This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഷൂർ ബാനിപാൽ (ബി.സി. 699 - 630)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഷൂർ ബാനിപാൽ (ബി.സി. 699 - 630)

Ashur Banipal

അസീറിയയിലെ അവസാനത്തെ പ്രതാപശാലിയായ രാജാവ്‌. അദ്ദേഹത്തിന്റെ പിതാവായ എസാർഹഡന്റെ ജീവിതകാലത്തുതന്നെ ആഷൂർ ബാനിപാലിനെ അസീറിയയിലെ യുവരാജാവായും സഹോദരനായ ഷംഷ്‌ഷുമുക്കിനെ ബാബിലോണിയയിലെ യുവരാജാവായും പ്രഖ്യാപിച്ചിരുന്നു. ഈജിപ്‌ത്‌ രാജാവായ തർക്കു (ബൈബിളിലെ തിർഹകാ) അസീറിയയുടെ ചില ഭാഗങ്ങള്‍ നേരത്തെ കീഴടക്കിയിരുന്നു. അസീറിയന്‍ സൈന്യത്തിന്റെ ആഗമനത്തോടെ അദ്ദേഹം ഈജിപ്‌തിലേക്കു പിന്‍വാങ്ങി. അവിടെ ആഷൂർ ബാനിപാൽ തദ്ദേശിയരായ നാടുവാഴികളുടെ കീഴിൽ ഒരു ഭരണകൂടം കെട്ടിപ്പടുത്തു; എന്നാൽ അസീറിയന്‍ സൈനികഘടകങ്ങള്‍ പ്രധാന സ്ഥാനങ്ങളിൽ പാളയമടിച്ചിരുന്നു. ഈ നാടുവാഴികളും തർക്കുവും തമ്മിലുള്ള ഗൂഢാലോചന കണ്ടുപിടിക്കപ്പെട്ടതിനെ തുടർന്ന്‌ അതിന്റെ മുഖ്യ നേതാക്കന്മാരെ തടവിലാക്കി. എന്നാൽ ആഷൂർ ബാനിപാൽ രാജ്യതന്ത്രജ്ഞതയോടെ അവരിൽ ഒരാളായ നെക്കോയെ ആ പ്രദേശത്തെ രാജാവായി വാഴിച്ചു. തർക്കുവിന്റെ പിന്‍ഗാമിയുടെ ആക്രമണം മൂലം, ആഷൂർ ബാനിപാൽ ബി.സി. 663-ൽ ഈജിപ്‌ത്‌ ആക്രമിച്ച്‌ തീബ്‌സ്‌ നശിപ്പിച്ചു. ഈ വർഷം നെക്കൊ അന്തരിച്ചതിനാൽ അദ്ദേഹത്തിന്റെ പുത്രനായ സാംതിക്കി(Psamtik)നെ അവിടത്തെ രാജാവാക്കി. റ്റയർ എന്ന ഫിനീഷ്യന്‍ നഗരത്തെയും കീഴ്‌പ്പെടുത്തി. ലിഡിയന്‍ സഹായത്തോടെ പ്രബലനായിത്തീർന്ന സാംതിക്ക്‌, ഈജിപ്‌തിൽനിന്നും അസീറിയരെ പുറത്താക്കി. ഏലാം (Elam) രാജ്യത്തിന്റെ അസീറിയന്‍ ആക്രമണത്തോടെ ആ രാജാവുമായുള്ള അസീറിയന്‍ ബന്ധം ശിഥിലമായി. ആഷൂർ ബാനിപാൽ അതിനെത്തുടർന്ന്‌ ഏലാം ആക്രമിച്ച്‌ അവിടെ അസീറിയന്‍ പക്ഷക്കാരനായ ഒരു രാജാവിനെ അധികാരത്തിലേറ്റി.

ബാബിലോണ്‍ ഭരിച്ചിരുന്ന ഷംഷ്‌ഷുമുക്കിന്‍ 15 വർഷത്തോളം സഹോദരനുമായി രമ്യതയിലായിരുന്നെങ്കിലും ബി.സി. 652-ൽ ആഷൂർബാനിപാലിനെതിരായി കലാപമുണ്ടാക്കി. അതിനാൽ ആഷൂർ ബാനിപാൽ ബാബിലോണ്‍ ആക്രമിച്ചു. ആഭ്യന്തരസമരംമൂലം ഏലാം രാജ്യത്തിന്‌ ബാബിലോണിന്റെ രക്ഷയ്‌ക്കെത്താന്‍ കഴിഞ്ഞില്ല. ബി.സി. 648-ലെ യുദ്ധത്തിൽ ബാബിലോണ്‍ പരാജയപ്പെട്ടു; ഷംഷ്‌ഷുമുക്കിന്‍ ആങ്ങഹത്യ ചെയ്‌ചതു. കണ്ഡലനുവിനെ അവിടെ രാജാവായി ആഷൂർ ബാനിപാൽ വാഴിച്ചു. ആഷൂർ ബാനിപാലിന്റെ അന്ത്യകാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്‌.

ആഷൂർ ബാനിപാലിന്റെ ശാശ്വതനേട്ടം നിനവെയിൽ ഒരു ഗ്രന്ഥശാല സ്ഥാപിച്ചതാണ്‌. പ്രാചീന ജനജീവിതത്തിലേക്കും ദർശനങ്ങളിലേക്കും വെളിച്ചം വീശുന്ന രേഖകള്‍ അടങ്ങിയ "ക്യൂനിഫോം' ശലാകകള്‍ ഈ ഗ്രന്ഥശേഖരത്തിലുണ്ട്‌; പ്രാചീന അസീറിയയെക്കുറിച്ച്‌ അറിയാനുള്ള അടിസ്ഥാനപ്രമാണം തന്നെ ഇവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍