This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസഫ്‌ അലി (1888 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസഫ്‌ അലി (1888 - 1953)

ഇന്ത്യന്‍ ദേശീയനേതാവ്‌. ഉത്തർപ്രദേശിലെ ബുലന്ദ്‌ശഹർ ജില്ലയിലെ ഒരു ഭൂവുടമയുടെ പുത്രനായി ആസഫ്‌ അലി 1888 മേയ്‌ 11-ന്‌ ഡൽഹിയിൽ ജനിച്ചു. ഡൽഹിയിലെ ആംഗ്ലോ-അറബിക്‌ സ്‌കൂള്‍, സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1909-ൽ ലണ്ടനിലെ ലിങ്കണ്‍സ്‌ ഇന്നിൽ (Lincoln's inn) ചേർന്നു. 1912 ജനു.-ൽ ബാരിസ്റ്റർ പരീക്ഷപാസ്സായതിനെത്തുടർന്ന്‌ ഇദ്ദേഹം ഇംഗ്ലണ്ടിലും യൂറോപ്പിലുമായി രണ്ടു വർഷം കഴിച്ചുകൂട്ടി. 1914-ൽ ആസഫ്‌ അലി ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി കോടതികളിൽ അഭിഭാഷകവൃത്തിയിലേർപ്പെട്ടതോടെ രാഷ്‌ട്രീയ പ്രവർത്തനങ്ങളും ആരംഭിച്ചു. സാണ്ടേഴ്‌സ്‌ കേസിനെത്തുടർന്ന്‌ മരണശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടിരുന്ന ഭഗത്‌സിംഗിന്റെ അപ്പീലിൽ പഞ്ചാബ്‌ ഹൈക്കോടതിയിൽ ഹാജരായത്‌ ആസഫ്‌ അലിയായിരുന്നു.

ആനിബസന്റിന്റെ നേതൃത്വത്തിൽ രൂപവത്‌കൃതമായ ഹോംറൂള്‍ ലീഗിൽ ചേർന്ന്‌ പ്രവർത്തനമാരംഭിച്ചതോടെയാണ്‌ ആസഫ്‌ അലി ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിൽ സജീവമായി പങ്കെടുക്കാന്‍ തുടങ്ങിയത്‌. ഇന്ത്യന്‍ രാജ്യരക്ഷാനിയമപ്രകാരം 1918-ൽ ഇദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടെങ്കിലും കേസിൽ ഇദ്ദേഹം സ്വയം വാദിച്ച്‌ മോചനം നേടി. 1921-ൽ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ 18 മാസത്തെ ശിക്ഷയ്‌ക്കുവിധിച്ചു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഗാന്ധിയന്‍ തത്ത്വചിന്തയുടെ ഒരു പ്രാമാണികപ്രചാരകനായിരുന്ന ഇദ്ദേഹത്തിന്റെ സൃഷ്‌ടിപരമായ നിസ്സഹകരണം (Constructive Non-Co-operation) എന്ന കൃതി ഗാന്ധിയന്‍ രാഷ്‌ട്രീയചിന്തയുടെ ഒരു പാഠപുസ്‌തകമെന്നോണം പരിഗണിക്കപ്പെട്ടുവരുന്നു. 1927-ൽ കോണ്‍ഗ്രസ്‌ കക്ഷിയുടെ സെക്രട്ടറി ജനറലായി; 1934-നും 1946-നുമിടയ്‌ക്ക്‌ കേന്ദ്ര നിയമസഭയിൽ പാർട്ടിയുടെ ചീഫ്‌വിപ്പ്‌, സെക്രട്ടറി-ജനറൽ, ഡെപ്യൂട്ടി ലീഡർ എന്നീ നിലകളിൽ ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചു. 1935 മുതൽ 12 വർഷക്കാലം ഇദ്ദേഹം ഡൽഹി മുനിസിപ്പാലിറ്റി അംഗമായിരുന്നു. തന്നെക്കാള്‍ 20 വയസ്സ്‌ പ്രായംകുറഞ്ഞ അരുണഗാന്‍ഗൂലിയെ 1928-ൽ ഇദ്ദേഹം വിവാഹം ചെയ്‌തത്‌ വമ്പിച്ച എതിർപ്പുകളെ നേരിട്ടുകൊണ്ടായിരുന്നു. 1932-ൽ ഹിന്ദു-മുസ്‌ലിം സഹകരണത്തിനും ഐക്യത്തിനുംവേണ്ടി ഒരു സമ്മേളനം ഇദ്ദേഹം വിളിച്ചുകൂട്ടി. മുസ്‌ലിംലീഗിനെയും ഹിന്ദുമഹാസഭയെയും പരാജയപ്പെടുത്തിയായിരുന്നു ഇദ്ദേഹം ഓരോ വർഷവും ഡൽഹി മുനിസിപ്പാലിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്‌. രണ്ടാം ലോകയുദ്ധകാലത്ത്‌ ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. അനാരോഗ്യംമൂലം 1945 മേയിൽ ഇദ്ദേഹത്തെ മോചിപ്പിച്ചു. 1946 ആഗ.-ൽ ഇടക്കാല മന്ത്രിസഭയിലെ ട്രാന്‍സ്‌പോർട്ട്‌, റെയിൽവേ വകുപ്പുകളുടെ മന്ത്രിയായി. ഭരണഘടനാനിർമാണസമിതിയിലും ഇദ്ദേഹം അംഗമായിരുന്നു. 1947 ഫെ. മുതൽ 1948 ഏ. വരെ യു.എസ്സിൽ ഇന്ത്യയുടെ സ്ഥാനപതിയായി സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം പലപ്പോഴും യു.എന്നിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 1948 ജൂണ്‍ മുതൽ 1952 മേയ്‌ വരെ ഇദ്ദേഹം ഒറീസ്സാ ഗവർണറായിരുന്നു; തുടർന്ന്‌ സ്വിറ്റ്‌സർലണ്ടിലെ അംബാസഡർ പദവി സ്വീകരിച്ച്‌ ബേണിലേക്കു പോയി. അവിടെവച്ച്‌ 1953 ഏ. 2-ന്‌ ഹൃദ്രാഗംമൂലം ആസഫ്‌അലി നിര്യാതനായി. ഒരു നല്ല വാഗ്മിയും കൂടിയായിരുന്ന ഇദ്ദേഹം ഉറുദു, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകളിൽ അവഗാഹം നേടിയിരുന്നു. ഉറുദുവിൽ വടക്കുപടിഞ്ഞാറന്‍ അതിർത്തിയെക്കുറിച്ച്‌ ഒരു റിപ്പോർട്ടും സ്റ്റാലിന്റെ ജീവചരിത്രവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍