This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസന്നമരണചിന്താശതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസന്നമരണചിന്താശതകം

മരിക്കാറായിക്കിടക്കുന്ന ഒരാളുടെ മാനസികവ്യാപാരങ്ങള്‍ വിവരിക്കുന്ന ചില പദ്യകൃതികള്‍ ഈ പേരിൽ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്‌. 1895-ൽ തിരുവനന്തപുരത്തുവച്ച്‌ നടത്തിയ ഭാഷാപോഷിണി സമ്മേളനത്തിനോടനുബന്ധിച്ച്‌ ഒരു കാവ്യരചനാമത്സരം ഏർപ്പെടുത്തുകയുണ്ടായി. ആസന്നമൃത്യുവായ ഒരു മനുഷ്യന്റെ വികാരവിചാരങ്ങള്‍ ചിത്രീകരിക്കുന്ന 100 ശ്ലോകങ്ങള്‍ എഴുതണം എന്നായിരുന്നു മത്സരവ്യവസ്ഥ. ഇതനുസരിച്ച്‌ എഴുതപ്പെട്ട കൃതികളാണ്‌ ആസന്നമരണചിന്താശതകം എന്നറിയപ്പെടുന്നത്‌. കെ.സി. കേശവപിള്ള, മൂലൂർ എസ്‌. പദ്‌മനാഭപ്പണിക്കർ, കൊട്ടാരത്തിൽ ശങ്കുച്ചി, അമ്പലപ്പുഴ മാധവപ്പൊതുവാള്‍ എന്നിവർ രചിച്ച ആസന്നമരണചിന്താശതകങ്ങള്‍ക്ക്‌ പ്രസ്‌തുത മത്സരത്തിൽ യഥാക്രമം 1 മുതൽ 4 വരെയുള്ള സ്ഥാനങ്ങള്‍ ലഭിച്ചു. ഇവയിൽ പലതും മുദ്രിതങ്ങളായിട്ടുണ്ട്‌. ഇവയിൽ കെ.സി. കേശവപിള്ളയുടെ ശതകമാണ്‌ കൂടുതൽ പ്രസിദ്ധമായിത്തീർന്നിട്ടുള്ളത്‌. അതിലുള്ള

	"നാരീമൗലികള്‍ വന്നണഞ്ഞടിതൊഴു
		ന്നെന്നോമനപ്പുത്രിയാള്‍
	സാരീഗാമപധാനിയെന്നു സരസം
		സപ്‌തസ്വരം സാദരം
	സ്‌ഫാരീഭൂതവിലാസമോടുനിയതം
		പാടുന്നതിന്‍ ധാടികേ-
	ട്ടാരീ വത്സലഭാവമോടിനി
		രസിച്ചീടുന്നു കൂടുംമുദാ.'
 

എന്ന ശ്ലോകം ഇതിലെ കവിതാരീതിക്ക്‌ ഉദാഹരണമായി എടുക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍