This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസഫ്‌ഖാന്‍ (? - 1641)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസഫ്‌ഖാന്‍ (? - 1641)

ജഹാംഗീറിന്റെ (1569-1627) കാലത്തെ ഒരു സർവസൈന്യാധിപന്‍. മിർസാഗിയാസ്‌ ബെഗിന്റെ (അക്‌ബറുടെ ഒരു ഉദ്യോഗസ്ഥന്‍) പുത്രനായ ആസഫ്‌ഖാന്റെ പൂർണമായ പേര്‌ അബുൽഹസന്‍ ആസഫ്‌ ഖാനെന്നാണ്‌. ജഹാംഗീർ നൂർജഹാനെ വിവാഹം ചെയ്‌തതോടെ (1611) നൂർജഹാന്റെ സഹോദരനായ "ആസഫ്‌ഖാന്‍' (ഇതിക്കാദ്‌ഖാന്‍) "ഖാന്‍സമാന്‍' ആയി. 1612-ൽ ഇദ്ദേഹം തന്റെ പുത്രിയായ അർജമന്ത്‌ബാനുബീഗ(മുംതസ്‌മഹൽ)ത്തെ ജഹാംഗീറിന്റെ പുത്രനായ ഖുറം രാജകുമാരന്‌ (പിന്നീട്‌ ഷാജഹാന്‍ ചക്രവർത്തി) വിവാഹം ചെയ്‌തുകൊടുത്തു. അതിനെത്തുടർന്നാണ്‌ ആസഫ്‌ഖാനെന്ന ബഹുമതി 1614-ൽ അദ്ദേഹത്തിനു ലഭിച്ചത്‌. 1623-ൽ ഇദ്ദേഹം ബംഗാളിലെ സുബേദാറായി നിയമിതനായി. ഭരണം നൂർജഹാന്റെ നിയന്ത്രണത്തിലായതോടെ ആസഫ്‌ഖാന്‍ പ്രബലനായി. ജഹാംഗീറിന്റെ മൂത്തപുത്രനായ ഖുസ്രു പിതാവുമായി മത്സരിച്ച്‌ പഞ്ചാബിലെത്തി കലാപമുണ്ടാക്കി (1606). തടവുകാരനായി പിടിക്കപ്പെട്ട ഖുസ്രുവിനെ ആസഫ്‌ഖാനെ ഏല്‌പിച്ചു; 1622-ൽ ഖുസ്രു വധിക്കപ്പെട്ടു. തുടർന്ന്‌ ആസഫ്‌ഖാന്‍ പഞ്ചാബ്‌ ഗവർണറായി. ഡക്കാനിലായിരുന്ന ഷാജഹാനെ പിതാവിന്റെ നിര്യാണവാർത്ത (1627) ആസഫ്‌ഖാന്‍ അറിയിച്ചു. ഷാജഹാന്‍ എത്തുന്നസമയംവരേക്കും ദാവർബഖ്‌ഷിനെ പാദ്‌ഷായായി ആസഫ്‌ഖാന്‍ പ്രഖ്യാപിച്ചു. നൂർജഹാന്‌ തന്റെ ജാമാതാവായ ഷഹ്രിയാറെ ചക്രവർത്തിയാക്കാനായിരുന്നു പദ്ധതി. ആ ശ്രമത്തെയും ആസഫ്‌ഖാന്‍ തടഞ്ഞു. തുടർന്ന്‌ ഷാജഹാന്‍ മുഗള്‍ചക്രവർത്തിയായതോടെ ഇദ്ദേഹത്തിന്റെ പ്രാമാണ്യം വർധിച്ചു. ഇദ്ദേഹം ബീജാപ്പൂരിലെ മുഹമ്മദ്‌ ആദിൽഷായെ എതിർക്കാന്‍ മുഗള്‍സൈന്യത്തിന്റെ സർവസൈന്യാധിപനായി നിയമിക്കപ്പെട്ടു. 1641-ൽ ആസഫ്‌ഖാന്‍ അന്തരിച്ചു; ലാഹോറിൽ ഇദ്ദേഹത്തിന്റെ ജഡം സംസ്‌കരിക്കപ്പെട്ടു.

അക്‌ബർ ചക്രവർത്തിയുടെ കാലത്ത്‌ കാറ ഭരിച്ചിരുന്നത്‌ ഒരു ആസഫ്‌ഖാനായിരുന്നു. 1564-ൽ അക്‌ബർ ആസഫ്‌ഖാനെ ഗോണ്ട്‌ വാനായിലെ ഗാറ കട്ടാങ്ക (മധ്യപ്രദേശ്‌) ആക്രമിക്കാന്‍ നിയോഗിച്ചു. അവിടത്തെ രാജാവ്‌ പ്രായപൂർത്തിയാകാത്ത ബീർനാരായണന്‍ ആയിരുന്നു. ആസഫ്‌ഖാന്റെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ബീർനാരായണന്റെ മാതാവ്‌ ദുർഗാവതി വധിക്കപ്പെട്ടു. ആസഫ്‌ഖാന്‍ ആ സ്ഥലം കീഴടക്കി. 1576 ഏ.-ൽ മേവാഡ്‌ ആക്രമിക്കാന്‍ അക്‌ബർ നിയോഗിച്ചത്‌ ആസഫ്‌ഖാനെയും മാന്‍സിംഗിനെയുമായിരുന്നു. ഇവർ മേവാഡിലെ റാണാ പ്രതാപസിംഗിനെ യുദ്ധത്തിൽ തോല്‌പിച്ച്‌ മേവാഡിന്റെ പല ഭാഗങ്ങളും മുഗള്‍സാമ്രാജ്യത്തോടു ചേർത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍