This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഷ്‌ഹെൽമിന്തസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്


ആഷ്‌ഹെൽമിന്തസ്‌

Aschelminthes

അതിസൂക്ഷ്‌മജീവികള്‍ മുതൽ വിരകളോളം വലുപ്പമുള്ളവ വരെ ഉള്‍പ്പെടുന്ന ഒരു ഭിന്നാങ്ങക ജന്തുഫൈലം. യഥാർഥ സീലോം (coelom) (ശരീരഭിത്തിക്കും ആന്തരാവയവങ്ങള്‍ക്കും ഇടയ്‌ക്കുള്ള ഒഴിഞ്ഞ ഭാഗം) ഇവയിൽ കാണപ്പെടുന്നില്ല; കപട സീലോം (false coelom) ആണുള്ളത്‌. അഖണ്ഡ (unsegmented) ഘടനയുള്ള ഇവയുടെ ശരീരത്തെ മൊത്തത്തിൽ ഒരു ഉപചർമം (cuticule) ആവരണം ചെയ്‌തിരിക്കുന്നു. പചനവ്യൂഹം പൂർണഘടനയോടുകൂടിയതാണ്‌; കുടൽ നേരേയുള്ളതും പേശീഭിത്തി ഇല്ലാത്തതും. ഗുദം (anus)സാധാരണയായി പുറകറ്റത്തായോ അതിനു സമീപത്തായോ സ്ഥിതിചെയ്യുന്നു. റോട്ടിഫെറുകളിൽ ഒഴികെ മറ്റൊരുവിഭാഗത്തിലും സീലിയ (cilia-ചെറുരോമങ്ങള്‍) കാണപ്പെടുന്നില്ല. ആഷ്‌ഹെൽമിന്തസ്‌ ഫൈലത്തെ ആറ്‌ വർഗങ്ങള്‍ ആയി വർഗീകരിച്ചിരിക്കുന്നു. ഇവയെല്ലാംതന്നെ പ്രത്യേക ഫൈലങ്ങളാണെന്നായിരുന്നു ആദ്യകാലങ്ങളിൽ കരുതപ്പെട്ടിരുന്നത്‌. അതുപോലെതന്നെ ഇവയെ ഓരോന്നിനെയും മറ്റ്‌ ജന്തുവിഭാഗങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള വർഗീകരണങ്ങളും നിലവിലിരുന്നു. 1. റോട്ടിഫെറ. ഈ വർഗത്തിലെ ജീവികളെ റോട്ടിഫെറുകള്‍ എന്നു വിളിക്കുന്നു. ശരീരത്തിന്‌ ഒരു മി.മീ. മാത്രമേ നീളം വരൂ; നീണ്ടുകൂർത്ത വാലറ്റത്ത്‌ പറ്റിപ്പിടിക്കാനുതകുന്ന പാദം കാണപ്പെടുന്നു. ശരീരത്തിന്റെ മുന്നറ്റം ഒരു ഡിസ്‌കിന്റെ ആകൃതിയിലാണ്‌; ഇവിടെ നിരവധി സീലിയയുണ്ട്‌. ഈ സീലിയ ചലിക്കുമ്പോള്‍ ഒരു ചക്രത്തിന്റെ ആകൃതി തോന്നിക്കുന്നു. ചലനം, ആഹാരസമ്പാദനം എന്നിവ ഇപ്രകാരം ചലിക്കുന്ന സീലിയയുടെ സഹായത്താലാണ്‌ നടക്കുക. റോട്ടിഫെറ വർഗത്തിൽ 1,500-ഓളം സ്‌പീഷീസുകളുണ്ട്‌; മിക്കവയും ശുദ്ധജലജീവികളാണ്‌. ആണ്‍ജീവികള്‍ അതിസൂക്ഷ്‌മങ്ങളാണ്‌. പെണ്‍ജീവികള്‍ അനിഷേകജനനം (Parthenogenesis) വഴിയാണ്‌ വംശോത്‌പാദനം നടത്തുന്നത്‌. വേനല്‌ക്കാലത്താണ്‌ ഉത്‌പാദനപ്രക്രിയ ആരംഭിക്കുക. മഞ്ഞുകാല അണ്ഡങ്ങളിൽ ഒരു ലൈംഗികഘട്ടംകൂടി കാണപ്പെടുന്നു. 2. ഗാസ്‌ട്രാട്രക്ക. ഈ വർഗത്തിൽ ഉദ്ദേശം 1,500 സ്‌പീഷീസുകളുണ്ട്‌. ശുദ്ധജലത്തിലും കടൽജലത്തിലും ഇവ കാണപ്പെടുന്നു. ശരീരത്തിന്‌ 0.60 മി.മീ.-ൽ അധികം നീളം വയ്‌ക്കാറില്ല. നേരിയ ചരടുപോലെയുള്ള ഈ ജീവികള്‍ക്ക്‌ വൃത്താകൃതിയിലുള്ള ഉപരിതലവും പരന്ന അടിഭാഗവുമാണുള്ളത്‌. ശരീരത്തിൽ നെടുകെ രണ്ടുവരി സീലിയ കാണപ്പെടുന്നു. 3. കൈനോറിങ്ക (എക്കൈനോഡെറ). ഈ വർഗത്തിൽ കടൽവാസികളായ 100 സ്‌പീഷീസുകളുണ്ട്‌. 1 മി.മീ. നീളം വരും. തലഭാഗം വളയാകൃതിയിലുള്ള രണ്ടു ഖണ്ഡങ്ങള്‍ ചേർന്നതാണ്‌. ശരീരത്തിന്‌ 13-14 ഖണ്ഡങ്ങളുള്ളതായി കാഴ്‌ചയിൽ തോന്നും. 4. പ്രയാപ്യൂലിഡ. ചെറിയ കടൽജീവികള്‍; ശരീരത്തിന്‌ "പ്രാബോസിസി', "ട്രങ്ക്‌' എന്ന്‌ രണ്ടു ഭാഗങ്ങളുണ്ട്‌. ഗുദദ്വാരം പ്രത്യേകമായി കാണപ്പെടുന്നു. ലിംഗഭേദം ദൃശ്യമാണ്‌. മൂന്ന്‌ സ്‌പീഷീസുകളുണ്ട്‌. 5. നിമറ്റോഡ. ഈ വർഗത്തിലാണ്‌ ഉരുളന്‍ വിരകളെ (round worms) ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സൂക്ഷ്‌മശരീരികള്‍ മുതൽ 1 മീ. നീളമുള്ള ജീവികള്‍ വരെ ഈ വിഭാഗത്തിലടങ്ങിയിരിക്കുന്നു. അഗ്രം കൂർത്ത്‌ കനം കുറഞ്ഞ ശരീരമാണ്‌ ഇവയ്‌ക്കുള്ളത്‌. ശരീരത്തെ കട്ടിയുള്ള ഒരു ഉപചർമം പൊതിഞ്ഞിരിക്കുന്നു. ശരീരത്തിൽ അനുദൈർഘ്യമായി പേശികള്‍ കാണപ്പെടുന്നു. ലിംഗഭേദം ഇവയിൽ ദൃശ്യമാണ്‌. ഉദ്ദേശം 12,000 സ്‌പീഷീസുകള്‍ ഈ വർഗത്തിലുണ്ട്‌. ഇവ മച്ചിലോ ശുദ്ധജലത്തിലോ ആണ്‌ സാധാരണയായി കാണപ്പെടുന്നത്‌. ചില സ്‌പീഷീസുകള്‍ ചെടികളിലും ജന്തുക്കളിലും പരോപജീവികളായി കഴിയുന്നു. മച്ചിൽ കാണപ്പെടുന്ന ചില വിരകള്‍ ചെടികളെ ആക്രമിക്കാറുണ്ട്‌. മനുഷ്യനേയും വളർത്തുമൃഗങ്ങളേയും ഉപദ്രവിക്കുന്ന രോഗഹേതുകങ്ങളായ വിരകളും വിരളമല്ല. 6. നിമറ്റാമോർഫ (ഗോർഡിയേസിയ). നാരുപോലുള്ള 80-ഓളം സ്‌പീഷീസുകളാണ്‌ ഈ വർഗത്തിലുള്ളത്‌. ശരീരത്തിന്റെ നീളം 10 മി.മീ. മുതൽ 700 മി.മീ. വരെ ആവാറുണ്ട്‌. പചനവ്യൂഹം അല്‌പവികസിതമാണ്‌. ജലത്തിൽ കാണപ്പെടുന്ന ഇവയുടെ ലാർവകള്‍ പരോപജീവികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍