This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസഞ്‌ജകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസഞ്‌ജകങ്ങള്‍

Adhesives

ഖരവസ്‌തുക്കളെ അന്യോന്യം ഒട്ടിക്കുന്നതിന്‌ ഉപയോഗിക്കുന്ന പദാർഥങ്ങള്‍. ഒട്ടിക്കപ്പെടുന്ന വസ്‌തുക്കള്‍ക്കിടയിൽ ഒരു പടലം സൃഷ്‌ടിച്ചാണ്‌ ഒട്ടൽ സാധിക്കുന്നത്‌. ഈ പടലത്തിന്‌ എത്രത്തോളം കനം കുറയുമോ അത്രത്തോളം ദൃഢമായിരിക്കും ഒട്ടൽ. പൊതുവേ ആസഞ്‌ജകങ്ങളെല്ലാം പോളിമറൈഡുകള്‍ (polymerides) ആണ്‌. പ്രകൃതിയിൽ കാണുന്നവയും അവയെ സംസ്‌കരിച്ചെടുക്കുന്നവയും കൃത്രിമമായി നിർമിക്കപ്പെടുന്നവയുമായ അനവധി പദാർഥങ്ങള്‍ ആസഞ്‌ജകങ്ങളായി ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്‌. കടലാസ്‌ ഒട്ടിക്കുന്നതിനും മരപ്പലകകളും മറ്റും ഒട്ടിക്കുന്നതിനും പ്ലാസ്റ്റിക്കുകള്‍, ലോഹങ്ങള്‍, കളിമണ്‍-വസ്‌തുക്കള്‍ മുതലായവ ഒട്ടിക്കുന്നതിനും പര്യാപ്‌തമായ ആസഞ്‌ജകങ്ങള്‍ വിപണിയിൽ ലഭ്യമാണ്‌. രാസപരമായി ഇവയ്‌ക്ക്‌ വൈവിധ്യം കാണും. ചില ആസഞ്‌ജകങ്ങളെ അനുയോജ്യലായകങ്ങളിൽ അലിയിച്ച്‌ വസ്‌തുക്കള്‍ക്കിടയിൽ ലോലമായി തേച്ചുപിടിപ്പിക്കുന്നു; ലായകം ബാഷ്‌പീഭവിച്ചും വിസരിച്ചും നഷ്‌ടപ്പെടുന്നതോടുകൂടി ദൃഢമായ ഒരു പോളിമർ പടലം രൂപീകൃതമാകുന്നു. ചില ആസഞ്‌ജകങ്ങളെ ഉരുക്കിപ്പിടിപ്പിക്കാവുന്നതാണ്‌; മറ്റുചിലത്‌ മർദം ഉപയോഗിച്ച്‌ ഒട്ടിക്കാം.

പ്രധാനമായി മൂന്നുതരം പദാർഥങ്ങളാണ്‌ ആസഞ്‌ജകങ്ങളായി ഉപയോഗിക്കപ്പെടുന്നത്‌, പ്രോട്ടീന്‍, സ്റ്റാർച്ച്‌, കൃത്രിമ റെസിനുകളും പ്ലാസ്റ്റിക്കുകളും. സസ്യങ്ങളിൽനിന്നോ ജന്തുക്കളിൽനിന്നോ കിട്ടുന്ന പ്രോട്ടീനുകള്‍ ആൽക്കലിയിലോ ചില ലവണലായനികളിലോ കലർത്തിയാണ്‌ അനിമൽ ഗ്ലൂ, ഫിഷ്‌ ഗ്ലൂ, കേസിന്‍ ആസഞ്‌ജകങ്ങള്‍ മുതലായവ നിർമിക്കപ്പെടുന്നത്‌. പ്രോട്ടീന്‍-ആസഞ്‌ജകങ്ങള്‍ക്ക്‌ മിക്കപ്പോഴും ദുർഗന്ധം ഉണ്ടാകാറുണ്ട്‌. പൊതുവേ ഇവ വിലക്കുറവുള്ളവയുമാണ്‌.

സ്റ്റാർച്ച്‌-ആസഞ്‌ജകങ്ങള്‍ക്ക്‌ ദുർഗന്ധമില്ല; എന്നാൽ പ്രോട്ടീന്‍-ആസഞ്‌ജകങ്ങളുടെ ജലസഹത്വവും ദൃഢതയും ഇവയ്‌ക്കില്ല. സ്റ്റാർച്ചിൽ വെള്ളം ചേർത്തുകുഴച്ചു കുറുക്കിയുണ്ടാക്കുന്ന പശ വളരെ പ്രചാരമുള്ള ഒരു ആസഞ്‌ജകമാണ്‌. ഉണങ്ങിയ അവസ്ഥയിൽ ഒട്ടൽ ദൃഢമായിരിക്കുമെങ്കിലും വെള്ളം തട്ടിയാൽ ഇത്‌ ഇളകുന്നു. സ്റ്റാർച്ചിനെ ഭാഗികമായി ജലീയവിശ്ലേഷണം ചെയ്‌തുകിട്ടുന്ന ഡെക്‌സ്‌ട്രിന്‍ കുറേകൂടി മെച്ചപ്പെട്ട ആസഞ്‌ജകമാണ്‌. ലേബലുകള്‍, സ്റ്റാമ്പുകള്‍, കവറുകള്‍ മുതലായവയിൽ ഡെക്‌സ്‌ട്രിന്‍ ആണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. വെജിറ്റബിള്‍ ഗം, ബ്രിട്ടിഷ്‌ ഗം, സ്റ്റാർച്ച്‌ ഗം മുതലായ വ്യാവസായികനാമങ്ങളിൽ അറിയപ്പെടുന്ന പശകളെല്ലാം ഡെക്‌സ്‌ട്രിന്‍ ആണ്‌. ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്‌, മരച്ചീനി മുതലായലയിൽനിന്നു കിട്ടുന്ന സ്റ്റാർച്ച്‌ ജലത്തിൽ കലക്കി നേർത്ത-അമ്ലം അഥവാ ഡയസ്റ്റേസ്‌ ഉപയോഗിച്ച്‌ ഭാഗികമായി ജലീയവിശ്ലേഷണം ചെയ്യിച്ചാണ്‌ ഡെക്‌സ്‌ട്രിന്‍ നിർമിക്കുന്നത്‌. ജലവിലേയമായ ഈ പദാർഥം ഉണങ്ങുമ്പോള്‍ ആയാമ്യമായ (elastic) ഒരു ഫിലിം ഉണ്ടാകുന്നു. ബോറാക്‌സ്‌, സോഡിയം ഫോസ്‌ഫേറ്റ്‌ എന്നിങ്ങനെ ചില ലവണങ്ങളും ഡെക്‌സ്‌ട്രിനിൽ ചേർക്കാറുണ്ട്‌.

ജലസഹത്വവും വളരെയധികം ദൃഢതയും വേണ്ട അവസരങ്ങളിൽ ഉപയോഗിക്കപ്പെടുന്നത്‌ സംശ്ലിഷ്‌ട-റെസിന്‍ ആസഞ്‌ജകങ്ങളാണ്‌; എന്നാൽ ഇവയ്‌ക്കു മൊത്തത്തിൽ വിലക്കൂടുതലുണ്ടായിരിക്കും. ജലസഹത്വം, താപനിലയനുസരിച്ച്‌ ആസഞ്‌ജകപാളിക്കുണ്ടാകുന്ന വികാസസങ്കോചങ്ങളുടെ കുറവ്‌, ഒട്ടലിന്റെ ഉറപ്പ്‌, പ്രയോഗിക്കാനുള്ള എളുപ്പം, ദുർഗന്ധമില്ലായ്‌മ എന്നിങ്ങനെ പലമെച്ചങ്ങളും ഉള്ളതിനാൽ സംശ്ലിഷ്‌ട-റെസിനുകള്‍ക്ക്‌ വളരെ പ്രചാരം കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഏതൊരു കൃത്രിമ-പ്ലാസ്റ്റിക്കും ആസഞ്‌ജകമായി ഉപയോഗിക്കാം. തന്മൂലം ഒട്ടിക്കപ്പെടുന്ന വസ്‌തുക്കളുടെ സ്വഭാവം, അവയുടെ പ്രതലങ്ങളുടെ പരുപരുപ്പ്‌ എന്നിങ്ങനെയുള്ള സംഗതികള്‍ കണക്കിലെടുത്ത്‌ സന്ദർഭാനുസരണം ഏറ്റവും കാര്യക്ഷമമായ ആസഞ്‌ജകം തിരഞ്ഞെടടുക്കുന്നതിനു വിഷമമില്ല.

വളരെ സാധാരണമായി കാണപ്പെടുന്ന ആസഞ്‌ജകങ്ങള്‍ ഫിനോള്‍ ഫൊർമാൽഡിഹൈഡ്‌ വർഗത്തിൽപ്പെടുന്നവയാണ്‌. മരസ്‌സാമാനങ്ങള്‍ ഒട്ടിക്കുന്നതിൽ ഇവ വളരെ പ്രയോജനപ്പെടുന്നു. ഏതെങ്കിലും ഒരു ഫിനോളും (ഉദാ. റിസോർസിനോള്‍) ഫൊർമാൽഡിഹൈഡും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ചാണ്‌ ഇവ നിർമിക്കപ്പെടുന്നത്‌. പ്ലൈവുഡ്‌ നിർമാണത്തിനും, മരപ്രതലങ്ങളിൽ പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ പതിക്കുന്നതിനും മറ്റും ഇത്തരം ആസഞ്‌ജകങ്ങള്‍ ധാരാളം ഉപയോഗിച്ചുവരുന്നു. യൂറിയയും ഫൊർമാൽഡിഹൈഡും ചേർത്തുകിട്ടുന്ന യൂറിയാ ഫൊർമാൽഡിഹൈഡ്‌ റെസിനുകള്‍, മെലാമീന്‍, ഫൊർമാൽഡിഹൈഡ്‌ എന്നിവയിൽനിന്നുകിട്ടുന്ന റെസിനുകള്‍ മുതലായവയും വ്യാവസായികമായി പ്രാധാന്യം ഉള്ളവയാകുന്നു.

ആസഞ്‌ജകങ്ങളായി വളരെ പ്രചാരം കിട്ടിയിട്ടുള്ള ഒരു വിഭാഗമാണ്‌ ഇപോക്‌സി റെസിനുകള്‍. ഈ വർഗത്തിലുള്ള അനേകം ആസഞ്‌ജകങ്ങള്‍ ഇന്ന്‌ വന്‍തോതിൽ നിർമിച്ചുവരുന്നുണ്ട്‌. ഇവയ്‌ക്ക്‌ ലോഹങ്ങളെയും കളിമണ്‍വസ്‌തുക്കളെയും മറ്റും ദൃഢമായി ഒട്ടിച്ചു നിർത്തുന്നതിനു കഴിവുണ്ട്‌. സെലുലോസ്‌ എസ്റ്ററുകള്‍, സെലുലോസ്‌ ഈഥറുകള്‍ എന്നിവയും അനുയോജ്യമായ ഒരു ലായകത്തോടുകൂടി ആസഞ്‌ജകങ്ങളായി ഉപയോഗിക്കപ്പെടുന്നു. പോളിയോളുകള്‍ (polyols), പോളിഎസ്റ്ററുകള്‍, പോളി യൂറിഥേനുകള്‍ മുതലായ അനേകം പോളിമറുകളും വിപണിയിലുണ്ട്‌.

ചില ആസഞ്‌ജകങ്ങള്‍ വില്‌ക്കപ്പെടുന്നത്‌ അവ നിർമിക്കുന്നതിനുള്ള ഘടകപദാർഥങ്ങളായിട്ടാണ്‌. റെസിന്‍ രൂപീകൃതമാകാനുള്ള വസ്‌തുക്കള്‍ തമ്മിൽ കലർത്തി ഒട്ടിക്കുമ്പോള്‍ പോളിമെറീകരണം നടക്കുകയും പോളിമർപ്പാളി (Polymer layer) ഉണ്ടാവുകയും ചെയ്യുന്നു. മേല്‌പറഞ്ഞവയിലൊന്നും പെടാത്ത വേറെയും അനേകവിധം ആസഞ്‌ജകങ്ങള്‍ പ്രയോഗത്തിലുണ്ട്‌. സിമന്റുകള്‍ ഒരുതരത്തിൽ ആസഞ്‌ജകങ്ങളാണ്‌. കെട്ടിടനിർമാണം, തടിവ്യവസായം, പാവനിർമാണം, പുസ്‌തകനിർമാണം, പാക്കിങ്ങ്‌കേയ്‌സുകളുടെ നിർമാണം മുതലായ ഒട്ടനേകം വ്യവസായങ്ങളിൽ ആസഞ്‌ജകങ്ങള്‍ക്ക്‌ ഉപയോഗമുണ്ട്‌. സെല്ലോഫേന്‍ ടേപ്പുകള്‍, ഇന്‍സുലേറ്റിങ്‌ ടേപ്പുകള്‍, സർജിക്കൽ ടേപ്പുകള്‍ മുതലായവയിലും ആസഞ്‌ജകങ്ങളാണ്‌ മുഖ്യവസ്‌തുക്കള്‍.

വജ്രപ്പശ, കോലരക്ക്‌, അറബിപ്പശ മുതലായ പ്രകൃതി വസ്‌തുക്കളും നാനാപ്രകാരത്തിൽ ആസഞ്‌ജകങ്ങളായി ഉപയോഗിക്കപ്പെട്ടുവരുന്നു. അസംഖ്യം ആസഞ്‌ജകങ്ങള്‍ പ്രയോഗത്തിലുണ്ടെങ്കിലും ആസഞ്‌ജകബലത്തെപ്പറ്റി വളരെയൊന്നും അറിവുലഭിച്ചിട്ടില്ല. കൂട്ടിച്ചേർക്കപ്പെടുന്ന വസ്‌തുക്കളുടേയും ആസഞ്‌ജകത്തിന്റേയും സ്വഭാവങ്ങളനുസരിച്ച്‌ ചിലസന്ദർഭങ്ങളിൽ രാസബന്ധവും, ചിലപ്പോള്‍ ഭൗതിക ബന്ധവും, ചിലപ്പോള്‍ രണ്ടുംകൂടിയും ആണ്‌ ആസഞ്‌ജകത്വത്തിന്‌ ആധാരമായിത്തീരുന്നത്‌. പ്രതലങ്ങളുടെ പരുപരുപ്പ്‌ ആസഞ്‌ജകലബലത്തെ വളരെയധികം നിയന്ത്രിക്കുന്നു.

(ഡോ. കെ.പി. ധർമരാജയ്യർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍