This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഷ്‌ഖാബാദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഷ്‌ഖാബാദ്‌

Ashkhabad

തുർക്‌മെനിസ്ഥാന്റെ തലസ്ഥാനം. ജനസംഖ്യ: 6,05,000 (1999) കോപെട്‌ദാഗിന്റെ അടിവാരത്ത്‌ അഖാൽ-ടെക്വിന്‍സ്‌ക്‌ മരുപ്പച്ചയിൽ ഇറാനതിർത്തിയിൽനിന്നും 40 കി.മീ. ദൂരെ കൂസ്‌നോവോസ്‌കിൽനിന്നും 520 കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ദക്ഷിണ മധ്യേഷ്യയിലെ ഒരു സുപ്രധാന റെയിൽവേകേന്ദ്രമാണ്‌ ഈ നഗരം. സാർ ചക്രവർത്തിമാരുടെ കാലത്ത്‌ ട്രാന്‍സ്‌കാസ്‌പിയന്‍ പ്രവിശ്യയുടെ ആസ്ഥാനവും സൈനികസങ്കേതവുമായി പടുത്തുയർത്തിയ നഗരമാണിത്‌ (1881). അന്നത്തെ കോട്ടകൊത്തളങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. പോള്‍ടൊറാട്‌സ്‌ക്‌ എന്നായിരുന്നു നഗരത്തിന്റെ അന്നത്തെ പേര്‌. 1924-ൽ ടർക്‌മെന്‍ എസ്‌.എസ്‌. ആറിന്റെ തലസ്ഥാനമായി. 1927 മുതലാണ്‌ ആഷ്‌ഖാബാദ്‌ എന്നു വിളിക്കപ്പെടുന്നത്‌; 1948-ലെ ഭൂകമ്പത്തിൽ വമ്പിച്ച നാശനഷ്‌ടങ്ങള്‍ നേരിട്ടുവെങ്കിലും പിന്നീട്‌ പുനർനിർമിതമായി.

ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രമാണ്‌ ആഷ്‌ഖാബാദ്‌. പട്ട്‌, പരുത്തിനൂൽ, തുകൽ തുടങ്ങിയ വ്യവസായങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. ഭക്ഷ്യപദാർഥങ്ങളുടെ നിർമാണമാണ്‌ മറ്റൊരു വ്യവസായം. ടർക്‌മീനിയന്‍ വീഞ്ഞിന്റെ കേന്ദ്രമെന്നനിലയിൽ ഇവിടെ പ്രസിദ്ധിയാർജിച്ചിരിക്കുന്നു. താഷ്‌കെന്റ്‌, കൂസ്‌നോവോസ്‌ക്‌ എന്നീ നഗരങ്ങളുമായി ആഷ്‌ഖാബാദ്‌ റെയിൽമാർഗം ബന്ധിക്കപ്പെട്ടിട്ടുണ്ട്‌. കൂസ്‌നോവോസ്‌കിൽനിന്നും ഈ നഗരത്തിലേക്ക്‌ എച്ചക്കുഴലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്‌. ടർക്‌മീനിയന്‍ ഗോർക്കി സർവകലാശാല, ടർക്‌മെന്‍ അക്കാദമി ഒഫ്‌ സയന്‍സ്‌ എന്നിവയുടെ ആസ്ഥാനമാണ്‌ ആഷ്‌ഖാബാദ്‌. പുരാവസ്‌തുക്കളുടെ വിലപ്പെട്ട ശേഖരങ്ങളുള്ള നാല്‌ കാഴ്‌ബംഗ്ലാവുകളും ഈ നഗരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍