This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസഫ്‌ ഝാ (ഭ.കാ. 1724 - 48)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസഫ്‌ ഝാ (ഭ.കാ. 1724 - 48)

ഹൈദരാബാദ്‌ എന്ന സ്വതന്ത്രരാജ്യത്തിന്റെ സ്ഥാപകന്‍. അറംഗസീബിന്റെ ഒരു പ്രധാന പടനായകനായിരുന്ന ഖാസി ഉദ്‌-ദീന്‍ഖാന്റെ മകനാണ്‌ നിസാമുൽമുൽക്‌ എന്ന പേരിൽ അറിയപ്പെടുന്ന ചിന്‍ഖിലിച്‌ഖാന്‍. ഇദ്ദേഹമാണ്‌ പില്‌ക്കാലത്ത്‌ ആസഫ്‌ ഝാ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടത്‌. ഡൽഹിയിലെ തുറാനീ വിഭാഗത്തിന്റെ നേതാവായ അദ്ദേഹം മുറാദാബാദിൽ ഫൗജ്‌ദാറും (1712) പിന്നീട്‌ മാള്‍വയിൽ ഗവർണറു(1719)മായിരുന്നു. നിസാമുൽമുൽക്കിന്റെ ഉയർച്ചയിൽ അസൂയാലുക്കളായ സെയ്യിദ്‌ സഹോദരന്മാർ അദ്ദേഹത്തെ മാള്‍വയിൽനിന്ന്‌ മടക്കിവിളിക്കുവാന്‍ ഗൂഢാലോചന ചെയ്‌തുകൊണ്ടിരുന്നു. നിസാമുൽമുൽക്‌ ഡക്കാണിലെ വഷളായിക്കൊണ്ടിരുന്ന രാഷ്‌ട്രീയനില ഉപയോഗപ്പെടുത്തി തന്റെ ആധിപത്യം അവിടെ ഉറപ്പിച്ചു. ദിൽവർഖാന്റെ നേതൃത്വത്തിൽ നിസാമിനെ ചെറുക്കാന്‍ ഡൽഹിയിൽ നിന്നയച്ച സൈന്യത്തെ പന്തറിൽവച്ച്‌ പരാജയപ്പെടുത്തിയതോടെ ഡക്കാനിൽ നിസാമിന്റെ ആധിപത്യം അംഗീകരിക്കപ്പെട്ടു (1720).

സെയ്യിദ്‌ സഹോദരന്മാരുടെ പതനത്തിന്‌ ശേഷം നിസാമിനെ ഡൽഹിയിലേക്ക്‌ വിളിച്ചുവരുത്തി പ്രധാന മന്ത്രിയായി നിയമിച്ചു (1722). ഡൽഹിയിലെ സാഹചര്യങ്ങള്‍ ദുസ്സഹമായിത്തോന്നിയ അദ്ദേഹം പ്രധാന മന്ത്രിപദം രാജിവച്ചു ഡക്കാനിലേക്കുതന്നെ മടങ്ങിപ്പോയി. ഈ അവസരം ഉപയോഗപ്പെടുത്തി നിസാമിന്റെ വിരോധികള്‍ ഡക്കാനിലെ സുബേദാർ സ്ഥാനത്ത്‌ നിന്ന്‌ അദ്ദേഹത്തെ നീക്കംചെയ്യുവാന്‍ ചക്രവർത്തിയെ പ്രരിപ്പിച്ചു. ഡക്കാനിലേക്ക്‌ നിയുക്തനായ പുതിയ ഗവർണറെ നിശ്ശേഷം പരാജയപ്പെടുത്തി, നിസാം അവിടെ ഒരു സ്വതന്ത്രരാജ്യത്തിന്റെ അടിത്തറപാകി (1724).

മഹാരാഷ്‌ട്രശക്തിയെ ചെറുക്കാനായി മുഗള്‍ചക്രവർത്തി മുഹമ്മദുഷാ നിസാമിനെ ഒരിക്കൽകൂടി ഡൽഹിയിലേക്ക്‌ ക്ഷണിച്ചു (1737). ഡൽഹിയിൽ നിസാമിന്‌ അഭൂതപൂർവമായ സ്വീകരണമാണ്‌ ലഭിച്ചത്‌. ചക്രവർത്തി തന്റെ സ്വന്തം മേലങ്കി നിസാമിനെ ധരിപ്പിച്ചു; അദ്ദേഹത്തിന്‌ ആസഫ്‌ ഝാ എന്ന സ്ഥാനപ്പേരും നല്‌കി. പേഷ്വാ ബാജിറാവുവിനെതിരായുള്ള അദ്ദേഹത്തിന്റെ നീക്കം വിജയപ്രദമായിരുന്നില്ല. നാദിർഷാ ഇന്ത്യ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തിനെതിരായി നിസാം പൊരുതിയിട്ടുണ്ട്‌.

ഡക്കാണിലെ ആറ്‌ സംസ്ഥാനങ്ങളിൽ മുപ്പത്‌ കൊല്ലത്തോളം ഭരണം നടത്തിയ ആസഫ്‌ഝാ 1748 മേയ്‌ 22-ന്‌ ബുർഹാന്‍പൂരിൽവച്ചു നിര്യാതനായി. പില്‌ക്കാലത്ത്‌ ടിപ്പുസുൽത്താന്റെ ലൈബ്രറിയിൽനിന്ന്‌ കണ്ടുകിട്ടിയ ദിവാനെ ആസഫ്‌ നിസാമുൽമുൽക്‌ എന്ന പദ്യസമാഹാരം നിസാമുൽമുൽക്‌ രചിച്ചതാണെന്ന്‌ കരുതപ്പെടുന്നു. (എ.പി. അബ്‌ദുർറഹിമാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍