്ച സ്‌നിഗ്‌ധാഹാരേണ പായയേൽ' (ശുദ്ധമായ ശരീരത്തോടുകൂടിയവന്‌ പ്രഭാതകലാത്ത്‌ രണ്ടുപലം ജലം ഉപദംശത്തോടുകൂടി പാനം ചെയ്യാം; മധ്യാഹ്നത്തിൽ സ്‌നിഗ്‌ധാഹാരത്തോടുകൂടി അതിന്റെ ഇരട്ടിയും പാനംചെയ്യാം.) ആസവയോഗങ്ങള്‍. പിപ്പല്യാസവം, പുനർന്നവാസവം, ഉശീരാസവം, ലോഹാസവം, അരവിന്ദാസവം, പത്രാംഗാസവം, കുമാര്യാസവം, ഭൃംഗരാജാസവം, കർപ്പൂരാസവം, അഹിഫേനാ സവം, കനകാസവം, കൂശ്‌മാണ്ഡാസവം, ഖർജൂരാസവം, ഗണ്ഡീരാസവം, ചന്ദനാസവം, പുഷ്‌കരമൂലാസവം, മധുകാസവം, ലവംഗാസവം, ശാരിബാദ്യാസവം, ഹരീതക്യാസവം എന്നിങ്ങനെ ആസവയോഗങ്ങള്‍ അനേകമുണ്ട്‌. ഓരോന്നിലും ചേരുന്ന പ്രധാനൗഷധം പേരുകൊണ്ട്‌ സൂചിതമായിരിക്കുന്നു. മേല്‌പറഞ്ഞയോഗങ്ങളിൽ പിപ്പലി (തിപ്പലി), പുനർന്നവം (തവിഴാമ), ഉശീരം (രാമച്ചം), ലോഹം (ഉരുക്കുഭസ്‌മം), അരവിന്ദം (താമരപ്പൂവ്‌), പത്രാംഗം (രക്തചന്ദനം), കുമാരി (കറ്റാർവാഴ), ഭൃംഗരാജം (കയ്യോന്നി), കർപ്പൂരം, അഹിഫേനം (കറപ്പ്‌), കനകം (നീലഉമ്മം), കൂശ്‌മാണ്ഡം (കുമ്പളങ്ങ), ഖർജൂരം (ഈന്തപ്പഴം), ഗണ്ഡീരം (മാങ്ങാനാറി), ചന്ദനം, പുഷ്‌പകരമൂലം, മധുകം (ഇരിപ്പ), ലവംഗം (എലവർങം), ശാരിബം (നറുനീണ്ടിക്കിഴങ്ങ്‌), ഹരീതകി (കടുക്ക) എന്നിവയാണ്‌ അത്തരം മരുന്നുകള്‍. (ഡോ. പി.എസ്‌. ശ്യാമളകുമാരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B8%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍